Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തകർച്ചകളെ രക്ഷയുടെ കവാടമാക്കി മാറ്റാം

തകർച്ചകളെ രക്ഷയുടെ കവാടമാക്കി മാറ്റാം

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷ ഭാഗത്ത് ആദ്യം ശ്രദ്ധിക്കേണ്ടത് ഈശോ യാത്രചെയ്യുന്ന ഭൂപ്രദേശത്തെക്കുറിച്ചുള്ള വിവരണമാണ്: 'ജറുസലേമിലേക്കുള്ള യാത്രയിൽ അവൻ സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നു പോവുകയായിരുന്നു' (ലൂക്കാ 17:11). അക്കാലത്തെ ഫലസ്തീനാ, മൂന്നായിട്ടാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. തെക്കുനിന്ന് ആരംഭിച്ചാൽ, യൂദാ, സമരിയാ, ഗലീലി. ഇതിൽ സമരിയാക്കും ഗലീലിക്കും മധ്യേ കൂടിയാണ് ഈശോ യാത്ര ചെയ്യുന്നത്. അതായത്, രണ്ടിന്റെയും അതിർത്തിയിൽ കൂടി. അഥവാ രണ്ടിന്റെയും 'പുറമ്പോക്കിൽ' കൂടി.
അങ്ങനെ യാത്ര ചെയ്യുമ്പോൾ അവനെ കണ്ടു മുട്ടുന്ന കുഷ്ടരോഗികളെക്കുറിച്ചുള്ള വിവരണം കൂടി ശ്രദ്ധിക്കണം: ''അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്തു കുഷ്ടരോഗികൾ അവനെ കണ്ടു'' (ലൂക്കാ 17:12). അതായത്, ഗ്രാമത്തിൽവച്ച് 'അകലെനിന്നുകൊണ്ടാണ്' അവർ യേശുവിനെ കാണുന്നതും വിളിച്ചപേക്ഷിക്കുന്നതും. 'അകലെ നിൽക്കുന്നതിനു' കാരണം അവർ കുഷ്ടരോഗികളായിരുന്നു എന്നതാണ്.

പത്തു പേരിൽ ഒരുവൻ തിരിച്ചു വരുന്നതിനെ കുറിച്ച് സുവിശേഷകൻ പറയുന്നു: ''അവൻ യേശുവിന്റെ കാൽക്കൽ സാഷ്ടാഗം പ്രണമിച്ചു നന്ദി പറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു'' (ലൂക്കാ 17:16). ബാക്കി ഒമ്പതു പേരും യഹൂദരായിരുന്നു. സമരിയാക്കാരനായ പത്താമൻ അധകൃതനായിരുന്നുവെന്നു സാരം.

അങ്ങനെയെങ്കിൽ 'സമരിയാക്കാരനായ കുഷ്ടരോഗിയുടെ' അവസ്ഥ നാം തിരിച്ചറിയണം. അയാൾ സമരിയാക്കാനെന്ന നിലയിൽ അധകൃതമായിരുന്നു; പുറമ്പോക്കിലായിരുന്ന അവന്റെ വാസം; കുഷ്ടരോഗിയെന്ന നിലയിൽ ഗ്രാമത്തിനുപുറത്ത് അകലെയായിരുന്നു അവൻ നിന്നിരുന്നത്. എല്ലാം അർത്ഥത്തിലും തിരസ്‌കൃതനും നിന്ദ്യനും അഭിശപ്തനുമായിരുന്നു ആയിരുന്നു സമരിയാക്കരാനയ കുഷ്ടരോഗി.

എല്ലാ തരത്തിലും തിരിസ്‌കൃതവും അഭിശപ്തവുമായ ജീവിതം കൈമുതലായിട്ടുള്ളവനോടാണ് ഈശോ പറയുന്നത്: ''എഴുന്നേറ്റു പൊയ്‌ക്കേള്ളുക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു'' (ലൂക്കാ 17:19). അതായത് പത്തുപേരിൽ ഒരുവന് മാത്രമേ രക്ഷ ലഭിക്കുന്നുള്ളു. അത് ഏറ്റവും കൊടിയ പരിത്യക്തത അനുഭവിച്ചിരുന്നവനാണ്. ഇതിലൂടെ ഈശോ പറയുന്ന പാഠം വ്യക്തമാണ് ജീവിതത്തിലെ പരിത്യക്തതയും, പരാജയവും, തീരാവ്യാധിയും, ഉപേക്ഷിക്കപ്പെടലും, ഒറ്റപ്പെടലും നാശത്തിലേക്കുള്ള പടുകുഴികളല്ല; മറിച്ച് രക്ഷയിലേക്കുള്ള ചവിട്ടുപടികളാണ്.

അതിനാൽ നിന്റെ ജീവതത്തിലെ കൊടിയ പരാജയത്തിലും, തീരാരോഗത്തിലും, ഏകാന്തതയിലും നീ നിരാശപ്പെടുകയും ഭയപ്പെടുകയും ചെയ്യരുത്. കാരണം, അവയൊക്കെ രക്ഷയിലേക്ക് നടന്നുകയറാൻ ദൈവം നിന്റെ മുമ്പിൽ വച്ചു നീട്ടുന്ന അവസരങ്ങളാണ്.

ഇത് ഏറ്റവും നന്നായി വെളിപ്പെടുന്നത് ഫ്രാൻസീസ് പാപ്പായുടെ ജീവിതത്തിലാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ രണ്ടു വർഷക്കാലം വൻപരാജയത്തിന്റെയും ശിക്ഷിക്കപ്പെടലിന്റെയും നാണക്കേടിന്റെയും കാലമായിരുനനു. എന്നാൽ ആ കാലഘട്ടത്തെ രക്ഷയിലേക്കുള്ള പാതയായി രൂപാന്തരപ്പെടുത്താൻ അദ്ദേഹത്തിന് എങ്ങനെ സാധിച്ചു? (ഓഡിയോ കേൾക്കുക).

കൊർഡോബോയിലെ അശ്രമത്തിൽ ചിലവഴിച്ച 199091 കാലഘട്ടം ഫ്രാൻസീസ് പാപ്പായുടെ ജീവിതത്തിലെ കൊടിയ പരാജയത്തിന്റെയും നാണക്കേടിന്റെയും കാലമായിരുന്നു. സമരിയാക്കാനായ കുഷ്ടരോഗിയുടെ ജീവിതവും പറഞ്ഞുതരുന്നത് സമാനമായ പാഠമാണ് തീരോരോഗവും, അപമാനവും, സമൂഹത്തിന്റെ ഭ്രഷ്ടും, അധ:കൃതാവസ്ഥയും നിന്നെ നാശത്തിലേക്ക് നയിക്കണമെന്നില്ല. മറിച്ച്, അത് രക്ഷയിലേക്ക് നടന്നുകയറാൻ ദൈവം നിനക്ക് തരുന്ന ഒരു അവസരമാകാം.

കാരണം, നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയവും തീരോരോഗവും നിന്റെ കണ്ണുതുറപ്പിക്കാനുള്ള അവസരമായി മാറാം നിന്റെ സ്വത്വവും നിന്റെ സമ്പത്തും തമ്മിൽ വേർതിരിച്ചറിയാനുള്ള കണ്ണുതുറവി. യഥാർത്ഥത്തിൽ നീ ആരാണ്? നിന്റെ യഥാർത്ഥ സ്വത്വം എന്താണ്? ഇതാണ് ഒരുവൻ തിരിച്ചറിയേണ്ട അടിസ്ഥാന ജീവിതസത്യം.

നിന്റെ ശരീരമാണോ നീ? അല്ല, കാരണം മരണത്തോടെ നിന്റെ ശരീരം നിനക്ക് നഷ്ടമാകും. യഥാർത്ഥത്തിൽ നിന്റെ ശരീരം, നീ അനേക വർഷങ്ങൾ കൊണ്ട് ആർജ്ജിച്ചെടുത്തതാണ്. അതിനാൽ നീ നിന്റെ ശരീരമല്ല. മറിച്ച്, ശരീരം നീ സമ്പാദിച്ചവയിൽ ഒന്ന് മാത്രമാണ്.

സമൂഹത്തിലെ നിന്റെ സ്ഥാനമാനങ്ങളോ? അതും നീ ആർജ്ജിച്ചെടുത്തതാണ്. അവയും മരണത്തോടെ നിനക്ക് കൈവിട്ടു പോകുന്നുന്നതാണ്. നിന്റെ മനസ്സോ? അതും നീ സാമ്പദിച്ചത് മാത്രമാണ്.

അങ്ങനെയെങ്കിൽ യഥാർത്ഥത്തിൽ നീ ആരാണ്? നിന്റെ സ്ഥാനമാനങ്ങൾക്കും, നിന്റെ ശരീരത്തിനും, നിന്റെ മനസ്സിനും പിറകിൽ നിൽക്കുന്ന 'ജീവനാണ്' നീ. അതു മാത്രമാണ് മരണത്തിന് അപ്പുറത്തേക്ക് നിലനിൽക്കുന്നത്.

പരാജയത്തിന്റെയും, തീരാരോഗത്തിന്റെയും, സാമൂഹ്യഭ്രഷ്ടിന്റെയും, ഒറ്റപ്പെടുത്തലിന്റെയും കാലം യഥാർത്ഥത്തിൽ നഷ്ടപ്പെടലിന്റെ കാലമാണ് നീ സ്വരുക്കൂട്ടിയതൊക്കെ നഷ്ടപ്പെടുന്ന കാലം. (കുഷ്ഠരോഗികൾക്ക് അവരുടെ രോഗാവസ്ഥ സമ്മാനിച്ചത് അതായിരുന്നു). നിന്റെ സമ്പത്ത് നഷ്ടപ്പെടുന്നു; നിന്റെ സത്‌പേര് നഷ്ടപ്പെടുന്നു; നിന്റെ ആരോഗ്യം നഷ്ടപ്പെടുന്നു; നിന്റെ കർമ്മകുശലത നഷ്ടപ്പെടുന്നു. അങ്ങനെ നീ സമ്പാദിച്ചു കൂട്ടിയത് ഒന്നിനു പുറകെ മറ്റൊന്നായി നഷ്ടപ്പെടുമ്പോൾ, അതിനുപിറകിൽ മിച്ചം നിൽക്കുന്ന നിന്റെ 'യഥാർത്ഥ സ്വത്വത്തെ,' 'നിന്റെ ജീവനെ' തിരിച്ചറിയാനുള്ള അവസരമാകും നിന്റെ നഷ്ടപ്പെടലുകൾ. അതായത്, യഥാർത്ഥത്തിൽ നീ ആരാണെന്ന തിരിച്ചറിലവിലേക്ക് നിന്നെ നയിക്കാൻ നിന്റെ പരാജയങ്ങൾക്കും നഷ്ടങ്ങൾക്കും സാധിക്കുമെന്നു സാരം.

ഒരു ഉദാഹരണം പറയാം. താമരയുടെ ചുവട്ടിലേക്ക് വീഴുന്ന ചേറും ചെളിയും താമരച്ചെടിയിൽ ഒളിഞ്ഞിരിക്കുന്ന താമരപൂവിന് വിടർന്നുവരാനുള്ള അവസരവും പോഷണവുമാണ് ഒരുക്കുന്നത്. നിന്റെ ജീവിതത്തിലെ പരാജയങ്ങളും നഷ്ടപ്പെടുലുകളുമായ ചെളിയും ചേറും നിനക്ക് തരുന്ന സാധ്യതയും നീ തിരിച്ചറിയണം. നിന്നിൽ ഒളിഞ്ഞിരിക്കുന്ന ജീവനാകുന്ന നിന്റെ സ്വത്വത്തെ തിരിച്ചറിയാനും, അതിനെ അതിന്റെ നിറവിലേക്ക് വളർത്തി വികസിപ്പിക്കാനുമുള്ള അവസരമാണത്. നിന്നിലെ ജീവൻ അതിന്റെ നിറവിലേക്ക് വളരുന്നതാണ് രക്ഷയെന്ന നിത്യജീവൻ.

പുറമ്പോക്കിൽ കഴിഞ്ഞിരുന്ന സമരിയാക്കാരനായ കുഷ്ടരോഗിക്ക് അവന്റെ തീരാരോഗവും, സാമൂഹ്യഭ്രഷ്ടും, പരിത്യക്തതയും സമ്മാനിച്ചത് നാശമല്ലായിരുന്നു, പകരം രക്ഷയിലേക്ക് നടന്നുകയറാനുള്ള വഴിയായിരുന്നു. അങ്ങനെയെങ്കിൽ, പരാജയങ്ങളെയും നഷ്ടങ്ങളെയും രക്ഷക്കുള്ള മാർഗ്ഗമാക്കി മാറ്റണമെങ്കിൽ നീ എന്തു ചെയ്യണം?

ഇതിനുള്ള ഉത്തരത്തിനും നമ്മൾ സമരിയാക്കാരൻ കുഷ്ടരോഗിയിലേക്കു തന്നെ നോക്കണം: ''അവർ സ്വരമുയർത്തി യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ എന്ന് അപേക്ഷിച്ചു'' (ലൂക്കാ 17:13). അതായത്, ജീവന്റെ നിറവായ ക്രിസ്തുവിലേക്കാണ് കുഷ്ടരോഗികൾ കൈയും ഹൃദയവും തുറന്നു പിടിക്കുന്നത്. ജീവിതത്തിന്റെ നഷ്ടങ്ങൾ നമ്മെ ജീവന്റെ സമൃദ്ധിയിൽ എത്തിക്കാൻ നമ്മൾ ആദ്യം ചെയ്യേണ്ടത് ഇതു തന്നെയാണ് ജീവന്റെ നിറവിലേക്ക് നമ്മുടെ ജീവതവും ഹൃദയവും തുറന്നു പിടിക്കണം! അത്തരമൊരു തുറവിയിൽ മാത്രമേ, നമ്മിലെ ജീവൻ വളരുള്ളൂ. അത്തരമൊരു തുറവിയിലൂടെമാത്രമേ നമ്മുടെ ചുറ്റുമുള്ള ജീവന്റെ കണികകളാൽ നമ്മുടെ ജീവൻ സമ്പുഷ്ടമാക്കപ്പെടുകയുള്ളൂ.

യേശുവിനെ വിളിച്ചപേക്ഷിച്ച കുഷ്ടരോഗികൾക്കെല്ലാവർക്കും സൗഖ്യം കിട്ടുന്നു. അതിനുശേഷം സമരിയാക്കാനായ കുഷ്ടരോഗി ചെയ്യുന്നതും കൂടി നാം ശ്രദ്ധിക്കണം: ''അവരിൽ ഒരുവൻ താൻ രോഗവിമുക്തനായി എന്നു കണ്ട്, ഉച്ചത്തിൽ ദൈവത്തെ സ്തിതിച്ചു കൊണ്ടു തിരിച്ചു വന്നു. അവൻ യേശുവിന്റെ കാൽക്കൽ സാഷ്ടാഗം പ്രണമിച്ചു നന്ദി പറഞ്ഞു'' (ലൂക്കാ 17:1516). സമരിയാക്കരൻ ദൈവത്തെ സ്തുതിക്കുന്നു! അതിനുശേഷം യേശുവിന്റെ കാൽക്കൽ വീണ് നന്ദി പറയുന്നു! അങ്ങനെ ചെയ്യുന്നവനോടാണ് ഈശോ പറയുന്നത്: ''എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു'' (ലൂക്കാ 17:19). ദൈവത്തെ മഹത്വപ്പെടുത്തുകയും നന്ദിപറയുകയും ചെയ്യുന്ന സമരിയാരാനാണ് രക്ഷ കൈവരുന്നത് എന്നർത്ഥം.

അങ്ങനെയെങ്കിൽ 'രക്ഷയാകുന്ന ജീവന്റെ സമൃദ്ധി' സ്വന്തമാക്കാനുള്ള വഴിയുടെ രണ്ടാമത്തെ പടിയാണ് സ്വീകരിച്ച നന്മൾക്ക് നന്ദി പറയുകയെന്നത്. അതായത്, നമ്മൾ സ്വീകരിച്ച നന്മകളെ തിരിച്ചറിയുക; അവയെ മറക്കാതിരിക്കുക; അവയ്‌ക്കെല്ലാം നന്ദി പറഞ്ഞു കൊണ്ട് ജീവിക്കുക. അതിലൂടെ ജീവന്റെ സമൃദ്ധിയായ രക്ഷയിലേക്ക് നീ നടന്നു കയറും.

യഹൂദരായ ഒമ്പത് കുഷ്ടരോഗികൾക്കും സൗഖ്യം ലഭിച്ചു. എന്നാൽ, അവർക്ക് കൈവിട്ടു പോയത് അവരുടെ രക്ഷയായിരുന്നു. അതിനുള്ള കാരണം, സമരിയാക്കാരന്റെ നന്ദിയുടെ വഴിയേ അവർ നടന്നില്ല എന്നത് തന്നെയാണ്. അതിനാൽ ഈശോ ഇന്ന് നിന്നോട് ആവശ്യപ്പെടുന്ന രണ്ടാമത്തെ കാര്യം നിന്റെ ജീവിതത്തിൽ നീ സ്വീകരിക്കുന്ന നന്മകളെ നീ തിരിച്ചറിയുക എന്നതാണ്.

ഒർത്ഥത്തിൽ നീ സ്വീകരിത്താത്തതായി എന്താണ് നിന്റെ ജീവിതത്തിലുള്ളത്? നിന്റെ ജീവൻ തന്നെ നിനക്കു ലഭിച്ചിരിക്കുന്ന വലിയ സമ്മാനമല്ലേ? അനുദിനം നീ സൗജന്യമായി സ്വീകരിക്കുന്ന വായുവും വെള്ളവും സൂര്യപ്രകാശവുമൊക്കെ നന്ദിപറയേണ്ട വിഷങ്ങയങ്ങളല്ലേ? അങ്ങനെ നോക്കിയാൽ നന്ദി പറയാനായി എത്ര മാത്രം കാര്യങ്ങളാണ് അനുദിനം നിന്റെ ജീവിതത്തിൽ സംഭവിക്കുന്നത്? സ്വീകരിക്കുന്നതിനെയൊക്കെ തിരിച്ചറിയുകയും, അവയ്‌ക്കൊക്കെ ഹൃദയത്തിൽ നന്ദി പറയുകയും ചെയ്താൽ നിന്നിലെ ജീവൻ വളരും. അത് നിത്യതയിലേക്ക് വളർന്ന് നിത്യജീവനായി രൂപാന്തരപ്പെടും. അങ്ങനെ നീ രക്ഷിക്കപ്പെട്ടവനാകും.

ചുരുക്കത്തിൽ, നിന്റെ ജീവിതത്തിലെ തകർച്ചകളും, അവഹേളനങ്ങളും, ഒറ്റപ്പെടുത്തലുകളും ദൈവം നിനക്ക് തരുന്ന അവസരങ്ങളാണ്. നിന്റെ യഥാർത്ഥ സ്വത്വത്തെ തിരിച്ചറിയാനും, നീ സ്വീകരിക്കുന്നവയ്‌ക്കൊക്കെ നന്ദിയോടെ ജീവിക്കാനുമുള്ള അവസരം. അതിലൂടെ നിന്നിലെ ജീവനെ വളർത്താനും, അതിനെ നിത്യജീവനായി രൂപാന്തരപ്പെടുത്താനുമുള്ള അവസരം. തത്ഫലമായി രക്ഷയിലെത്താനുള്ള സുവർണ്ണാവസരം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP