Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുർഗന്ധമുള്ള മാലിന്യം സൗരഭ്യമുള്ള പുഷ്പമാകുന്നത് എങ്ങനെ?

ദുർഗന്ധമുള്ള മാലിന്യം സൗരഭ്യമുള്ള പുഷ്പമാകുന്നത് എങ്ങനെ?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

മ്മുടെയൊക്കെ ജീവിതത്തിൽ സാധാരണ സംഭവിക്കാവുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ പറയുന്നത്. അതായത് നമുക്ക് അനിഷ്ടകരവും അപ്രിയവുമായ കാര്യങ്ങൾ മറ്റുള്ളവരിൽ നിന്ന് വരുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കണം?

നിന്നെദ്വേഷിക്കുന്നവരോട്, നിന്നെ ശപിക്കുന്നവരോട്, നിന്നെ അധിഷേപിക്കുന്നവരോട്, നിന്റെ ചെകിട്ടത്ത് അടിക്കുന്നവരോട്, നിന്റെ മേലങ്കി എടുത്തു കൊണ്ടു പോകുന്നവരോട്, നിന്റെ വസ്തുതവകകൾ ബലമായി കൈക്കലാക്കുന്നവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്? (ലൂക്കാ 6:27-29).

ഇവരോടുള്ള നിന്റെ സ്വാഭാവികമായ പ്രതികരണം - "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നതായിരിക്കും (മത്താ 5:38). പഴയ നിയമത്തിന്റെ രീതിയാണിത് - പകരത്തിനുപകരം ചെയ്യുക, പ്രതികാരം ചെയ്യുക. എന്നാൽ, അങ്ങനെ പ്രതികരിച്ചാലുള്ള പരിണിതഫലം എന്തായിരിക്കും?

അതിലൂടെ ഇവിടെ അന്ധന്മാർ കൂടികൂടി വരുകയേഉള്ളൂ, ഇവിടെ വികലാംഗരുടെ എണ്ണം കൂടികൂടി വരികയേ ഉള്ളൂ. ഇവിടെ മൃതരുടെ എണ്ണം കൂടികൂടി വരികയേ ഉള്ളൂ.അതിനാലാണ് ഈശോ വ്യസ്തസ്തമായ ഒരു പ്രതികരണരീതിക്ക് ആഹ്വാനം ചെയ്യുന്നത്.

പ്രകൃതിയിലേക്ക് തന്നെ ഒന്നു നോക്കിക്കേ! ഒരു റോസച്ചെടിയുടെ കാര്യമെടുക്കാം. അതിന്റെ ചുവട്ടിലേക്ക് നമ്മൾ ഇടുന്നത് ചെളിയും ദുർഗന്ധപൂരിതമായ മാലിന്യവുമാണ്. എന്നാൽ മാലിന്യം സ്വീകരിച്ചിട്ട് റോസാച്ചെടി പുറപ്പെടുവിക്കുന്നതോ? സുഗന്ധപൂരിതമായ പുഷ്പവും! ഏതു ചെടിയുടെയും ഫലവൃക്ഷത്തിന്റെയും കാര്യത്തിൽ ഇതു സത്യമാണ്. ചെളിയും മാലിന്യവും സ്വീകരിച്ചിട്ട്, അവയൊക്കെ തിരികെ തരുന്നത് സുഗന്ധപൂരിതമായ പുഷ്പങ്ങളും സ്വാദിഷ്ടമായ ഫലങ്ങളുമാണ്.

നിഷേധാത്മാകമായവയെ സ്വീകരിച്ചിട്ടു, അവയെ ഭാവാത്മകമായവയാക്കി മാറ്റുന്ന ഒരു 'ഡയനാമിസം' അവയുടെ ഉള്ളിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരമൊരു സാധ്യത നമ്മുടെ ഉള്ളിലും ഉണ്ടെന്നാണ് ഈശോ പറയുന്നത്. ആ ക്രിയാത്‌മകതയെ ഈശോ വിശദികരിക്കുന്നത്- 'നിങ്ങൾഅത്യുന്നതന്റെ പുത്രരായിരിക്കും' (ലൂക്കാ 6: 35). തിന്മയെ സ്വീകരിച്ചിട്ടു അതിനെ നന്മായക്കി രൂപാന്തരപ്പെടുത്തി തിരികെ നൽകുന്ന പ്രക്രിയയെ ഈശോ വിളിക്കുന്നത് ''ദൈവപുത്രത്വം'' എന്നതാണ്. എന്നു പറഞ്ഞാൽ നിന്നിലെ ദൈവികത, നിന്നിലുള്ള ദൈവിക ജീവന്റെ അംഗം.

നിന്നിലുള്ള ഈ ദൈവികതയെ സജീവമാക്കിയാൽ മറ്റുള്ളവരിൽ നിന്നു ലഭിക്കുന്ന ഏതു തിന്മയ്ക്കും നിഷേധാത്മകതയ്ക്കും പകരമായിട്ടു, നന്മയും ഭാവാത്മകതയും പുറപ്പെടുവിക്കാൻ നിനക്കാകും. ശത്രുക്കളെ സ്‌നേഹിക്കാനും, നിന്നോടു തിന്മ ചെയ്യുന്നവർക്ക് പകരമായി നന്മ ചെയ്തു കൊടുക്കാനും പറ്റും. തിന്മയ്ക്കും ദ്വെഷത്തിനും പകരമായി സ്‌നേഹവും കരുതലും കൊടുക്കാനാവും.

മദർ തെരേസയുടെ ജീവിതത്തിലെ ഒരു സംഭവം. 'നിർമ്മല ഹൃദയ' തുടങ്ങുന്ന കാലത്തെ സംഭവം - കരുണാമയൻ എന്ന പുസ്തകത്തിൽ വിവരിക്കുന്നത് (ഓഡിയോ കേൾക്കുക)

നമ്മോടു മറ്റുള്ളവർ ചെയ്യുന്ന പ്രവൃത്തികളുടെ മേലൊന്നും നമുക്ക് വലിയ നിയന്ത്രണമുണ്ടാവില്ല. മറ്റുള്ളവർ നമ്മെ ദ്വേഷിക്കുന്നതും ശപിക്കുന്നതും ഉപദ്രവിക്കുന്നതും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ അവയോടൊക്കെ നമ്മൾ എങ്ങനെയാണ് പ്രതികരിക്കുക? അത് നമ്മുടെ നിയന്ത്രണത്തിലാണ്.

അതിനാൽ വന്നു ചേരുന്ന തിന്മയോട്, നീ നന്മ കൊണ്ട് പ്രതികരിച്ചാൽ നിന്നിലെ ദൈവികാംശം വളർന്നു വളർന്നു വരും. അഥവാ, നിന്നിലെ ദൈവികാംശം ഉപയോഗിച്ച് ഏതു തിന്മയിൽ നിന്നും സുഗന്ധപൂരതമായ നന്മ പുറത്തെടുക്കാൻ നിനക്കാവും. അത്തരം ഓരോ പ്രക്രിയയിലൂടെയും നിന്നിലെ ദൈവികാംശം വളർന്നു വളർന്നു വരും. നിന്റെ ദൈവപുത്രത്വത്തിൽ നീ വളർച്ച പ്രാപിക്കും.

ഇതു തന്നെയാണ് "ആനന്ദിച്ച് ആഹ്ലാദിച്ചാലും" എന്ന അപ്പസ്‌തോലിക പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പാ പറയുന്നതും. വിശുദ്ധിയെക്കുറിച്ചാണ് പാപ്പാ പഠിപ്പിക്കുന്നത്. വിശുദ്ധി എന്താണെന്ന് അറിയണമെങ്കിൽ ക്രിസ്തുവിലേക്ക് നോക്കണം. വിശുദ്ധിയെക്കുറിച്ചുള്ള ക്രിസ്തുവിന്റെ തെളിമയാർന്ന പഠനം അഷ്ഠഭഗ്യങ്ങളാണ്. അതിൽ തന്നെ കരുണയെ കുറിച്ചുള്ള അഷ്ഠഭാഗ്യമാണ് പ്രധാനം (മത്താ 5:7). കരുണയോടെയുള്ള നോട്ടവും പ്രവൃത്തിയുമായിട്ടാണ് വിശുദ്ധിയെ പപ്പാ വ്യാഖാനിക്കുന്നത്. കാരുണ്യത്തിന്റെ കാഴ്ചപ്പാടു പുലർത്തുന്നതും തൽഫലമായി, കാരുണ്യത്തിന്റെ പ്രവൃത്തികൾ ചെയ്യുന്നതുമാണ് വിശുദ്ധി.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വചനമുണ്ട് - ''നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ'' (6:36). ഫ്രാൻസിസ് പാപ്പാ തന്റെ അപ്പസ്‌തോലികപ്രബോധനത്തിൽ ഈ വചനം ഉദ്ധരിച്ചിട്ട് ഇതിന് സമാന്തരമായി മത്തായിയുടെ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്നത് "പരിപൂർണ്ണതയാണെന്ന്" ചൂണ്ടക്കാട്ടുന്നു- ''നിങ്ങളുടെ പിതാവ് പരിപൂർണ്ണനായിരിക്കുനനത് പോലെ..." (മത്താ 5:48). അപ്പോൾ പരിപൂർണ്ണത അഥവാ വിശുദ്ധിയെന്നു പറഞ്ഞാൽ കരുണയാണെന്നു വരുന്നു.

മറ്റുള്ളവർ നമ്മുടെ ജീവിതത്തിലേക്ക് വലിച്ചെറിയുന്ന വിദ്വേഷവും പകയും അക്രമവുമെല്ലാം നമ്മുടെ മുൻപിൽ ഒരു സാധ്യതയാണ് തുറന്നു തരുന്നത്. റോസച്ചെടിയുടെ ചുവട്ടിലേക്ക് വീഴുന്ന മാലിന്യമെല്ലാം അതിനൊരു സാധ്യത കൊടുക്കുന്ന പോലെ, നമ്മുടെ ജീവിതത്തിലെ മാലിന്യങ്ങളും സാധ്യതകളാണ്- നമ്മിലെ സുഗന്ധപൂരിതമായ ദൈവികാംശത്തെ വളർത്തിയെടുക്കാനുള്ള സാധ്യത; നന്മയുടെയും കാരുണ്യത്തിന്റെയും സത്ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള സാധ്യത; നമ്മിലെ ദൈവപുത്രത്വത്തെ വളർത്തിയെടുക്കാനുള്ള സാധ്യത. അതിലൂടെ നിങ്ങൾ നിങ്ങളുടെ പിതാവിന്റെ പുത്രരായിരിത്തീരും (ലൂക്കാ 7:35). അതായത് ദൈവിക മക്കളായി വളരാനുള്ള സാധ്യത.

മറ്റുള്ളവർ നിന്റെ ജീവതത്തിലേക്ക് വലിച്ചെറിയുന്ന ദുർഗന്ധപൂരിതമായ മാലിന്യങ്ങളെ, സുഗന്ധപൂരിതമായ പുഷ്പങ്ങളാക്കി മാറ്റാൻ നിനക്കാകും. നിന്നിലെ ദൈവികാശംത്തെ സജീവമായി നിർത്തിയാൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP