Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി സവർണ്ണർ ഭക്ഷിച്ച ഇലയിൽ ദളിതർക്ക് ഉരുളേണ്ടി വരില്ല; മഡേസ്‌നാനയിൽ ബദലുമായി പേജാവൂർ മഠാധിപതി; വിഗ്രഹത്തിൽ നിവേദിക്കുന്ന ഇലയിൽ ശയന പ്രദക്ഷിണ ആശയവുമായി സ്വാമി വിശ്വേശ്വര തീർത്ഥ

ഇനി സവർണ്ണർ ഭക്ഷിച്ച ഇലയിൽ ദളിതർക്ക് ഉരുളേണ്ടി വരില്ല; മഡേസ്‌നാനയിൽ ബദലുമായി പേജാവൂർ മഠാധിപതി; വിഗ്രഹത്തിൽ നിവേദിക്കുന്ന ഇലയിൽ ശയന പ്രദക്ഷിണ ആശയവുമായി സ്വാമി വിശ്വേശ്വര തീർത്ഥ

രഞ്ജിത് ബാബു

മംഗളൂരു: മേൽ ജാതിക്കാർ ഭക്ഷണം കഴിച്ച എച്ചിൽ ഇലയിൽ കീഴ്ജാതിക്കാർ ശയന പ്രദക്ഷിണം ചെയ്യുന്ന 'മഡേസ്‌നാന' കർണ്ണാടകത്തിലെ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ അഭംഗുരം തുടരുന്നു. സവർണ്ണാധിപത്യമുള്ള ക്ഷേത്രങ്ങളിലാണ് മഡേസ്‌നാന ഇന്നും അരങ്ങേറുന്നത്. ബ്രാഹ്മണർ ഭക്ഷണം കഴിച്ച ഇലയിൽ ഉരുൾ സേവ നടത്തിയാൽ ആഗ്രഹ സാഫല്യവും ചർമ്മരോഗ മുക്തിയും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ദളിതർ ഈഅനാചാരം കാലാകാലങ്ങളായി അനുഷ്ഠിച്ചു പോന്നത്. ആയിരക്കണക്കിന് ദളിതരാണ് മഡേസ്‌നാന നിർവ്വഹിക്കാനായി  സവർണ്ണ ക്ഷേത്രങ്ങളിലെത്തുന്നത്.

സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ ഉത്സവത്തിന് ക്ഷേത്രം മോടിപിടിപ്പിക്കുന്നതും തോരണങ്ങൾ ഒരുക്കുന്നതും മലയ്ക്കുടിയാർ എന്ന ദളിത് വംശജരാണ്. ഈ വിഭാഗത്തിന് പുറമേ ചില ആദിവാസികളും മഡേസ്‌നാന നിർവ്വഹിച്ചു പോരുന്നുണ്ട്. 2010 ൽ കർണ്ണാടക സർക്കാർ മഡേസ്‌നാന നിരോധിച്ചിരുന്നു. അതോടെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ നിന്നും ദളിതർ പങ്കെടുക്കാതെയായി.. ഇതോടെ 2011 ൽ ബിജെപി. സർക്കാർ മഡേസ്‌നാനയുടെ നിരോധനം നീക്കുകയായിരുന്നു.

ഇക്കാര്യത്തിൽ സർക്കാർ ഉത്തരവുകളൊന്നും നിലവിലില്ലാതിരുന്നതിനാൽ ഈ ആചാരം തുടരുമെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡപ്യൂട്ടി കമ്മീഷണർ എ.ബി. ഇബ്രാഹിം പറയുന്നു. കർണ്ണാടകത്തിലെ ബുദ്ധിജീവികളും എഴുത്തുകാരും സിപിഐ.(എം). ജനവാദി മഹിളാ സമിതി, എന്നീ സംഘടനകൾ മഡേസ്‌നാനക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ സവർണ്ണക്ഷേത്രങ്ങൾ ഈ അനാചാരം നിർത്താൻ തയ്യാറാവുന്നില്ല. എംഎ ബേബിയടക്കമുള്ള കേരളത്തിലെ ഇടത് നേതാക്കളും പ്രതിഷേധവുമായെത്തി.

ദളിതരിൽ ഒരു വിഭാഗം ഇത് തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദളിതർക്ക് ബോധവൽക്കരണം നടത്തി സാമൂഹ്യ പരിഷ്‌ക്കരണം നടത്താൻ
സംഘടനകളൊന്നും രംഗത്തില്ല. തൊലിപ്പുറമേയുള്ള ചികിത്സ മാത്രമാണ് മഡേസ്‌നാനയെ എതിർക്കുന്നവർ ചെയ്യുന്നത്. മഡേസ്‌നാന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്്് പേജാവൂർ മഠാധിപതി സ്വാമി വിശ്വേശ്വര തീർത്ഥതന്നെ രംഗത്തെത്തിയിരിക്കയാണ്. ഒരു ബദൽ നിർദ്ദേശം കൂടി അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്. മഡേസ്‌നാനക്ക് പകരം വിഗ്രഹത്തിൽ നിവേദിക്കുന്ന ഇലയിൽ ശയന പ്രദക്ഷിണം ചെയ്യാനാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. വരുന്ന ജനുവരി 16 ന് ഉഡുപ്പി ശ്രീക്യഷ്ണക്ഷേത്രത്തിൽ 'എഡേസ്‌നാന ' എന്ന പേരിൽ നിവേദ്യം വിളമ്പിയ ഇലയിൽ ഉരുൾ സേവ നടത്താൻ അനുവദിക്കുമെന്ന് സ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

ബ്രാഹ്മണൻ ഭക്ഷിച്ച എച്ചിലിലയിൽ ഉരുളുന്നതിനു പകരം ദൈവത്തിന് സമർപ്പിച്ച ഇലയിൽ ഉരുളുക എന്നതാണ് സ്വാമിയുടെ ആശയം . ഇത് നടന്നാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അനാചാരത്തിൽ നിന്നും ദളിതർക്ക് മോചനം ലഭിക്കും. മഡേസ്‌നാന നിരോധിക്കാനുള്ള ഏത് നീക്കത്തേയും സ്വാമി വിശ്വേശ്വര തീർത്ഥ പിൻതുണക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം അനാചാരങ്ങൾ സവർണ്ണ ക്ഷേത്രങ്ങളിൽ അരങ്ങേറുമ്പോഴും ശ്രീനാരായണ ഗുരു സ്ഥാപിച്ച മംഗലാപുരം കുദ്രോളിയിലെ ഗോഗർ നാഥ ക്ഷേത്രം വിശ്വാസത്തിലും ആചാരത്തിലും വേറിട്ടു നില്ക്കുകയാണ്. 1908 ൽ ശിവനെ പ്രതിഷ്ഠിച്ച് ഗോകർണ്ണനാഥ ക്ഷേത്രം എന്ന് ശ്രീനാരായണ ഗുരു നാമകരണം ചെയ്തത്.

വിധവകളേയും ദളിതരേയും പൂജാരിണിമാരായി നിയോഗിച്ച് വിപ്ലവം സൃഷ്ടിച്ചിരിക്കയാണ് ഇവിടെ. കർണ്ണാടകത്തിലെ ആചാരമനുസരിച്ച് വിധവകൾക്ക് ബാഹ്യമായ ചടങ്ങുകളിൽ സംബന്ധിക്കുന്നതിന് വിലക്കുണ്ട്. അത്തരം വിശ്വാസത്തെ മാറ്റി നിർത്തിക്കൊണ്ട് ക്ഷേത്രത്തിനകത്ത് പൂജാ കർമ്മങ്ങളിലും മറ്റ് ജോലികളിലും സ്ത്രീകൾക്ക് സ്ഥാനം നൽകി സാമൂഹ്യ പരിഷ്‌ക്കരണത്തിന് പുതിയ മാനം നൽകിയിരിക്കയാണ്. കർണ്ണാടകത്തിലെ പൂജാരി, ബില്ലവ എന്നീ സമുദായങ്ങൾക്ക് സവർണ്ണക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. ഈ സമുദായങ്ങളുടെ ആവശ്യ പ്രകാരമായിരുന്നു കുദ്രോളിയിൽ ഗുരുദേവൻ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്.

കോൺഗ്രസ്സ് നേതാവ് ജനാർദ്ദന പൂജാരിയാണ് ഈ ക്ഷേത്രത്തിന്റെ ഭരണസമിതി പ്രസിഡണ്ട്. കാലാകാലങ്ങളിൽ ഹൈന്ദവർ കൊണ്ടു നടക്കുന്ന അനാചാരങ്ങൾ മാറ്റി മറിച്ച് ഗോകർണ്ണനാഥ ക്ഷേത്രം മറ്റ് ക്ഷേത്രങ്ങൾക്ക് മാതൃകയാവുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP