ഇനി എല്ലാം ഹൈടെക്: തീർത്ഥാടകർക്ക് ഇലക്രോണിക് വാച്ചും ചിപ്പ് ഘടിപ്പിച്ച ബാഡ്ജും ഇയർഫോണും; ഹജ്ജ് തീർത്ഥാടനം സുഗമമാക്കാൻ പുതിയ പദ്ധതികളുമായി സൗദി മന്ത്രാലയം
July 12, 2018 | 09:41 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
മക്ക: ഓരോ വർഷവും ഹജ്ജ് തീർത്ഥാടനം കൂടുതൽ സുഗമമാക്കാൻ സൗദി സർക്കാർ നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. തീർത്ഥാടകർക്ക് ഹൈടെക് സംവിധാനം ഒരുക്കാനാണ് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. സാങ്കേതിക വിദ്യ ഉപയോഗിച്ച് തീർത്ഥാടനം അനായാസമാക്കുകയാണ് ലക്ഷ്യം. പത്തുവർഷത്തിനകം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
തീർത്ഥാടകർക്ക് ഇലക്ട്രോണിക് വാച്ച്, ചിപ്പ് ഘടിപ്പിച്ച ബാഡ്ജ്, ഇയർഫോൺ എന്നിവ അടങ്ങിയ കിറ്റ് യാത്ര പുറപ്പെടുന്ന കേന്ദ്രങ്ങളിൽ നിന്ന് തന്നെ വിതരണം ചെയ്യും. ഇതുപയോഗിച്ച് ചെക്ക് ഇൻ നടപടികളും എമിഗ്രേഷൻ ക്ലിയറൻസും ഉൾപ്പെടെയുള്ളവ വേഗത്തിൽ പൂർത്തിയാക്കാം. പുണ്യനഗരങ്ങളിൽ തീവണ്ടികളിൽ സഞ്ചരിക്കാനും ഹോട്ടലുകളിൽ താമസത്തിനും ഇലക്ട്രോണിക് ബാഡ്ജ് ഉപയോഗിക്കാൻ അനുമതിയുണ്ടാകും.
തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽ ഇയർഫോൺ വഴി ലഭ്യമാകും. മസ്ജിദുൽഹറമിൽ പ്രദക്ഷിണം പൂർത്തീകരിക്കുമ്പോഴും സഫാ, മർവാ കുന്നുകൾക്കിടയിൽ നടക്കുമ്പോഴും ആവശ്യമായ നിർദ്ദേശം ലഭിക്കും. തീർത്ഥാടകരുടെ മൊബൈൽ ഫോണുമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ബന്ധിപ്പിക്കാൻ സൗകര്യമുണ്ടാകും. കാണാതാകുന്ന തീർത്ഥാടകരെ കണ്ടെത്താനും പരസ്പരം ആശയ വിനിമയം നടത്താനും പുതിയ സംവിധാനം സഹായിക്കും.
