Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'വീഞ്ഞ് തീർന്നുപോകുന്ന ജീവിതങ്ങളിൽ വിളിക്കപ്പെടാത്ത അതിഥിയാകുക'

'വീഞ്ഞ് തീർന്നുപോകുന്ന ജീവിതങ്ങളിൽ വിളിക്കപ്പെടാത്ത അതിഥിയാകുക'

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ഹൂദരുടെ കല്യാണസദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് വീഞ്ഞ്. കാനായിലെ കല്യാണസദ്യയിൽ വീഞ്ഞ് തീർന്നു പോകുന്നു! അതിലും വലിയൊരു ദുരന്തം ഒരു മണവാളന് സംഭവിക്കാനില്ല. പക്ഷേ, ആ ദുരന്തം അല്പ സമയത്തിനുള്ളിൽ വലിയൊരു സമൃദ്ധിയായി രൂപാന്തരപ്പെടുകയാണ്. മണവാളനോടുള്ള കലവറക്കാരന്റെ ചോദ്യം ശ്രദ്ധിക്കണം: 'എല്ലാവരും മേൽത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു. അതിഥികൾക്ക് ലഹരി പിടിച്ചു കഴിയുമ്പോൾ താഴ്ന്ന തരവും. എന്നാൽ നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ?' (യോഹ 2:10)

അതായത് 'വീഞ്ഞ് തീർന്നുപോയെന്ന' ദുരന്തം മേൽത്തരം വീഞ്ഞിന്റെയും, നല്ല വീഞ്ഞിന്റെയും സമൃദ്ധിയായി രൂപാന്തരപ്പെടുന്നു. ഇതായിരുന്നു കാനയിൽ നടന്ന അത്ഭുതം.

നമ്മുടെ ജീവിതത്തെ ഒരു സദ്യയായി കണ്ടാൽ വീഞ്ഞു തീർന്ന് പോകുന്ന അനവധി അവസരങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായെന്ന് വരാം. നമ്മുടെ സമ്പത്ത് തീർന്ന് പോകാം, നമ്മുടെ ആരോഗ്യം കുറഞ്ഞുപോകാം, സമൂഹത്തിൽ നമുക്കുള്ള സൽപേര് തീർന്നുപോകാം, സമൂഹത്തിലെ നമ്മുടെ സ്ഥാനമാനങ്ങളും നമുക്ക് നഷ്ടപ്പെടാം. ഇവയൊക്കെ നമ്മുടെ ജീവിതത്തിലെ വീഞ്ഞ് തീർന്നുപോകുന്ന അനുഭവങ്ങളായി മാറാം.

വീഞ്ഞ് തീരുന്ന അത്തരം ദുരന്താനുഭവങ്ങൾ നമ്മുടെ മുൻപിൽ തുറന്ന് തരുന്നത് ഒരു സാധ്യതകൂടിയാണ് - ദുരന്തങ്ങളെ നല്ല വീഞ്ഞിന്റെ സമൃദ്ധിയാക്കി മാറ്റാനുള്ള അവസരമാണത്.

വീഞ്ഞ് തീരുന്ന ദുരന്തം നല്ല വീഞ്ഞിന്റെ സമൃദ്ധിയായി രൂപാന്തരപ്പെടുന്നതിന്റെ കാരണം അമ്മയുടെ സാന്നിധ്യമാണ്: 'യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിവാഹവിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നു' (യോഹ 2:2). അതിനർത്ഥം, യേശുവിന്റെ അമ്മ 'ക്ഷണിക്കപ്പെടാതെ കയറിവന്ന' അതിഥിയായിരുന്നെന്ന് തന്നെയായിരിക്കണം. വിളിക്കപ്പെടാതെ കല്യാണവീട്ടിലേയ്ക്ക് കടന്നുചെല്ലണമെങ്കിൽ മണവാളനുമായി അത്രമാത്രം ഹൃദയാടുപ്പം ഉണ്ടിയിരുന്നിരിക്കണം. അതുകൊണ്ട് തന്നെയാണ് വീഞ്ഞ് തീരുന്നത് അമ്മ തിരിച്ചറിയുന്നതും ഇടപെട്ടതും: 'യേശുവിന്റെ അമ്മ അവനോട് പറഞ്ഞു: അവർക്ക് വീഞ്ഞില്ല' (യോഹ 2:3). അമ്മയുടെ സാന്നിധ്യവും ഇടപെടലുമാണ് ദുരന്തത്തെ അത്ഭുതമായി രൂപാന്തരപ്പെടുത്തിയത്.

നിന്റെ ആഘോഷങ്ങളിലേക്ക് ക്ഷണിക്കപ്പെടാതെ തന്നെ കടന്നുവരാൻ മാത്രം നിന്നോട് ഹൃദയാടുപ്പം ഉള്ളവർ നിനക്കുണ്ടാകണം. അത്തരം ഹൃദയബന്ധങ്ങളെ നീ ശ്രദ്ധയോടെ വളർത്തിയെടുക്കണം. ദുരന്ത നേരത്ത് നീ അവരോടു ചേർന്ന് നിൽക്കണം. അപ്പോഴാണ് നിന്റെ ജീവിതത്തിലെ ദുരന്തങ്ങൾ നല്ല വീഞ്ഞിന്റെ സമൃദ്ധിയായി പരിണമിക്കുന്നുത്.

സുവിശേഷകൻ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത് 'അടയാളമെന്നാണ്' (യോഹ 2:11). മറ്റ് എന്തിനെയെങ്കിലും സൂചിപ്പിക്കുന്നതിനെയാണ് നമ്മൾ 'അടയാളമെന്ന്' വിളിക്കുന്നത്. അങ്ങനെയങ്കിൽ ഈ അത്ഭുതം എന്തിനെയാണ് സൂചിപ്പിക്കുന്നത്?

ഈശോയുടെ ദൈവികതയിലേക്കാണ് ഇത് ഒന്നാമതായി വിരൽ ചൂണ്ടുന്നത്. അതോടൊപ്പം മറ്റൊന്നുകൂടിയുണ്ട്. പച്ചവെള്ളം വീഞ്ഞായി മാറുന്നത് ബാഹ്യമായി നടക്കുന്ന ഒരു അത്ഭുതമാണ്. എന്നാൽ വീഞ്ഞ് തീർന്ന് പോയതിന്റെ പരിണതഫലമായി മണവാളന്റെ മനസിൽ ഉളവായ പ്രതികരണം എന്തായിരിക്കും? നാണക്കേടും, നിരാശയും, വിഷാദവുമായിരിക്കില്ലേ? പിന്നീട് കലവറക്കാരൻ നല്ല വീഞ്ഞിന്റെ സമൃദ്ധിയെക്കുറിച്ചു പറയുമ്പോൾ (യോഹ 2:10) അത് മണവാളന്റെ മനസ്സിൽ ഉളവാക്കിയ മാറ്റം എന്തായിരിക്കും? ആഹ്ലാദവും, ആത്മവിശ്വാസവും, അഭിമാനവുമായിരിക്കില്ലേ?

അങ്ങനെയെങ്കിൽ മണവാളന്റെ ഹൃദയം നിരാശയിൽ നിന്നും ആത്മവിശ്വാസത്തിലേക്കും, വിഷാദത്തിൽ നിന്നും ആഹ്ലാദത്തിലേയ്ക്കും പരിണമിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ മണവാളന്റെ ഹൃദയത്തിന് സംഭവിക്കുന്നതല്ലേ യഥാർത്ഥത്തിലുള്ള അത്ഭുതം?

മണവാളന്റെ ഉള്ളിൽ നടക്കുന്ന ഈ അത്ഭുതത്തിനും കാരണം മാതാവിന്റെ ഇടപെടലാണ് - 'ക്ഷണിക്കപ്പെടാത്ത അതിഥിയുടെ' സാന്നിധ്യം. അതാണ് അവന്റെ ജീവിതത്തിലെ വിഷാദം ആഹ്ലാദമാക്കി മാറിയ രാസമാറ്റത്തിന് കാരണമായി വർത്തിച്ച രാസധ്വരകം.

ശാലിനി സരസ്വതിയുടെ ജീവിത കഥ. അണുബാധയേറ്റ് കാലും കൈയും നഷ്ടപ്പെട്ടവൾ വെപ്പുകാലുമായി മിനി മാരത്തണിൽ ജേതാവായ കഥ. അതിന് കാരണം അവളുടെ ജീവിത ദുരന്തത്തിൽ കൂടെ നിന്ന പ്രശാന്ത് എന്ന ഭർത്താവായിരുന്നു ( വീഡിയോ കാണുക).

നമ്മുടെ ജീവിത്തിലെ ദുരന്തങ്ങളും ജീവിത നൊമ്പരങ്ങളും നല്ല വീഞ്ഞിന്റെ അത്ഭുതങ്ങളായി മാറണമെങ്കിൽ ഹൃദയാടുപ്പമുള്ള ബന്ധങ്ങൾ നമുക്ക് വേണം. നമ്മുടെ ദുരന്താനുഭവങ്ങളിൽ നാം അവരോടു ചേർന്ന് നിൽക്കുകയും വേണം.

അതോടൊപ്പം മറക്കരുതാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. ദുരന്താനുഭവങ്ങളുമായി ജീവിക്കുന്ന 'ശാലിനിമാർ' നമ്മുടെ തൊട്ടടുത്തു തന്നെ കാണാം. അവരുടെ തകർച്ചകളിൽ നാം അവരുടെ കൂടെ നില്ക്കുമ്പോഴാണ് അവരുടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കുന്നത്.

സുവിശേഷകൻ പറയുന്നത് കാനായിലെ അത്ഭുതത്തിലൂടെ യേശു 'തന്റെ മഹത്വം' വെളിപ്പെടുത്തുകയായിരുന്നെന്നാണ് (യോഹ 2:11). നമ്മുടെയും നമ്മുടെ പ്രിയരുടെയും ദുരന്തങ്ങൾ നല്ല വീഞ്ഞിന്റെ അത്ഭുതമായി മാറുമ്പോൾ, നമ്മിലെ ക്രിസ്തു സാന്നിധ്യമാണ് വെളിപ്പെടുന്നത്. അതിലൂടെ ക്രസ്തുവിന്റെ മഹത്വമാണ് വെളിപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP