Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉയിർപ്പുകാലം മൂന്നാം ഞായർ

ഉയിർപ്പുകാലം മൂന്നാം ഞായർ

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

രു യാത്രയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ പറയുന്നത്. ശിഷ്യർക്ക് സ്ഥലമൊരുക്കാൻ പോകുകയാണെന്നാണ് അവൻ പറയുന്നത് (യോഹ 14:2). പിതാവിന്റെ അടുത്തേക്കാണ് പോകുന്നതെന്നും (യോഹ 14:12) ഈശോ പറയുന്നു. അതായത് ഈശോ ഒരു യാത്ര പോകാൻ ഒരുങ്ങുകയാണെന്നർത്ഥം.

ഈശോ യാത്രയ്ക്കു ഒരുങ്ങുകയാണെന്ന് അവനെ കേട്ടുകൊണ്ടിരുന്ന അവന്റെ ശിഷ്യർക്കും മനസ്സിലാകുന്നു. ''പത്രോസ് ചോദിച്ചു കർത്താവേ നീ എവിടേക്കു പോകുന്നു'' (യോഹ 13:36).അതേ കാര്യം തന്നെ തോമാശ്ലീഹായും ചോദിക്കുന്നുണ്ട്: ''തോമസ് പറഞ്ഞു കർത്താവേ നീ എവിടേക്കു പോകുന്നുവെന്ന് ഞങ്ങൾക്ക് അറിഞ്ഞു കൂടാ'' (യോഹ 14:5).

തന്റെ യാത്രയുടെ ലക്ഷ്യം ഏതാണെന്നും ഈശോ വ്യക്തമാക്കുന്നുണ്ട്: ''ഞാൻ പിതാവിന്റെ അടുത്തേക്ക് പോകുന്നതുകൊണ്ടു ഇവയേക്കാൾ വലിയവായും...'' (യോഹ 14:12).

അപ്പോൾ, ഭൂമിയിലെ ജീവിതത്തെ ഒരു യാത്രയായായി കാണുന്ന ക്രിസ്തീയ പാരമ്പര്യത്തിന്റെ തുടക്കം ക്രിസ്തുവിൽ നിന്നു തന്നെയാണെന്ന് വരുന്നു. ഈ ലോക ജീവിതത്തെ യാത്രയായി കാണുന്ന ക്രിസ്തീയ ദർശനം നമ്മുടെ പഴയ ഭക്തിഗാനങ്ങളിൽ തീവ്രമായി നിഴലിക്കുന്നുണ്ട്.

വളരെ പഴയ ഒരു ക്രിസ്തീയ ഗാനം ശ്രദ്ധിക്കാം - ''അക്കരയ്ക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി'' എന്ന ഗാനം (ഓഡിയോ കേൾക്കുക).

ഈ ഗാനത്തിൽ സൂചിപ്പിക്കുന്ന 'അക്കര' എവിടെയാണ്? കേരളത്തിന്റെ സമീപിത്തു കിടക്കുന്ന അറേബ്യൻ കടലിന്റെ അക്കരയാണോ? അതോ ഭൗമപ്രപഞ്ചത്തിന്റെ അക്കരയാണോ? എവിടെയാണ് നമ്മൾ നടത്തുന്ന യാത്രയുടെ മറുകര?

അതേ പോലെ, 'അരനാഴീകനേരം' എന്ന സിനിമയിലെ ഗാനമില്ലേ. ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ഗാനം. അതിന്റെ ആദിരൂപത്തിന്റെ രചന ജർമ്മൻ മിഷനറിയായിരുന്ന നാഗേലാണ് എന്നതാണ് കൗതുകരം. ''സമയാമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു...'' (ഓഡിയോ കേൾക്കുക).

ഈ ഗാനത്തിൽ പറയുന്ന ''എൻ സ്വദേശം'' ഏതാണ്? ഞാൻ ലക്ഷ്യമിട്ടു യാത്രചെയ്യുന്ന 'അക്കരയും,' 'എൻ സ്വദേശവും' ഏതാണ്? അത് എവിടെയാണ്? ഇതിനെക്കുറിച്ച് വ്യക്തമായ അവബോധത്തിലേക്ക് വരേണ്ടത് ആവശ്യമാണ്. ഈ തിരിച്ചറിവിലാണ് നമ്മുടെ ആത്മീയ യാത്രയുടെ വിജയം തന്നെ അടങ്ങിയിരിക്കുന്നത്.

ഒരു കോൺട്രാക്ടർ മകനെ പരിശീലിപ്പിക്കുന്ന കഥ (ഓഡിയോ കേൾക്കുക). യാത്രയുടെ ലക്ഷ്യത്തെക്കുറിച്ചുള്ള ശരിയായ അവബോധം വളർത്തിയെടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

തന്റെ യാത്രയുടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ഈശോ പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കണം: ഈശോ പീലിപ്പോസിനോട് ചോദിച്ചു: ''ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്ന് നീ വിശ്വസിക്കുന്നില്ലേ? (യോഹ 1410). ഇതു തന്നെ ഈശോ വീണ്ടും ആവർത്തിക്കുന്നുണ്ട്: ''ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാൻ പറയുന്നത് വിശ്വസിക്കുവിൻ (യോഹ 14:11). ഈശോയുടെ അന്ത്യപ്രഭാഷണം തുടങ്ങുന്ന സമയത്ത് സുവിശേഷകൻ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്: ''ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുന്നാളിന് മുമ്പ് യേശു അറിഞ്ഞു'' (യോഹ 13:1).

ഈശോ യാത്ര ചെയ്യുന്നത് പിതാവിന്റെ അടുത്തേക്കാണ്. തന്റെ യാത്രയുടെ ലക്ഷ്യമായ പിതാവ് ഈശോയുടെ ഉള്ളിലാണ്. അങ്ങനെയെങ്കിൽ ഈശോ യാത്ര ചെയ്യുന്നത് പുറത്തേക്കല്ല ഉള്ളിലേക്കാണ് എന്ന് വരുന്നു.

ക്രിസ്തീയ പാരമ്പര്യത്തിൽ നമുക്ക് എവിടെയോ വച്ച് നഷ്ടപ്പെട്ടു പോയ ഈശോയുടെ കാഴ്ചപ്പാടാണിത്. അതായത് ഭൂമിയിലെ ഈ ജീവിതം ഒരു യാത്രണ്. ഈ യാത്രയുടെ ലക്ഷ്യം പിതാവാണ്. ഈ പിതാവ് ഒരുവന്റെ പുറത്തല്ല, അകത്താണ്. എങ്കിൽ എന്റെ ജീവിത യാത്രയുടെ ലക്ഷ്യം എന്റെ പുറത്തേക്കല്ല, എന്റെ ഉള്ളിലേക്കാണ് ഞാൻ തിരിച്ചു പിടിക്കേണ്ടത്.

അങ്ങനെയെങ്കിൽ പിതാവിലെത്താനുള്ള വഴി ഏതാണ്? ഈശോ പറയുന്നു: ''ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം'' (യോഹ 14:4). തുടർന്ന് തോമാശ്ലീഹായുടെ ചോദ്യത്തിനു മറുപടിയായി ഈശോ പറയുന്നു: ''ഞാനാണ് വഴിയും സത്യവും ജീവനും'' (യോഹ 14:6). ഒരുവന്റെ ഉള്ളിലുള്ള പിതാവിൽ എത്താനുള്ള വഴിയാണ് ക്രിസ്തു.

ക്രിസ്തുവാണ് പിതാവിലേക്കുള്ള വഴിയെങ്കിൽ, ഏതു ക്രിസ്തുവെന്ന് നമ്മൾ ചോദിക്കണം. സംശയം വേണ്ട, ക്രൂശിതനായ ക്രിസ്തു തന്നെ. സ്‌നേഹത്തിന്റെ കൊടുമുടിയിൽ മറ്റുള്ളവർക്കായി കുരിശിൽ മരിച്ച ക്രിസ്തുവാണ് എന്റെ ഉള്ളിലുള്ള പിതാവിൽ എത്താനുള്ള വഴിയെന്നു വരുന്നു.

ക്രിസ്തുവാകുന്ന വഴിയുടെ സവിശേഷത ഈശോ തന്നെ പറഞ്ഞു തരുന്നുണ്ട്. താൻ പോകുന്നിടത്തേക്ക് ഉടനെ വരാൻ ശിഷ്യർക്ക് കഴിയുകയില്ലെന്ന് പറഞ്ഞിട്ടു, ഈശോ പറയുന്നത് ആ വഴിയെക്കുറിച്ചുള്ള തന്നെയായിരിക്കണം. അവൻ പറഞ്ഞു: ''നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ ഞാൻ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ'' (യോഹ 13:35). ഇതാണ് ക്രിസ്തുവെന്ന വഴി. സ്‌നേഹമാണ് ഉള്ളിലുള്ള ദൈവസാന്നിധ്യത്തിൽ എത്തിച്ചേരാനുള്ളവഴി. ആ സ്‌നേഹമാകുന്ന വഴിയുടെ ആൾരൂപമാണ്ക്രൂ ശിതനായ ക്രിസ്തു.

പോൾ കലാനിധിയുടെ "When Breath becomes air" എന്ന ആത്മ കഥയിലെ ഒരു സംഭവം (ഓഡിയോ കേൾക്കുക).

പരസ്പരമുള്ള സ്‌നേഹമാണ് ഉള്ളിലുള്ള ദൈവത്തിൽ എത്തിച്ചേരാനുള്ള വഴി. ഈ ലോക ജീവിതം ഒരു യാത്രയാണ്. എന്റെ ഈ യാത്ര പുറത്തേക്കല്ല, എന്റെ ഉള്ളിലേക്കാണ് ഞാൻ നടത്തേണ്ടത്. എന്റെ ശരീരത്തിനും എന്റെ മനസ്സിനും പിറകിലുള്ള എന്നിലെ ജീവന്റെ സ്‌ത്രോതസ്സിലേക്കാണ് ഞാൻ യാത്ര ചെയ്യേണ്ടത്. അതായത് എന്നിലെ ദൈവസാന്നിധ്യത്തിലേക്ക്. ആ ദൈവസാന്നിധ്യത്തിൽ എത്താനുള്ള വഴിയാണ് ക്രൂശിതനായ ക്രിസ്തു പ്രതിനിദാനം ചെയ്യുന്ന സ്‌നേഹം. സ്‌നേഹത്തിലൂടെയാണ് ഉള്ളിലുള്ള ദൈവസാന്നിദ്ധ്യത്തിൽ എത്തിച്ചേരാൻ എനിക്കാവുന്നത് എന്നർത്ഥം.

ഖലി ജിബ്രാൻ പ്രവാചകനിൽ പറയുന്നത് നമ്മുക്ക് ഓർക്കാം: ''നീ സ്‌നേഹിക്കുമ്പോൾ ദൈവം നിന്റെ ഹൃദയത്തിലാണ് എന്നല്ല നീ പറയേണ്ടത്. മറിച്ച്, നീ സ്‌നേഹിക്കുമ്പോൾ നീ ദൈവത്തിന്റെ ഹൃദയത്തിലായിത്തീരുന്നു.''

അതാണ് ഈശോ ഇന്ന് പറഞ്ഞു തരുന്ന സത്യം. സ്‌നേഹിക്കുമ്പോൾ ഒരുവൻ ദൈവത്തിലേക്കുള്ള യാത്രയിലാണ്; ദൈവത്തിന്റെ ഹൃദയത്തിലേക്കുള്ള വഴിയിലാണ്. അതിനാൽ നിന്റെ ജീവിത യാത്രയുടെ ലക്ഷ്യം ഇതു മാത്രമാണ് - നിന്റെ ഉള്ളിലുള്ള ദൈവസാന്നിധ്യത്തിലേക്ക് യാത്ര ചെയ്യുക, സ്‌നേഹമാകുന്ന പാതയിലൂടെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP