Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്രതനിർവൃതിയോടെ ഈദുൽ ഫിത്വറിനെ വരവേൽക്കുക

വ്രതനിർവൃതിയോടെ ഈദുൽ ഫിത്വറിനെ വരവേൽക്കുക

മാനവകുലത്തിന് സന്മാർഗ്ഗ ദർശകമായി സ്രഷ്ടാവായ അല്ലാഹു ഖുർആൻ എന്ന വേദഗ്രന്ഥം അവതരിപ്പിച്ച ഓർമ്മപുതുക്കിക്കൊണ്ട് വിശുദ്ധ റമദാൻ മാസം നമ്മിൽ നിന്ന് വിടപറയുകയാണ്. വ്രത വിശുദ്ധിയുടെ മുപ്പത് നാളുകൾ, ആയിരം മാസത്തേക്കാൾ പുണ്യമേറിയ ഒരു രാവ്, ഒരു പുരുഷായുസ്സിൽ നേടാവുന്ന നന്മകൾ ആർജ്ജിക്കാൻ പറ്റിയ അസുലഭ സന്ദർഭം നമ്മിലൂടെ കടന്നുപോവുകയാണ്. നാം തിരിഞ്ഞുനോക്കുക, എന്തു നേടി, ഓരോരുത്തരും സ്വയം വിലയിരുത്തുക. എന്തുമാറ്റമാണ് നമ്മിൽ ഉണ്ടായിട്ടുള്ളത്. നന്മകളും തിന്മകളും സമ്മിശ്രമായി സമ്മേളിക്കുന്ന ജീവിതത്തെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചുവോ. തന്റെ ജീവിതത്തിൽ ഇല്ലാതിരുന്ന ഏതെങ്കിലും നല്ല കാര്യങ്ങൾ കർമ്മപഥത്തിലെത്തിക്കാൻ സാധിച്ചുവോ.

തന്റെ ജീവിത ശൈലിയായി മാറിയിരുന്ന ഏതെങ്കിലും ദുസ്സ്വഭാവങ്ങളോ ദുശ്ശീലങ്ങളോ മാറ്റിവയ്ക്കാൻ സാധിച്ചുവോ. ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾ. സ്വയം വിലയിരുത്തലിനുള്ള ഈ ചോദ്യങ്ങൾക്ക് പോസിറ്റീവ് ആയ ഉത്തരം നൽകാൻ കഴിയുന്നവർക്ക് വ്രതം സാർഥകമായി എന്ന് സമാധാനിക്കാം. ഓരോ ദിവസവും നോമ്പ് തുറക്കുമ്പോൾ നാം പറയേണ്ട ഒരു പ്രാർത്ഥനയുണ്ട്. ദാഹമെല്ലാം നീങ്ങി, ഞരമ്പുകൾ നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി(അബൂദാവൂദ്). അത്യന്തികഫലം പരലോകത്താണ്. ഇസ്ലാം നിശ്ചയിച്ച ആരാധനാകർമ്മങ്ങൾ വ്യക്തിപരമായ വിശുദ്ധിക്കും മോക്ഷത്തിനും വേണ്ടിയാണ്. അതോടൊപ്പം സമൂഹ നന്മയും അതിൽ ലക്ഷ്യം വക്കുന്നുണ്ട്. റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം അവസാനിപ്പിക്കുന്നത് മറ്റൊരു അനുഷ്ഠാനത്തിലൂടെയാണ്. അഥവാ സകാതുൽ ഫിത്വർ. ഫിത്വർ എന്നാൽ വ്രതസമാപനമെന്നാണർത്ഥം. സകാത്ത് സമ്പത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യേണ്ട ഒരു കർമ്മമാണ്.

എന്നാൽ ഫിത്വർ സകാത്ത് വ്യക്തിക്കുള്ള സകാത്താണ്. നബി(സ)അതിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്. അനാവശ്യമായ വാക്കും പ്രവൃത്തിയും മൂലം നോമ്പുകാരന് വന്നുപോയ പിഴവുകളിൽ നിന്ന് അവനെ ശുദ്ധീകരിക്കാനും പാവങ്ങൾക്ക് ആഹാരത്തിനുമായി റസൂൽ(സ)ഫിത്വർ സകാത്ത് നിർബന്ധമായിരിക്കുന്നു(അബൂദാവൂദ്). റമദാനിന്റെ അവസാനത്തെ പകൽ അസ്തമിക്കുന്നതോടെയാണ് സകാത്തുൽ ഫിത്വർ നിർബന്ധമായിത്തീരുന്നത്. സൗകര്യത്തിനായി ഒന്നോ രണ്ടോ ദിവസം മുമ്പായി അത് നൽകുകയും ചെയ്യാം. ഓരോ വിശ്വാസിയും ഒരു മാസം നോമ്പെടുത്ത നിർവൃതിയിൽ , സകാത്തുൽ ഫിത്വറും നൽകി, നേരം പുലരുന്നത് ആഹ്ലാദത്തിന്റേയും ആനന്ദത്തിന്റേയും സുപ്രഭാതത്തിലേക്കാണ്. അതായത് ഈദുൽ ഫിത്വറിന്റെ ആഘോഷത്തിലേക്ക്. ഈദ് എന്നാൽ ആഘോഷമെന്നാണർത്ഥം.

വ്രതസമാപനത്തിലുള്ള ആഘോഷമാണ് ഈദുൽഫിത്വർ. ഒത്തുചേർന്ന് ആഹ്ലാദം പങ്കിടുക, ആനന്ദത്തോടെ ആഘോഷിക്കുക, ഇത് മനുഷ്യ പ്രകൃതിയാണ്. മനുഷ്യപ്രകൃതിയുടെ താൽപര്യങ്ങൾ ഇസ്ലാം നിരാകരിക്കുന്നില്ല. നിയന്ത്രിച്ചിട്ടേയുള്ളൂ. ആഘോഷവും അങ്ങനെതന്നെ. ആഘോഷങ്ങൾക്ക് മാന്യതയുടേയും മാനവീകതയുടേയും മാനങ്ങൾ നൽകിയത് ഇസ്ലാമാണ്. എല്ലാത്തരം ബന്ധങ്ങളും മറന്നാടുന്ന ആഘോഷ ഉത്സവ രീതികൾക്ക് പകരം ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരവസരമായി ആഘോഷങ്ങളെ ഇസ്ലാം പരിവർത്തിപ്പിച്ചു. സ്രഷ്ടാവിനെ മറന്നുകൊണ്ടുള്ള ഒരാഘോഷവും അംഗീകരിക്കാവതല്ല. പെരുന്നാൾ സുദിനത്തിന്റെ സുവിശേഷം ശ്രവിക്കുന്ന മാത്രയിൽ വിശ്വാസി പറയുന്നു. അല്ലാഹു അക്‌ബർ. സ്രഷ്ടാവായ അല്ലാഹുവാണ് അത്യുന്നതൻ. അവന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി താൻ യാതൊന്നിനും പ്രാമുഖ്യം കാണിക്കില്ലെന്ന വിളംബരം. ഈദ് പ്രോഗ്രാമുകളുടെ പ്രഥമ സംരംഭം ആരാധന തന്നെ. നബി(സ)ജീവിതത്തിലൊരിക്കലും പെരുന്നാൾ നമസ്‌കാരം പള്ളിയിൽ നിർവഹിച്ചിട്ടില്ല. ആബാലവയോധികം ഈദ്ഗാഹിൽ ഒത്തുചേരുന്നു. നമസ്‌കരിക്കുന്നു.

ഉപദേശം ശ്രദ്ധിക്കുന്നു. ആശംസകൾ കൈമാറുന്നു. ബന്ധങ്ങൾ പുതുക്കുന്നു. സ്രഷ്ടാവുമായുള്ള ബന്ധവും ഒപ്പം സഹോദര്യവും കുടുംബ ബന്ധവുമെല്ലാം അർഹിക്കുന്ന ഗൗരവത്തോടെ ചേർക്കുന്നു. ജീവിത വ്യവഹാരങ്ങൾക്കിടയിൽ തിരക്കുപിടിച്ച മനുഷ്യർ എല്ലാം താൽക്കാലികമായി മാറ്റി വക്കുന്നു. വീട്ടിലേക്ക് എത്തിച്ചേരുന്നു. തന്റെ പിഞ്ചോമന മക്കൾ, ഭാര്യമാർ നിർബന്ധിതമായിട്ടാണെങ്കിലും അകത്തുകഴിയേണ്ടിവരുമ്പോൾ ഉണ്ടാകുന്ന വിഷമതകൾക്ക് താൽക്കാലിക വിരാമമിട്ട്‌കൊണ്ട് കാത്തിരിക്കുന്ന വയോധികമാതാപിതാക്കൾ, ബന്ധുമിത്രാദികൾ....... ഈ ബന്ധമാണ് പെരുന്നാളാഘോഷത്തിന്റെ രണ്ടാമത്തെ ഘടകം.

പുത്തനുടുപ്പുകളും മികച്ച ആഹാരങ്ങളും അനാവശ്യമല്ലാത്ത വിനോദങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടുന്നു. അശരണരായി, ശയ്യാവലംബികളായി കഴിയുന്നവരെ ചെന്നുകണ്ട് ആഘോഷഹർഷം അവർക്കെത്തിക്കുന്നു. ഇങ്ങനെയാണ് സമൂഹത്തിന്റെ രചനാത്മകമായ ആഘോഷം ഇസ്ലാം കാണിച്ചുതന്നത്. ആഘോഷം നിശ്ചയിച്ച പശ്ചാത്തലം പോലും ചിന്തോദ്ദീപകമാണ്. മഹാന്മാരുടെ ജനന ദിനങ്ങളോ ചരമദിനങ്ങളോ ആണ് പല സമൂഹങ്ങളിലും ആഘോഷത്തിന്റെ സമയം. ശവകുടീരങ്ങളാണ് പലതിന്റേയും വേദി എന്നാൽ ത്യാഗനിർഭരമായ രണ്ട് ആരാധനാകർമ്മങ്ങളുടെ പശ്ചാത്തലത്തിലാണ് ഇസ്ലാം ഈദുകൾ നിശ്ചയിച്ചത്. ഒന്ന് റമദാനിലെ വ്രതം. മറ്റേത് ദുൽഹിജ്ജയിലെ ഹജ്ജ് കർമ്മം. വ്രതസമാപനമായി കടന്നുവന്ന ഈദുൽഫിത്വറാണ് നമ്മുടെ മുന്നിലുള്ളത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ അവസ്ഥ ആഘോഷവേളയിൽ അവഗണിക്കരുത്. അതിനുവേണ്ടിയാണ് നോമ്പുപെരുന്നാളിനോട് അനുബന്ധിച്ച് സകാതുൽ ഫിത്വറും ഹജ്ജ് പെരുന്നാളിനോട് അനുബന്ധിച്ച് ബലികർമ്മവും വിശ്വാസികൾക്ക് നിർബന്ധമാക്കിയത്.

ഇക്കാര്യത്തിലെല്ലാം ഉല്പതിഷ്ണ സംഘടനകൾ നടത്തുന്ന പാവങ്ങൾക്കുള്ള കിറ്റ് വിതരണവും മറ്റും ശ്ലാഖനീയമാണ്. പെരുന്നാളിന്റെ സൈദ്ധാന്തികമോ പ്രായോഗികമോ ആയ നല്ല വശങ്ങൾ ഉൾക്കൊള്ളാൻ നിർഭാഗ്യവശാൽ ഇന്ന് അധികം പേരും തയ്യാറാകുന്നില്ല. കേവല ചടങ്ങുകളായി എല്ലാം നടത്തിത്തീർക്കുന്നു. സാമ്പത്തിക സുസ്ഥിതിയും സുഭിക്ഷിതയും മൂലം നമുക്ക് പെരുന്നാളാണ് എന്ന പ്രയോഗം പോലും അസ്ഥാനത്തായിരിക്കുന്നു. ഇതര സമൂഹങ്ങളെ അനുകരിച്ച് പടക്കവും പൂത്തിരിയും മറ്റുമായി പെരുന്നാളിനെ വഴി തിരിച്ചുവിടുന്നു. ചിലർ എല്ലാവരും കുടുംബത്തിൽ ഒത്തുചേരുക എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ പെരുന്നാളിന് ടൂർ സംഘടിപ്പിക്കുക എന്നത് ഇന്ന് വ്യാപകമായിരിക്കുകയാണ്. ഇതര സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനുള്ള അവസരമായി ഈദ് സുദിനങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്.

മതനിരപേക്ഷ ഭാരതത്തിൽ പരസ്പരം മനസ്സിലാക്കുക, ഉൾക്കൊള്ളുക എന്നത് അനിവാര്യമാണ്. മതവിശ്വാസികൾ തമ്മിലെ സൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ പോലും ഈദുൽഫിത്വർ എന്നതിന് റംസാൻ എന്നാണ് ഇന്നും ഉപയോഗിക്കുന്നത്. ചാന്ദ്രമാസങ്ങളിലെ ഒരു മാസമാണ് റംസാൻ എന്നും റമദാനിനുശേഷമുള്ള ആഘോഷം ഈദുൽഫിത്വർ ആണെന്നുമുള്ള സാമാന്യജ്ഞാനമെങ്കിലും ശരാശരി കേരളീയനുപകർന്നുനൽകാൻ ഈ അവസരം ഉപയോഗപ്പെടട്ടെ. വ്രതനിർവൃതിയോടെ ഈദുൽഫിത്വറിനെ വരവേൽക്കാൻ ഒരുങ്ങുക. എല്ലാവർക്കും ഈദുൽഫിത്വർ ആശംസകൾ. അല്ലാഹു അക്‌ബർ... വലില്ലാഹിൽ ഹംദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP