Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനേകം ഫിലിപ്പീൻസുകാർ കാലിലും കയ്യിലും ആണിയടിച്ചു ഇക്കുറിയും കുരിശിൽ തൂങ്ങി; ലണ്ടനിൽ സിനിമയെ വെല്ലുന്ന കുരിശാരോഹണം; പോപ്പ് ഫ്രാൻസിസ് കാലു കഴുകി മുത്തിയത് 12 തടവുകാരെ; ലോകം ദുഃഖ വെള്ളി ആഘോഷിച്ചത് ഇങ്ങനെ

അനേകം ഫിലിപ്പീൻസുകാർ കാലിലും കയ്യിലും ആണിയടിച്ചു ഇക്കുറിയും കുരിശിൽ തൂങ്ങി; ലണ്ടനിൽ സിനിമയെ വെല്ലുന്ന കുരിശാരോഹണം; പോപ്പ് ഫ്രാൻസിസ് കാലു കഴുകി മുത്തിയത് 12 തടവുകാരെ; ലോകം ദുഃഖ വെള്ളി ആഘോഷിച്ചത് ഇങ്ങനെ

ലണ്ടൻ: ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്റെ സ്മരണകൾ പുതുക്കി ലോകമൊട്ടാകെ ക്രിസ്തീയ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. മാനവരാശിക്കു കുരിശുമരണത്തിലൂടെ യേശു നൽകിയ പുതുജീവിതത്തിന്റെ ഈ ഓർമ്മ പുതുക്കൽ വിവിധ രാജ്യങ്ങളിലെ വിശ്വാസികൾക്ക് ആത്മീയ സായൂജ്യത്തിന്റെ വിശുദ്ധ ദിനമായി. യേശുവിന്റെ കുരിശുമരണത്തിന്റെ പുനരവതരണം പലയിടത്തും നടന്നു.

ലണ്ടനിലെ ട്രഫൽഗർ സ്‌ക്വയറിൽ ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷി നിർത്തിയാണ് നടൻ ജെയിംസ് ബർക് ഡൻസ്‌മോർ കുരിശിലേറൽ അവതരിപ്പിച്ചത്. കുരിശിലേറുന്ന സമയത്തെ യേശുവിന്റെ അതേ വേഷവും മുൾകിരീടവും വച്ച് നടന്നു നീങ്ങിയ ജെയിംസിന് അകമ്പടിയായി റോമൻ പടയാളികളുടെ വേഷത്തിൽ നിരവധി പേരുമുണ്ടായിരുന്നു. സിനിമയെ വെല്ലുന്ന വസ്ത്രാലങ്കാരവും രംഗസജ്ജീകരണവുമായി അവതരിപ്പിച്ച ഈ കുരിശേറ്റം തടിച്ചു കൂടിയ വിശ്വാസികൾക്ക് ആത്മീയ നിർവൃതിയായി.

ചാട്ടയടിയേറ്റുണണ്ടായ മുറിവുകളും രക്തമൊലിക്കുന്ന ശരീരവുമായി കുരിശിലേറ്റുന്നതിനിടയുണ്ടായ നടന്റെ നിലവിളിയും ദ പാഷൻ ഓഫ് ജീസസ് എന്ന നാടകാവതരണത്തെ യാഥാർത്ഥ്യത്തെ പോലും വെല്ലുന്നതാക്കി. നൂറുകണക്കിന് അഭിനേതാക്കളും കുതിരകളും റോമൻ പടയാളികളുടെ വേഷമണിഞ്ഞവരും അണി നിരന്ന ഈ പ്രകടനം നാഷണൽ ഗാലറിക്കു സമീപമാണ് അരങ്ങേറിയത്. ഫിലിപ്പീൻസിൽ ആത്മപീഡനത്തിന്റെ പ്രകടനമായിരുന്നു വിശുദ്ധ ദിനം. ആയിരക്കണക്കിനാളുകൾ ഇവിടെ ചങ്ങലകൾ കൊണ്ട് സ്വയം അടിച്ചു ശരീരത്തെ വേദനിപ്പിച്ചു കൊണ്ട് തെരുവുകളിലൂടെ പ്രകടനം നടത്തി. 

പാപമോചനം തേടിയുള്ള ഈ കൊടും ആത്മപീഡന ജാഥ പള്ളികളിലാണ് അവസാനിച്ചത്. ആർക്കും മാരകമായ പരിക്കേറ്റിട്ടില്ല. പ്രതീകാത്മക കുരിശുമരണത്തിനു സാക്ഷിയാകാൻ അര ലക്ഷത്തിലേറെ പേരാണ് തലസ്ഥാന നഗരമായ മനിലയ്ക്കടുത്ത് തടിച്ചു കൂടിയത്. പരമ്പരാഗതമായി ഫിലിപ്പീൻസിൽ നടന്നു വരുന്ന ആത്മപീഡനം നിറഞ്ഞ ദുഃഖ വെള്ളി ആചരണത്തിൽ പങ്കെടുക്കുന്നതിന് ഇത്തവണ സർക്കാർ ടൂറിസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെതിരെ സഭാ നേതൃത്വവും രംഗത്തെത്തിയിരുന്നു.

ബൊളീവിയയിലും ഇന്തൊനേഷ്യയിലും മെക്‌സിക്കോയിലും ദുഃഖ വെള്ളി ആത്മപീഡനത്തിന്റെ ദിനമായാണ് ലക്ഷക്കണക്കിന് വിശ്വാസികൾ ആചരിച്ചത്. ഇന്തൊനേഷ്യയിൽ ജനസംഖ്യയുടെ വെറും മൂന്ന് ശതമാനം മാത്രമുള്ള കത്തോലിക്ക് വിശ്വാസികൾ ജാവയിലെ വോനൊഗ്രി വനത്തിൽ യേശുവിന്റെ കുരിശുമരണം പ്രതീകാത്മകമായി അവതരിപ്പിച്ചു. മൂന്ന് പേരാണ് പീഡകൾ സഹിച്ച് ഇവിടെ കുരിശിലേറിയത്. വിശുദ്ധ ദിനാചരണങ്ങൾ അഞ്ച് ഭൂഖണ്ഡങ്ങളിലും വിശ്വാസികളുടെ മാസ്മരിക പ്രകടനങ്ങളോടെയാണ് നടന്നത്. അതിനിടെ വിശ്വാസികളുടെ ഈ പ്രകടനങ്ങളിൽ തീർത്തും വേറിട്ടു നിൽക്കുന്നതായി പോപ് ഫ്രാൻസിസിന്റെ ദുഃഖ വെള്ളി ആചരണം. ഇന്നലെ റോമിലെ ഒരു ജയിലിൽ തറയിലിരുന്ന് 12 തടവുകാരുടെ കാൽ കഴുകിക്കൊണ്ടാണ് പോപ് വേറിട്ടു നിന്നത്.

സ്‌പെയിനിൽ ക്രിസ്ത്യൻ സാഹോദര്യത്തിന്റെ പ്രഘോഷണമായി ആയിരക്കണക്കിന് വിശ്വാസികൾ പടിഞ്ഞാറൻ നഗരമായ സമോറയിൽ മെഴുകു തിരി കത്തിച്ച് സഹനത്തിന്റെ ഓർമ്മ പ്രകടനം നടത്തി. ഉറുഗ്വായിൽ ദുഃഖ വെള്ളി ആചരണം ഒരു കാർണിവൽ പോലെ ആയിരുന്നു. തലസ്ഥാന നഗരമായ മൊന്റോവിഡിയോയിൽ വിശുദ്ധ ദിനം വലിയ ആഘോഷം തന്നെയായിരുന്നു. നിക്കരാഗ്വ, എൽസാൽവദോർ അടക്കം മധ്യ അമേരിക്കൻ രാജ്യങ്ങളിൽ യേശുവിന്റെ പ്രതിരൂപങ്ങളെ കുരിശിലേറ്റിക്കൊണ്ടായിരുന്നു പ്രകടനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP