Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മംഗളാദേവിയെ തൊഴാൻ ആയിരങ്ങൾ ഒഴുകിയെത്തി; ക്ഷേത്ര പുനരുദ്ധാരണത്തിന് കേരളം താൽപ്പര്യമെടുക്കുന്നില്ല; അവസരം മുതലാക്കാൻ തമിഴ്‌നാടും; ദർശനസമയം കൂട്ടണമെന്നും ആവശ്യം

മംഗളാദേവിയെ തൊഴാൻ ആയിരങ്ങൾ ഒഴുകിയെത്തി; ക്ഷേത്ര പുനരുദ്ധാരണത്തിന് കേരളം താൽപ്പര്യമെടുക്കുന്നില്ല; അവസരം മുതലാക്കാൻ തമിഴ്‌നാടും; ദർശനസമയം കൂട്ടണമെന്നും ആവശ്യം

കുമളി: മംഗളാദേവി ക്ഷേത്രം പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇടിഞ്ഞുപൊളിഞ്ഞ് എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ് മംഗളാദേവി ക്ഷേത്രം. കഴിഞ്ഞ ദിവസം തീർത്ഥാടനത്തിന് എത്തിയവരാണ് ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ തമിഴ്‌നാട്ടിൽനിന്നുള്ള ഭക്തരാണ് ഈ ആവശ്യം ഉന്നയിച്ചിരുന്നതെങ്കിൽ ഇപ്പോൾ കേരളത്തിൽനിന്നുള്ളവരും ക്ഷേത്രം നവീകരിക്കണമെന്ന്‌വാദിക്കുന്നു. ക്ഷേത്രത്തോടുള്ള അവഗണന സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും ഇത് തമിഴ്‌നാട് മുതലെടുക്കുമെന്നും വിമർശനമുണ്ട്.

ഇടുക്കി,തേനി ജില്ലാഭരണകൂടങ്ങളുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന മംഗളാദേവി ചിത്രാപൗർണ്ണമിയിൽ പതിനായിരങ്ങൾ ഇത്തവണയും പുണ്യ ദർശനംനേടി. 18,507 ഭക്തർ സന്ദർനം നടത്തിയെന്നാണ് പ്രഥമ വിവരം. ഇത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. ഇന്നലെ പുലർച്ചെ നാല് മണിയോടെ പൂജാരിമാർ ക്ഷേത്രത്തിൽ പ്രവേശിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ആറ് മണി മുതലാണ് ഭക്തർക്ക് ദർശനത്തിനായി ക്ഷേത്രത്തിലേയ്ക്കുള്ള പ്രധാന ഗേറ്റ് തുറന്ന് കൊടുത്തത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിവരെയാണ് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. കുമളിയിൽ നിന്നും കൊക്കരക്കണ്ടം താണ്ടി കരടിക്കവല വഴിയാണ് ആയിരങ്ങൾ ക്ഷേത്രത്തിൽ എത്തിയത്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള പൂജാരികളുടെ സംഘം ഗണപതിഹോമത്തോടെയാണ് പൂജകൾക്ക് തുടക്കം കുറിച്ചത്.

1800 വർഷമെങ്കിലും പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അതിശോചനീയമാണ്. തമിഴ്‌നാട്ടിൽനിന്ന് ഒട്ടേറെ ഭക്തർ എത്തുന്ന ക്ഷേത്രം തങ്ങൾക്ക് വേണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. ക്ഷേത്രം അറ്റകുറ്റപ്പണി നടത്തുന്നതിൽ കേരളം ഒട്ടും താല്പര്യം കാണിക്കുന്നില്ല എന്ന് അവർ പരാതിപ്പെടുന്നുണ്ട്. ഈ കാരണം കാണിച്ച് തമിഴ്‌നാട് കോടതിയെ സമീപിച്ചിട്ടുമുണ്ട്. തമിഴ്‌നാട് കോടതിയെ സമീപിച്ചതിനെ തുടർന്ന് പുരാവസ്തു ഉദ്യോഗസ്ഥർ ക്ഷേത്രം സന്ദർശിച്ചു. എന്നാൽ ക്ഷേത്രത്തിന്റെ പഴയ മാതൃക ലഭിച്ചാൽ പുനർനിർമ്മാണം എന്നായിരുന്നു അവർ സ്വീകരിച്ച നിലപാട്. പുനർനിർമ്മാണം നടത്തിയില്ലെങ്കിലും ഇളകിമാറിക്കിടക്കുന്ന കരിങ്കല്ലുകൾ യഥാസ്ഥാനത്ത് ഉറപ്പിക്കുകയെങ്കിലും ചെയ്യണമെന്നാണ് ആവശ്യം.

ക്ഷേത്രം സ്ഥതിചെയ്യുന്ന സ്ഥലം തമിഴ്‌നാട്‌കേരള അതിർത്തിയിൽ കേരളത്തിന്റെ സമ്പൂർണ ഉടമസ്ഥതയിലാണ്. ക്ഷേത്രത്തിലേക്കുള്ള റോഡ് പൂർണമായും കേരളത്തിൽക്കൂടിയാണ്. ഗൂഡല്ലൂർ, കമ്പം, തേനി എന്നിവിടങ്ങളിൽനിന്നുള്ള തമിഴ് ഭക്തരിൽ ചിലർ കാട്ടിലെ ഒറ്റയടിപ്പാത വഴി വരുന്നു. കുമളിയിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള റോഡ് പൂർണമായും സഞ്ചാരയോഗ്യമാക്കി മാറ്റണമെന്നാണ് ഭക്തരുടെ ആവശ്യം. അതിനിടെ മംഗളാദേവി ക്ഷേത്രത്തിൽ ദർശനം നടത്താനുള്ള സമയം ദീർഘിപ്പിക്കണമെന്ന് ഹിന്ദുഐക്യവേദിയും ആവശ്യപ്പെട്ടു.

ഇപ്പോൾ വർഷത്തിലൊരിക്കൽ ചിത്രാപൗർണമി ദിനത്തിൽ മാത്രമാണ് സംഘകാലത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ദർശനത്തിന് സൗകര്യമുള്ളത്. ഒരുദിവസം മാത്രം ദർശനത്തിന് അവസരമുള്ളതിനാൽ കേരളത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾക്ക് മംഗളാദേവി ക്ഷേത്രത്തിൽ എത്താനാകാത്ത സ്ഥിതിയാണ്. ചിത്രാപൗർണമിക്ക് പത്തുദിവസം മുൻപെങ്കിലും ക്ഷേത്രത്തിൽ ദർശനത്തിന് സൗകര്യമൊരുക്കണമെന്നാണ് ഹിന്ദുഐക്യവേദിയുടെ നിലപാട്. ഇപ്പോൾ ചിത്രാപൗർണമിയുടെ അന്നുമാത്രം ദർശനസൗകര്യമുള്ളതിനാൽ കാൽലക്ഷത്തോളം ആളുകൾക്കേ ദേവിയെ തൊഴുതുമടങ്ങാനാകുന്നുള്ളൂവെന്നും പറയുന്നു.

മാത്രവുമല്ല വർഷത്തിലൊരിക്കൽ മാത്രം നടതുറക്കുന്നതിനാൽ ക്ഷേത്രത്തിന്റെ ചൈതന്യം നാടിന് ഏറ്റുവാങ്ങാനും കഴിയുന്നില്ല. ക്ഷേത്രത്തിനേതിരെ കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നത് തടയാൻ ഒരു നടപടിയും ഇപ്പോൾ ഇവിടെയില്ല. ചിത്രാപൗർണി കഴിഞ്ഞാൽ ക്ഷേത്രം കാടുകയറുന്ന സ്ഥിതിയാണ്. പുരാവസ്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തിൽ ഭക്തർക്ക് പൂജ നടത്തുന്നതിനായി കൂടുതൽ അധികാരം നൽകണം. ഇതിനായി കേരള തമിഴ്‌നാട് സർക്കാരുകൾ തമ്മിൽ ചർച്ച നടത്തണം. ഇടുക്കി ജില്ലാ കളക്ടർ ബന്ധപ്പെട്ട അധികാരികളുമായി ഹൈന്ദവരുടെ വികാരം പങ്കുവയ്ക്കണം. പഴമയ്ക്ക് കോട്ടംവരാത്തരീതിയിൽ നവീകരണം നടത്തുന്നതിന് പുരാവസ്തുവകുപ്പ് എതിരുനിൽക്കില്ലെന്നും ഹിന്ദു ഐക്യവേദി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP