Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അല്ലാഹു അക്‌ബർ അല്ലാഹു അക്‌ബർ... വലില്ലാഹിൽ ഹംദ്... ; ആത്മ സമർപ്പണത്തിന്റെ 29 ദിനരാത്രങ്ങൾക്ക് ഒടുവിൽ ആത്മനിർവൃതിയുടെ ചെറിയ പെരുന്നാൾ; ഇന്നലെ മാസപിറവി കണ്ടെതിന് തുടർന്ന് കേരളത്തിൽ ഇന്ന് ആഘോഷ രാവ്; ഈദ് ഗാഹുകളിൽ ഒത്തുകൂടി തക്‌ബീർ ധ്വനികളാൽ അല്ലാഹുവിനെ വാഴ്‌ത്തി വിശ്വാസികൾ; കേരളം ഈദുൽ ഫിത്തറിന്റെ ആഘോഷത്തിൽ

അല്ലാഹു അക്‌ബർ അല്ലാഹു അക്‌ബർ... വലില്ലാഹിൽ ഹംദ്... ; ആത്മ സമർപ്പണത്തിന്റെ 29 ദിനരാത്രങ്ങൾക്ക് ഒടുവിൽ ആത്മനിർവൃതിയുടെ ചെറിയ പെരുന്നാൾ; ഇന്നലെ മാസപിറവി കണ്ടെതിന് തുടർന്ന് കേരളത്തിൽ ഇന്ന് ആഘോഷ രാവ്; ഈദ് ഗാഹുകളിൽ ഒത്തുകൂടി തക്‌ബീർ ധ്വനികളാൽ അല്ലാഹുവിനെ വാഴ്‌ത്തി വിശ്വാസികൾ; കേരളം ഈദുൽ ഫിത്തറിന്റെ ആഘോഷത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നോമ്പുകാലം വിശ്വാസിക്ക് തികഞ്ഞ ആത്മസമർപ്പണത്തിന്റെ കാലമായിരുന്നു. അതേസമയം ഈദിന്റെ ദിനമാവട്ടെ, ആത്മനിർവൃതിയുടേതും. പുണ്യങ്ങൾ പെയ്തിറങ്ങിയ വിശുദ്ധ റമസാനിന്റെ രാപകലുകൾക്കു വിട നൽകി മുസ്ലിം സമൂഹം ചെറിയ പെരുന്നാൾ ആഘോഷത്തിലാണ്. ഇന്നലെ മാസപിറവി കണ്ടെതിന് തുടർന്ന് കേരളത്തിൽ ഇന്നാണ് ആഘോഷ രാവ്.

പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചും തെറ്റുകളിൽ നിന്ന് അകന്നുനിന്നും നന്മകൾ വർധിപ്പിച്ചും സ്രഷ്ടാവിന്റെ കല്പനകളെ ശിരസാവഹിച്ച വിശ്വാസി സമൂഹത്തിന് ഈദിന്റെ സുദിനം ആഘോഷത്തിന്റേതാണ്. സഹനത്തിന്റെയും സമർപ്പണത്തിന്റെയും 29 ദിനരാത്രങ്ങൾക്ക് ഒടുവിൽ സന്തോഷത്തിന്റെ ചെറിയ പെരുന്നാൾ. അതിരാവിലെ ഈദ് ഗാഹുകളിൽ ഒത്തുകൂടിയ വിശ്വാസികൾ തക്‌ബീർ ധ്വനികളാൽ അല്ലാഹുവിനെ വാഴ്‌ത്തി.

നോമ്പുകാലം വിശ്വാസിക്ക് തികഞ്ഞ ആത്മസമർപ്പണത്തിന്റെ കാലമായിരുന്നു. അതേസമയം ഈദിന്റെ ദിനമാവട്ടെ, ആത്മനിർവൃതിയുടേതും. വ്രതം അനുഷ്ഠിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും അതിലുപരിയായി റമസാനിൽ ഒരു വെള്ളിയാഴ്ച കൂടി ലഭിച്ചുവെന്ന നിർവൃതിയിലുമാണു വിശ്വാസികൾ. മഗ്രിബ് നമസ്‌കാരത്തിനു ശേഷം പള്ളികളിൽ നിന്നും മുസ്ലിം ഭവനങ്ങളിൽ നിന്നും തക്‌ബീർ ധ്വനി മുഴങ്ങി. അല്ലാഹു അക്‌ബർ അല്ലാഹു അക്‌ബർ... വലില്ലാഹിൽ ഹംദ്... (അല്ലാഹു മഹാനാണ്... അല്ലാഹു വലിയവനാണ്. സ്ത്രോത്രങ്ങൾ എല്ലാം അവനുള്ളതാണ്). എല്ലാ അർത്ഥത്തിലും ഈദിനെ ആഘോഷമാക്കി മാ്റ്റുകയാണ് ലോകമെമ്പാടുമുള്ള ഇസ് ലാം മത വിശ്വാസികൾ. ഒരുമയുടെ സന്ദേശമാണ് അത് പകർന്ന് നൽകുന്നതും.

പെരുന്നാളിനു മുന്നോടിയായി ഫിത്ർ സക്കാത്ത് വിതരണം പൂർത്തിയാക്കിയിരുന്നു. ജീവിച്ചിരിക്കുന്ന എല്ലാവരും ദാനം ചെയ്യണമെന്നതു നിർബന്ധമാക്കിയതാണു ഫിത്ർ സക്കാത്ത്. സക്കാത്തിലൂടെ സമ്പത്ത് ശുദ്ധീകരിച്ച വിശ്വാസി ഫിത്ർ സക്കാത്ത് കൂടി നൽകി കൂടുതൽ സൂക്ഷ്മത പുലർത്തിയാണ് ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. പെരുന്നാൾദിനത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്നതു കൂടിയാണു ഫിത്ർ സക്കാത്തിലൂടെ നൽകുന്ന സന്ദേശം. അതു തന്നെയാണ് ഈ ആഘോഷത്തിന്റെ മഹത്വവും. നന്നാകാനും ഒന്നാകാനും സാധിക്കണം. ഒന്നായി നന്നാകാനും കഴിയണം. ശാരീരികമായ സന്തോഷം മാത്രം ആശിക്കാതെ ആത്മീയമായ ആനന്ദത്തിന് പ്രാധാന്യം കൊടുക്കുന്നതും ഭൗതിക സന്തോഷപ്രകടനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതാണ് ഈദുൽ ഫിത്വറിന്റെ പ്രത്യേകത.

ആഘോഷമെന്നാണ് ഈദിന്റെ അർഥം. വിശ്വാസി സമൂഹത്തോട് ഇസ്ലാം കല്പിക്കുന്ന രണ്ട് ആഘോഷങ്ങളാണ് ചെറിയ പെരുന്നാൾ അഥവാ ഈദുൽ ഫിത്വറും, വലിയ പെരുന്നാൾ അഥവാ ഈദുൽ അസ്ഹയും. ഈ രണ്ടു ദിനത്തിലും പരിധി ലംഘിക്കാതെ ആഘോഷിക്കാൻ മതം അനുവദിക്കുന്നു. ഒരുമാസക്കാലം കൊണ്ടു നേടിയെടുത്ത നവ ചൈതന്യം തുടർജീവിതത്തിലും കെടാതെ കാത്തുസംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുക കൂടിയാണ് ഓരോ ഈദ് സുദിനത്തിലും. അത്യാഹ്ലാദപൂർവം പെരുന്നാളാഘോഷിക്കുമ്പോഴും പട്ടി ണിയിലും കഷ്ടതകളിലും കഴിച്ചുകൂട്ടേണ്ടിവരുന്ന സഹ ജീവികളെ വിസ്മരിക്കരുതെന്ന പാഠവും ഇവിടെയുണ്ട്.

വ്യാഴാഴ്ച അസ്തമിച്ച് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഈദുൽ ഫിത്തർ വെള്ളിയാഴ്ച ആയിരിക്കുമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഈദുൽ ഫിത്തർ വെള്ളിയാഴ്ച ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റാ മൗലവിയുടെ അധ്യക്ഷതയിൽ മണക്കാട് വലിയപള്ളി ജുമാ മസ്ജിദിൽ നടന്ന ഖാസിമാരുടെയും ഇമാമുമാരുടെയും സംയുക്തയോഗവും അറിയിച്ചു.

കോഴിക്കോട് കപ്പക്കലിൽ മാസപ്പിറവി കണ്ടു. വെള്ളിയാഴ്ച ചെറിയ പെരുന്നാൾ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. തെക്കൻ കേരളത്തിലും വെള്ളിയാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് പാളം ഇമാമും അറിയിച്ചു. മലബാറിലും ഇന്ന് തന്നെയാണ് ആഘോഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP