പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് 10 കോടിയുടെ പദ്ധതിയുമായി മാർത്തോമ്മാ സഭയുടെ ബജറ്റ്; പദ്ധതി വീട് പൂർണമായും നഷ്ടപ്പെട്ട 100 പേർക്കും ഭാഗികമായി നഷ്ടപ്പെട്ട 65 പേർക്കും വേണ്ടി;
September 15, 2019 | 08:05 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവല്ല: പ്രകൃതി ദുരന്തങ്ങൾക്കും പ്രളയത്തിനും ശേഷമുള്ള പുനരധിവാസത്തിന് 10 കോടിയുടെ പദ്ധതിയുമായി മാർത്തോമ്മാ സഭയുടെ 2019-20 വർഷത്തെ ബജറ്റ്. പ്രളയക്കെടുതിയിൽ വീട് പൂർണമായും നഷ്ടപ്പെട്ട 100 പേർക്കും ഭാഗികമായി നഷ്ടപ്പെട്ട 65 പേർക്കുമാണ് പുനരധിവാസ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 146,35,19,485 രൂപ വരവും 51,20,90,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സഭാ പ്രതിനിധി മണ്ഡലത്തിൽ അൽമായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് അവതരിപ്പിച്ചു. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മാർത്തോമ്മാ സഭ പ്രതിനിധി മണ്ഡല സമാപന സമ്മേളനത്തിൽ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സന്ദേശം നൽകി. ലഹരി വിമോചനവും സുവിശേഷീകരണവും എന്ന മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയതിന് മാർത്തോമ്മാ സഭയുടെ മാനവ സേവ പുരസ്കാരം കുറ്റപ്പുഴ ജറുസലം മാർത്തോമ്മാ ഇടവകാംഗമായ റവ. തോമസ് പി.ജോർജിനും ചെറുകിട കർഷകനുള്ള മാർത്തോമ്മാ കർഷക പുരസ്കാരം കുലശേഖരം സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗം കെ.ജേക്കബ് കുര്യനും സമ്മാനിച്ചു. മികച്ച ഗ്രന്ഥരചനയ്ക്ക് വൈദികർക്കുള്ള പുരസ്കാരങ്ങൾ റവ. ഡോ. കെ.ജയിംസൺ, റവ. ജോൺ ഫിലിപ് അട്ടത്തറയിൽ എന്നിവർക്ക് നൽകി.
ഹരിത പുരസ്കാരം കായംകുളം മാർത്തോമ്മാ പള്ളിക്കും, കോട്ടയം തിയോളജിക്കൽ സെമിനാരിക്കും മികച്ച സെമിത്തേരിക്കുള്ള അവാർഡ് കുറിയന്നൂർ ശാലേം മാർത്തോമ്മാ ഇടവകയ്ക്കും ലഭിച്ചു. സജീവ സേവനത്തിൽ നിന്ന് വിരമിച്ച വൈദികരെ ആദരിച്ചു. വിവിധ മെറിറ്റ് കാഷ് അവാർഡുകളും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സമ്മാനിച്ചു.
