Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാന്തപുരത്തിന് സൗദിയിൽ വിലക്കില്ലെന്ന് എ പി വിഭാഗം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ; ദമാമിൽ പരിപാടി നടത്തിയതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട് മുസ്ലിയാർ

കാന്തപുരത്തിന് സൗദിയിൽ വിലക്കില്ലെന്ന് എ പി വിഭാഗം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ; ദമാമിൽ പരിപാടി നടത്തിയതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട് മുസ്ലിയാർ

റിയാദ്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ.പി വിഭാഗം) ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയതായി വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സംഘടന. കാന്തപുരം വിഭാഗക്കാർ തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകളെ തള്ളിക്കൊണ്ട് രംഗത്തെത്തിയത്. സൗദി മതകാര്യ മന്ത്രാലയത്തിന്റെ വിലക്കിനെ തുടർന്ന് ദാമാമിൽ സംഘടിപ്പിച്ച പരിപാടി ഉപേക്ഷിച്ചെന്ന പ്രചരങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കാന്തപുരം വിഭാഗത്തിന്റെ സൗദിയിലെ സംഘടനയായ ഐ സി എഫ് സഊദി നാഷനൽ കമ്മിറ്റി അറിയിച്ചു.

ദമാമിൽ ഒക്ടോബർ 27 നു ദമാമിൽ കാന്തപുരത്തിന്റെ പരിപാടിക്കായി സ്‌റ്റേഡിയം ലഭ്യമാകുന്നതിന് അപേക്ഷ നൽകിയിരുന്നു. അപേക്ഷ നേരത്തേ നൽകാത്തതിനാൽ സ്റ്റേഡിയം അധികൃതർ അനുമതി നൽകിയില്ല. അത് കാരണം തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തിയത്. ഈ സംഭവമാണ് സോഷ്യൽ മീഡിയയിലെ ചിലർ വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

കാന്തപുരത്തിന് വിലക്കേർപ്പെടുത്തിയെന്ന വിധത്തിൽ പുറത്തുവിട്ട കത്തിലെ കാര്യങ്ങൽ അവാസ്തവമാണെന്നും സംഘടന പറഞ്ഞു. 'ജാലിയാത്തിന്റേതെന്ന പേരിൽ മാസങ്ങൾക്കു മുമ്പുള്ള ഒരു കത്തും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. ആ കത്തിലെ വാചകങ്ങളും ദമാം സംഭവവും കൂട്ടിക്കുഴച്ച് കഥ മെനഞ്ഞാണു സഊദിയിൽ സുന്നി സംഘടനാ പ്രവർത്തനം തടഞ്ഞു എന്ന രീതിയിൽ തത്പര കക്ഷികൾ വാർത്ത പ്രചരിപ്പിക്കുന്നത്. ഇത് കള്ളപ്രചരണമാണെന്നും ഐ സി എഫ് സഊദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ജാലിയാത്തിന്റേതെന്നു പറഞ്ഞു പ്രചരിക്കുന്ന കത്തിന്റെ ആധികാരികത ഇനിയും വ്യക്തമല്ല. പ്രസ്തുത കത്തിൽ പറയുന്നത് ഇങ്ങനെയാണ്: 'ഇന്ത്യയിലെ ബറേൽവികളുടെ തെന്നിന്ത്യൻ നേതാവിന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ ആളുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന വിവരം നമുക്ക് ലഭിച്ചിരിക്കുന്നു. ഔലിയാക്കളെയും സജ്ജനങ്ങളേയും ആവശ്യത്തിൽ കൂടുതൽ സ്‌നേഹിക്കുന്ന വിഭാഗമാണത്. അവരുമായി സഹകരിക്കരുത്'. മാസങ്ങൾക്കു മുമ്പ് പ്രചരിപ്പിക്കപ്പെടുന്ന ഈ കത്തിന്റെ ഉള്ളടക്കവുമായി ദമാം സംഭവത്തെ ബന്ധപ്പെടുത്തിയാണ് വ്യാജ പ്രചാരണം നടക്കുന്നത്.

അതേസമയം കത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് യാതൊരു വിവരവുമില്ല. സഊദിയിൽ നിലവിൽ ഒരു മുസ്‌ലിം ഗ്രൂപ്പിനും നിരോധമില്ല, ആഭ്യന്തര വകുപ്പിന് മാത്രമേ രാജ്യത്ത് നിരോധനം ഏർപ്പെടുത്താനുള്ള അധികാരമുള്ളൂ. കഴിഞ്ഞ വർഷം തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട ചില ഗ്രൂപ്പുകളെ നിരോധിക്കുന്നതായി സഊദി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. ആ വിഭാഗങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു. അതിൽ 'ഇഖ്‌വാനിയ്യ:' (ബ്രദർഹുഡ്) മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. മറ്റു മുസ്‌ലിം വിഭാഗങ്ങൾക്കൊന്നും അവിടെ പ്രവർത്തന നിരോധനം നിലവിലില്ലെന്നം കാന്തപുരം വിഭാഗം നേതാക്കൾ അറിയിച്ചു.

ദമാമിലെ ഹോട്ടലിൽ വച്ച് നടത്തിയ പരിപാടിയുടെ ചിത്രങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ഫേസ്‌ബുക്ക് പേജിൽ അപ്ലേഡ് ചെയ്തിട്ടുണ്ട്. കാന്തപുരത്തിന്റെ പ്രവർത്തനങ്ങൾക്ക് സൗദിയിൽ നിരോധനം ഏർപ്പെടുത്തിയെന്ന വാർത്ത മീഡിയാ വൺ ചാനലാണ് പുറത്തുവിട്ടത്.

@ Dammam, Saudi Arabia. Thank you for the grand reception. Saudi is always a great destination spreading the peace message of Islam. May Allah bless all of us- Ameen.

Posted by ‎Sheikh Aboobacker Ahmed الشيخ أبوبكر أحمد‎ on Wednesday, October 28, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP