റവ. വി എസ്.ഫ്രാൻസിസിനെ സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പായി തിരഞ്ഞെടുത്തു; സ്ഥാനാരോഹണ ചടങ്ങുകൾ മറ്റന്നാൾ; പുതിയ നിയമനം ബിഷപ് ഡോ. കെ.ജി.ദാനിയേൽ വിരമിക്കുന്ന ഒഴിവിലേക്ക്
July 06, 2019 | 08:35 AM IST | Permalink

മറുനാടൻ ഡെസ്ക്
മേലുകാവ് ; സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുടെ നാലാമത് ബിഷപ്പായി റവ. വി എസ്.ഫ്രാൻസിസിനെ (58) തിരഞ്ഞെടുത്തു. ബിഷപ് ഡോ. കെ.ജി.ദാനിയേൽ വിരമിക്കുന്ന ഒഴിവിലേക്കാണു പുതിയ ബിഷപ്പിനെ നിയമിക്കുന്നത്. ചെന്നൈയിൽ സിഎസ്ഐ ആസ്ഥാനത്തു മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മന്റെ അധ്യക്ഷതയിൽ ചേർന്ന സിനഡ് കമ്മിറ്റിയാണു പുതിയ ബിഷപ്പിനെ തിരഞ്ഞെടുത്തത്.
8ന് 8.30ന് മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രലിൽ സിഎസ്ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മന്റെ മുഖ്യകാർമികത്വത്തിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. മഹായിടവക ട്രഷററും സിഎസ്ഐ സിനഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.ഇടുക്കി ചേലച്ചുവട് എള്ളുപുറം വരിക്കയാനിക്കൽ പരേതരായ വി.ഐ. സാമുവലിന്റെയും അന്നമ്മയുടെയും മൂന്നാമത്തെ മകനാണ്.
സിഎസ്ഐ മിഷൻ ബോർഡ് സെക്രട്ടറി, സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി, സന്നദ്ധ സുവിശേഷ സംഘം ജനറൽ സെക്രട്ടറി, ബിഷപ് കമ്മിസറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഡാർളി ഫ്രാൻസിസ്. മക്കൾ: ഫ്രാങ്ക്ലിൻ സാം ഫ്രാൻസിസ്, ഫെച്മാ ഫ്രാൻസിസ്.
