Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആചാരങ്ങൾ ലംഘിക്കപ്പെടേണ്ടതാണോ? ക്രിസ്തു അഭിപ്രായം പറയുന്നു

ആചാരങ്ങൾ ലംഘിക്കപ്പെടേണ്ടതാണോ? ക്രിസ്തു അഭിപ്രായം പറയുന്നു

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷഭാഗത്ത് രണ്ടു സംഭവങ്ങളാണുള്ളത്. ഒന്ന്, ഈശോയുടെ ശിഷ്യന്മാർ ഗോതമ്പുകതിരുകൾ പറിച്ചു തിന്നുന്നു. രണ്ട്, കൈ ശോഷിച്ച മനുഷ്യനെ ഈശോ സുഖപ്പെടുത്തി പറഞ്ഞുവിടുന്നു. രണ്ടു സംഭവങ്ങളും നടക്കുന്നത് സാബത്ത് ദിവസമാണ്. അതിനാൽ രണ്ടും സാബത്ത്‌ലംഘനമാണ്.

അങ്ങനെയെങ്കിൽ, ഇവിടുത്തെ ചോദ്യം സാബത്ത് ലംഘിക്കാമോ എന്നാണ്. സാബത്തെന്ന യഹൂദരുടെ മതാചാരം ലംഘിക്കാമോ? ഈശോ തന്റെ സംസാരത്തിലൂടെയും പ്രവൃത്തിയിലൂടെയും ആചാരലംഘനത്തിന്റെ ഭാഗത്താണ് നിലയുറപ്പിക്കുന്നത്.

ഇവിടെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് രണ്ടാമത്തെ സംഭവമാണ്. സിനഗോഗിനകത്തിരിക്കുന്ന കൈശോഷിച്ചവനെ സാബത്ത് ദിവസം സുഖപ്പെടുത്താമോ എന്നാതാണ് വിഷയം (മത്താ12:10). ഈ പ്രശ്‌നത്തിന്റെ പ്രത്യേകത കൂടി ശ്രദ്ധിച്ചാലേ ഈശോയുടെ നിലപാടിന്റെ രൂക്ഷത ശരിക്കും നമുക്ക് മനസ്സിലാകുകയുള്ളൂ. കൈശോഷിച്ചവനെ സുഖപ്പെടുത്തുകയെന്നത് അത്ര അടിയന്തിര സ്വഭാവമുള്ള ആരോഗ്യപ്രശ്‌നമായിരുന്നില്ല. കാരണം, അയാളുടെ കൈ ശോഷിച്ചത് അന്ന് രാവിലെ മുതൽ ആയിരിക്കില്ല. മിക്കവാറും ജനനം മുതൽ തന്നെ അയാളുടെ കൈ ശോഷിച്ചത് തന്നെയായിരുന്നിരിക്കും. അല്ലെങ്കിൽ, ഏറെക്കാലമായി അത് അങ്ങനെയായിരുന്നിരിക്കും. അതിനാൽ തന്നെ ശോഷിച്ച കൈ അയാളുടെ ജീവനെ അപടപ്പെടുത്തുന്ന അടിയന്തിര പ്രശ്‌നമല്ലാത്തതിനാൽ അത് ഒരു ദിവസത്തേക്ക് കൂടി മാറ്റി വയ്ക്കാവുന്നതേയുള്ളൂ. അന്ന് സാബത്തായതിനാൽ, അടുത്ത ദിവസം വന്നു സുഖം പ്രാപിച്ചാൽ സാബത്ത് ലംഘിക്കാതിരിക്കാനാവും, അവന്റെ വൈകല്യം മാറി കിട്ടുകയും ചെയ്യും. ഇതാണ് വിവേകപൂർണ്ണമായ പ്രവൃത്തി.

എന്നാൽ, ഈശോ ചെയ്യുന്നത് മറ്റൊന്നാണ്, കൈശോഷിച്ചവനോട് ഉടനെതന്നെ കൈനീട്ടാൻ ആവശ്യപ്പെട്ട് ഈശോ അവനെ സുഖപ്പടുത്തിവിട്ടു. അതായത്, ചെറിയൊരു മനുഷ്യനന്മക്കായിട്ടു പോലും ഏറ്റവും വലിയ മതാചാരം ലംഘിക്കാമെന്നല്ല, ലംഘിക്കണമെന്നാണ് ഈശോ പഠിപ്പിക്കുന്നത്.

എന്തുകെണ്ടാണ് ഏറ്റവും നിസ്സാരമായ ഒരു മനുഷ്യനന്മയ്ക്കു വേണ്ടി വലിയൊരു മതാചാരത്തെ ഈശോ ലംഘിക്കുന്നത്? അതിനുള്ള കാരണം ഈശോ തന്നെ വ്യക്തമാക്കുന്നുണ്ട്: ''ബലിയല്ല കരുണയാരു ഞാൻ ആഗ്രഹിക്കുന്നത്'' (മത്താ 12:7). ഏറ്റവും വലയൊരു മതാചാരമാണ് ബലി. കരുണയോ? ഒരു മൂല്യം. കരുണയെന്ന 'മൂല്യത്തിനു' വേണ്ടി ബലിയെന്ന 'മതാചാരത്തെ' ലംഘിക്കണമെനന്നാണ് ഈശോ പഠിപ്പിക്കുന്നത്. അതിലൂടെ ഈശോ മതത്തെ നിർവചിക്കുകയാണ് ചെയ്യുന്നത്; അതിലൂടെ മതത്തിന്റെ ഹൃദയത്തെ ഈശോ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. ക്രിസ്തുവിന്റെ വീക്ഷണത്തിൽ മതമെന്നാൽ ആചാരമല്ല, മറിച്ച് മൂല്യമാണ്.

ചുരുക്കത്തിൽ, മതത്തിന്റെ യഥാർത്ഥ അന്തസത്തയെ ഈശോ നിർവ്വചിക്കുകാണ് ഇവിടെ ചെയ്യുന്നത്. മതത്തിന്റെ ഹൃദയം ആചാരങ്ങളല്ല. മറിച്ച് മൂല്യങ്ങളാണ്, ധാർമ്മികതയാണ്. അതിനാലാണ്, 'ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്' എന്ന വിശുദ്ധലിഖിതം ഈശോ ഉദ്ധരിക്കുന്നത്; അതിനാലാണ്, കൈശോഷിച്ചവനെ സുഖപ്പെടുത്താൻ വേണ്ടി ഈശോ സാബത്ത് ലംഘിക്കുന്നത്.

അങ്ങനെയെങ്കിൽ, മതാചാരങ്ങൾ ലംഘിച്ചുകൊണ്ടാണെങ്കിൽ പോലും മൂല്യങ്ങൾ സംരക്ഷിക്കാൻ മതാനുയായികൾ തയ്യാറാകണമെന്നാണ് ഈശോ പഠിപ്പിക്കുന്നത്. ക്രിസ്തു മുമ്പോട്ടു വയ്ക്കുന്ന മൂല്യങ്ങളായ സാഹോദര്യവും, കരുണയും, പരസ്‌നേഹവുമാണ് ഏതൊരു ബലിയേക്കാളും ക്രിസ്ത്യാനികൾക്ക് പ്രധാനം. സാഹോദര്യവും സ്‌നേഹവും സംരക്ഷിക്കായി ഏതൊരു മതാചാരത്തെയും മടികൂടാതെ ക്രിസ്ത്യാനി ലംഘിക്കണമെന്ന് സാരം.

വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' എന്ന നോവലിലെ ജീൻ വാൽജീൻ എന്ന പ്രധാന കഥാപാത്രം. ജയിൽ വിമോചിതനാകുന്ന ജീൻ വാൽജീൻ വീണ്ടും മോഷ്ടിക്കുന്നു. തൊണ്ടിമുതലുമായി പിടിക്കപ്പെട്ട ജീൻ വാൽജീൻ തന്റെ സഹോദരനാണെന്ന് ബിഷപ്പ് പറയുന്നു (ഓഡിയോ കേൾക്കുക).

ജയിൽ പുള്ളിയെ സ്വന്തം സഹോദരനായി ബിഷപ്പ് തിരിച്ചറിയുന്നതാണ് യഥാർത്ഥ മതം. ആചാരത്തേക്കാൾ ഉയരത്തിൽ മൂല്യങ്ങളെ പ്രതിഷ്ഠിക്കുന്നിടത്താണ് യഥാർത്ഥ മതം രൂപപ്പെടുന്നത്.

ഒരു കാര്യം കൂടി നമ്മൾ ശ്രദ്ധിക്കണം. യൂദനേതാക്കളോട് ഈശോ ചോദിക്കുന്ന ഒരു മറു ചോദ്യമുണ്ട്: ''നിങ്ങളിൽ ആരുണ്ട് നിങ്ങളുടെ ആട് കിണറ്റിൽ വീണാൽ പിടിച്ചു കയറ്റാത്തവരായി?'' (മത്താ 12:11). ഈശോ കൊണ്ടുവരുന്ന താരതമ്യം ശ്രദ്ധിക്കണം 'കുഴിയിൽ വീണ ആടിനെ' രക്ഷിക്കണമെന്നതിൽ ഒരു സംശയവുമില്ലാത്തവർ, 'കൈശോഷിച്ച മനുഷ്യന്റെ' കാര്യത്തിൽ സംശയിച്ചു നിൽക്കുന്നു. ആടിന്റെ കാര്യത്തിൽ സാബത്തെന്ന മതാചാരം തടസമായി കാണാത്തവർ, കൈശോഷിച്ച മനുഷന്റെ കാര്യത്തിൽ സാബത്തെന്ന മതാചാരത്തെ മുറുകെ പിടിക്കുന്നു. അതിന്റെ കാരണത്തിലേക്കാണ് ഈശോ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

ആചാരലംഘനം നോക്കാതെ ആടിനെ രക്ഷിക്കുന്നതിന്റെ കാരണം ആട് ''എന്റെ സ്വന്തം'' ആടാണെന്ന വിചാരമുള്ളതുകൊണ്ടാണ്. എന്നാൽ കൈശോഷിച്ചവൻ 'എന്റെ സ്വന്തമാണെന്ന' ചിന്തയില്ലാത്തതിനാൽ ആചാരത്തിന് അവിടെ പ്രാമുഖ്യം കിട്ടുന്നു.

കൈശോഷിച്ചവൻ എന്റെ സഹോദരനാണെന്ന വൈകാരിബന്ധം ഉണ്ടായാൽ ഒരു ആചാരവും അവനെ സുഖപ്പെടുത്തുന്നതിന് തടസ്സമാകില്ല. ''പാവങ്ങൾ'' എന്ന നോവലിലെ ബിഷപ്പ് പറയുന്നത് ഓർക്കുക 'അവൻ എന്റെ സഹോദരനാണ്.'

സഹോദര്യത്തിന്റെ വൈകാരികബന്ധം ഉണ്ടാവുമ്പോഴാണ് ആചാരലംഘനം ഒരുവന് എളുപ്പമാകുന്നത്. കുഴിയിൽ വീണ ആട് 'എന്റെ സ്വന്തമാണണെങ്കിൽ' അതിനെ രക്ഷിക്കാൻ സാബത്ത് എനിക്ക് തടസ്സമാകില്ല. കൈശോഷിച്ചവൻ 'എന്റെ സ്വന്തം' സഹോദരനാണെങ്കിൽ അവനെ സുഖപ്പെടുത്താൻ ഒരു മതാചാരവും എനിക്ക് തടസ്സമാകില്ല.

ഇതേ കാര്യമാണ് ആദ്യത്തെ സംഭവത്തിലും പ്രകടമാകുന്നത്. ശിഷ്യന്മാർ കതിരു പറിക്കുന്നത് ചോദ്യം ചെയ്യുമ്പോൾ ഈശോ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണം ദാവീദിന്റേതാണ്. 'തനിക്കും തന്റെ അനുചരന്മാർക്കും വിശന്നപ്പോൾ ദാവീദ് അവർക്ക് അനുവദനീയമല്ലാതിരുന്നു കാഴ്ചയപ്പം എടുത്ത് ഭക്ഷിക്കുകയും വിതരണം ചെയ്യുകയും' ചെയ്യുന്നതാണ് സംഭവം (മത്താ 12:34). എന്താണ് അതിനു കാരണം? വിശന്നവർ ദാവീദിന്റെ 'സന്തം' അനുചരന്മാരായിരന്നു. പോരാ, അത് ദാവീദിന്റെ 'സ്വന്തം' വിശപ്പിന്റെ കൂടി പ്രശ്‌നമായിരുന്നു.

ചുരുക്കത്തിൽ, മുമ്പിൽ നിൽക്കുന്നവൻ സ്വന്തം സഹോദരനാണെന്ന തിരിച്ചറിവാണ് മതാചാരങ്ങള ലംഘിക്കാനുള്ള കരുത്ത് ഒരുവന് പ്രദാനം ചെയ്യുന്നത്. ഇത് ദൈവരാജ്യത്തിന്റെ അനുഭവത്തിൽ നിന്നും ഉരുവാകുന്നതാണ്. ദൈവം എന്റെ പിതാവും മനുഷ്യരെല്ലാം എന്റെ സ്വന്തം സഹോദരുമാണെന്ന തിരിച്ചറിവാണത്. അത്തരമൊരു തിരിച്ചറിലിവാണ് എന്റെ സോഹദരന്റെ ചെറിയൊരു നന്മയ്ക്കു വേണ്ടി പോലും ഏറ്റവും വലിയ മതാചാരത്തെയും ലംഘിക്കാൻ എനിക്ക് ശക്തി കിട്ടുന്നത്.

'ഫ്രാൻസീസ് പാപ്പ 'ദൈവത്തിന്റെ പേര് കരുണയാണ്'' എന്ന പുസ്തകത്തിൽ പറയുന്ന ഒരു സംഭവം (ഓഡിയോ കേൾക്കുക).

മതാനുയായികളും മതനേതാക്കളും സ്ഥിരം ഓർത്തിരിക്കേണ്ട സുവർണ്ണ നിയമാമണ് ഈശോ മുമ്പേട്ടു വയ്ക്കുന്നത് 'ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കന്നത്!' യഥാർത്ഥ മതത്തിന്റെ ഹൃദയം കരുണയല്ല, ബലിയാണെന്നർത്ഥം. മതത്തിന്റെ ഹൃദയം മൂല്യമാണ്, ആചാരമല്ല എന്നർത്ഥം. അങ്ങനെയെങ്കിൽ മൂല്യങ്ങളെ സംരക്ഷിക്കാൻ ഏതൊരു ആചാരവും നമ്മൾ ലംഘിക്കണമെന്നാണ് ഈശോ പഠിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP