തീർത്ഥാടക ലക്ഷങ്ങൾ ശിവഗരിയിൽ; ഗുരുസ്മരണയിൽ മൂന്ന് ദിവസത്തെ തീർത്ഥാടനത്തിന് ഇന്ന് തുടക്കം
December 30, 2014 | 10:33 AM IST | Permalink

സ്വന്തം ലേഖകൻ
തീർത്ഥാടക പ്രവാഹത്തിൽ പീതശോഭയണിഞ്ഞ ശിവഗിരിയിൽ 82ാമത് മഹാ തീർത്ഥാടനത്തിന് ഇന്ന് ഭക്തിസാന്ദ്രമായ തുടക്കം. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധർമ്മപതാക ഉയർത്തുന്നതോടെയാണ് മൂന്നു ദിവസത്തെ തീർത്ഥാടനത്തിന് തുടക്കമാകുക.
പീതാംബരധാരികളായ തീർത്ഥാടകർ ശിവഗിരിയിലേക്ക് നടന്ന് എത്തിക്കൊണ്ടിരിക്കയാണ്. തിങ്കളാഴ്ച വൈകീട്ടോടെ പ്രധാന പദയാത്രയും മറ്റ് പദയാത്രകളും എത്തിയതോടെ തീർത്ഥാടനത്തിന്റെ വിളംബരമായി. ഗുരുദേവൻ കൽപ്പിച്ച വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ശരീരശുദ്ധി, ഗൃഹശുദ്ധി എന്നീ പഞ്ചശുദ്ധികളും അഹിംസ, സത്യം,അസ്‌തേയം, ബ്രഹ്മചര്യം, മദ്യവർജ്ജനം എന്നീ പഞ്ചധർമ്മവും ഉൾപ്പെടെ 10 ദിവസത്തെ വ്രതമനുഷ്ഠിച്ചാണ് തീർത്ഥാടകർ ശിവഗിരിയിലെത്തുന്നത്. മൂന്നു ദിവസങ്ങളിലായി 12 സമ്മേളനങ്ങൾ നടക്കും. രാത്രി കലാപരിപാടികളുമുണ്ടാകും.
ചൊവ്വാഴ്ച 9.30ന് സ്വാമി പ്രകാശാനന്ദയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. 11.30ന് 'വിദ്യാഭ്യാസവും ഗുരുശിഷ്യപാരസ്?പര്യവും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.പി.കെ.രാധാകൃഷ്ണൻ ആധ്യക്ഷ്യം വഹിക്കും. തോട്ടം രാജശേഖരൻ വിഷയം അവതരിപ്പിക്കും.
12ന് 'ശുചിത്വഭാരതം ഗുരുദർശനത്തിലൂടെ' (സ്വച്ഛ് ഭാരത്) എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം കേന്ദ്ര തൊഴിൽമന്ത്രി ബംഗാരു ദത്താത്രേയ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.കെ.മുനീർ ആധ്യക്ഷ്യം വഹിക്കും. ഡോ.തോമസ് ഐസക് മുഖ്യാതിഥിയാകും. ശുചിത്വമിഷൻ ഡയറക്ടർ ഡോ.വാസുകി വിഷയം അവതരിപ്പിക്കും.
രണ്ടിന് 'ശ്രീനാരായണപ്രസ്ഥാനം ദേശീയധാരയിൽ' സെമിനാർ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ ഉദ്ഘാടനം ചെയ്യും. വയലാർ രവി എംപി.ആധ്യക്ഷ്യം വഹിക്കും. വൈകിട്ട് അഞ്ചിന് ദൈവദശക രചനാശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബാബു മുഖ്യാതിഥിയാകും. ആർ.കെ.കൃഷ്ണകുമാർ ആധ്യക്ഷ്യം വഹിക്കും. മലങ്കരസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ്, ചാലക്കുടി ടൗൺമസ്ജിദ് ഇമാം ഹുസൈൻ ബാഖവി, ബിജെപി.സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ എന്നിവർ മതസമന്വയ സന്ദേശം നൽകും. വൈകീട്ട് 6.30 മുതൽ 6.40 വരെ ദൈവദശക അഖില ലോകജപം നടക്കും.
31ന് രാവിലെ 4.30ന് തീർത്ഥാടക ഘോഷയാത്ര നടക്കും. 9.30ന് തീർത്ഥാടന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. സുബ്രഹ്മണ്യൻ സ്വാമി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി അടൂർ പ്രകാശ് ആധ്യക്ഷ്യം വഹിക്കും. സ്വാമി പ്രകാശാനന്ദ തീർത്ഥാടന സന്ദേശം നൽകും. എം.എ.യൂസഫലി, ഗോകുലം ഗോപാലൻ എന്നിവർ മുഖ്യാതിഥികളാകും.
12ന് വനിതാസമ്മേളനം മന്ത്രി അനൂപ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വെങ്കയ്യനായിഡു മുഖ്യാതിഥിയാകും. രണ്ടിന് മന്ത്രി കെ.പി.മോഹനന്റെ അധ്യക്ഷതയിൽ ചേരുന്ന കാർഷികവ്യാവസായിക സമ്മേളനം രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും.അഞ്ചിന് ശാസ്ത്രസാങ്കേതിക സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആധ്യക്ഷ്യം വഹിക്കും. വി എസ്.എസ്.സി.ഡയറക്ടർ എം.ചന്ദ്രദത്തൻ മുഖ്യപ്രഭാഷണം നടത്തും. മുൻ ഡി.ജി.പി.ജേക്കബ് പുന്നൂസ് മുഖ്യാതിഥിയാകും.
ജനവരി ഒന്നിന് 10ന് ആഗോള ശ്രീനാരായണീയ യുവജനസംഗമം കെപിസിസി.പ്രസിഡന്റ് വി എം.സുധീരനും 12.30ന് മാദ്ധ്യമസെമിനാർ മന്ത്രി ഷിബു ബേബിജോണും ഉദ്ഘാടനം ചെയ്യും. 2.30ന് സാഹിത്യസമ്മേളനം മാതൃഭൂമി മാനേജിങ് ഡയറക്ടർ എംപി.വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം.കെ.സാനു ആധ്യക്ഷ്യം വഹിക്കും.അഞ്ചിന് മന്ത്രി എ.പി.അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി ഡോ.മഹേഷ് ശർമ്മ ഉദ്ഘാടനം ചെയ്യും.
തീർത്ഥാടനത്തിന്റെ ഭാഗമായി രാവിലെ ശാരദാമഠത്തിൽ വിശേഷാൽപൂജയും മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും ഗുരുദേവകൃതികളുടെ പാരായണവുമുണ്ടാകും.
