Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രദ്ധിക്കുക! വാതിൽ ഇടുങ്ങിയതാണ്! ലഗേജ് കുറയ്ക്കുക

ശ്രദ്ധിക്കുക! വാതിൽ ഇടുങ്ങിയതാണ്! ലഗേജ് കുറയ്ക്കുക

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

രുവൻ ഈശോയുടെ അടുക്കൽ വന്ന് ചോദിക്കുന്നത് രക്ഷയെക്കുറിച്ചാണ്: "കർത്താവേ രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" (ലൂക്കാ 13:23). അവനോട് മറുപടി പറയുമ്പോൾ ഈശോ സംസാരിക്കുന്നത് ദൈവരാജ്യപ്രവേശനത്തെക്കുറിച്ചാണ്. അങ്ങനെയെങ്കിൽ ഈ സുവിശേഷഭാഗത്തെ പ്രമേയം 'രക്ഷയും ദൈവരാജ്യപ്രവേശനവുമാണ്.' എന്താണ് രക്ഷ പ്രാപിക്കാനുള്ള വഴി? അഥവാ എന്താണ് ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള വഴി?

ഇത് തിരിച്ചറിയാൻ ഈശോ അവനോട് പറയുന്ന മറുപടി തന്നെ നമ്മൾ ശ്രദ്ധിക്കണം: "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ. അനേകം പേർ പ്രവേശിക്കാൻ ശ്രമിക്കും. എന്നാൽ അവർക്ക് സാധിക്കുകയില്ല" (ലൂക്കാ 13:24). ഇതേ കാര്യം തന്നെ മത്തായിയുടെ സുവിശേഷത്തിലും കാണാനാവും (മത്താ 7:13-14). അവിടെ ഈശോ ഇടുങ്ങിയ വാതിലിനെ കുറിച്ചം വിസ്തൃതമായ വാതിലിനെക്കുറിച്ചും പറയുന്നു. ആദ്യത്തേത് ജിവനിലേക്ക് നയിക്കുന്നു, മറ്റേത് വിനാശത്തിലേക്കും

എന്തുകൊണ്ടാണ് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുന്ന അനേകർക്ക് അകത്ത് കടക്കാൻ സാധിക്കാത പോകുന്നത്? അതിന് കാരണം ഇടുങ്ങിയ വാതിലിലൂടെ കടന്നു പോകാൻ പറ്റുന്നതിലും കൂടുതൽ വണ്ണം അവർക്ക് ഉള്ളത്കൊണ്ടു തന്നെയാണകണം. അങ്ങനെയെങ്കിൽ രക്ഷപ്രാപിക്കാനും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാനുമുള്ള വഴിയായി ഈശോ നിർദ്ദേശിക്കുന്ന മാർഗ്ഗം - നിന്റെ വണ്ണം കുറക്കുക എന്നതാണ്!

ഇത്തരമൊരു നിർദ്ദേശം ഈശോ പല സന്ദർഭങ്ങളിൽ മുമ്പോട്ടു വച്ചിട്ടുണ്ട്. ധനികനായ മനുഷ്യൻ വന്ന് നിത്യജീവൻ പ്രാപിക്കാനുള്ള മാർഗ്ഗം ആരായുമ്പോൾ (ലൂക്കാ 18:28), ഈശോ മുൻപോട്ട് വയ്ക്കുന്ന വ്യവസ്ഥ ശ്രദ്ധിക്കണം: "നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക" (ലൂക്കാ 18:22). അതായത്, സമ്പത്താകുന്ന നിന്റെ മേദസ്സ് കുറയ്ക്കുക; ആ മേദസ്സ് ഇല്ലാതാക്കുക. എങ്കിൽ മാത്രമേ ജീവനിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ കടന്നു പോകാൻ നിനക്ക് പറ്റുള്ളൂ എന്ന് സാരം.

ഡോ. വി. പി. ഗംഗാധരൻ പറയുന്ന പുഷ്പാസ്വാമി എന്ന വൃദ്ധയുടെ കഥ. ദരിദ്രയും അനാഥയുമായ കാൻസർരോഗിണി തന്റെ മുഴുവൻ നിക്ഷേപവും ഡോക്ടറെ ഏല്പിക്കുന്നു - ദരിദ്രനായ ഏതെങ്കിലും രോഗിക്കു നൽകാൻ (സംഭവത്തിന്റെ വിശദാശങ്ങൾക്ക് വീഡിയോ കാണുക).

ഈശോയുടെ രണ്ട് പ്രേഷ്ഠശിഷ്യർ അവരുടെ അമ്മയോടു കൂടി വന്ന് അവന്റ രാജ്യത്തിലെ മുഖ്യസ്ഥാനത്താനായി അപേക്ഷിക്കുന്നുണ്ട് (മത്താ 20:20-21). അവിടെയും ചർച്ചാവിഷയം ദൈവരാജ്യപ്രവേശനം തന്നെയാണ്. അവർക്ക് മറുപടി പറഞ്ഞു പോകുന്നതിന്റെ സമാപ്തിയിൽ ഈശോ അവരോട് ആവശ്യപ്പെടുന്നത്, ആധിപത്യവും യജമാനത്വവും ഉപേക്ഷിക്കാനാണ്: "വിജാതിയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും, അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാവല്ലോ. എന്നാൽ നിങ്ങളുടെയിടിയിൽ അങ്ങനെയാകരുത്" (മത്താ 20:25). അധികാരത്തിനും ആധിപത്യത്തിനും പകരമായി ഈശോ നിർദ്ദേശിക്കുന്നത് ദാസ്യവേലയും എളിയ ശുശ്രൂഷയുമാണ് (മത്താ 20:27). അങ്ങനെയെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാനായി ഈശോ നിർദ്ദേശിക്കുന്നത് - ആധിപത്യവും അധികാരവുമാകുന്ന നിന്റെ മേദസ്സ് ഒഴിവാക്കാനാണ്. അത്തരം മേദസ്സ് ഒഴവാക്കി നീ മെലിഞ്ഞാലേ ദൈവരാജ്യത്തിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ കടക്കാൻ നിനക്ക് സാധിക്കുകയുള്ളൂ.

സമാനമായൊരു നിർദ്ദേശം മറ്റൊരു സന്ദർഭത്തിലം ഈശോ മുമ്പോട്ടു വയിക്കുന്നുണ്ട്: "നിങ്ങൽ റബ്ബീ എന്നു വിളിക്കപ്പെടരുത്... ഭൂമിയിൽ നിങ്ങൾ ആരെയും പിതാവെന്ന് വിളിക്കരുത്... നിങ്ങൾ നേതാക്കന്മാർ എന്നും വിളിക്കപ്പെടരുത്" (മത്താ 23:8-3). അതായത്, റബ്ബീയെന്നും പിതാവെന്നും നേതാവെന്നും വിളിക്കപ്പെടാൻ നിങ്ങൾ നിന്ന് കൊടുക്കരുത് എന്നർത്ഥം. ഇതെല്ലാം സമൂഹം നിനക്ക് തരുന്ന സ്ഥാനമാനങ്ങളാണ്. ഈ സ്ഥാനമാനങ്ങളാകുന്ന മേദസ്സിനെ നീ ഒഴിവാക്കണം. അതിനുപകരം, തുല്യതയുടെയും സാഹോദര്യത്തിന്റെയും ജീവിതം നീ കരുപ്പിടിപ്പിക്കണം. എങ്കിലേ, നിനക്ക് ജീവനിലേക്കും ദൈവാരാജ്യത്തിലേക്കും പ്രവേശിക്കാനാകൂ.

ചുരുക്കത്തിൽ, ഈശോ ആവശ്യപ്പെടുന്നത്, സമ്പത്തും അധികാരവും സ്ഥാനമാനങ്ങളുമാകുന്ന നിന്റെ മേദസുകളെ ഒഴിവാക്കാനാണ്. ഈ മേദസുകളിൽ നിന്നൊക്കെ ഹൃദയം കൊണ്ടും പ്രവൃത്തി കൊണ്ടും അകലം പാലിച്ചു ജീവിക്കുമ്പോൾ ഒരുവൻ യഥാർത്ഥത്തിൽ മെലിയുകയാണ് ചെയ്യുന്നത്. അപ്പോൾ അവൻ ചെറുതാകുകയാണ്. ഫലമോ, നിത്യജീവനിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ അവന് കടന്നു പോകാനാവുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ദൈവരാജ്യത്തിന് പുറത്തു നിൽക്കുന്നവരുടെ വിലാപത്തിൽ അവർ പറയുന്നു: "നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ഞങ്ങളുടെ തെരുവികളിൽ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്" (ലൂക്കാ 13:26). ഇത് സൂചിപ്പിക്കുന്നത് വിശുദ്ധ കുർബ്ബാനയെയും ദൈവവചനത്തെയുമാണ്. അതായത്, കുർബ്ബാനയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നവരും ദൈവവചനം ശ്രവിച്ച് കൊണ്ടിരിക്കുന്നവരും ദൈവരാജ്യത്തിനു പുറത്താകുമെന്ന്!

എന്തായിരിക്കും അതിനു കാരണം? കുർബ്ബാനയിൽ പങ്കെടുത്തിട്ടും വചനം ശ്രവിച്ചിട്ടും ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ മാത്രം അവർ ചെറുതായില്ല; അവരുടെ മേദസ്സു കുറഞ്ഞില്ല. കുർബ്ബാനയും വചനവും തുടർച്ചയായി സ്വീകരിച്ചിട്ടും സമ്പത്തിൽ നിന്നും അധികാരത്തിൽ നിന്നും സ്ഥാനമാനങ്ങളിൽ നിന്നും അകലം പാലിക്കാൻ അവർക്കായില്ല എന്നർത്ഥം. കുർബാനയും ദൈവവചനവും അനുദിനജീവിതത്തിന്റെ ഭാഗമാക്കുന്നവർക്കൊക്കെ വന്നു ഭവിക്കാവുന്ന അപകടമാണിത് - അവർ ദൈവരാജ്യത്തിന് പുറത്തായി പോകാം!

അങ്ങനെയെങ്കിൽ, ദൈവരാജ്യത്തിൽ പ്രവേശിക്കാനും രക്ഷാപ്രാപിക്കാനുമുള്ള വഴിയായി ഈശോ നിർദ്ദേശിക്കുന്നത് - നിന്റെ മേദസ്സ് കുറച്ച് കൊണ്ടുവന്ന്, നീ മെലിയുക എന്നതാണ്. സമ്പത്താകുന്ന നിന്റെ മേദസ്സ് നീ കുറയ്ക്കണം. പങ്ക് വയ്ക്കുന്നതിലൂടെയും കൊടുക്കുന്നതിലൂടെയുമാണ് അത് സാധിച്ചെടുക്കേണ്ടത്. അധികാരവും ആധിപത്യവുമാകുന്ന നിന്റെ മേദസ്സ് നീ കുറയ്ക്കണം. ദാസ്യ വേലയിലൂടെയും എളിയ ശുശ്രൂഷയിലൂടെയുമാണ് ഇത് നീ ആർജ്ജിക്കേണ്ടത്. സ്ഥാനമാനങ്ങളാകുന്ന മേദസ്സിൽ നിന്നും നീ അകന്നുനിൽക്കണം. തുല്ല്യതയുടെ സഹോദര്യഭാവത്തിലൂടെയാണ് ഇത് നിനക്ക് നേടിയെടുക്കാവുന്നത്.

ഇവിടെ നമ്മൾ ഓർത്തിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. നിന്റെ ഒന്നാമത്തെ സമ്പാദ്യമെന്നു പറയുന്നത് നിന്റെ ശരീരം തന്നെയാണ്. ജനിക്കുമ്പോൾ രണ്ടേമുക്കാൽ കിലോയിൽ തുടങ്ങിയതാണ് ഇന്ന് എഴുപതും എൺപതും കിലോയായി വർദ്ധിപ്പിച്ചിരിക്കുന്നത്. ആ ശരീരമാണ് നിന്റെ ഒന്നാമത്തെ സമ്പാദ്യം. മറ്റു സമ്പാദ്യങ്ങളായ പണവും അധികാരവു സ്ഥാനമാനങ്ങളും നിന്റെ ശരീരത്തിന്റെ തന്നെ ഒരു വിപുലീകരണം മാത്രമാണ്.

അങ്ങനെയെങ്കിൽ, നിന്റെ ശരീരത്തിൽ നിന്നുകൂടി നീ ഒരകലം വളർത്തിയെടുക്കണം. പലപ്പോഴും നമ്മുടെ ശരീരവുമായാണ് നാം ആദ്യം താദാത്മ്യപ്പെടുന്നത്. ശരീരത്തിന്റെ രൂപവും അതിനു കൊടുക്കുന്ന നാമവും. ഈ നാമരൂപങ്ങളാലാണ് നീ അറിയപ്പെടുന്നത് തന്നെ. എന്നാൽ, യഥാർത്ഥത്തിൽ നീ നിന്റെ ശരീരമാണോ? അല്ലല്ലോ. അങ്ങനെയെങ്കിൽ, നീ നിന്റെ മനസ്സാണോ? അതും അല്ലല്ലോ. അതിനെ രണ്ടിനെയും സജീവമാകുന്ന ജീവനല്ലേ നീ. നിന്നിലെ ഈ ജീവൻ ദൈവമാകുന്ന ജീവന്റെ തന്നെ ഒരംശമാണ്. ഈ തിരിച്ചറിവാണ് ഏതൊരു ക്രിസ്തുശിഷ്യനും ആദ്യം ഉണ്ടാകേണ്ടത് - യഥാർത്ഥത്തിൽ നീ ആരാണെന്നുള്ള തിരിച്ചറിവ്.

അത്തരമൊരു തിരിച്ചറിവിലാണ് (സ്വത്വബോധത്തിലാണ്) സമ്പത്തിൽ നിന്നും അധികാരത്തിൽ നിന്നും സ്ഥാനമാനങ്ങളിൽ നിന്നും ഒരുവന് അകലം പാലിക്കാനാവുന്നത്. അത്തരമൊരു തിരിച്ചറിവിൽ നിന്റെ ശ്രദ്ധ നിന്റെ ജീവനിലേക്ക് തിരിയും. നിന്റെ ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന നിന്റെ ജീവനിലേക്ക്. അപ്പോൾ ശരീരവും സമ്പത്തും അധികാരവും സ്ഥാനമാനങ്ങളും നിനക്ക് അപ്രാധാനങ്ങളായിത്തീരും. ഒന്നാംസ്ഥാനം നീ നിന്റെ ജീവന് കൊടുക്കാൻ തുടങ്ങും. അപ്പോഴാണ്, യഥാർത്ഥത്തിൽ നിന്റെ മേദസ്സ് കുറയുന്നത്. അപ്പോഴാണ്, നീ മെലിയാൻ തുടങ്ങുന്നത്. അപ്പോഴാണ്, നീ കൃശഗാത്രനായി മാറുന്നത്. അപ്പോഴാണ്, ഇടുങ്ങിയ വാതിലിലൂടെ നിനക്ക് അകത്തു കടക്കാനാവുന്നത് (ലൂക്കാ 13:24).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP