Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവജലത്തിന്റെ ഉറവയാകുക; ജീവൻ കൊടുക്കുന്ന പ്രകാശമാകുക: നാലുപറയച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം

ജീവജലത്തിന്റെ ഉറവയാകുക; ജീവൻ കൊടുക്കുന്ന പ്രകാശമാകുക: നാലുപറയച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം

ന്നത്തെ ധ്യാനത്തിൽ നമ്മൾ രണ്ട് വചനങ്ങളെ ശ്രദ്ധിക്കണം, 7:38 ഉം 8:12 ഉം. യോഹ 7:38-ൽ ഈശോ പറയുന്നു- 'എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് ജീവജലത്തിന്റെ അരുവികൾ ഒഴുകും.' യോഹ 8:12-ൽ ഈശോ പറയുന്നു- 'എന്നെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.'

ഈശോ തന്റെ ശിഷ്യരോട് പറയുന്നത് ജീവജലമാകാനും, ജീവപ്രകാശമാകാനുമാണ്. അതായത്, ജീവദായകമായ ജലം, ജീവദായകമായ പ്രകാശം. യഥാർത്ഥത്തിൽ വെള്ളവും വെളിച്ചവും ചെയ്യുന്ന ധർമം ഇതു തന്നെയാണ് - ജീവൻ പ്രദാനം ചെയ്യുന്നു; ജീവനെ നിലനിർത്തുന്നു; ജീവനെ പരിപോഷിപ്പിക്കുന്നു.

യഥാർത്ഥത്തിൽ വെള്ളം തന്നെയല്ലേ ജീവന്റെ ഉത്ഭവകേന്ദ്രം? ജീവൻ നിലനിൽക്കുന്നതും വെള്ളം ഉള്ളതുകൊണ്ടല്ലേ? സസ്യജീവിതമായാലും, മനുഷ്യജീവിതമായാലും ജന്തുജീവിതമായാലും വെള്ളമില്ലാതെ നിലനിൽപ്പില്ലല്ലോ; വളരില്ലല്ലോ. അപ്പോൾ ഒരു കാര്യം തീർച്ച. ജലം അതിൽ തന്നെ ജീവൻ നൽകുന്നവളും, ജീവനെ പരിപോഷിപ്പിക്കുന്നവളുമാണ്.

പ്രകാശത്തിന്റെ കാര്യവും സമാനമാണ്. പ്രകാശവും ജീവൻ നൽകുന്നതും, ജീവനെ നിലനിർത്തുന്നതും അതിനെ പരിപോഷിപ്പിക്കുന്നതുമാണ്. ഈ സത്യം ഏറ്റം മനോഹരമായിട്ട് അവതരിപ്പിച്ചത് മലയാളത്തിന്റെ പ്രശസ്ത കവി ഒ.എൻ.വിയല്ലാതെ മറ്റാരുമല്ല. സൂര്യഗീതമെന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കവിത മുഴുവൻ ജീവൻ പ്രദാനം ചെയ്യുന്ന സൂര്യപ്രകാശത്തെക്കുറിച്ചാണ്. അത് തുടങ്ങുന്നതുതന്നെ ജീവദാതാവായ സൂര്യനെ പ്രകീർത്തിച്ചുകൊണ്ടാണ്. 

സ്വസ്തി ഹേ സൂര്യ തേ സ്വസ്തി
മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന
സുസ്നേഹമൂർത്തിയാം സൂര്യ
വറ്റാത്ത നിറവാർന്ന നിൻതപ്തദീപ്തമാം
അക്ഷയപാത്രത്തിൽ നിന്നുറന്നൊഴുകുന്നൊ-
രിത്തിരി ചുടുപാൽ വെളിച്ചം കുടിച്ചിവിടെ
ഇച്ചെറിയ വട്ടത്തിലീകൊച്ചു ഭൂമിയിൽ
ജീവന്റെ ഉന്മത്ത നൃത്തം!

കവിത മുന്നോട്ടു പോകുമ്പോൾ സൂര്യപ്രകാശത്തിൽ ഉദീപ്തമാകുന്ന ജീവന്റെ സ്പന്ദനങ്ങളെ വിവരിക്കുകയാണദ്ദേഹം.

പൂവുകളിലടിവച്ചു
പുഴുകളിൽ നീരാടി
പുളിനഹരിതങ്ങളിൽ
തളികകൾ നിറച്ചു,
കിളിമൊഴികളാൽ സ്വരജനിക
ളുരുവിട്ടു, കുളിരിന്റെ
കുടമൂതി, തെങ്ങിന്റെ
തിരുനടയിളനീരൊളിപ്പിച്ചു
കദളിയുടെയൊരു മൂലക്കൂമ്പു കൊ-
ണ്ടൊന്നല്ല, പത്തല്ല,
മണ്ണിന്റെ ഉണ്ണികളെയൊക്കെ
അമൃതൂട്ടുവാൻ പട്ടിന്റെ പോളകൾ
തെറുത്തേറ്റി നിൽക്കുന്ന
ജീവന്റെ ഉന്മത്ത നൃത്തം

ചുരുക്കത്തിൽ ഭൂമിയിൽ ജീവൻ സജീവമാകുന്നത് സൂര്യപ്രകാശം കൊണ്ടാണ്. അപ്പോൾ വെള്ളവും വെളിച്ചവും ജീവദായകമാണ്; ജീവൻ നൽകുന്നതാണ്. ചുരുക്കത്തിൽ വെള്ളം അതിൽ തന്നെ ജീവജലമാണ്, ജീവദായകമായ ജലമാണ്. പ്രകാശം അതിൽ തന്നെ ജീവന്റെ വെളിച്ചമാണ്; ജീവദായകമായ വെളിച്ചമാണ്.

ഈശോ ഇന്ന് നമ്മോട് പറയുന്നത്, നിന്റെ ഉള്ളിലൊരു സൂര്യനുണ്ട്; പ്രകാശം വിതറുന്ന സൂര്യൻ. നിന്റെ ഉള്ളിലൊരു ഉറവയുണ്ട്- ജീവജലം തരുന്ന ഉറവ. ഇത് നീ തിരിച്ചറിയണം. അതിലൂടെ മാത്രമേ നിനക്ക്, ഈ ജീവിതത്തിൽ ജീവജലം കൊടുക്കുന്നവനും, ജീവപ്രകാശം പരത്തുന്നവനുമായിത്തീരാൻ പറ്റൂ.

മലയാളത്തിന്റെ പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭന്റെ 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി' എന്ന കഥയുടെ ചുരുക്കമിതാണ്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് ഒരു കുപ്പി വിഷവും വാങ്ങി അവസാനത്തെ സിനിമ കാണാൻ കയറുന്ന മനുഷ്യൻ, നിർധനയും, നിഷ്‌ക്കളങ്കയുമായ ഒരു പെൺകുട്ടിയുടെ ജീവത്പ്രകാശത്താൽ ആത്മഹത്യയിൽ നിന്നും പിന്മാറുന്ന കഥ (ഓഡിയോ കേൾക്കുക).

 

കണ്ടുമുട്ടുന്ന അപരിചിതനിലേക്ക്പോലും പ്രകാശം പരത്തുന്ന ഒരു പെൺകുട്ടിയാണിവൾ. ഈശോ ഇന്ന് നമ്മോട് പറയുന്നു- നീ ജീവജലം പകരുന്നവനാകുക/ പകരുന്നവളാകുക. അതേപോലെ ജീവപ്രകാശവും പരത്തുന്നവനാകുക.

ജീവജലവും ജീവപ്രകാശവും കൊടുക്കുന്നവനാകാൻ ഞാൻ എന്ത് ചെയ്യണം? അതിനുള്ള ഉപാധിയും ഈശോ പറഞ്ഞുതരുന്നുണ്ട്. അവൻ പറയുന്നു: ''എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് ജീവജലത്തിന്റെ അരുവി പുറപ്പെടും'' (യോഹ 7:38). ക്രിസ്തുവിൽ വിശ്വസിക്കുകയെന്നതാണ് ജീവജലം പ്രദാനം ചെയ്യാനുള്ള മാർഗ്ഗം. ജീവപ്രകാശം കൊടുക്കുന്നവനാകണമെങ്കിലോ? 'എന്നെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും' (യോഹ 8:12).

അപ്പോൾ ജീവജലവും ജീവപ്രകാശവും പ്രദാനം ചെയ്യാനാകണമെങ്കിൽ ക്രിസ്തുവിൽ വിശ്വസിക്കുക; അവനെ അനുഗമിക്കുക. ഇതുതന്നെയാണ് ഈശോ തന്റെ ആദിമ ശിഷ്യരിൽ നിന്നും ആവശ്യപ്പെട്ടത്. അവൻ പറഞ്ഞു, എന്നെ അനുഗമിക്കുക (മർക്കോ 1:17;2:14). അനുഗമിച്ച ശിഷ്യരിൽ അവൻ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ഒന്നാമത്തെ പുണ്യം വിശ്വാസമാണ്- 'നിങ്ങൾ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് വിശ്വാസമില്ലേ?' (മർക്കോ 4:40;5:36).

അപ്പോൾ, ജീവജലം പ്രദാനം ചെയ്യുന്നവനാകണമെങ്കിൽ ക്രിസ്തുവിൽ വിശ്വസിക്കണം. അതായത് തമ്പുരാൻ കൂടെയുണ്ടെന്ന് വിശ്വസിക്കണം. അദൃശ്യനായി അവൻ നിന്റെ കൂടെയുണ്ടെന്ന്; നിന്റെ ജീവിതത്തിന്റെ അന്തര്യാമിയായി അവൻ നിന്നിലുണ്ടെന്ന് നീ വിശ്വസിക്കണം. നിന്റെ ഉള്ളിലെ തിരുസ്സാന്നിധ്യത്തിലുള്ള വിശ്വാസം നീ ആഴപ്പെടുത്തുക,

ഒരുപടികൂടി കടന്നാൽ, ഈ തിരുസ്സാന്നിധ്യത്തെ നീ അനുഗമിക്കണം. അപ്പോഴാണ് നീ ജീവപ്രകാശം പരത്തുന്നവനാകുന്നത്. കണ്ടുമുട്ടുന്നവരുടെ ജീവിതത്തിലൊക്കെ പ്രകാശം പരത്താൻ നിനക്കാകുന്നത് അപ്പോഴാണ്.

മുരിക്കാശ്ശേരി ആശുപത്രിയിലെ ഡോക്ടർ സിസ്റ്റർ ആൻസിലറ്റിന്റെ കഥ. 25 വർഷം ഒരു നാട്ടിലെ ഒന്ന് രണ്ട് തലമുറകളെ ജീവനിലേക്ക് കൈപിടിച്ചു നടത്തിയ ഗൈനക്കോളജിസ്റ്റ്. കാൻസർ പിടിച്ച് മരണക്കിടക്കയിൽ വേദനയുടെ നടുവിൽ അക്ഷരാർത്ഥത്തിൽ വായു വലിച്ചു കിടക്കുന്ന സമയം. തന്നെ കാണാൻ വന്ന ഒരമ്മയും രണ്ടുമക്കളെയും അടുത്തേക്ക് വിളിച്ചിട്ട്, മൂത്തകൊച്ചിനെ കണ്ടില്ലല്ലോ; സുഖമാണോ എന്നന്വേഷിക്കുന്ന പരോന്മുഖത. അന്ത്യശ്വാസം വലിക്കുമ്പോഴും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് തുറന്നുപിടിച്ചിരിക്കുന്ന ഹൃദയവും മനസ്സും (ഓഡിയോ കേൾക്കുക).

ഈശോ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത് ഇതാണ്- ജീവജലത്തിന്റെ ഉറവയാകുക; ജീവൻ കൊടുക്കുന്ന പ്രകാശമാകുക. അടുത്തുവരുന്നവർക്കൊക്കെ നീ ജീവൻ കൊടുക്കുന്ന ജലവും, ജീവൻ പകരുന്ന പ്രകാശവുമായിത്തീരുക.

അതിനുള്ള മാർഗ്ഗം നിന്റെ ഉള്ളിലെ അദൃശ്യമായ ദൈവികസാന്നിധ്യത്തിൽ നീ വിശ്വസിക്കുക. അതായത് തമ്പുരാൻ കൂടെ ഉണ്ടെന്ന് വിശ്വസിക്കുക. ആ വിശ്വാസത്തിൽ നീ ആഴപ്പെടുക. രണ്ട്, ആ സാന്നിദ്യത്തെ അനുഗമിക്കുക. അതായത്, അതിന്റ പുറകെ നടക്കുക; ആ തിരുസാന്നിധ്യം തരുന്ന നിമന്ത്രണങ്ങളെ ശ്രദ്ധിക്കുക; അതിനെ പിഞ്ചെല്ലുക. അപ്പോഴാണ് നീ നിന്റെ ഉള്ളിലെ തിരുസാന്നിധ്യത്തെ അനുഗമിക്കുന്നവനാകുന്നത്. ഈ തിരുസാന്നിധ്യത്തിൽ വിശ്വസിക്കുകയും അതിനെ അനുഗമിക്കുകയും ചെയ്യുമ്പോൾ നീ നിന്റെ ചുറ്റുമുള്ളവർക്കൊക്കെ ജീവജലം കൊടുക്കുന്നവനാകും; ജീവന്റെ പ്രകാശം പരത്തുന്നവനാകും.

അപ്പോൾ ഈശോ ഇന്ന് പറയുന്നത് ഇതാണ്- നിന്റെ ഉള്ളിൽ ഒരു സൂര്യനുണ്ട്. നിന്റെ ഉള്ളിൽ ഒരു വറ്റാത്ത ഉറവയുണ്ട്. അതാണ് നിന്നിലെ ക്രിസ്തുസാന്നിധ്യം. അതാണ് നിന്നിലെ ദൈവികത. അതിൽ വിശ്വസിക്കയും അതിനെ പിൻചെല്ലുകയും ചെയ്യുക.

വെള്ളത്തിന്റെയും പ്രകാശത്തിന്റെയും പ്രത്യേകത അവ രണ്ടും സ്വയം ദാനം ചെയ്യുന്നവയാണെന്നതാണ്. മറ്റുള്ളവർക്ക് ദാഹം ശമിപ്പിക്കാനായി സ്വയം കൊടുക്കുന്ന ജലം. മറ്റുള്ളവരെ പ്രകാശിപ്പിക്കാനായി സ്വയം ദാനം ചെയ്യുന്ന സൂര്യപ്രകാശം. ആത്മദാനം, പരോന്മുഖതയാണ് വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും സ്വഭാവം. നിന്നിലെ ക്രിസ്തുസാന്നിധ്യമാകുന്ന ദൈവികതയുടെയും സ്വഭാവവും അതുതന്നെയാണ് - പരോന്മുഖത.

ഫിലിപ്പി 2:15ൽ പറയുന്നു- 'ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കട്ടെ.' ഏതാണ് ആ വെളിച്ചമെന്ന് ഫിലിപ്പി 2:5-11-ൽ വിശദീകരിക്കുന്നു- 'യേശു ക്രിസ്തുവിനുണ്ടായിരുന്ന മനോഭാവമാണത്. സ്വയം ധന്യനാക്കി കുരിശുമരണത്തിന് വിധേയമാക്കുന്ന ആത്മദാനമാണത്.'

ചുരുക്കത്തിൽ നിന്നിലുള്ള ദൈവസാന്നിധ്യമാകുന്ന ജലത്തിന്റെയും പ്രകാശത്തിന്റെയും സ്വഭാവം പരോന്മുഖതയും പരസ്നേഹവുമാണ്. ജീവിതത്തിലുടനീളം ജീവദായകമായ ജലമാകാനും; ജീവൻ കൊടുക്കുന്ന പ്രകാശമാകാനുമുള്ള മാർഗ്ഗം- നിന്റെ ഉള്ളിലെ ക്രിസ്തുസാന്നിധ്യത്തിലുള്ള നിന്റെ വിശ്വാസം നീ ആഴപ്പെടുത്തുക; അതിന്റെ നിമന്ത്രണങ്ങൾക്ക് കാതോർക്കുക. അതനുസരിച്ച് നിന്റെ ജീവിതം നീ ക്രമപ്പെടുത്തുക. അപ്പോൾ നിന്റെ ചുറ്റുമുള്ളവർക്കൊക്കെ നീ ജീവദായകമായ ദാഹജലമാകും; ജീവദായകമായ പ്രകാശമായി മാറും!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP