Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെഡിക്കൽ കോളേജ് ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ടപ്പോൾ അത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നു വാദിച്ച് ഹിന്ദുക്കൾ രംഗത്തെത്തിയിരുന്നു; ആദ്യമായി തീവണ്ടി ഓടിയപ്പോൾ പൈശാചികത്വം ആരോപിച്ച് കല്ലെറിഞ്ഞവരാണ് വിശ്വാസികൾ; സതി നിരോധിച്ചപ്പോൾ വിശ്വാസികൾ പ്രകടിപ്പിച്ച എതിർപ്പുകണ്ട് ബ്രിട്ടീഷുകാർ പകച്ചുപോയിരുന്നു; മാറാത്തതെന്തോ അതാണ് മതം; വൈറലായി സി രവിചന്ദ്രന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ്

മെഡിക്കൽ കോളേജ് ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ടപ്പോൾ അത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നു വാദിച്ച് ഹിന്ദുക്കൾ രംഗത്തെത്തിയിരുന്നു; ആദ്യമായി തീവണ്ടി ഓടിയപ്പോൾ പൈശാചികത്വം ആരോപിച്ച് കല്ലെറിഞ്ഞവരാണ് വിശ്വാസികൾ; സതി നിരോധിച്ചപ്പോൾ  വിശ്വാസികൾ പ്രകടിപ്പിച്ച എതിർപ്പുകണ്ട് ബ്രിട്ടീഷുകാർ പകച്ചുപോയിരുന്നു; മാറാത്തതെന്തോ അതാണ് മതം; വൈറലായി സി രവിചന്ദ്രന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മതവും സാമൂഹിക പരിഷ്‌ക്കരണവും മറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. പരിവർത്തനങ്ങൾക്ക് വിധേയമാവുന്നത് ഹിന്ദു
മതത്തിന്റെ വലിയൊരു ഗുണമായി ചിലർ ചർച്ചചെയ്യുമ്പോൾ പഴയ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കയാണ് എഴുത്തുകാരനും സ്വതന്ത്ര്യ ചിന്തകനും പ്രഭാഷകുനമായ സി രവിചന്ദ്രൻ. മതവികാരം വ്രണപ്പെടുന്നതിന്റെ പേരിൽ മെഡിക്കൽകോളജുകളെപ്പോലും എതിർത്തിരുന്നു മത നിലപാട് ചൂണ്ടിക്കാട്ടിയുള്ള സി രവിചന്ദ്രന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സി രവിചന്ദ്രന്റെ പഴയ പോസ്റ്റ് ഇങ്ങനെയാണ്
(1) തങ്ങളുടെമതം കാര്യംകണ്ടറിഞ്ഞ് കാലികമായി സ്വയം പരിഷ്‌ക്കരിക്കുമെന്ന് വാദിക്കുന്ന ഹിന്ദുമതവിശ്വാസികളുണ്ട്. മറ്റു മതങ്ങൾക്ക് ഈ ഗുണം കുറവാണെന്നും അവർ ആണയിടും. യാഥാർത്ഥ്യമെന്ത്? മാറ്റത്തോടുള്ള പ്രതിരോധം(restsiance to change) മതത്തിന്റെ ജനിതകഗുണമാകുന്നു. എങ്കിലും എല്ലാ മതങ്ങളെയും മനുഷ്യൻ നന്നാക്കുന്നുണ്ട്. മറ്റ് മേഖലകളിൽ സാധ്യമായ വേഗത അവിടെ സംഭവ്യമല്ലെന്നുമാത്രം. നേപ്പാളിൽ 'സതി' നിരോധിക്കപ്പെട്ടത് 1920 ൽ മാത്രമാണെന്നോർക്കുക! 1829 ഡിസമ്പർ 24 ന് വില്യം ബൻന്റിക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സർക്കാർ തങ്ങളുടെ ഇന്ത്യൻ അധീനപ്രദേശങ്ങളിൽ സതി നിരോധിച്ചത് മുഖ്യധാരാഹിന്ദുക്കളുടെ ആവശ്യപ്രകാരമായിരുന്നില്ല.

(2) കൊൽക്കൊത്തയിലൊക്കെ വികാരംവ്രണപ്പെട്ട വിശ്വാസികൾ പ്രകടിപ്പിച്ച എതിർപ്പും സമർപ്പിച്ച ഭീമഹർജികളുംകണ്ട് ബ്രിട്ടീഷുകാർ പകച്ചുപോയി. സ്ത്രീകളെ പച്ചജീവനോടെ ചുട്ടുകൊല്ലാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു പ്രസ്തുത 'മതപ്രതിഷേധം'! തങ്ങൾക്ക് ഭർത്താവിന് വേണ്ടി തീയിൽച്ചാടി ആത്മഹത്യ ചെയ്യാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ് രംഗത്തുവന്നത് സ്ത്രീകൾതന്നെയായിരുന്നു. ''കാത്തിരിക്കാൻ തയ്യാറാണ്'' എന്ന പ്ലക്കാഡുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആധുനികവിശ്വാസികളുടെ 'സതീരൂപ'മായിരുന്നു അവർ. സത്യത്തിൽ മതം ഒരു മാനസികാവസ്ഥയാണ്. കാലം അതിന് സാരമായ തോതിൽ പരിക്കേൽപ്പിക്കുന്നില്ല.

(3) ഹിന്ദു പെൺകുട്ടികളുടെ വിവാഹപ്രായം പത്തിൽ നിന്നും 12 ലേക്ക് ഉയർത്തിക്കൊണ്ടുള്ള ഏജ് ഓഫ് കൺസെന്റ് ബിൽ (Age of Consent Bill March 19, 1891) ബ്രിട്ടീഷ് ഗവർണർ ജനറൽ കൊണ്ടുവന്നപ്പോൾ അതിനെ അതിരൂക്ഷമായി എതിർത്തവരുടെ മുമ്പന്തിയിൽ ഉണ്ടായിരുന്നവരിൽ ഒരാൾ ബാല ഗംഗാധര തിലകനായിരുന്നു. സ്വന്തംനിലയിൽ നേരത്തെ വിവാഹംചെയ്യുന്നതിനോട് എതിർപ്പുണ്ടായിരുന്ന, കോൺഗ്രസ്സിലെ പുരോഗമാനാഭിമുഖ്യവുമുള്ള നേതാവായാണ് തിലകൻ അറിയപ്പെട്ടിരുന്നത്! നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തന്റെ മതത്തെ പരിഷ്‌ക്കരിക്കാൻ ബ്രിട്ടീഷ് സർക്കാരിന് അവകാശമില്ലെന്ന മതവാദം തന്നെയായിരുന്നു തിലകനും ഉന്നയിച്ചത്. ഹിന്ദുവിശ്വാസത്തിന് വിരുദ്ധമായി കടൽ കടന്നു വിദേശത്തേക്ക് പോയ ഗാന്ധിജിക്കും വിവേകാനന്ദനും യഥാസ്ഥിതിക ഹിന്ദുക്കളുടെ ഭാഗത്ത് നേരിടേണ്ടിവന്ന നിന്ദയെക്കുറിച്ച് അവർതന്നെ എഴുതിയിട്ടുണ്ട്. അതേസമയം വർണ്ണവ്യവസ്ഥയെ ന്യായീകരിക്കുന്നതിന് ഗാന്ധിജിക്കോ ജാതിവ്യവസ്ഥ മഹത്തരമാണെന്ന് വിശ്വസിക്കാൻ വിവേകാനന്ദനോ പ്രയാസമുണ്ടായിരുന്നില്ലെന്നത് മതമനസ്സിന്റെ പൊതുസ്വഭാവം വിവരിക്കുന്നു.

(4) മാറ്റത്തെക്കുറിച്ചോർത്ത് 'വ്രണപ്പെടുക'എന്നത് ഏതൊരു മതവിശ്വാസിയുടെയും ജന്മാവകാശമാകുന്നു. മനുഷ്യശരീരവും ശവവും കീറിമുറിക്കുന്ന ഒരു മെഡിക്കൽ കോളേജ് ഇന്ത്യയിൽ ആദ്യമായി കൊൽക്കൊത്തയിൽ സ്ഥാപിക്കപ്പെട്ടപ്പോൾ(1835) അത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നു വാദിച്ച് തുള്ളിവിറച്ച ഹിന്ദുക്കളെക്കുറിച്ച് ഇന്നത്തെ മതനിഷ്‌ക്കളങ്കർ കേട്ടിട്ടുകൂടിയുണ്ടാവില്ല. നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് ശ്രീനാരായണഗുരു തുറന്നടിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരെപ്പോലൊരു ബാഹ്യശക്തിയുടെ സാന്നിധ്യമില്ലായിരുന്നുവെങ്കിൽ രാജാറാംമോഹൻ റോയിയും ശ്രീനാരായണ ഗുരുവുംപോലുള്ള മതപരിഷ്‌ക്കരണവാദികൾ അസാധ്യമാകുമായിരുന്നു എന്ന് കാണാൻ വിഷമമില്ല. ആധുനിക ജനാധിപത്യയുഗത്തിൽപ്പോലും സന്ദീപാനന്ദഗിരിയെപോലുള്ളവർ നാടുനീളെ വാചികമായുംകായികമായും ആക്രമിക്കപ്പെട്ടതിന്റെ വിശദീകരണം അവിടെയുണ്ട്. ഇന്ത്യയിൽ ആദ്യമായി തീവണ്ടി അവതരിപ്പിച്ചപ്പോൾ പൈശാചികത്വം ആരോപിച്ച് നിരന്ന് നിന്ന് തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞ ലക്ഷണമൊത്ത വിശ്വാസികളിൽ പലരുടെയും പിൻഗാമികൾ ഇന്ന് ലോക്കോപൈലറ്റുമാരാണ്

(5) തങ്ങളുടെ മതം ഭയങ്കര പരിഷ്‌ക്കരണത്വരയുള്ളതാണെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നർക്ക് മിക്കപ്പോഴും ചരിത്രം അനാകർഷകമായിരിക്കും. അത്ര പരിഷ്‌ക്കരണത്വര ഉള്ള മതമാണെങ്കിൽ എന്തുകൊണ്ടാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർക്കുന്നത്? ''അത്...പിന്നെ മറ്റുകാര്യങ്ങളിലൊക്കെ മാറാം...ഇക്കാര്യത്തിൽ പറ്റില്ല...ഇത് ആചാരമാണ്...വിശ്വാസമാണ്...'' എന്നൊക്കെയാണോ മറുപടി? മറ്റ് കാര്യങ്ങളിലും എക്കാലത്തും ഇത് തന്നെയായിരുന്നു മതനിലപാടെന്ന് തിരിച്ചറിയുമ്പോൾ തീരുന്ന പ്രശ്നമേ അവിടെയുള്ളൂ. തീരെ സഹികെടുമ്പോൾ മാത്രമാണ് മതം മാറുന്നത്....അത് മാറുകയല്ല, മാറ്റപ്പെടുകയാണ്. സ്വയംപരിഷ്‌ക്കരിക്കാനുള്ള സോഫ്റ്റ്‌വെയർ മതത്തിന്റെ പക്കലില്ല. അത് മാറ്റത്തെ എതിർക്കുന്ന ഒന്നാണ്, കാലത്തെ നിശ്ചലമാക്കുക എന്നതാണ് അതിന്റെ ജനിതകധർമ്മം. മനുഷ്യൻ മുമ്പോട്ട് നോക്കുമ്പോൾ മതം സദാ പിറകോട്ട് മാത്രം നോക്കുന്നു. മാറാത്തതെന്തോ അതാണ് മതം. മാറുന്ന മതം അമതം!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP