Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യോഹന്നാൻ 21:1-14 വഴി തെറ്റുന്നവനെ അനുധാവനം ചെയ്യുന്ന ക്രിസ്തുവിന്റെ രീതി

യോഹന്നാൻ 21:1-14 വഴി തെറ്റുന്നവനെ അനുധാവനം ചെയ്യുന്ന ക്രിസ്തുവിന്റെ രീതി

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

തിബേരിയാസ് കടൽത്തീരത്താണ് ഇന്നത്തെ സുവിശേഷ സംഭവം അരങ്ങേറുന്നത്. ശിഷ്യപ്രമുഖനായ പത്രോസ് ബാക്കി ആറു ശിഷ്യരോട് പറഞ്ഞു: 'ഞാൻ മീൻ പിടിക്കാൻ പോകുകയാണ്.' അപ്പോൾ അവർ പറഞ്ഞു: 'ഞങ്ങളും നിന്നോടു കൂടെ വരുന്നു'' (യോഹ 21:3). അങ്ങനെ ഏഴു ശിഷ്യന്മാർ തിബേരിയാസ് തടാകത്തിൽ മീൻ പിടിക്കാൻ പോകുന്ന കഥയാണിത്.

ഇവിടെ നമ്മൾ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. എവിടെ നിന്നാണ് ഈ ശിഷ്യന്മാർ തിബേരിയാസിലേക്കു വന്നത്? അവർ വന്നത് ജറുസലേമിൽ നിന്നാണ്. തെക്കുള്ള ജറുസലേമിൽ നിന്ന് ദീർഘയാത്ര ചെയ്താണ് അവർ വടക്കുള്ള തിബേരിയാസ് കടൽത്തീരത്ത് എത്തിയത്.

ജറുസലേം ഈശോയുടെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും സ്ഥലമായിരുന്നു. അതോടൊപ്പം ശിഷ്യത്വത്തിന്റെ കൊടുമുടിയും ജറുസലേം തന്നെയായിരുന്നു. ശിഷ്യത്വത്തിന്റെ ഗിരിശ്രുംഖങ്ങളെ ഉപേക്ഷിച്ചാണ് പത്രോസും കൂട്ടരും തിബേരിയാസ് തീരത്ത് എത്തിച്ചേരുന്നത്.

അതിലും കൂടുതലാണ് ശിഷ്യരുടെ ഈ തിബേരിയാസ് യാത്ര അർത്ഥമാക്കുന്നത്. മൂന്നു വർഷങ്ങൾക്ക് മുൻപ് തിബേരിയാസ് തീരത്ത് മീൻ പിടിച്ച് കൊണ്ടിരുന്ന പത്രോസിനെയും കൂട്ടരെയുമാണ് ഈശോ വിളിച്ച് തന്റെ കൂടെ കൂട്ടിയത്. അന്നവർ വലയും വഞ്ചിയും ഉപേക്ഷിച്ചാണ് ഈശോയുടെ ശിഷ്യരായത്. ഇപ്പോൾ അവർ വീണ്ടും പണ്ട് ഉപേക്ഷിച്ച വലയും വഞ്ചിയും എടുക്കുകയാണ്. അതായത്, ഇത്തവണ സ്വന്തം ശിഷ്യത്വം ഉപേക്ഷിച്ചാണ് അവർ പഴയ മീൻപിടുത്തത്തിലേക്ക് തിരിയുന്നത് എന്നർത്ഥം.

അങ്ങനെയെങ്കിൽ, ശിഷ്യരുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണിത്. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്നു പറയാം. കാരണം, ഈശോയുടെ കൂടെകൂടി അവർ കൽപ്പിച്ചെടുത്ത അവരുടെ സ്വപ്നങ്ങളെല്ലാം തകർന്നടിയുമ്പോഴാണ് അവർ തങ്ങളുടെ പഴയ തൊഴിലിലേക്ക് തിരികെപ്പോകുന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ പരാജയം നേരിടുന്ന ശിഷ്യരോടുള്ള ഈശോയുടെ സമീപനം എന്താണ്? ശിഷ്യത്വത്തിന്റെ പാതയിൽ ഇടറി വീഴുന്ന ശിഷ്യരോടുള്ള ഈശോയുടെ പ്രതികരണം എന്തായിരുന്നു? ഇതാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം.

സുവിശേഷകൻ പറയുന്നു: 'ഉഷസായപ്പോൾ യേശു കടൽക്കരയിൽ വന്നു നിന്നു' (യോഹ 21:4). അങ്ങനെയെങ്കിൽ, ജറുസലേം ഉപേക്ഷിച്ചു പോരുന്ന ശിഷ്യരുടെ പുറകെ ഈശോയും യാത്ര തിരിച്ചു കാണണം. മൂന്നു വർഷങ്ങൾക്ക് മുൻപ് അവരെ വിളിച്ചപ്പോൾ ഈശോ അവർക്ക് കൊടുത്ത കൽപ്പന 'എന്നെ അനുഗമിക്കുക' എന്നായിരുന്നു. ആ അനുഗമനത്തിൽ അവർ പരാജയപ്പെടുമ്പോൾ ഈശോ അവരെ അനുഗമിക്കുന്നു. എവിടെ വരെ? തിബേരിയാസ് തീരം വരെ. അതായത്, അവരുടെ പരാജയത്തിന്റെ പടുകുഴി വരെ ഈശോ ശിഷ്യരെ അനുധാവനം ചെയ്യുന്നു എന്നർത്ഥം.

പരാജയപ്പെടുന്ന ശിഷ്യരെ അനുഗമിക്കുന്ന ഈശോ അവരോടു ചോദിക്കുന്നത്, 'മീൻ വല്ലതും കിട്ടിയോ' എന്നാണ്. ഒന്നും കിട്ടിയില്ലെന്നറിയുമ്പോൾ വലത്തു വശത്ത് വലയിടാൻ അവൻ നിർദ്ദേശിക്കുകയും അതിലൂടെ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മീൻ പിടിത്തത്തിന് അവരെ സഹായിക്കുയും ചെയ്യുന്നു. ഇത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. മീൻപിടുത്തം ഉപേക്ഷിച്ച് 'മനുഷ്യരെ പിടിക്കാൻ' ഈശോ പരിശീലിപ്പിച്ചവരാണിവർ. അവർ ഈശോ കൽപ്പിച്ച് കൊടുത്ത 'മനുഷ്യരെ പിടുത്തം' എന്ന ദൗത്യം ഉപേക്ഷിച്ച അവരുടെ പഴയ മീൻപിടുത്തത്തിലേക്ക് തിരിയുമ്പോൾ അവിടെയും അവർ പരാജയപ്പെടുന്നു. അങ്ങനെ പരാജയപ്പെടുന്നവരെ അവരുടെ പഴയ തൊഴിലിൽ (മീൻ പിടുത്തത്തിൽ) വിജയിക്കാനുള്ള കൈത്താങ്ങായി നിൽക്കുകയാണ് ഈശോ.

അതിനു ശേഷം ഈശോ അവരെ പ്രാതലിന് ക്ഷണിക്കുകയാണ്. രാത്രി മുഴുവൻ അദ്ധ്വാനിച്ചവർക്ക് ഏറ്റവും അത്യാവശ്യം പ്രഭാത ഭക്ഷണം തന്നെയാണ്. അവർക്കായി പ്രാതൽ ഒരുക്കിയിട്ടാണ് ഈശോ അവരെ ക്ഷണിക്കുന്നത്: 'തീ കൂട്ടിയിരിക്കുന്നതും അതിൽ മീൻ വച്ചിരിക്കുന്നതും അപ്പവും അവർ കണ്ടു' (യോഹ 21:9). ആ മീൻ മിക്കവാറും ഈശോ തന്നെ അവർക്ക് വേണ്ടി പിടിച്ചതായിരിക്കണം. അതിനുശേഷം അവർ പിടിച്ച മത്സ്യങ്ങളെ കൂടെ അതിന്റെ കൂടെ ചേർക്കാൻ ഈശോ ആവശ്യപ്പെടുന്നു.

ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഈശോയുടെ സമീപനരീതിയാണ്. ശിഷ്യത്വം ഉപേക്ഷിച്ചു പോകുന്ന ശിഷ്യരെ ഒരിക്കൽ പോലും ഈശോ കുറ്റപ്പെടുത്തുന്നില്ല എനനതാണ് ഏറ്റവും ശ്രദ്ധേയം. ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ പോലും ഈശോ അവരെ കുറ്റപ്പെടുത്തുന്നില്ല. അവരെ കുറ്റപ്പെടുത്താതെയാണ് അവരുടെ പരാജയത്തിന്റെ വഴിയെ ഈശോ അവരെ അനുഗമിക്കുന്നത്. തെറ്റിപ്പോകുന്നവരെയും ഇടറുന്നവരെയും തിരുത്താനുള്ള ക്രിസ്തുവിന്റെ രീതിയാണിത്. ക്രിസ്തീയ രീതിയും ഇതു തന്നെയായിരിക്കണം. വഴി തെറ്റുന്നവരെ ഒരിക്കലും കുറ്റപ്പെടുത്താതിരിക്കുക. അതോടൊപ്പം അവരുടെ വീഴ്ചയുടെ പാതകളിൽ കുറ്റപ്പെടുത്താത അവരെ അനുഗമിക്കുക.

അതിനെല്ലാം ശേഷം അവസാനം ഈശോ പത്രോസിനോട് ചോദിക്കുന്നത് 'നീ എന്നെ സ്നേഹിക്കുന്നുവോ' എന്നാണ് (യോഹ 21:15). അതായത് ഇടറി വീഴുന്ന ശിഷ്യനെ കുറ്റപ്പെടുത്താതെ അനുഗമിച്ചതിനും, അവന്റെ അടിസ്ഥാനാവശ്യങ്ങൾ സാധിച്ചു കൊടുത്തതിനു ശേഷം അവന്റെ ശ്രദ്ധ അവരുടെ സ്നേഹബന്ധത്തിലേക്ക് ക്ഷണിക്കുന്നു. ഓരോ പ്രാവശ്യവും ഹൃദയബന്ധത്തെ ഓർമ്മപ്പെടുത്തുമ്പോഴും ശിഷ്യധർമ്മത്തിലേക്ക് തന്നെയാണ് ഈശോ അവനെ ക്ഷണിക്കുന്നത്. 'ആടുകളെ മേയിക്കാനുള്ള' ക്ഷണം ശിഷ്യധർമ്മത്തിലേക്കുള്ള ക്ഷണം തന്നെയാണ്. എന്നിട്ട് അവസാനം 'എന്നെ അനുഗമിക്കുക' എന്ന കൽപ്പനയും ഈശോ പത്രോസിനു കൊടുക്കുന്നു (യോഹ 21:19). മൂന്നു വർഷങ്ങൾക്ക് മുൻപ് പത്രോസിനു കൊടുത്തു കൽപ്പനയുടെ ആവർത്തനം തന്നെയാണിത്.

വഴി തെറ്റിപ്പോകുന്ന ശിഷ്യരെ കുറ്റപ്പെടുത്താത അനുധാവനം ചെയ്യുകയും സ്നേഹത്തിന്റെ ഹൃദയബന്ധത്തിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്യുന്ന ഈശോയുടെ ഈ രീതിയെ നമുക്ക് എങ്ങനെ വിശദീകരിക്കാനാവും? തൊണ്ണൂറ്റി ഒൻപത് ആടിനെയും വിട്ടിട്ട് വഴിതെറ്റിയതിനെ അന്വേഷിച്ചിറങ്ങുകയും അതിനെ കണ്ടു കിട്ടുമ്പോഴും തിരയുകയും ചെയ്യുന്ന ഇടയന്റെ രീതി തന്നെയല്ലേ ഇത്? (ലൂക്കാ 15 4). കാണാതെ പോയ നാണയത്തെ കണ്ടു കിട്ടുവോളം അന്വേഷിക്കുന്ന സ്ത്രീയുടെ രീതിയാണിത് (ലൂക്കാ 15:8). വീടു വിട്ടിറങ്ങിപോയ ധൂർത്തപുത്രൻ തിരിച്ചു വരുവോളം അവനെ നോക്കിയിരിക്കുന്ന അപ്പന്റെ രീതിയാണിത് (ലൂക്കാ15: 20).

വഴി തെറ്റിപ്പോകുന്ന ശിഷ്യരെ കണ്ടു കിട്ടുവോളം അനുധാവനം ചെയ്യുന്ന ഈശോയുടെ ഈ രീതിയെ ഒറ്റ വാക്കിൽ വിളിക്കാവുന്നത് 'കരുണയെന്നാണ്.' കർദ്ദിനാൾ കാസ്പർ കരുണയെക്കുറിച്ചുള്ള തന്റെ പുസ്തകം ഫ്രാൻസീസ് പാപ്പായ്ക്ക് കൊടുത്ത സന്ദർഭം. പിന്നീട് പാപ്പാ എഴുതിയ പുസ്തകത്തിന്റെ ശീർഷകം 'ദൈവത്തിന്റെ പേര് കരുണ എന്നാണ്' (സംഭവത്തിന്റെ വിശദാംശങ്ങൾക്ക് വീഡിയോ കാണുക).

തെറ്റ് ചെയ്തവനെ കുറ്റപ്പെടുത്താതെ അവനെ അനുധാവനം ചെയ്യുന്നത് കാരുണ്യത്തിന്റെ ദൈവിക രീതിയാണ്. തെറ്റിപ്പോകുന്നവനെ വഴി നടത്താനുള്ള ക്രിസ്തുവിന്റെ രീതിയാണിത്. ക്രസ്തുശിഷ്യരെന്ന രീതിയിൽ നമ്മളും അനുവർത്തിക്കേണ്ട തിരുത്തലിന്റെ രീതി ഇതാണ്. നമ്മുടെ സ്‌നേഹബന്ധങ്ങളിലും നമ്മുടെ വീടുകളിലും നമ്മുടെ സമൂഹങ്ങളിലും വളർത്തിയെടുക്കേണ്ട രീതിയാണിത്.

കാപ്രിയോ എന്ന ജഡ്ജിയുടെ മുമ്പിൽ വന്ന ഒരു ട്രാഫിക് കേസ് അദ്ദഹം കൈകാര്യം ചെയ്യുന്ന രീതി കാരുണ്യത്തിന്റേതാണ് (സംഭവത്തിന്റെ വിശദാംശങ്ങൾക്ക് വീഡിയോ കാണുക).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP