Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പുണ്യമാസത്തിന് സ്വാഗതം; റമദാൻ വ്രതത്തിന് തുടക്കം; കേരളത്തിൽ ഇത്തവണ ദൈർഘ്യമേറിയ റമാദാൻ; ഗൾഫ് രാജ്യങ്ങളിൽ തൊഴിലാളികളുടെ ജോലി സമയം കുറച്ചു

പുണ്യമാസത്തിന് സ്വാഗതം; റമദാൻ വ്രതത്തിന് തുടക്കം; കേരളത്തിൽ ഇത്തവണ ദൈർഘ്യമേറിയ റമാദാൻ; ഗൾഫ് രാജ്യങ്ങളിൽ തൊഴിലാളികളുടെ ജോലി സമയം കുറച്ചു

കെ സി റിയാസ്

കോഴിക്കോട്: വ്രതവിശുദ്ധിയുടെ സഹനസന്ദേശവുമായി വീണ്ടുമൊരു റമദാൻ കൂടി. പാപങ്ങൾ കരിച്ചുകളഞ്ഞ് പുണ്യങ്ങളുടെ തെളിനീരൊഴുക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുന്ന വിശുദ്ധ ദിനരാത്രങ്ങൾക്കു സ്വാഗതം. ഭക്തിയുടെയും നന്മയുടെയും നാളുകളാണിനി വിശ്വാസികൾക്ക്. കോഴിക്കോട് കാപ്പാട് ബീച്ചിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് റമദാൻ ഒന്നാണെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കൾ അറിയിച്ചു.

അറബി മാസമായ ശഅ്ബാനിലെ ചന്ദ്രനസ്തമിച്ച് പടിഞ്ഞാറൻ ചക്രവാളത്ത് റമദാൻ ചന്ദ്രികയുടെ പിറവിയോടെയാണ് റമദാൻ വ്രതം ആരംഭിക്കുന്നത്. പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ചും രാത്രിയിൽ ദീർഘനേരമുള്ള പ്രാർത്ഥനകളിൽ മുഴുകിയും വിശ്വാസികൾ വ്രതകാലത്തെ ധന്യമാക്കുന്നു. പുലർച്ചെ 4.45-ഓടെയാണ് വ്രതാനുഷ്ഠാനത്തിനു തുടക്കമാവുന്നത്. വൈകിട്ട് സൂര്യൻ ചക്രവാളത്തിലേയ്ക്കു മടങ്ങുന്നതോടെ ഒരു ദിവസത്തെ നോമ്പ് പൂർണമാവുന്നു. ഇത്തവണ 14 മണിക്കൂറിലേറെ ദൈർഘ്യമുണ്ട് കേരളത്തിലെ നോമ്പിന്. ഗൾഫ് നാടുകൾ ഇത്തവണയും നല്ല ചൂടിലാണ് റമദാനെ വരവേല്ക്കുന്നത്. റമദാനിൽ യു എ ഇ ഉൾപ്പടെയുള്ള വിവിധ ജി സി സി സി രാജ്യങ്ങളിൽ തൊഴിലാളികളുടെ ജോലി സമയം കുറച്ചിട്ടുണ്ട്.

ഒരായിരം നിറവുള്ള നന്മയുടെ പുണ്യറമദാനെ വരവേല്ക്കാൻ വിശ്വാസികൾ എങ്ങും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. തിന്മയെ പ്രതിരോധിക്കാൻ മനുഷ്യരാശിയെ സജ്ജമാക്കുകയാണ് നോമ്പ്. ഒരു മാസത്തെ ജീവതചിട്ടകൾ വരും നാളുകൾക്ക് കരുത്തും തുണയുമാകാനുള്ള ശിക്ഷണം. പോയകാലത്തെ പ്രവർത്തനവൈകല്യങ്ങൾ തിരുത്താനും വരുംനാളുകൾ ചൈതന്യപൂർണമാക്കാനും വീണ്ടുവിചാരം കോറിയിടുന്ന മാസമാണിത്. റമദാൻ ചന്ദ്രികയുടെ മുന്നോടിയായി വിശ്വാസികൾ പള്ളികളും വീടും പരിസരവും എല്ലാം വൃത്തിയാക്കിയിട്ടുണ്ട്.

ആരാധനാകർമങ്ങൾക്കും മറ്റു സദ്പ്രവർത്തനങ്ങളുമായി വിശ്വാസികൾ ഈ മാസം കൂടുതൽ മനസ്സുവെക്കും. വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ വിപുലമായ ജീവകാരുണ്യ റിലീഫ് പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ദൈവത്തിൽ നിന്നും മനുഷ്യരാശിക്ക് ഖുർആൻ അവതരിപ്പിക്കപ്പെട്ടതിന് നന്ദിയായാണ് ലോകമുസ്ലിംകൾ റമദാനിൽ വ്രതമനുഷ്ഠിക്കുന്നത്. നന്മയുടെ പൂക്കാലമെന്നാണ് റമദാൻ വിശേഷിപ്പിക്കപ്പെടുന്നത്. ആരാധനാ കർമങ്ങൾക്കും പുണ്യപ്രവർത്തനങ്ങൾക്കുമായാണ് റമദാനിലെ കൂടുതൽ സമയവും വിശ്വാസികൾ വിനിയോഗിക്കുക. ആയിരം മാസങ്ങളെക്കാൾ പുണ്യം കിട്ടുമെന്ന് വിശ്വസിക്കുന്ന 'ലൈലത്തുൽ ഖദ്ര്' റമദാനിന്റെ അവസാന പത്തു നാളുകളിലെ ഒരു രാത്രിയിലാണ്.

കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ റമദാൻ ഒന്ന് തിങ്കളാഴ്ചയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, കേരള മുസ്ലിം ജമാത്തത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് എ അബ്ദുൽ ഹമീദ് മദീനി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി തുടങ്ങിയവർ പ്രഖ്യാപിച്ചു.

മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, കോഴിക്കോട് ഖാദിമാരായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, തിരുവനന്തപുരം പാളയം ഇമാം വി പി ശുഹൈബ് മൗലവി, സംസ്ഥാന സുന്നി നേതാവ് എ നജീബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, തുടങ്ങിയവരും റദമാൻ വ്രതം ആരംഭിച്ചതായി അറിയിച്ചു. കേരള ഹിജ്രി കമ്മിറ്റി ഇന്ന് റമദാൻ ഒന്നാണെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിക്ഷണത്തിന്റെ പകലന്തികളെ നന്മകളാൽ ധന്യമാക്കാൻ നേതാക്കളെല്ലാം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP