Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീർത്ഥാടകരെത്തിയത് 7400 വിമാനങ്ങളിൽ; മക്കയിൽ മാത്രം അങ്ങോട്ടും ഇങ്ങോട്ടും ഓടിയത് 18,000 സ്പെഷ്യൽ ബസുകൾ; ഹജ്ജിലെ അവസാന ആചാരമായ പിശാചിനെ കല്ലെറിയാൻ തടിച്ചുകൂടിയത് 24 ലക്ഷം പേർ; എസി ചെയ്ത ടെന്റുകളിൽ ചൂടിനോട് പൊരുതി ഭക്തർ നിർവൃതി മറക്കാതെ മടങ്ങുന്നു; ഇങ്ങനെയുമുണ്ടോ ഒരു വിശ്വാസം ദൈവമേ

തീർത്ഥാടകരെത്തിയത് 7400 വിമാനങ്ങളിൽ; മക്കയിൽ മാത്രം അങ്ങോട്ടും ഇങ്ങോട്ടും ഓടിയത് 18,000 സ്പെഷ്യൽ ബസുകൾ; ഹജ്ജിലെ അവസാന ആചാരമായ പിശാചിനെ കല്ലെറിയാൻ തടിച്ചുകൂടിയത് 24 ലക്ഷം പേർ; എസി ചെയ്ത ടെന്റുകളിൽ ചൂടിനോട് പൊരുതി ഭക്തർ നിർവൃതി മറക്കാതെ മടങ്ങുന്നു; ഇങ്ങനെയുമുണ്ടോ ഒരു വിശ്വാസം ദൈവമേ

മറുനാടൻ മലയാളി ബ്യൂറോ

കേരളത്തിലെ മുസ്ലീങ്ങൾ ഇന്ന് ത്യാഗസ്മരണകളോടെ ബലിപ്പെരുന്നാൾ ആഘോഷിക്കുകയാണ്. വിശുദ്ധ മക്കയിൽ ഹജ്ജ് പൂർത്തിയാക്കാനായതിന്റെ നിർവൃതിയിൽ മടങ്ങുകയാണ് ലോകമെമ്പാടും നിന്നുള്ള തീർത്ഥാടകർ. ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള അറഫാ സംഗമത്തിനുശേഷം ജംറകളിൽ കല്ലെറിയൽ ചടങ്ങ് ആരംഭിച്ചു. 25 ലക്ഷത്തോളം തീർത്ഥാടകരാണ് ഇക്കുറി ഹജ്ജ് കർമത്തിനായി മക്കയിലെത്തിയത്. പിശാചിന്റെ പ്രതീകത്തിനുനേരെയുള്ള കല്ലേറുകർമം മിനായിൽ ഇന്നലെ തുടങ്ങി.

സാത്താന്റെ ഏറ്റവും വലിയ പ്രതീകമായ ജംറത്തുൽ അഖ്ബയിലാണ് ഹാജിമാർ ഞായറാഴ്ച കല്ലേറുകർമം നടത്തിയത്. ജംറയിൽ പിശാചിന്റെ മൂന്ന് പ്രതീകങ്ങളാണ് ഉള്ളത്. ജംറത്തുൽ അഖ്ബയാണ് ഇതിലേറ്റവും വലുത്. ഇവിടെയാണ് കൂടുതൽ തീർത്ഥാടകരും എത്തുന്നത്. വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ഹജ്ജ് ചടങ്ങുകൾ തുടങ്ങിയത്. തിക്കും തിരക്കുമുൾപ്പെടെ മുൻവർഷങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങൾ മറികടക്കുന്നതിന് ഇക്കുറി വിപുലമായ സംവിധാനങ്ങളാണ് മക്കയിൽ ഒരുക്കിയിരുന്നത്.

കടുത്ത ചൂടാണ് ഇക്കറി ഹജ്ജിനെത്തിയവരെ വലച്ചിരുന്നത്. ഹാജിമാർക്ക് താമസിക്കുന്നതിനായി എയർകണ്ടീഷൻ ചെയ്ത ടെന്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, കല്ലേറുകർമത്തിനായുള്ള കല്ലുകളും പെറുക്കി മിനായിലേക്കുള്ള യാത്ര കൊടുംചൂടത്ത് പലർക്കും പരീക്ഷണമായി മാറി. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് പുണ്യമായ ചടങ്ങിൽ തീർത്ഥാടകർ ആവേശത്തോടെ പങ്കുകൊണ്ടു. കടുത്ത ചൂടിൽ തീർത്ഥാടകരെ ഓരോ ്സ്ഥലത്തേക്കും കൊണ്ടുപോകുന്നതായിരുന്നു ഇത്തവണത്തെ വെല്ലുവിളിയെന്ന് സൗദി അറേബ്യയിലെ ഗതാഗത മന്ത്രി നബീൽ അൽ അമൗദി പറഞ്ഞു.

7400 വിമാനങ്ങളിലായാണ് ഇത്തവണ ഹജ്ജിനുള്ള തീർത്ഥാടകർ എത്തിയതെന്ന് നബീൽ അൽ അമൗദി പറഞ്ഞു. ജിദ്ദയിലെയും മദീനയിയെയും വിമാനത്താവളങ്ങളിലൂടെയാണ് തീർത്ഥാടകർ എത്തിയത്. ഇവരെ കൊണ്ടുപോകുന്നതിനും വരുന്നതിനുമായ 18000 ബസുകളും ഏർപ്പെടുത്തിയിയിരുന്നു. മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കുന്നതിന് കനത്ത സുരക്ഷാ സന്നാഹങ്ങളും ഏർപ്പെടുത്തിയിരുന്നു. തീർത്ഥാടക പ്രവാഹം എല്ലാ വർഷവും ഉള്ളതാണെങ്കിലും ഓരോ വർഷവും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ സൗദി സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്.

ഇസ്ലാം വിശ്വാസി ജീവിതത്തിൽ ഒരിക്കലെങ്കിലും പൂർത്തിയാക്കിയിരിക്കേണ്ട അഞ്ച് സുപ്രധാന ചടങ്ങുകളിലൊന്നാണ് ഹജ്ജ്. അതുകൊണ്ടുതന്നെ, പരമപ്രധാനമായ തീർത്ഥാടനമായാണ് ഹജ്ജിനെ വിശ്വാസികൾ കാണുന്നത്. ജംറകളിൽ സാത്താന്റെ പ്രതീകത്തിനുനേരെ ഓരോ വിശ്വാസിയും ഏഴ് കല്ലുകൾ വീതമാണ് എറിയേണ്ടത്. ഈദ് അൽ-ആധയുടെ ആദ്യദിനമാണ് കല്ലെറിയൽ ചടങ്ങ്. പിന്നീടുള്ള രണ്ടുദിവസങ്ങളിൽ പ്രാർത്ഥനയുണ്ട്. അതുകൂടി പൂർത്തിയാകുന്നതോടെ പരിശുദ്ധ ഹജ്ജ് കർമത്തിന് തിരശ്ശീല വീഴും.

മിനായിൽ തിക്കിലും തിരക്കിലും പെട്ട് വലിയ അപകടങ്ങളും സംഭവിക്കാറുണ്ട്. 2015-ലും ഇത്തരത്തിൽ അപകടമുണ്ടായിരുന്നു. അതുകൊണ്ട് ചടങ്ങുകൾക്ക് പോകുന്നതിന് വ്യത്യസ്ത സമയം നിശ്ചയിച്ചാണ് കല്ലേറുകർമം നടത്തിയത്. ഓരോ സംഘത്തിനും മിനായിലേക്ക് നീങ്ങാൻ പ്രത്യേക സമയം നിശ്ചയിച്ചുനൽകുകയും ആ സമയത്തുമാത്രം അവരെ അങ്ങോട്ടുകൊണ്ടുപോവുകയുമാണ് ചെയ്തത്. ഇതിന്റെ നിയന്ത്രണത്തിനായി പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.

സർവസജ്ജമായ ആംബുലൻസുകൾ വഴിയിലുടനീളം ഒരുക്കിയിരുന്നു. ഇതിന് പുറമെ, തീർത്ഥാടകരുടെ യാത്ര സസൂക്ഷ്മം നിയന്ത്രിക്കാൻ ക്യാമറകളും ഒരുക്കിയിരുന്നു. താഴ്‌വരയിൽ ചുറ്റിപ്പറന്ന ഹെലിക്കോപ്ടറുകളും നീരീക്ഷണം ശക്തമാക്കി. ചൂടുകൂടുതലായതിനാൽ, തീർത്ഥാടകർക്കുമേൽ വെള്ളം തളിച്ച് അവർക്ക് ആശ്വാസം പകർന്നു. ഹജ്ജിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രോ സർവീസുമുണ്ടായിരുന്നു. 3,60,000 പേരാണ് മെട്രോ സർവീസ് ഇത്തവണ ഉപയോഗിച്ചത്. ഇതൊരു റെക്കോഡാണ്.

ഇന്നലെ ആദ്യഘട്ട കല്ലേറു കർമം പൂർത്തിയാക്കിയ ഹാജിമാർ ബലിയർപ്പണവും പെരുന്നാൾ നമസ്‌കാരവും നിർവഹിച്ചു. മിനായിൽ നിന്നു മക്കയിലെത്തി കഅബ പ്രദക്ഷിണവും സഅ്‌യും പൂർത്തിയാക്കിയതോടെ ഹജ് ചടങ്ങുകൾക്ക് അർധവിരാമമായി. ഇഹ്‌റാം (ലളിതമായ വെളുത്തവസ്ത്രം) വേഷം മാറി പുതുവസ്ത്രമണിഞ്ഞ ഹാജിമാർ പരസ്പരം ആശ്ലേഷിച്ച് ഈദ് ആശംസകൾ കൈമാറി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ. ഇന്നും നാളെയും മിനായിൽ താമസിച്ചു കല്ലേറുകർമം പൂർത്തിയാക്കി കഅബയിൽ വിടവാങ്ങൽ പ്രദക്ഷിണം നിർവഹിക്കുന്നതോടെ ഹജ്ജിനു സമാപനമാകും.

ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അറഫാ സംഗമം.1400 വർഷം മുമ്പ് പ്രവാചകൻ മുഹമ്മദ് ലക്ഷക്കണക്കിന് അനുചരരെ ഒരുമിച്ച് കൂട്ടി നടത്തിയ മാനവിക പ്രഖ്യാപനമായ അറഫാ പ്രഭാഷണത്തിന്റെ സ്മരണ പുതുക്കിയാണ് അറഫാ സംഗമം. അറഫയില്ലെങ്കിൽ ഹജ്ജില്ല എന്നാണ് വിശ്വാസം. ജബൽ റഹ്മയും അതിനോട് ചുറ്റുമുള്ള വിശാലമായ പ്രദേശവുമാണ് അറഫാമൈതാനം. മക്കയുടെ കിഴക്ക് ഭാഗത്ത് 20കി.മീറ്റർ ചുറ്റളവിൽ പറന്ന് കിടക്കുന്ന പ്രദേശമാണിത്. ഇന്ന് (ദുൽഹജ് 9) സൂര്യൻ മധ്യാഹ്നത്തിൽ നിന്ന് തെറ്റിയത് മുതൽ പെരുന്നാൾ ദിവസം (ദുൽഹജ് 10) പ്രഭാതം വരെയുള്ള ഏതെങ്കിലും ഒരു സമയം അറഫയിൽ നിൽക്കണമെന്നതാണ് നിബന്ധന.

ഹജിനെത്തിയ മുഴുവൻ തീർത്ഥാടകരും ഏകദേശം ഒരേ സമയത്ത് ഒരുമിച്ച് കൂട്ടുന്ന മനുഷ്യക്കടലാണ് അറഫ സംഗമം. അറഫ സംഗമം കഴിഞ്ഞ് മിനയിലെ തമ്പുകളിലേക്കുള്ള മടക്കം ദുഷ്‌കരമാണ്. തിരക്ക് ഒഴിവാക്കാൻ അധികൃതർ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം സമയം നിശ്ചയിച്ചു നൽകിയിട്ടുണ്ടെങ്കിലും വഴിയറിയാതെ വലയുകയും കൂട്ടം തെറ്റി പോകുകയും ചെയ്യുന്ന നിമിഷങ്ങളാണിത്. വൃദ്ധരും ശാരീരിക ക്ഷമത കുറഞ്ഞവരും നന്നേ ബുദ്ധിമുട്ടുന്ന സമയം.

ഇത്തരക്കാരെ സഹായിക്കുന്നതിനായി സൗദി സർക്കാരിന് കീഴിൽ സുരക്ഷാ ഭടന്മാരും സിവിൽ ഡിഫൻസ് വോളന്റിയർമാരും സാദാകർമ രംഗത്തുണ്ട്. കൂടാതെ സന്നദ്ധ സംഘടനകളുടെ കീഴിൽ വിപുലമായ വോളന്റയർ സേവനങ്ങളും ലഭ്യമാണ്. ഈരംഗത്ത് മലയാളി കൂട്ടായ്മകളായ കെഎംസിസി, ഹജ് വെൽഫെയർ ഫോറം, ആർഎസ്സി, ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം, വിഖായ തുടങ്ങിയ സംഘടനകളുടെ സേവനങ്ങൾ സ്തുത്യർഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP