Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിന്റെ സ്‌നേഹത്തിന്റെ ആഴവും പരപ്പും വർദ്ധിപ്പിക്കുക; തിരുഹൃദയത്തിലേക്ക് വളരാനുള്ള വഴിയതാണ്

നിന്റെ സ്‌നേഹത്തിന്റെ ആഴവും പരപ്പും വർദ്ധിപ്പിക്കുക; തിരുഹൃദയത്തിലേക്ക് വളരാനുള്ള വഴിയതാണ്

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ശോ ശിഷ്യർക്കായി മുമ്പോട്ടു വച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ ഏറ്റവും ക്ലേശകരമെന്ന പറയാവുന്നതാണ് 'ശത്രുക്കളെ സ്‌നേഹിക്കാനുള്ള' കൽപ്പന. ഈശോ പറഞ്ഞു: "എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോട് ഞാൻ പറയുന്നു, ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യുവിൻ; ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അധിഷേപിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിട് കൂടി കാണിച്ചു കൊടുക്കുക" (ലൂക്കാ 6:27-29).

മാനുഷിക രീതി വച്ച് അസാധ്യമെന്നു പറയാവുന്നവയാണ് ഈശോ മുമ്പോട്ടു വയ്ക്കുന്ന ഈ കാര്യങ്ങൾ. എന്നാൽ ഈ ക്ലേശകരമായ ലക്ഷ്യം എത്തിപ്പിടിച്ചാലുളവാകുന്ന പരിണിതഫലത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും ഈശോ പറയുന്നുണ്ട്: "അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും" (ലൂക്കാ 6:35). സമാനമായൊരു കാര്യം സാധാരണ മാനുഷിക പ്രവൃത്തികളെ വിവരിച്ചു കൊണ്ട് ഈശോ അവതരിപ്പിക്കുന്നുണ്ട്: "നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങൾ സ്‌നേഹിക്കുന്നതിൽ എന്തു മേന്മയാണുള്ളത്? പാപികളും തങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾക്ക് നന്മ ചെയ്യുന്നവർക്ക് നിങ്ങൾ നമ ചെയ്യുന്നതിൽ എന്ത് മേന്മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതിൽ എന്തു മേന്മയാണുള്ളത്?" (ലൂക്ക 6:32-34).

ചുരുക്കത്തിൽ, 'മേന്മയുള്ളവരാകാനും' 'വലിയ പ്രതിഫലം ലഭിക്കുവാനുമുള്ള' വഴിയാണ് ഈശോ അവതരിപ്പിക്കുന്നത്. ഇതിനുള്ള വഴിയായി ഈശോ പറയുന്ന നിർദ്ദേശങ്ങളെ ഇങ്ങനെ ചുരുക്കാനാവും: "വ്യവസ്ഥയില്ലാതെ സ്‌നേഹിക്കുക; പരിധിവയ്ക്കാതെ കൊടുക്കുക." ശത്രുവിനെ സ്‌നേഹിക്കാനും, മേലങ്കി എടുക്കുന്നവന് കുപ്പായം കൂടി കൊടുക്കാനും പറയുമ്പോൾ ഈശോ ഉദ്ദേശിക്കുന്നത് ഇതു തന്നെയാണ് - 'വ്യവസ്ഥകളില്ലാതെ സ്‌നേഹിക്കുക. പരിധികൾ വയ്ക്കാതെ കൊടുക്കുക.'

സ്വാഭാവികമായി നമ്മൾ എവിടെയാണ് വ്യവസ്ഥകൾ വയ്ക്കാത സ്‌നേഹിക്കുന്നത്? കുടുംബത്തിൽ അല്ലാതെ മറ്റെവിടെയാണത്? അമ്മ തന്റെ കുഞ്ഞിനെ സ്‌നേഹിക്കുന്നത് വ്യവസ്ഥകൾ വച്ചു കൊണ്ടല്ലോ. പരിധികൾ വയ്ക്കാത കൊടുക്കുന്നതും കടുംബങ്ങളിൽ തന്നെയല്ലേ? പാലക്കാട്ടുകാരൻ വിശ്വനാഥൻ അയ്യരുടെ കഥ കേൾക്കുക. കൊച്ചുമകളും അവളുടെ മാതാപിതാക്കളും കൂടി തിരികെ വന്ന് തന്നോടു കൂടെ താമസിക്കാമെന്ന് തീരുമാനിച്ചതോടെ വിശ്വാനാഥൻ അയ്യരുടെ ജീവിതത്തിൽ വന്ന മാറ്റം (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).

ഭാര്യ-ഭർതൃ ബന്ധത്തിൽ സംഭവിക്കാവുന്നത് വ്യവസ്ഥകളില്ലാത്ത സ്‌നേഹമാണ്. ഇഴയടുപ്പമുള്ള മൈത്രീബന്ധങ്ങളിലും ഇത് സംഭവിക്കാം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൽ പരിധിവയ്ക്കാതയുള്ള കൊടുക്കലാണ് സാധാരണയായി നടക്കുന്നത്.

അങ്ങനെയെങ്കിൽ ഈശോ നിർദ്ദേശിക്കുന്ന സ്‌നേഹത്തിന്റെ ഈ കൊടുമുടി വളർത്തിയെടുക്കാനുള്ള കളരിയാണ് നമ്മുടെ കുടുംബങ്ങളും നമ്മുടെ ഇഴയടുപ്പമുള്ള സ്‌നഹബന്ധങ്ങളും. ഈ ബന്ധങ്ങളിലൊക്ക വ്യവസ്ഥകളില്ലാതെ നമ്മൾ സ്നേഹിക്കുന്നുണ്ട്. അത് നമ്മൾ തിരിച്ചറിയണം. പരിധികൾ വയ്ക്കാതെ നമ്മൾ കൊടുക്കുന്നതിനെക്കുറിച്ച് നമ്മൾ അവബോധമുള്ളവരാകണം. അത്തരം തിരിച്ചറിവും അവബോധവും ഈ സ്‌നേഹത്തിൽ ആഴപ്പെടാൻ നമ്മെ സഹായിക്കും.

ഈശോ നിർദ്ദേശിക്കുന്ന സ്‌നേഹത്തിന്റെ അതിരുകളില്ലാത്ത ഈ ഭാവത്തിന് എന്ത് പേര് കൊടുക്കാനാവും? ഫ്‌ളവേഴ്‌സ് ടിവിയിലെ ടോപ് സിംഗർ പരിപാടി. ശ്രീഭുവന്റെ തകർപ്പൻ പാട്ടിന് എന്ത് ഗ്രേഡ് കൊടുക്കണമെന്നറിയാതെ ജഡ്ജിമാർ. അവസാനം അവർ പുതിയൊരു ഗ്രേഡ് കണ്ടത്തി. എ എക്സ്ട്രീം! (വിശദാംശങ്ങൾക്ക് വീഡിയോ കാണുക). അങ്ങനെയെങ്കിൽ, ഈശോ നിർദ്ദേശിക്കുന്ന ഈ സ്‌നേഹത്തെ നമുക്ക് വിളിക്കാവുന്നത് "സ്നേഹത്തിന്റെ എ എക്സ്ട്രീമെന്നാണ്".

സ്നേഹത്തിന്റെ ഈ എക്സ്ട്രീമിന് ഈശോ കൊടുത്ത പേര് "കാരുണ്യമെന്നാണ്": "നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" (ലൂക്കാ 6:36). അനുദിനജീവിതത്തിൽ വ്യവസ്ഥകളില്ലാത സ്‌നേഹിക്കുമ്പോഴും പരിധികൾ വയ്ക്കാതെ കൊടുക്കുമ്പോഴും നമ്മൾ നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റ സ്വാഭാവം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

ഹാർവാർഡ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ 80 വർഷങ്ങളായി നടത്തിയ ഒരു പഠനം. അതിന്റെ ഫലം 2018 ൽ അവർ പുറത്തു വിട്ടു. 724 വ്യക്തികളിൽ നീണ്ട കാലം നടത്തിയ ഗവേഷണമായിരുന്നു അത്. പഠന വിഷയം 'സന്തോഷത്തിന്റ പ്രധാന കാരണം' കണ്ടു പിടിക്കുക എന്നതായിരുന്നു. അവസാനം അവർ കണ്ടെത്തിയത് സന്തോഷത്തിന്റെ മൂലകാരണം "സ്‌നേഹബന്ധങ്ങളാണ്" എന്നതായിരുന്നു. സ്‌നേഹബന്ധങ്ങളാണ് ഒരുവന്റെ ജീവിതം സന്തോഷകരമാക്കുന്നതിന്റെ അടിസ്ഥാന കാരണം. സ്നേഹബന്ധങ്ങൾ ഉളവാക്കുന്ന മറ്റൊരു പരിണിത ഫലം കൂടി അവർ കണ്ടെത്തി. നല്ല സ്‌നേഹബന്ധമുള്ളവർ ദീർഘകാലം ജീവിക്കുമെന്ന് (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).

സമാനമായ പ്രതിഫലങ്ങളാണ് 'വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നവർക്ക്' ഈശോ വാഗ്ദാനം ചെയ്യുന്നത്: "അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൽ അത്യുന്നതിന്റെ പുത്രന്മാരായിക്കുകയും ചെയ്യും" (ലൂക്കാ 6:35). വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നവൻ ദൈവത്തിന്റെ മകനായിത്തീരുമ്പോൾ, അവൻ ദൈവത്തിന്റെ നിത്യജീവനിലാണ് പങ്കുകാരനാകുന്നത്. അതിനർത്ഥം, വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നവൻ, ദൈവികജീവന്റെ സന്തോഷത്തിലേക്കും, നിത്യതയിലേക്കും പ്രവേശിക്കും.

ചുരുക്കത്തിൽ, നമ്മുടെ സ്നേഹബന്ധങ്ങളെ ആഴപ്പെടുത്താനാണ് ഈശോ ആവശ്യപ്പെടുന്നത്. വ്യവസ്ഥകളില്ലാതെയുള്ള സ്നേഹവും, പരിധിവയ്ക്കാതെയുള്ള കൊടുക്കലുകളും നമ്മുടെ ജീവിതത്തിൽ നമ്മൾ ആഴപ്പെടുത്തണം. അനുദിന ജീവിതത്തിൽ നമ്മൾ അനുവർത്തിക്കുന്ന ഈ സ്നേഹവും കൊടുക്കലുകളും കൂടുതൽ അവബോധത്തോടെ നമ്മൾ ചെയ്യണം. വ്യവസ്ഥയും പരിധിയുമില്ലാതെ സ്‌നേഹിക്കാനുള്ള അവസരങ്ങൾ നമ്മുടെ വീട്ടിലും സുഹൃദ് ബന്ധങ്ങളിലും ലഭിക്കുന്നത് നമ്മൾ പരമാവധി ഉപയോഗിക്കണം. എന്നുവച്ചാൽ, നമ്മൾ സ്വാഭാവികമായി ജീവിതത്തിൽ അനുഷ്ടിക്കുന്ന വ്യവസ്ഥകളില്ലാത്ത സ്‌നഹത്തെ കൂടുതൽ ആഴപ്പെടുത്തണം എന്നർത്ഥം. ജീവിതപങ്കാളിയോടും മക്കളോടും ഉറ്റ സുഹൃത്തുക്കളോടുമുള്ള നമ്മുടെ സ്‌നേഹത്തെ ആഴപ്പെടുത്തുക.

അങ്ങനെ ഉറ്റ ബന്ധങ്ങളിൽ വ്യവസ്ഥയില്ലാതുള്ള സ്‌നേഹത്തെ ആഴപ്പെടുത്തുന്നവൻ, അടുത്ത പടിയായി അവന്റെ സ്‌നേഹത്തിന്റെ പരിധിയും വർദ്ധിപ്പിക്കണം. അയൽക്കാരിലേക്കും അപരിചിതരിലേക്കും നിന്റ ശത്രുക്കളിലേക്കു പോലും നിന്റെ സ്‌നേഹത്തെ വ്യാപിപ്പിക്കുക. നിന്റെ ചുറ്റുമുള്ള ജീവജാലങ്ങളിലേക്കും ചരാചരങ്ങളിലേക്കും പ്രപഞ്ചത്തിലേക്കും നിന്റെ സ്നേഹത്തെ വ്യാപിപ്പിക്കുക. (ഇതിന് ഏറ്റവും നല്ല മാതൃക അസ്സീസിയിലെ ഫ്രാൻസിസായിരുന്നു.) അപ്പോഴാണ് നീ അത്യുന്നതിന്റെ പുത്രനായിതീരുന്നത്. നിന്റെ പിതാവിന്റ കാരുണ്യം അപ്പോഴാണ് നീ സ്വായത്തമാക്കുന്നത് (ലൂക്കാ 6:36).

അതിനാൽ, നമ്മുടെ കുടുംബങ്ങളെയും നമ്മുടെ സ്‌നേഹബന്ധങ്ങളെയും സ്‌നേഹത്തിന്റെ പരിശീലനകളരിയായി നമുക്കു മാറ്റാം. അനുദിന ജീവിതത്തിൽ വ്യവസ്ഥകളില്ലാതെ നമ്മൾ സ്നേഹിക്കുന്ന സന്ദർഭങ്ങളിൽ കൂടുതൽ അവബോധത്തോടെ നമുക്ക് സ്നേഹിക്കാം. ഒപ്പം, അത്തരം സ്‌നേഹവും കൊടുക്കലുകളും പറ്റുന്ന അവസരങ്ങളിലെല്ലാം ആവർത്തിച്ചു പരിശീലിക്കാം. അതോടൊപ്പം നമ്മുടെ സ്‌നേഹത്തിന്റെ പരിധി വർധിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യാം.

അപ്പോഴാണ് നീ മേന്മയുള്ളവനാകുന്നത്. അപ്പോഴാണ് നിനക്ക് വലിയ പ്രതിഫലം കിട്ടുന്നത്. അപ്പോഴാണ് നീ ദൈവപുത്രൻ (ദൈവപുത്രി) ആയിത്തീരുന്നത്. അപ്പോഴാണ് നിന്റെ ജീവിതത്തിൽ ആഹ്ലാദവും ജീവനും നിറയുന്നത്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP