Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

11 വർഷം മുമ്പ് അൽഫോൻസാമ്മ ആദ്യ ഇന്ത്യൻ വിശുദ്ധയായി; അഞ്ച് കൊല്ലം മുമ്പ് ചാവറയച്ചനും ഏവുപ്രാശമ്മയും വിശുദ്ധരായതോടെ സീറോ മലബാർ സഭയ്ക്ക് ലോകമെമ്പാടുമുള്ള കത്തോലിക്കർക്കിടയിൽ സ്വീകാര്യതയായി; നാലാമത്തെ ഇന്ത്യൻ വിശുദ്ധയെ കൂടി സമ്മാനിച്ചതോടെ കേരളം ഇന്ത്യൻ വിശുദ്ധരുടെ ജന്മഭൂമിയാകുന്നു; വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്ടോബർ 13ന് പോപ്പ് ഫ്രാൻസിസ് വിശുദ്ധയായി പ്രഖ്യാപിക്കും; ഇന്നലെ ചേർന്ന കർദിനാൾ തിരുസംഗമം അനുമതി നൽകിയതോടെ കേരളസഭ ആഹ്ലാദത്തിൽ

11 വർഷം മുമ്പ് അൽഫോൻസാമ്മ ആദ്യ ഇന്ത്യൻ വിശുദ്ധയായി; അഞ്ച് കൊല്ലം മുമ്പ് ചാവറയച്ചനും ഏവുപ്രാശമ്മയും വിശുദ്ധരായതോടെ സീറോ മലബാർ സഭയ്ക്ക് ലോകമെമ്പാടുമുള്ള കത്തോലിക്കർക്കിടയിൽ സ്വീകാര്യതയായി; നാലാമത്തെ ഇന്ത്യൻ വിശുദ്ധയെ കൂടി സമ്മാനിച്ചതോടെ കേരളം ഇന്ത്യൻ വിശുദ്ധരുടെ ജന്മഭൂമിയാകുന്നു; വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്ടോബർ 13ന് പോപ്പ് ഫ്രാൻസിസ് വിശുദ്ധയായി പ്രഖ്യാപിക്കും; ഇന്നലെ ചേർന്ന കർദിനാൾ തിരുസംഗമം അനുമതി നൽകിയതോടെ കേരളസഭ ആഹ്ലാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയിൽ കേരളത്തിലെ സീറോ മലബാർ സഭയ്ക്കുമുള്ള പ്രധാന്യം അനുദിനം വർദ്ധിച്ചു വരുന്ന കാലഘട്ടമാണിപ്പോൾ. അതിന്റെ തെളിവായി കേരളത്തിൽ നിന്നും മറ്റൊരു വിശുദ്ധകൂടി പിറവിയെടുക്കുകയാണ്. വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യ ഒക്ടോബർ 13നു വിശുദ്ധ പദവിയിലേക്കെത്തും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ പ്രത്യേക യോഗത്തിൽ ഫ്രാൻസിസ് പാപ്പായാണ് തീയതി പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിൽ നിന്നും ഒരു വിശുദ്ധൻ കൂടി എത്തുന്നുവെന്ന ആഹ്ലാദത്തിലാണ് കേരളസഭ. ഇന്ത്യൻ വിശുദ്ധരുടെ ജന്മഭൂമികയാണ് കേരളം എന്ന നിലയിലാണ് ലോക മാധ്യമങ്ങൾ ഇപ്പോൾ കേരളത്തെ കുറിച്ച് പറയുന്നത്.

വിശുദ്ധ ഫിലിപ് നേരിയുടെ പേരിലുള്ള ഓറട്ടറി സ്ഥാപകൻ കർദിനാൾ ജോൺ ഹെന്റി ന്യൂമാൻ (ബ്രിട്ടൻ), വിശുദ്ധ കമീലൊയുടെ പുത്രികൾ എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപക ജുസെപ്പീന വന്നീനി (ഇറ്റലി), ദൈവമാതാവിന്റെ അമലോത്ഭവത്തിന്റെ പ്രേഷിത സഹോദരികൾ എന്ന സന്യാസിനീ സഭാംഗം ദുൾചെ ലോപസ് പോന്തെസ് (ബ്രസീൽ), വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാർഗരീത്ത ബെയ് (സ്വിറ്റ്‌സർലൻഡ്) എന്നിവരും ഒക്ടോബർ 13നു വിശുദ്ധരുടെ ഗണത്തിൽ ചേർക്കപ്പെടും. വത്തിക്കാനിൽ ബിഷപ്പുമാരുടെ സിനഡിൽ ആമസോൺ മേഖലയ്ക്കായുള്ള പ്രത്യേക സമ്മേളനത്തിനിടെയാവും ചടങ്ങ്.

1876 ഏപ്രിൽ 26 ന് തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ ജനിച്ച മറിയം ത്രേസ്യ 'തിരുക്കുടുംബത്തിന്റെ സഹോദരികൾ' എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയാണ്. കേരളത്തിൽ നിന്നും ആഗോള കത്തോലിക്കാ സഭയിലേക്ക് വിശുദ്ധയായി ഉയർത്തപ്പടെന്നു നാലാമത്തെയാളാണ് വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യ. അൽഫോൻസാമ്മ, ഏവുപ്രാശമ്മ, ചാവറയച്ചൻ എന്നിവരാണ് കേരളത്തിലെ സീറോ മലബാർ സഭയിൽ നിന്നും നേരത്തെ വിശുദ്ധരാക്കപ്പെട്ടത്. 11 വർഷങ്ങൾക്ക് മുമ്പാണ് അൽഫോൻസാമ്മ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. 2008 ഒക്ടോബർ 12 ന് ബെനഡിക്റ്റ് പതിനാറാമൻ പാപ്പയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. തുടർന്ന് ചാവറയച്ചനെയും സിസ്റ്റർ എവുപ്രാസ്യാമ്മയേയും ഫ്രാൻസീസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. 2014 നവംബർ 23 ന് വത്തിക്കാനിലായിരുന്നു നാമകരണ ചടങ്ങുകൾ.

ദൈവ സഹായം പിള്ള, തേവർപറമ്പിൽ കുഞ്ഞച്ചൻ എന്നിവർ നിലവിൽ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലുണ്ട്. ഈ ഗണത്തിൽ നിന്നാണ് മറിയം ത്രേസ്യയെ വാഴ്‌ത്തപ്പെട്ടവളാക്കി ഉയർത്തുന്നത്. ദൈവദാസൻ എന്നാതാണ് വിശുദ്ധരാക്കി ഉയർത്തുന്ന ഗണത്തിലേക്കുള്ള ആദ്യപടി. തുടർന്ന് ധന്യനാക്കും, മൂന്നാം ഘട്ടത്തിൽ വാഴ്‌ത്തപ്പെട്ടവരും നാലാം ഘട്ടത്തിലാണ് വിശുദ്ധരാക്കി ഉയർത്തുകയും ചെയ്യുന്നത്. ദരിദ്രരായ ആളുകൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി എന്ന നിലയിൽ പ്രശസ്തയാണ് സിസ്റ്റർ ത്രേസ്യ.

ദരിദ്രർക്കും ദുരിതബാധിതർക്കും ആശ്രയമായ ഹോളി ഫാമിലി സഭ സ്ഥാപിച്ചത് സിസ്റ്റർ ത്രേസ്യയായിരുന്നു. ഒമ്പത് രാജ്യങ്ങളിലായി 1,970 കന്യാസ്ത്രീകളാണ് ഹോളി ഫാമിലി സഭയിൽ പ്രവർത്തിക്കുന്നത്. ഇവർ വീടുകൾ സന്ദർശിക്കുകയും രോഗികളെ പരിചരിക്കുകയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തികുകയും ചെയ്തു. ഇന്ത്യ ആസ്ഥാനമായുള്ള സിറോ മലബാർ കത്തോലിക് സഭയിലെ അംഗമായ സിസ്റ്റർ മറിയം ത്രേസ്യ ചിറമേൽ മങ്കിടിയൻ 1876 ഏപ്രിൽ 26ന് കേരളത്തിലെ പുത്തൻചിറയിലാണ് ജനിച്ചത്.

വിശുദ്ധയാകാൻ പോകുന്ന മറിയം ത്രേസ്യയുടെ ചരിത്രം ഇങ്ങനെ:

തൃശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമത്തിലെ ചിറമേൽ മങ്കിടിയൻ തോമാ- താണ്ടാ ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമത്തെ കുഞ്ഞായി 1876 ഏപ്രിൽ 26ലാണ് മറിയം ത്രേസ്യയുടെ ജനനം. ഉത്തമമാതൃകയായ അമ്മയുടെ ശിക്ഷണത്തിൽ വളരെയേറെ ഭക്തിയിലും വിശുദ്ധിയിലുമാണ് അവൾ വളർന്നത്. സമ്പന്ന കുടുംബമായിരുന്നെങ്കിലും ക്രമേണ ദരിദ്രരായി തീരുകയായിരുന്നു. 12-ാം വയസിൽ അമ്മ മരണപ്പെട്ടതോടെ അവളുടെ വിദ്യാഭ്യാസവും നിലച്ചു. തന്റെ ദൈവനിയോഗം തിരിച്ചറിയാനുള്ള നീണ്ട അന്വേഷണത്തിലായിരുന്നു പിന്നീട് അവൾ. പ്രാർത്ഥനാഭരിതമായ ഒരു എളിയ ജീവിതമായിരുന്നു അവളുടെ ആഗ്രഹം. 1891ൽ വീട്ടിൽനിന്നും വളരെ ദൂരെയുള്ള ഒരു മലമ്പ്രദേശത്ത് പ്രാർത്ഥനയിലും അനുതാപത്തിലും അധിഷഷ്ഠിതമായ ജീവിതം നയിക്കാൻ അവൾ പദ്ധതിയിട്ടെങ്കിലും വിഫലമായി.

തന്റെ മൂന്ന് കൂട്ടുകാരികൾക്കൊപ്പം സ്ഥിരമായി ദൈവാലയത്തിൽ എത്തിയ അവൾ ദൈവാലയം വൃത്തിയാക്കുന്നതും അൾത്താര അലങ്കരിക്കുന്നതും പതിവാക്കി. ക്രിസ്തുവിനെ അനുകരിക്കാനുള്ള ആഴമായ ആഗ്രഹം കൊണ്ട് പാവങ്ങളെ സഹായിക്കുന്നതിലും തന്റെ ഇടവകയിൽ ഏകാന്തവാസം നയിക്കുന്നവരെ സന്ദർശിച്ച് സാന്ത്വനിപ്പിക്കുന്നതിലും വ്യാപൃതയായി അവൾ. രോഗികളായവർ മരിക്കുന്ന സാഹചര്യങ്ങളിൽ അവരുടെ അനാഥരായ മക്കളെ ത്രേസ്യാ സന്തോഷത്തോടെ പരിപാലിച്ചു.

മൂന്ന് സഹചാരികളെയും ഉൾപ്പെടുത്തി അവൾ ഒരു പ്രാർത്ഥനാ- പ്രേഷിത സംഘത്തിന് രൂപംകൊടുത്തു. സഹായം ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തി അവർ സഹായിച്ചു. വിപ്ലവകരമായ ഈ നൂതന സംരഭം 'പെൺകുട്ടികളെ തെരുവിലേക്കിറക്കുന്നു' എന്ന വിമർശനം ക്ഷണിച്ചു വരുത്തി. എന്നാൽ, ത്രേസ്യ തന്റെ വിശ്വാസം മുഴുവനും തിരുകുടുംബത്തിൽ അർപ്പിച്ചു. പ്രവചനവരം, രോഗശാന്തി, തേജോവലയം, മാധുര്യമേറിയ പരിമളം തുടങ്ങിയ ദൈവീക സമ്മാനങ്ങളാൽ അനുഗ്രഹീതയായിരുന്നു മറിയം ത്രേസ്യ. 1902 മുതൽ മരണംവരെ ഫാ. ജോസഫ് വിതയത്തിലായിരുന്നു അവളുടെ ആത്മീയ നിയന്താവ്. 1903ൽ മറിയം ത്രേസ്യാ ഏകാന്തമായ ഒരു പ്രാർത്ഥനാ ഭവനം നിർമ്മിക്കാനുള്ള അനുവാദത്തിനായി ബിഷപ്പിനെ സമീപിച്ചു. അന്നത്തെ അപ്പസ്തോലിക വികാരിയായിരുന്ന മാർ ജോൺ മേനാച്ചേരി അവളുടെ ദൈവനിയോഗം വിവേചിച്ചറിഞ്ഞ് 10 വർഷത്തിനുശേഷം 1913ലാണ് അതിന് അനുവാദം നൽകിയത്. അധികം വൈകാതെ ത്രേസ്യയും മൂന്ന് സഹചാരികളും അങ്ങോട്ട് മാറി.

ഒരു ആത്മീയസഭയുടെ സാധ്യത മെത്രാൻ കണ്ടെത്തിയതിന്റെ ഫലമാണ് 1914മെയ് 14ന് രൂപം കൊണ്ട ഹോളി ഫാമിലി സന്യാസിനീ സഭ. മറിയം ത്രേസ്യ സഭയുടെ ആദ്യത്തെ സുപ്പീരിയറും ഫാ. വിതയത്തിൽ ചാപ്ലയിനുമായി. അവളുടെ മൂന്ന് സഹചാരികളും പോസ്റ്റുലന്റ്സായി ചേർക്കപ്പെട്ടു. 12 വർഷത്തിനുള്ളിൽ മൂന്ന് പുതിയ മഠങ്ങളുംസ്‌കൂളുകളും രണ്ട് പാർപ്പിട സൗകര്യങ്ങളും പഠനത്തിനുള്ള ഒരു ഭവനവും ഒരു അനാഥാലയവും സ്ഥാപിക്കാൻ ത്രേസ്യാക്ക് കഴിഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായിരുന്നു പ്രമുഖ സ്ഥാനം നൽകിയത. 1926 ജൂൺ എട്ടിന് മറിയ ത്രേസ്യ ഇഹലോകവാസം വെടിഞ്ഞത്.

മറിയം ത്രേസ്യയുടെ നാമകരണ നടപടികൾ ആരംഭിച്ചത് 1982ലാണ്. 1999 ജൂൺ 28ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ധന്യയായി പ്രഖ്യാപിച്ചു. ജന്മനാ മുടന്തനായ മാത്യു പെല്ലിശ്ശേരിക്കുണ്ടായ അത്ഭുത രോഗസൗഖ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് 2000 ഏപ്രിൽ ഒൻപതിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിൽ ഉൾപ്പെടുത്തിയത്. അവിടെ നിന്നാണ് ഇപ്പോൾ വാഴ്‌ത്തപ്പെട്ടവളാക്കി ഉയർത്താനും പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP