Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ന് തങ്ക അങ്കി സന്നിധാനത്തെത്തും; എങ്ങും കനത്ത സുരക്ഷയും മുന്നൊരുക്കവും; ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണി മതുൽ ദീപാരാധന കഴിയും വരെ ഭക്തർക്ക് തിരുമുറ്റത്തേക്ക് പ്രവേശനമില്ല; തങ്ക അങ്കി ഘോഷയാത്ര പോകുന്നിടങ്ങളിൽ ഒക്കെ നിയന്ത്രണം; നാളത്തെ മണ്ഡല പൂജയ്ക്കായി ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹം; വിവാദങ്ങൾക്കിടയിലും ശബരിമല ഭക്തരുടെ ആവേശത്താൽ വീർപ്പുമുട്ടുന്നു

ഇന്ന് തങ്ക അങ്കി സന്നിധാനത്തെത്തും; എങ്ങും കനത്ത സുരക്ഷയും മുന്നൊരുക്കവും; ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണി മതുൽ ദീപാരാധന കഴിയും വരെ ഭക്തർക്ക് തിരുമുറ്റത്തേക്ക് പ്രവേശനമില്ല; തങ്ക അങ്കി ഘോഷയാത്ര പോകുന്നിടങ്ങളിൽ ഒക്കെ നിയന്ത്രണം; നാളത്തെ മണ്ഡല പൂജയ്ക്കായി ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹം; വിവാദങ്ങൾക്കിടയിലും ശബരിമല ഭക്തരുടെ ആവേശത്താൽ വീർപ്പുമുട്ടുന്നു

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മണ്ഡല പൂജക്ക് അയ്യപ്പന് ചാർത്താനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. 23ന് രാവിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് സന്നിധാനത്ത് എത്തുക. വ്യാഴാഴ്ച ആണ് മണ്ഡല പൂജ. ഇതിനുള്ള ഒരുക്കങ്ങളെല്ലാം സന്നിധാനത്ത് പൂർത്തിയായി. 26ന് വൈകിട്ടു ശബരിമല സന്നിധാനത്ത് എത്തിച്ചേരുന്ന തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായി അന്നേദിവസം ഭക്തർക്കു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ബുധനാഴ്ച പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്നും യാത്ര പുറപ്പെടും. പിന്നീട് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ, ചാലക്കയം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയ്ക്ക് പമ്പയിൽ എത്തും. പമ്പാ ത്രിവേണിയിൽ എത്തുന്ന രഥഘോഷയാത്രയെ ദേവസ്വം ഭാരവാഹികൾ, അയ്യപ്പ സേവാ സംഘം പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ച് ഗണപതി കോവിലിലേക്ക് കൊണ്ടുപോകും. മൂന്നു മണി വരെ തങ്ക അങ്കി ദർശനത്തിന് വെക്കും. തുടർന്ന് തങ്ക അങ്കി പേടകത്തിലാക്കി സന്നിധാനത്തേക്ക് തിരിക്കും. തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാരപൂർവമുള്ള സ്വീകരണം നൽകി പതിനെട്ടാം പടിക്ക് ചുവട്ടിലേക്ക് ആനയിക്കും. പിന്നീട് പടി കയറി തങ്ക അങ്കിയുമായി മുകളിലെത്തുമ്പോൾ കൊടിമരച്ചുവട്ടിൽ വെച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ, ദേവസ്വം വകുപ്പ്‌സെക്രട്ടറി, ദേവസ്വം കമ്മീഷണർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടുപോകും.

ഇവിടെ നിന്നും ക്ഷേത്ര തന്ത്രിയും മേൽശാന്തിയും ചേർന് തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിൽ നട അടയ്ക്കും. തുടർന്ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയ്ക്കായി നട തുറക്കും. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ ഉച്ചക്ക് 12ന് നടക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് മുഖ്യ കാർമികത്വം വഹിക്കും. രാത്രി നട അടയ്ക്കുന്നതോടെ ഈ മണ്ഡല കാലത്തിന് സമാപനമാവും. പിന്നെ മകരവിളക്ക് ഉത്സവത്തിന് 30ന് വൈകിട്ട് വീണ്ടും നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്.

ഇന്ന് 26ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഉച്ചപൂജയ്ക്ക്ശേഷം നടയടച്ച് ക്ഷേത്രതിരുമുറ്റം കഴുകി വൃത്തിയാക്കും. ഒരു മണി മുതൽ വൈകിട്ട് ദീപാരാധന കഴിയുന്നതു വരെ ഭക്തരെ ദർശനത്തിനായി തിരുമുറ്റത്തേക്കു കടത്തിവിടില്ല. വൈകിട്ടു നാലിനാണു നട തുറക്കുക. തങ്ക അങ്കി ഘോഷയാത്ര ശരംകുത്തിയിൽനിന്നു സ്വീകരിച്ചാനയിച്ചു ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്നതു വരെ ശരംകുത്തിയിൽനിന്നു സന്നിധാനത്തേക്കു ഭക്തരെ കടത്തി വിടില്ല. ഘോഷയാത്രയുടെ ഭാഗമായി കർശന സുരക്ഷാക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും ഈ സമയങ്ങളിൽ അയ്യപ്പഭക്തർക്കു നിയന്ത്രണമുണ്ടാകും.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വൻ ഭക്തജനതിരക്കാണു ശബരിമലയിൽ അനുഭവപ്പെട്ടത്. ഈ ദിവസങ്ങളിൽ ഒന്നേകാൽ ലക്ഷത്തിലധികം ഭക്തർ വീതം മലചവിട്ടി. മണ്ഡലപൂജയോടനുബന്ധിച്ച് സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെടുമെന്നാണു വിലയിരുത്തൽ. മണ്ഡലപൂജ കഴിയുന്നതു മുതൽ കെഎസ്ആർടിസി നിലക്കലിലേയ്ക്കും എല്ലാ ദീർഘദൂര റൂട്ടുകളിലേക്കും യഥേഷ്ടം ബസ് സർവീസുകൾ നടത്തും.

തീർത്ഥാടകരുടെ തിരക്കുകാരണം ഉച്ചയ്ക്ക് മൂന്ന് മണിയോടെ പമ്പ നടപ്പന്തലിലെ ബാരിക്കേഡുകൾ വീണ്ടും താഴ്‌ത്തിയിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് വീണ്ടും തുറന്നത്. തിരക്കിന് കുറവില്ലെങ്കിലും ഇനി തൽക്കാലം ബാരിക്കേഡുകൾ താഴ്‌ത്തണ്ടെന്നാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ബാരിക്കേഡ് ഉയർത്തുമ്പോൾ പുറകിൽ തിരക്കുകൂടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധങ്ങൾ ബാധിച്ചില്ലകഴിഞ്ഞ രണ്ട് ദിവസമായി യുവതീ പ്രവേശത്തിന്റെ പേരിൽ പമ്പയിലും മരക്കൂട്ടത്തും നടന്ന പ്രതിഷേധങ്ങൾ തീർത്ഥാടക വരവിനെ ഒരുതരത്തിലും ബാധിച്ചില്ല. പ്രതിഷേധം നടന്ന ദിവസങ്ങളിലും തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP