Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനം'

'സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനം'

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ശോ സ്‌നാനം സ്വീകരിക്കുന്നതിന്റെ പരിണതഫലമായി തെളിഞ്ഞു വരുന്നത് അവന്റെ 'ദൈവപുത്രത്വമാണ്.' കാരണം സ്‌നാനം കഴിഞ്ഞ് വെള്ളത്തിൽ നിന്നു കയറുന്നവൻ കേൾക്കുന്ന സ്വർഗ്ഗീയ സ്വരം "ഇവൻ എന്റെ പ്രിയ പുത്രനെന്നാണ്" (മത്താ 3:17). സ്‌നാനം ഒരു പ്രതീകമാണ്. സ്‌നാനമെന്ന കഴുകലിലൂടെ തെളിഞ്ഞു വരുന്നത് ഈശോയുടെ ദൈവപുത്രത്വമാണ്. അതായത് ശരീരത്തിനും മനസ്സിനും പിറകിലുള്ള അവന്റെ ജീവൻ, ദൈവമാകുന്ന ജീവന്റെ അംശമാണെന്ന് തിരിച്ചറിവ്. എന്നുവച്ചാൽ, ദൈവം സ്വന്തം അപ്പനാണെന്ന അവബോധം.

സമാനമായൊരു വെളിപ്പെടുത്തലാണ് പിന്നാലെ വരുന്ന പരീക്ഷണങ്ങളിലും സംഭവിക്കുന്നത്. ഒന്നാമത്തെ പരീക്ഷണത്തിൽ പ്രലോഭകൻ ആവശ്യപ്പെടുന്നത് 'നീ ദൈവപുത്രനാണെങ്കിൽ കല്ലുകളെ അപ്പമാക്കാനാണ്' (മത്താ 4:3). അതായത് ഈശോയുടെ ദൈവപുത്രത്വം വെളിപ്പെടുത്താൻ ഈശോയെ അവൻ വെല്ലുവിളിക്കുന്നു. രണ്ടാമത്തെ പ്രലോഭനത്തിലും ഇത് തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്, 'നീ ദൈവപുത്രനാണെങ്കിൽ താഴേയ്ക്കു ചാടുക' (മത്താ: 4:6). എല്ലാ പരീക്ഷണങ്ങളും അവസാനിച്ച് കഴിയുമ്പോൾ സംഭവിക്കുന്നതും ശ്രദ്ധിക്കണം: "അപ്പോൾ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്മാർ അടുത്തു വന്ന് അവനെ ശുശ്രൂഷിച്ചു" (മത്താ 4:11). ദൈവത്തിന്റെ ദൂതന്മാരാണ് ദൈവദൂതർ. അവർ, ശുശ്രൂഷിക്കേണ്ടത് ദൈവത്തെയാണ്. എന്നാൽ ഇവിടെ അവർ ഈശോയെ ശുശ്രൂഷിക്കുന്നു. കാരണം, ഈശോ ദൈവത്തിന്റെ പുത്രനാണ്. ചുരുക്കത്തിൽ സ്‌നാനത്തിലൂടെ വെളിവാകുന്ന ഈശോയുടെ ദൈവപുത്രത്വം തന്നെയാണ്, അവന്റെ പ്രലോഭനങ്ങളിലൂടെയും വെളിപ്പെട്ടു വരുന്നത്.


അനുയായികൾക്കെല്ലാം ഈശോ എന്നും മാതൃകയാണ്. കാരണം, ശിഷ്യരെ വിളിക്കുമ്പോൾ അവൻ പറയുന്നത് 'തന്നെ അനുഗമിക്കാനാണ്' (മത്താ 4:19; 9:9). എക്കാലത്തെയും ക്രിസ്തുശിഷ്യരുടെ ദൗത്യമാണ് ഈശോയെ അനുഗമിക്കുകയെന്നത്. ഫലസ്തീനയിലൂടെ ഈശോയെ അനുയാത്ര ചെയ്യുക എന്നല്ല ഇതിനർത്ഥം. അതിലുപരി, സ്നാനത്തിലൂടെ തെളിഞ്ഞു വരുന്ന ഈശോയുടെ ദൈവപുത്രത്വത്തിന്റെ വഴിയിൽ അവനെ അനുഗമിക്കുക എന്നാണ് ഇതിനർത്ഥം. അതായത് ഓരോ ശിഷ്യനിലും ക്രിസ്തു മറഞ്ഞിരിക്കുന്നുണ്ട്. ദൈവത്തിന്റെ മകനാണന്ന തിരിച്ചറിവിലേക്ക് ഉണർന്നുവരാനുള്ള സാധ്യത ഓരോ ശിഷ്യനുമുണ്ട്. അതിനാൽ ഇന്ന് ഈശോ നമ്മളോട് ആവശ്യപ്പെടുന്നത് ഇതാണ് - നിന്നിലെ ദൈവപുത്രത്വം നീ തിരിച്ചറിയുക. ദൈവത്തിന്റെ മകനാണെന്നുള്ള അവബോധത്തിലേക്ക് നീ വളർന്നു വരുക.

ഈശോയിലെ ദൈവപുത്രത്വം തെളിമയിലേക്ക് വരുന്നത് പ്രലോഭനങ്ങളിലൂടെയാണ് വിശദീകരിക്കപ്പെടുന്നത്. ഒന്നാമത്തെ പ്രലോഭനത്തിന് ഈശോ പറയുന്ന മറുപടി 'മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്' എന്നാണ് (മത്താ 4:4). അതായത് അപ്പം കഴിക്കുന്നത്കൊണ്ട് വളരുന്നത് നമ്മുടെ ശരീരമാണ്. ജനിക്കുമ്പോൾ ഒരു കുട്ടി രണ്ടേ മുക്കാൽ കിലോ തൂക്കമേ കാണുകയുള്ളൂ. എന്നാൽ വളർന്നു വലുതാകുമ്പോഴുള്ള 60, 70 കിലോ എങ്ങനെയുണ്ടായി? അത് അവൻ കഴിച്ചു കൂട്ടിയ ഭക്ഷമാണ്. അപ്പോൾ, ഭക്ഷണം കൊണ്ട് വളരുന്നത് ശരീമാണെന്ന് വരുന്നു.

എന്നാൽ ഈശോ പറയുന്നത് 'അപ്പം കൊണ്ടല്ലാതെ വളരുന്ന ജീവനുണ്ടെന്നാണ്.' അത് എന്താണ്? അത് ഒരുവന്റെ ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന അവനിലെ ജീവശക്തിയാണ്. ശരീരത്തെയും മനസ്സിനെയും സജീവമാകുന്നത് ഈ ജീവപ്രമാണമാണ്. അത് അവനിലെ ദൈവാംശമാണ്. ചുരുക്കത്തിൽ ഈശോ ആവശ്യപ്പെടുന്നത് നിന്നിലെ ദൈംവാംശത്തെ തിരിച്ചറിയാനാണ്.

രണ്ടാമത്തെ പ്രലോഭനത്തിൽ പ്രലോഭകൻ ആവശ്യപ്പെടുന്നത് 'ദേവാലയത്തിന്റെ അഗ്രത്തിൽ നിന്നു ചാടനാണ്' (മത്താ 4:5). മുകളിൽ നിന്ന് ചാടിയാൽ എന്ത് സംഭവിക്കും? കൈയും കാലും ഒടിഞെന്നിരിക്കും. ദേവാലയം ജറുസലേമിലെ ഏറ്റവും ഉയർന്ന സ്ഥലമായതിനാൽ, അവിടെ നിന്ന് ചാടിയാൽ മിച്ചം കണ്ടെന്നു വരില്ല. 'നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതെന്ന്' ഈശോ പറയുന്ന മറുപടിയിലൂടെ, പ്രകൃതിയിൽ നിലവിലിരിക്കുന്ന ദൈവികനിയമത്തെ ആദരിക്കാനാണ് ഒരർത്ഥത്തിൽ ഈശോ ആവശ്യപ്പെടുന്നത്. അതായത് പ്രകൃതിയിലെ ദൈവാംശത്തെ തിരിച്ചറിയുകയും ആദരിക്കുകയും വേണമെന്ന് സാരം.

ചുരുക്കത്തിൽ ഈശോ ആവശ്യപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, നിന്നലെ ദൈവാംശത്തെ തിരിച്ചറിയുക. രണ്ട് നിന്റെ ചുറ്റിലുമുള്ള പ്രകൃതിയിൽ നിറഞ്ഞു നിൽക്കുന്ന ദൈവസാന്നിധ്യത്തെ തിരിച്ചറിയുക.

നിന്നിലും നിന്റെ ചുറ്റിലും നിറയുന്ന ദൈവസാന്നിധ്യത്തെ തിരിച്ചറിഞ്ഞ് അനുഭവിച്ചില്ലെങ്കിൽ എന്തു സംഭവിക്കും? അതു വെളിവാക്കുന്ന ഒരു കഥയാണ് കള്ളുകുടിയൻ മത്തായി ചേട്ടൻ കഥ (വീഡിയോ കാണുക/ കേൾക്കുക).

നിന്നിലും നിന്റെ ചുറ്റിലുമുള്ള ദൈവാംശത്തെ തിരിച്ചറിയാതിരുന്നാൽ സംഭവിക്കുന്നതാണ് മൂന്നാമത്തെ പ്രലോഭനം പറയുന്നത്- 'ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും' നേടണമെന്ന ആഗ്രഹം (മത്താ 4:8-9). സമ്പാദിക്കാനും കീഴ്‌പ്പെടുത്താനുള്ള അഭിവാഞ്ചയാണിത്. സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനമാണിത്. തന്നിലും തന്റെ ചുറ്റിലുമുള്ള ദൈവാംശം തിരിച്ചറിയാത്തവൻ, സമ്പത്തിന്റെയും അധികാരത്തിന്റെയും പുറകെ പോകും. അവ രണ്ടും അവനെ കീഴ്‌പ്പെടുത്തിക്കളയും.

മൂന്നാമത്തെ പ്രലോഭനത്തിന് മറുപടിയായിട്ട് ഈശോ പറയുന്നത്, 'നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ' (മത്താ 4:10) എന്നാണ്. അതായത് സകലത്തിന്റെയും ജീവശ്രോതസ്സായ ദൈവത്തെ ആരാധിക്കണമെന്ന്; സമ്പത്തിനും അധികാരത്തിനും അടിമപ്പെട്ടു പോകുന്നതിനു പകരം, നീ ദൈവാംശത്തിന് സ്വയം വിധേയമാകണമെന്ന്. അതിലൂടെ എന്താണ് സംഭവിക്കുന്നത്? നീ നിന്റെ ദൈവപുത്രത്വത്തിൽ വളർന്നു വരും. തൽഫലമായി, നീ ദൈവത്തിന്റെ പുത്രനായി പരിണമിക്കും.

ചുരുക്കത്തിൽ ഈശോ ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത്, ഈശോയെ അനുകരിച്ച് നമ്മളോരോരുത്തരും ദൈവപുത്രത്വത്തിൽ വളർന്നു വരണമെനനാണ്. അതിന്, ആദ്യം നമ്മിലെ ദൈവാംശത്തെ തിരിച്ചറിയണം. അതോടൊപ്പം, പ്രപഞ്ചത്തിലാകമാനമുള്ള ദൈവസാന്നിധ്യത്തെയും തിരിച്ചറിഞ്ഞ് അംഗീകരിക്കണം. പോരാ, സമ്പത്തിനും അധികാരഭ്രമത്തിനും അടിമപ്പെട്ടു പോകാനുള്ള പ്രലോഭനത്തെ ഒഴിവാക്കി ദൈവാംശത്തിനു മാത്രം വിധേയമായിരിന്നാൽ, നിന്നിലെ ദൈവപുത്രത്വം തെളിഞ്ഞു വരും; വളർന്നു വരും. നീ അതിലൂടെ ദൈവപുത്രനായി രൂപാന്തരപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP