Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സന്നിധാനത്തെ ഗോശാലയിൽ ഗോപാലകനായി ബംഗാൾ സ്വദേശി; ആറ് വർഷം മുമ്പ് മലകയറി എത്തിയ ആനന്ദിന് വീടും ജീവിതവും എല്ലാം ശബരിമല തന്നെ; 15 പശുക്കളും എട്ട് കാളകളും നാല് കിടാങ്ങളുമടങ്ങുന്ന അയ്യപ്പ സന്നിധിയിലെ ഗോശാലയിലെ ജോലി നിയോഗമെന്ന് കരുതി ആനന്ദ് സാമന്ത

സന്നിധാനത്തെ ഗോശാലയിൽ ഗോപാലകനായി ബംഗാൾ സ്വദേശി; ആറ് വർഷം മുമ്പ് മലകയറി എത്തിയ ആനന്ദിന് വീടും ജീവിതവും എല്ലാം ശബരിമല തന്നെ; 15 പശുക്കളും എട്ട് കാളകളും നാല് കിടാങ്ങളുമടങ്ങുന്ന അയ്യപ്പ സന്നിധിയിലെ ഗോശാലയിലെ ജോലി നിയോഗമെന്ന് കരുതി ആനന്ദ് സാമന്ത

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: അഭിഷേക പ്രിയനായ അയ്യപ്പനു വേണ്ടി സന്നിധാനത്തെ ഗോശാലയിലെ ഗോക്കളെ പരിപാലിക്കുന്നതും അഭിഷേകത്തിനുള്ള പാൽ കറന്നെടുത്ത് എത്തിക്കുന്നതും ബംഗാൾ സ്വദേശി. അഭിഷേകപ്രിയനായ അയ്യപ്പന്റെ ഇഷ്ടദ്രവ്യമാണ് പാൽ. അതും സന്നിധാനം ഗോശാലയിലെ പശുക്കളുടെ പാല് കൊണ്ടുള്ള അഭിഷേകം. കഴിഞ്ഞ നാലുവർഷമായി അഭിഷേകത്തിനുള്ള പാൽ മുടക്കമില്ലാതെ കറന്നെടുത്ത് സന്നിധാനത്തെത്തിക്കുന്നത് ബംഗാൾ സ്വദേശിയായ ആനന്ദ് സാമന്തയാണ്.

ആനന്ദാണ് സന്നിധാനത്തെ ഗോശാലയുടെ നിലവിലെ നോട്ടക്കാരൻ. ആറു വർഷം മുൻപ് ശബരിമല കയറിവന്ന ആനന്ദ് ഒരുനിയോഗംപോലെ ഭസ്മക്കുളത്തിന് സമീപത്തെ ഗോശാലയിലെ ഗോപാലകനായി. അന്നുമുതൽ ഇന്നുവരെ ഗോക്കളെ മേച്ചും കുളിപ്പിച്ചും പാൽകറന്നും ഗോശാല വൃത്തിയാക്കിയും ആനന്ദ് സന്നിധാനത്തു തന്നെയുണ്ട്. എന്നും പുലർച്ചെ ഒരുമണിക്ക് ആരംഭിക്കും ആനന്ദിന്റെ ദിവസം. ഗോശാല കഴുകിവൃത്തിയാക്കി പാൽകറന്ന് മൂന്ന് മണിക്ക് നട തുറക്കുന്നതിന് മുൻപ് ക്ഷേത്രസന്നിധിയിലെത്തിക്കും. ശേഷം അൽപ്പം വിശ്രമം. പശുക്കൾക്ക് വെള്ളവും തീറ്റയും നൽകിയശേഷം എല്ലാറ്റിനേയും കുളിപ്പിക്കും. പിന്നീട് അൽപ്പനേരം ഗോശാലയോട് ചേർന്നുള്ള മുറിയിൽ ഉറക്കം.

വീണ്ടും വൈകീട്ട് മുന്നിന് പാൽകറന്ന് ക്ഷേത്രത്തിലേക്ക്. പ്രാതൽ മുതൽ അത്താഴംവരെ ദേവസ്വത്തിന്റെ ഭോജനശാലയിൽ നിന്ന് കഴിക്കും. പച്ചക്കറി അവശിഷ്ടങ്ങളും പഴത്തൊലിയും വൈക്കേലും ലഭിക്കുന്നതിനാൽ പശുക്കൾക്കും അഹാരത്തിന് മുട്ടില്ല. അതിന്പുറമെ പിണ്ണാക്കും കാലിത്തീറ്റയും നൽകുന്നുമുണ്ട്. മണ്ഡല-മകരവിളക്കുൽസവം കഴിഞ്ഞ് മലയിൽ ആളൊഴിഞ്ഞാൽ പശുക്കളെ മേയാൻ വിടും. പുൽമേടുകളുള്ളതിനാൽ പച്ചപ്പിനും ക്ഷാമമില്ല. ഗോശാലയിൽ 15പശുക്കളും 8 കാളകളും നാല് കിടാങ്ങളുമാണുള്ളത്.

ഇതിൽ നാലെണ്ണത്തിന് കറവയുണ്ട്. പശുക്കളിൽ ഒന്ന് ഗിർ വിഭാഗത്തിലുള്ളതും അഞ്ചെണ്ണം വെച്ചൂർപശുക്കളുമാണ്. ബാക്കിയുള്ളവ സങ്കരയിനത്തിൽപെടും. ആറ് ആടുകളും 25 ലേറെ വിവിധയിനം കോഴികളും പശുക്കൾക്ക് കൂട്ടായുണ്ട്. ഉയരംകൂട്ടി മേൽക്കൂരമാറ്റി ഗോശാല ഈ വർഷം പുതുക്കി പണിതിട്ടുണ്ട്. കൂടുതൽ ഫാനുകളും ലൈറ്റുകളും സ്ഥാപിച്ച് സൗകര്യപ്രദമാക്കി. ഗോശാലയോട് ചേർന്നുള്ള മുറിയാണ് ആനന്ദിന്റെ വീടും കിടപ്പാടവും. വർഷത്തിലൊരിക്കൽ വിഷുക്കാലത്താണ് ബംഗാളിലെ ഉത്തരഗോപാൽ നഗറിലെ വീട്ടിലേക്കുള്ള യാത്ര.

ചെർപ്പുളശ്ശേരിയിൽ വേരുകളുള്ള കൊല്ലം സ്വദേശിയായ അയ്യപ്പഭക്തർ വർഷങ്ങൾക്ക് മുൻപ് നേർച്ച നൽകിയ പശുക്കൾ പ്രസവിച്ചാണ് സന്നിധാനത്തെ ഗോശാല വിപുലപ്പെട്ടത്. ഇന്നും ഗോശാലയുടെ കാര്യങ്ങൾ നോക്കുന്നത് ഈ ഭക്തനാണ്. ആനന്ദിന്റെ പ്രതിഫലവും ഇദ്ദേഹം തന്നെയാണ് നൽകുന്നത്. ഏഴുവർഷം മുൻപ് ചെർപ്പുളശ്ശേരിയിൽ കെട്ടിടം പണിക്കെത്തിയ ആനന്ദ് സാമന്ത ഈ ഭക്തന്റെ നിർദ്ദേശപ്രകാരമാണ് ഗോപാലകനായി സന്നിധാനത്തെത്തുന്നത്. അന്നുമുതൽ ഒരുനിയോഗംപോലെ അയ്യപ്പനെ ഭജിച്ച് പ്രസാദമുണ്ട് ഗോക്കളെ പരിപാലിച്ച് ആനന്ദ് തന്റെ ജീവിതയാത്ര തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP