Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാർ മാത്യു അറയ്ക്കൽ റിട്ടയർ ചെയ്തു; സഹായ മെത്രാൻ മാർ പുളിക്കൽ ഇനി കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാൻ; പാലക്കാട് രൂപതയുടെ സഹായമെത്രാനായി ഫാദർ പീറ്റർ കൊച്ചുപുരക്കലിനെയും തിരഞ്ഞെടുത്തു: പോപ്പിന്റെ കൈവശം ഉണ്ടായിരുന്ന മെത്രാൻ നിയമാധികാരം പൂർണമായും വിനിയോഗിച്ച് സീറോ മലബാർ സഭാ സിനഡ്

മാർ മാത്യു അറയ്ക്കൽ റിട്ടയർ ചെയ്തു; സഹായ മെത്രാൻ മാർ പുളിക്കൽ ഇനി കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാൻ; പാലക്കാട് രൂപതയുടെ സഹായമെത്രാനായി ഫാദർ പീറ്റർ കൊച്ചുപുരക്കലിനെയും തിരഞ്ഞെടുത്തു: പോപ്പിന്റെ കൈവശം ഉണ്ടായിരുന്ന മെത്രാൻ നിയമാധികാരം പൂർണമായും വിനിയോഗിച്ച് സീറോ മലബാർ സഭാ സിനഡ്

സ്വന്തം ലേഖകൻ

കൊച്ചി: ആഗോള കത്തോലിക്ക സഭയുടെ ഭാഗമാണെങ്കിലും സ്വതന്ത്രമായി മെത്രാന്മാരെ നിയമിക്കുന്നതിനുള്ള അധികാരം സീറോ മലബാർ സഭ സിനഡ് ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങി. പാലക്കാട് രൂപതയ്ക്ക് പുതിയ സഹായ മെത്രാനെ നിയമിച്ചതും കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനെ നിയമിച്ചതും സിനഡ് നേരിട്ടാണ്. ഇന്നലെ ഇത് സംബന്ധിച്ച സിനഡ് എടുത്ത തീരുമാനത്തിന് വത്തിക്കാൻ അംഗീകാരം നൽകി ഉറപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതക്കാരനും കൂരിയ മെത്രാനുമായ മാർ വാണിയപ്പുരയ്ക്കൽ കാഞ്ഞിരപ്പള്ളിയുടെ പുതിയ മെത്രാനായി നിയമിതനാവുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും കാഞ്ഞിരപ്പള്ളിയുടെ സഹായ മെത്രാൻ മാർ ജോസ് പുളിക്കലിനെ തന്നെ മെത്രാനായി സിനഡ് തിരഞ്ഞെടുക്കുക ആയിരുന്നു. ഇപ്പോഴത്തെ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ 75 വയസ്സായതിനെ തുടർന്ന് നിർബന്ധിത റിട്ടയർമെന്റ് ഏറ്റു വാങ്ങിയതോടെയാണ് പുതിയ മെത്രാനെ നിയമിച്ചത്.

കാഞ്ഞിരപ്പള്ളി രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസ് പുളിക്കലിനെ കർദിനാളും സ്ഥാനമൊഴിയുന്ന മെത്രാൻ മാർ മാത്യു അറയ്ക്കലും ചേർന്ന് ഷാളണിയിച്ച് അഭിനന്ദിച്ചു. പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെ കർദിനാളും പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്തും ചേർന്ന് മെത്രാന്റെ സ്ഥാനചിഹ്നങ്ങളണിയിച്ചു.

സിനഡിന്റെ തീരുമാനങ്ങൾക്ക് മാർപാപ്പയുടെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ നിയമനങ്ങളിൽ ഒപ്പുവച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം സിനഡിന്റെ സമാപന ദിവസമായ ഇന്നലെ ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 ന് വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30ന് സിറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു.

മേജർ ആർക്കിഎപ്പിസ്‌കോപ്പൽ ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ പുതിയ നിയമനങ്ങൾ വായിച്ചു. മാർ മാത്യു അറയ്ക്കൽ 75 വയസ്സ് പൂർത്തിയാക്കി സഭാനിയമപ്രകാരം രാജി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാർ ജോസ് പുളിക്കലിനെ പുതിയ മെത്രാനായി സിനഡ് തിരഞ്ഞെടുത്തത്. പാലക്കാട് രൂപത ഭരണ നിർവഹണത്തിൽ സഹായമെത്രാൻ വേണമെന്ന രൂപതാധ്യക്ഷന്റെ ആവശ്യപ്രകാരമാണ് പാലക്കാട് രൂപതയ്ക്ക് സഹായമെത്രാനെ സിനഡ് തിരഞ്ഞെടുത്തത്. മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളിയുടെ മെത്രാനായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങും ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകവും പിന്നീട് നടക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP