Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാവേറുകളായാൽ സ്വർഗ്ഗരാജ്യം കിട്ടുമെന്ന് പ്രചരിപ്പിക്കുന്നവർ ഖുർആനിനെക്കുറിച്ച് അറിവില്ലാത്തവർ; ചാവേറുകൾക്ക് നരകം മാത്രമെ ലഭിക്കൂ; ശ്രീലങ്കയിൽ ആക്രമണം നടത്തിയത് ചെകുത്താന്മാരാണ്; ചില യുവാക്കളുടെ പ്രവൃത്തി സമുദായത്തിനാകെ ദുഷ്‌പേരുണ്ടാക്കുന്നു; ഈദ് നമസ്‌കാരത്തിനിടെ മതതീവ്രവാദത്തിനെതിരെ ആഹ്വാനവുമായി പണ്ഡിതർ

ചാവേറുകളായാൽ സ്വർഗ്ഗരാജ്യം കിട്ടുമെന്ന് പ്രചരിപ്പിക്കുന്നവർ ഖുർആനിനെക്കുറിച്ച് അറിവില്ലാത്തവർ; ചാവേറുകൾക്ക് നരകം മാത്രമെ ലഭിക്കൂ; ശ്രീലങ്കയിൽ ആക്രമണം നടത്തിയത് ചെകുത്താന്മാരാണ്; ചില യുവാക്കളുടെ പ്രവൃത്തി സമുദായത്തിനാകെ ദുഷ്‌പേരുണ്ടാക്കുന്നു; ഈദ് നമസ്‌കാരത്തിനിടെ മതതീവ്രവാദത്തിനെതിരെ ആഹ്വാനവുമായി പണ്ഡിതർ

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ: വ്രതശുദ്ധിയുടെ പുണ്യവുമായി സംസ്ഥാനത്ത വിവിധ പള്ളികളിൽ ഈദ് നമസ്‌കാരം നടത്തി. ഈദ് ഗാഹുകളിൽ മതതീവ്രവാദത്തിന് എതിരെ മത പണ്ഡിതർ ആഹ്വാനം ചെയ്തു. ശ്രീലങ്കയിൽ ആക്രമണം നടത്തിയത് ചെകുത്താന്മാരാണെന്നും ചില യുവാക്കളുടെ പ്രവൃത്തി സമുദായത്തിനാകെ ദുഷ്‌പേരുണ്ടാക്കുന്നുവെന്നും തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്‌കാരത്തിൽ, ഇമാം വിപി ഷുഹൈബ് മൗലവി പറഞ്ഞു. ഒരു മത വിഭാഗത്തോടുള്ള എതിർപ്പ് ആ ജനവിഭാഗത്തോട് നീതി കാട്ടുന്നതിന് തടസമാകരുത്. ലോക സമാധാനം തിരിച്ചു കൊണ്ടുവരാനാണ് വിശ്വാസികൾ ശ്രമിക്കേണ്ടത്. പവിത്രമായ വിശ്വാസത്തെ ചിലർ അജണ്ടകൾക്കായി വികലമാക്കുന്നുവെന്ന് പാളയം ഇമാം പറഞ്ഞു.

ചാവേറുകളായാൽ സ്വർഗ്ഗരാജ്യം കിട്ടുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇവർ ഖുർആനിനെക്കുറിച്ച് അറിവില്ലാത്തവരാണെന്നും ചാവേറുകൾക്ക് നരകം മാത്രമെ ലഭിക്കൂവെന്നും വി പി ഷുഹൈബ് മൗലവി പറഞ്ഞു. സ്ത്രീകളോടും കുട്ടികളോടും പോലും അതിക്രമം കാട്ടുന്നവർ പ്രവാചകനെക്കുറിച്ച് അറിവില്ലാത്തവരാണ്. എല്ലാ മതങ്ങളിലും തീവ്ര നിലപാടുകളിലേക്ക് നീങ്ങുന്ന പ്രവണതയുണ്ട്. തീവ്രദേശീയതയും അതുപോലെ തന്നെ എതിർക്കപ്പെടേണ്ടതാണെന്നും ഉന്മാദ ദേശീയതയിൽ ഊന്നിയുള്ള പ്രത്യയശാസ്ത്രം ലോകത്ത് എവിടെയൊക്കെ ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം നാശമാണ് ഉണ്ടായതെന്നും ഷുഹൈബ് മൗലവി ഓർമ്മിപ്പിച്ചു.

വടക്കേ മലബാറിൽ സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം പകർന്ന് പള്ളികളിലും ഈദ് -ഗാഹ് കളിലും വിശ്വാസികൾ ഒരുമിച്ചു. ഒരു മാസത്തെ വ്രതശുദ്ധിയിൽ ആരാധനാ കർമ്മങ്ങളിൽ മുഴുകിയും സക്കാത്ത് നൽകിയും പാപമോചനത്തിനായി പ്രാർത്ഥിച്ചുമാണ് വിശ്വാസികൾ കഴിഞ്ഞത്. ഇന്ന് രാവിലെ 7 മുതൽ 9 വരെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്‌ക്കാരവും പൊതു സ്ഥലങ്ങളിൽ ഈദ് -ഗാഹും നടത്തി. വ്രതാനുഷ്ടാനം പൂർത്തിയാക്കിയത്തിന്റെ വിജയാഘോഷം കൂടിയാണ് ചെറിയ പെരുന്നാൾ. ഇന്നലെ വൈകീട്ട് മഗ്രിബ് നമസ്‌ക്കാരത്തിന് ശേഷം ചെറിയ പെരുന്നാളിന്റെ വരവറിയിച്ച് തക്‌ബീർ ധ്വനികൾ മുഴങ്ങിയതോടെയാണ് പെരുന്നാൾ ആഘോഷത്തിന് തുടക്കമിട്ടത്.

ഒരു മാസത്തോളം വ്രതം, പ്രാർത്ഥന, ദാന ധർമ്മങ്ങൾ എന്നിവയിലൂടെ വിശ്വാസികൾക്ക് അനുവദിച്ച പ്രധാന ആഘോഷങ്ങളിലൊന്നാണ് ഈദുൾ ഫിത്തർ. വടക്കേ മലബാറിൽ പെരുന്നാൾ രാവിൽ തന്നെ സ്ത്രീകളും കുട്ടികളും കയ്യിൽ മൈലാഞ്ചി അണിഞ്ഞ് ആഘോഷത്തിന് മാറ്റുകൂട്ടി. രാത്രിയോടെ ഗ്രാമങ്ങളും നഗരങ്ങളും പെരുന്നാൾ തിരക്കിൽ ആറാടിയിരുന്നു. ഇന്ന് രാവിലെ തന്നെ പെരുന്നാൾ നമസ്‌ക്കാരത്തിന് വിവിധ പള്ളികളിൽ കുട്ടികളടക്കമുള്ള വിശ്വാസികൾ എത്തി. നമസ്‌ക്കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചും ബന്ധങ്ങൾ ഊട്ടിഉറപ്പിച്ചു. സ്നേഹാഭിവാദ്യങ്ങൾ നേരുന്ന വേള കൂടിയാണ് വടക്കേ മലബാറിൽ പെരുന്നാൾ. ആഘോഷത്തിന്റെ ആനന്ദത്തിൽ ആറാടുമ്പോഴും കഷ്ടപ്പെടുന്ന ആരുമുണ്ടാകരുതെന്ന് ഉറപ്പിക്കേണ്ട ബാധ്യതയും ഓരോ വിശ്വാസികൾക്കും നിർബന്ധമാണ്. അതിനാൽ റമദാൻ അവസാനിച്ചതോടെ അർഹതപ്പെട്ടവർക്ക് ഫിത്വർ സക്കാത്ത് കൂടി നൽകിയാണ് ആഘോഷത്തിലേക്ക് കടന്നതു തന്നെ.

പള്ളികൾക്കു പുറമേ പെരുന്നാൾ നമസ്‌ക്കാരത്തിനായി വിവിധ കേന്ദ്രങ്ങളിലായി പൊതു സ്ഥലത്ത് ഈദ് ഗാഹും നടത്തി. ബന്ധുവീടുകളിലും അയൽ വീടുകളിലും സന്ദർശിച്ച് പെരുന്നാൾ ആശംസകൾ കൈമാറാനും ഈ ദിവസം സമയം കണ്ടെത്തും. കണ്ണൂർ സിറ്റി ജുമാ മസ്ജിദ്, തെക്കീ ബസാർ മസ്ജിദ്, താഴെചൊവ്വ ജുമാമസ്ജിദ്, കാടാച്ചിറ ജിലാനി മസ്ജിദ്, കണ്ണൂർ മൊഹയുദ്ദീൻ ജുമാമസ്ജിദ്, മട്ടന്നൂർ ഹിറാ മസ്ജിദ്, ഉളിയിൽ സുന്നി മജ്ലിസ്, തലശ്ശേരി ഓടത്തിൽ പള്ളി മസ്ജിദ്, തുടങ്ങിയ വിവിധ പള്ളികൾ കേന്ദ്രീകരിച്ചും വിശ്വാസികൾ നമസ്‌ക്കാരത്തിൽ പങ്കെടുത്തു. കാസർഗോഡ് ജില്ലയിലെ വിവിധ മസ്ജിദുകൾ കേന്ദ്രീകരിച്ചും നമസ്‌ക്കാരം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP