Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൂഴിമണൽ പാറയാകുന്നത് എപ്പോൾ?

പൂഴിമണൽ പാറയാകുന്നത് എപ്പോൾ?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്റെ പിന്നാലെ വരുന്ന ഈശോയ്ക്ക്, സ്നാപകൻ സാക്ഷ്യം പറയുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗം. സ്നാപകൻ ഈശോയെക്കുറിച്ച് പറയുന്നത് - അവൻ ദൈവത്തിന്റെ കുഞ്ഞാടാണ്, തന്നെക്കാൾ വലിയവനാണ്, ദൈവാത്മാവ് നിറഞ്ഞവനാണ്, ദൈവപുത്രനാണ് എന്നൊക്കെയാണ് (1:2934). സ്നാപക യോഹന്നാൻ ഇതൊക്കെ ആരോടാണ് പറയുന്നതെന്ന് വ്യക്തമല്ല.   എന്നാൽ അടുത്ത ഘട്ടത്തിൽ സ്നാപകൻ തന്റെ അരുമശിഷ്യരിൽ രണ്ടു പേരെ ഈശോയുടെ കൂടെ പറഞ്ഞു വിടുകയാണ്. തന്റെ പിറകെ വരുന്നവരോട് എന്താണ് അവർ അന്വേഷിക്കുന്നതെന്ന് ഈശോ ചോദിക്കുന്നു. അതിനുത്തരം പറയുന്നവരെ, വന്ന് കാണാൻ ഈശോ ക്ഷണിക്കുന്നു. വാസസ്ഥലം കാണാൻ ചെല്ലുന്നവർ അന്ന് ഈശോയോടു കൂടെ താമസിക്കുന്നു (1: 39).
ഈശോയോടെ കൂടെ താമസിച്ചവരിൽ ഒരാളായ അന്ത്രയോസ് സ്വന്തം സഹോദരനായ ശിമയോനോട് പറയുന്നത് - ഞങ്ങൾ ക്രിസ്തുവിനെ കണ്ടെന്നാണ് (1:41). അതായത് അവർ അനുഗമിക്കുന്നതും അന്തിയുറങ്ങുന്നതും ഈശോയോടു കൂടെയാണ്. എന്നാൽ അവർ കണ്ടെത്തുന്നതോ ക്രിസ്തുവിനെ. അതായത്, അവർ നോക്കുന്നത് ഈശോയെയാണ്, എന്നാൽ അവർ കാണുന്നതോ ക്രിസ്തുവിനെ. ഈശോയെ നോക്കുമ്പോൾ ക്രിസ്തുവിനെ കാണാനാവുന്നത് വലിയ കാഴ്ചയാണ്. അതൊരു ഉൾക്കാഴ്ചയാണ്, ദർശനമാണ്.

ഈ പദങ്ങളുടെ അർത്ഥവ്യത്യാസം മനസ്സിലാക്കിയാലേ അന്ത്രയോസിന്റെ ഉൾക്കാഴ്ച നമുക്ക് മുഴുവനായും തിരിച്ചറിയാനാവൂ. 'ഈശോ' എന്നത് അവന്റെ വ്യക്തിപരമായ പേരാണ്. നസ്രായനായ ഈശോ, അഥവാ നസ്രത്തുകാരൻ ഈശോ എന്നാണ് അവൻ അറിയപ്പെട്ടിരുന്നത്, അവൻ വിളിക്കപ്പെട്ടിരുന്നത്. അവന്റെ മാതാപിതാക്കൾ അവന് നൽകിയ പേരായിരുന്നു അത്. അവന്റെ വീട്ടുകാരും നാട്ടുകാരും അവനെ വിളിച്ചിരുന്ന പേരായിരുന്നു 'ഈശോ.'

എന്നാൽ 'ക്രിസ്തുവെന്ന' നാമമോ? അതൊരു സ്ഥാനപ്പേരാണ്. 'ക്രിസ്തോസ്' എന്ന ഗ്രീക്കു പദം 'മഷിയാഹ്' എന്ന ഹീബ്രു പദത്തിന്റെ ഭാഷാന്തരമാണ്. ക്രിസ്തോസും മഷിയാഹും അർത്ഥമാക്കുന്നത് ഒന്നു തന്നെയാണ്. തലയിൽ എണ്ണ ഒഴിക്കപ്പെട്ടവൻ അഥവാ അഭിഷിക്തൻ. 'ക്രിസ്തോസ്' ക്രിസ്തുവായും, 'മഷിയാഹ്,' മിശിഹായായും മലയാളത്തിൽ പരിണമിച്ചു. രണ്ടിന്റെയും അർത്ഥം ഒന്നു തന്നെ - ''അഭിഷിക്തൻ'' അപ്പോൾ ക്രിസ്തുവെന്നു പറഞ്ഞാൽ 'ദൈവത്തിന്റെ അഭിഷിക്തൻ.'

നസ്രത്തിലെ ഈശോയെന്ന മനുഷ്യനെ നോക്കുന്നവർ ഈശോയെയല്ല കാണുന്നത് മറിച്ചു, ക്രിസ്തുവെന്ന അഭിഷിക്തനെയാണ്. ഇത് വലിയൊരു ഉൾക്കാഴ്ചയാണ്. ശിഷ്യത്വത്തിന്റെ ആത്മാവെന്ന് പറയാവുന്നതാണിത്.

ഈശോയെ നോക്കുന്ന ശിഷ്യൻ ക്രിസ്തുവിനെ കാണാൻ തുടങ്ങുന്നിടത്താണ് അവൻ ക്രിസ്തുശിഷ്യനായി രൂപാന്തരപ്പെടുന്നത്. മനുഷ്യനെ നോക്കുമ്പോൾ അവന്റ പിറകിൽ മറഞ്ഞിരിക്കുന്ന ക്രിസ്തു സാന്നിധ്യത്തെ നിനക്ക് കാണാനാവുന്നുണ്ടോ? അങ്ങനെ കാണാൻ സാധിക്കുന്നിടത്താണ് നീ ക്രിസ്തു ശിഷ്യനായി മാറുന്നത്.

ഒരു മാസം മുൻപ് മരിച്ച ജോർജ് കുറ്റിക്കലച്ചൻ തുടങ്ങിയ ആകാശപ്പറവകളുടെ കൂട്ടുകാർ എന്ന പ്രസ്ഥാനത്തിന്റെ ആംരഭം. കുറ്റിക്കലച്ചൻ പാലായിൽ ഭിക്ഷാടകരെ ഒരുമിച്ചു കൂട്ടിയ സംഭവം (ഓഡിയോ കേൾക്കുക). ധർമക്കാരനെ നോക്കിയ കുറ്റിക്കലച്ചൻ കണ്ടത് ധർമക്കാരനെയല്ലായിരുന്നു, ക്രിസ്തുവിനെയായിരുന്നു.

അന്ത്രയോസ് സ്വസഹോദരൻ പത്രോസിനോട് പറയുന്നത് 'നസ്രത്തിലെ ഈശോയെ' കണ്ടെന്നല്ല, മറിച്ച് 'ക്രിസ്തുവിനെ' കണ്ടെന്നാണ് (1:41). അങ്ങനെ ക്രിസ്തുവെന്ന ദൈവത്തിന്റെ അഭിഷിക്തന്റെയടുത്തേക്കാണ് അന്ത്രയോസും ശിമയോനും കൂടി വരുന്നത്. അവരോട് - ക്രിസ്തുവിനെ കണ്ടവരോട് - ഈശോ പറയുന്നത് ശ്രദ്ധിക്കണം. ''നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. നീ കേപ്പാ - പാറയെന്നു വിളിക്കപ്പെടും'' (1:22).

ശിമയോൻ സുവിശേഷങ്ങളിലൂടെനീളം ബലഹീനതയുടെയും അസ്ഥിരതയുടെയും പര്യായപദമാണ്. ആ ശിമയോനോടാണ്, നീ പാറയാണെന്ന് ഈശോ പറയുന്നത്. പാറ പോയിട്ട് വെറും മണൽത്തരി പോലുമായിരുന്നില്ല ശിമയോൻ. എന്നിട്ടും ശിമയോനെ നോക്കി, ഈശോ വിളിക്കുന്നത് പാറയെന്നാണ്, കേപ്പായെന്നാണ്, പത്രോസെന്നാണ്.

ഈശോയെ നോക്കുമ്പോൾ ക്രിസ്തുവാണെന്ന് തിരിച്ചറിയുന്നവനിൽ സംഭവിക്കുന്ന രൂപാന്തരീകരണമാണിത്. ഈശോയിൽ ക്രിസ്തുവെന്ന അഭിഷിക്തനെ തിരിച്ചറിയുന്ന ശിഷ്യൻ പടിപടായായി കേപ്പായെന്ന പാറയായി രൂപാന്തരപ്പെടും. രൂപാന്തരം സംഭവിക്കുന്നത് ഈശോയെന്ന ക്രിസ്തുവിലല്ല, മറിച്ച് ക്രിസ്തുവിനെ കണ്ടെത്തുന്ന ശിഷ്യനിലാണ് എന്നർത്ഥം. ശിമയോൻ അവന്റെ ബലഹീനതകൾക്കൊക്കെ അപ്പുറത്ത് പാറയും അടിസ്ഥാനവുമായി രൂപാന്തരപ്പെടുന്നു എന്നു സാരം. പോരാ, ശിഷ്യനിൽ മറഞ്ഞിരിക്കുന്ന ക്രിസ്തുസാധ്യത തെളിഞ്ഞു തെളിഞ്ഞു വരുന്നു.

യൂദരുടെ ഇടയിലെ ഒരുകഥ. ഒരു റബ്ബിയും പത്ത് ശിഷ്യരും. ശിഷ്യരിൽ ഒരുവൻ മിശിഹായാണെന്ന ദർശനം. അവർ പരസ്പരം മിശിഹായാണെന്ന് സംശയിച്ചപ്പോൾ, ഓരോരുത്തരിലും ആന്തരിക മാറ്റം സംഭവിക്കുന്നു (ഓഡിയോ കേൾക്കുക).

ഈശോയെ ക്രിസ്തുവായി തിരിച്ചറിയുന്ന ശിഷ്യനിലാണ് വലിയ മാറ്റം സംഭവിക്കുന്നത്. ഈശോയെ ദൈവപുത്രനായ ക്രിസ്തുവായി തിരിച്ചറിയുന്ന ശിമയോനാണ് പത്രോസെന്ന പാറയായി രൂപാന്തരപ്പെടുന്നത് (മത്താ 16:18). മത്തായിയുടെ സുവിശേഷത്തിൽ ഈശോ ശിമയോനോട് പറയുന്നത്, പത്രോസായി രൂപാന്തരപ്പെട്ട അടിസ്ഥാനത്തേൽ തന്റെ സഭാസമൂഹത്തെ - എക്ലേസിമായെ - പണിയുമെന്നാണ് (മത്താ 16:18).

വലിയ കാര്യങ്ങളുടെ തുടക്കം സഭവിക്കുന്നത് ഇങ്ങനെയാണ്. മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ കാണാനുള്ള ഉൾക്കാഴ്ചയിലേക്ക് വളരുന്ന ശിഷ്യൻ, പാറയും അടിസ്ഥാനവുമായി രൂപാന്തരപ്പെടുന്നു. ശിമയോൻ, സഭാ സമൂഹത്തിന്റെ അടിസ്ഥാനപ്പാറയായി പരിണമിച്ചത് പോലെ.

അതിനാൽ ഇന്നത്തെ സുവിശേഷം എന്നോട് പറുന്നത് ഇതാണ്. നിന്റെ കൂടെയുള്ള വ്യക്തിയിൽ അഥവാ നിന്റെ ചുറ്റുമുള്ള വ്യക്തികളിൽ മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ കാണാനും തിരിച്ചറിയാനും നിനക്ക് സാധിക്കുന്നുണ്ടോ? സാധിക്കുമ്പോഴാണ് നീ ക്രിസ്തുശിഷ്യനായി രൂപാന്തരപ്പെടുന്നത്. അതിലൂടെ നിന്റെ ഉള്ളിലാണ് വലിയ മാറ്റം സംഭവിക്കുന്നത്. നിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന വലിയ സാധ്യതകൾ ഉണർന്നു വരും. നിന്റെ ബലഹീനതകൾക്കതീതമായി, നീ പാറയും അടിസ്ഥാനവുമായി രൂപാന്തരപ്പെടും. അഥവാ സഹജരിൽ ക്രിസ്തുവിനെ ദർശിക്കുന്നവരിൽ, ക്രിസ്തു പണി തുടങ്ങുമെന്നു സാരം. തന്റെ ഹൃദകൈ്യത്തിന്റെ സൗധം പണിയാൻ അവൻ തുടങ്ങുമെന്നർത്ഥം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP