Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രകളും കുടുംബസംഗമങ്ങളും ഒഴിവാക്കി വീട്ടിലിരുന്ന് ഈദ് ആഘോഷിച്ച് വിശ്വാസികൾ; മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള കൂട്ടപ്രാർത്ഥനകൾ ഇന്ത്യോനേഷ്യയിലും മലേഷ്യയിലും; ബർലിനിലെ ഒരു കൃസ്ത്യൻ പള്ളി ഇസ്ലാം മതവിശ്വാസികളുടെ പ്രാർത്ഥനക്കായി വിട്ടുകൊടുത്ത് സഭാനേതൃത്വം; കൊറോണാ ഭീതിയിൽ ലോകം ചെറിയപെരുന്നാൾ ആഘോഷിച്ചതിങ്ങനെ

യാത്രകളും കുടുംബസംഗമങ്ങളും ഒഴിവാക്കി വീട്ടിലിരുന്ന് ഈദ് ആഘോഷിച്ച് വിശ്വാസികൾ; മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള കൂട്ടപ്രാർത്ഥനകൾ ഇന്ത്യോനേഷ്യയിലും മലേഷ്യയിലും; ബർലിനിലെ ഒരു കൃസ്ത്യൻ പള്ളി ഇസ്ലാം മതവിശ്വാസികളുടെ പ്രാർത്ഥനക്കായി വിട്ടുകൊടുത്ത് സഭാനേതൃത്വം; കൊറോണാ ഭീതിയിൽ ലോകം ചെറിയപെരുന്നാൾ ആഘോഷിച്ചതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മദാൻ നൊയമ്പിന്റെ അവസാനം കുറിക്കുന്ന ഈദുൽ ഫിത്തർ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾക്ക് ആഘോഷത്തിന്റെയും കൂടിച്ചേരലിന്റെയും സമയമാണ്. യാത്രകൾ, കുടുംബസംഗമം, വിഭവസമൃദ്ധമായ സദ്യ എന്നിവയെല്ലാം ഈ പെരുന്നാളിന്റെ മുഖമുദ്രകളാണ് എന്നാൽ കൊറോണയുടെ ഭീതി കരിനിഴൽ വിരിച്ച ലോകത്ത് ഇത്തവണ ഇതെല്ലാം വെറും ആഗ്രഹങ്ങളായി മാറി. കൊറോണയെ തോൽപ്പിക്കുവാനുള്ള ദൃഢനിശ്ചയത്തോടെ രംഗത്തിറങ്ങിയ മനുഷ്യർ, പതിവുകൾ തെറ്റിച്ച് സ്വന്തം ഇടങ്ങളിൽ ഒതുങ്ങി പെരുന്നാൾ ആഘോഷിച്ചു.

ലോകത്തിൽ ഏറ്റവും അധികം മുസ്ലിം മതവിശ്വാസികളുള്ള ഇന്തോനേഷ്യയിൽ ഇതുവരെ 22,000 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,350 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെക്ക് കിഴക്കൻ ഏഷ്യയിൽ ഏറ്റവും അധികം കോവിഡ് ബാധിതരുള്ള രാജ്യമാണ് ഇന്തോനേഷ്യ. അതുകൊണ്ട് തന്നെ ഇവിടെ ലോക്ക്ഡൗൺ കർക്കശമായി നടപ്പിലാക്കിയിരിക്കുന്നു. ജക്കാർത്ത ഉൾപ്പടെ പലയിടങ്ങളിലും പൊതുപ്രാർത്ഥനകൾക്ക് നിരോധനം ഉണ്ട്. അതുപോലെ തന്നെ വലിയ രീതിയിലുള്ള കുടുംബ സംഗമങ്ങളും വിലക്കിയിരിക്കുകയാണ്. അതിനാൽ തന്നെ മിക്കവർക്കും വീഡിയോ കോൾ വഴിയായിരുന്നു കുടുംബാംഗങ്ങളുടെ സാമീപ്യം അനുഭവിക്കാനായത്.

എന്നാൽ ഇപ്പോഴും ഇസ്ലാമിക് നിയമങ്ങൾ പ്രാബല്യത്തിലുൾല ആക്കേ പ്രവിശ്യയിൽ മാത്രം പൊതു പ്രാർത്ഥനാ ചടങ്ങുകൾ നടന്നു. എല്ലാവർഷത്തേയും പോലെ അലങ്കരിച്ച വാഹനങ്ങളുമായുൾല നഗരപ്രദക്ഷിണം പക്ഷെ ഈ വർഷം ഉണ്ടായില്ല. കഴിഞ്ഞ ഒരാഴ്‌ച്ചയായി ഈ പ്രവിശ്യയിൽ നിന്നും പുതിയ കോവിഡ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാലായിരുന്നു ഇവിടെ ചെറിയൊരു ഇളവ് നൽകിയിരുന്നത്. എന്നാൽ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നുള്ളവരെ ഇവിടേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

മുസ്ലിം ഭൂരിപക്ഷമുള്ള മലേഷ്യയിലും ഇത്തവന ഈദ് ആഘോഷം താരതമ്യേന ചെറിയതോതിൽ മാത്രമാണ് നടന്നത്. ആഴ്‌ച്ചകൾ നീണ്ട ലോക്ക്ഡൗണിന് ശേഷം കടകൾ തുറന്നു എങ്കിലും ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുകയാണ്. മാത്രമല്ല, നഗരവാസികൾക്ക് അവരുടെ ഗ്രാമങ്ങളിലേക്ക് പോകാനുള്ള അനുവാദവും ഇല്ല. അതിനാൽ തന്നെ കുടുംബത്തോടൊപ്പം പെരുന്നാൽ ആഘോഷിക്കണമെന്ന പലരുടെയും മോഹം നടന്നില്ല. ഏകദേശം 5000 ത്തോളം കാറുകളാണ് ഗ്രാമങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും പൊലീസ് വിലക്കിയതും പിഴയടപ്പിച്ചതും. അടുത്ത് താമസിക്കുന്ന ബന്ധുക്കളെ കാണാൻ അനുവദിച്ചിരുന്നെങ്കിലും 20 പേരിൽ കൂടുതൽ കൂട്ടം കൂടരുത് എന്ന ഉത്തരവുണ്ടായിരുന്നു. അതുപോലെ മസ്ജിദുകൾ തുറക്കാൻ അനുവദിച്ചെങ്കിലും ഒരുസമയം 30 പേരിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

ചരിത്രത്തിൽ ഇതാദ്യമായി രാജ്യത്താകമാനം ഒരേദിവസം ഈദ് ആഘോഷിക്കുന്ന പാക്കിസ്ഥാനിൽ കൊറോണയും വിമാനപകടവും ഈദിന്റെ സന്തോഷം കെടുത്തി. ചന്ദ്രനെ കാണുന്നത് സംബന്ധിച്ച് എതിർ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറ്റി ഒരേദിവസം പെരുന്നാൽ ആഘോഷിക്കാൻ തീരുമാനിച്ചത് ഈ വർഷമായിരുന്നു. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും അഭ്യർത്ഥനകൾ നിരാകരിച്ച്, മസ്ജിദുകൾ തുറന്നുതന്നെയിരുന്നു.ആയിരക്കണക്കിന് വിശ്വാസികളാണ് സാമൂഹിക അകലം പാലിക്കാതെ പ്രാർത്ഥനകൾക്കായി തടിച്ചുകൂടിയത്.

ഇതിനിടയിൽ നിയമവിരുദ്ധമായ പ്രകടനം നടത്തിയതിന് ജറുസലേമിൽ രണ്ടുപേരെ ഇസ്രയേലി പൊലീസ് അറസ്റ്റ് ചെയ്തു. ആഴ്‌ച്ചകളായി അടച്ചിട്ടിരുന്ന അൽ-അക്സാ പള്ളിക്ക് മുന്നിലായിരുന്നു പ്രകടനം. ഇസ്ലാം മതവിശ്വാസികളുടെ പുണ്യസ്ഥലമായ അൽ-അക്സ സാധാരണ ഈദ് സമയത്ത് ആയിരക്കണക്കിന് വിശ്വാസികൾ സന്ദർശിക്കുന്ന സ്ഥലമാണ്. കൊറോണനിയന്ത്രണങ്ങളുടെ ഭാഗമായുള്ള ലോക്ക്ഡൗൺ കാരണം ഇവിടത്തെ പള്ളി അടഞ്ഞു കിടക്കുകയാണ്. ഇതിലേക്ക് ചില വിശ്വാസികൾ ബലമായി തള്ളിക്കയറാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

സൗദിയിലും നിയന്ത്രണങ്ങൾക്കിടെയായിരുന്നു ചടങ്ങുകൾ. കൊവിഡ് പ്രതിസന്ധിക്കിടെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് ഇരുഹറമുകളിലും ചെറിയ പെരുന്നാൾ നമസ്‌കാരം നടന്നു. പൊതുജനങ്ങളെ കർശനമായി വിലക്കിയ പ്രാർത്ഥനയിൽ ചുരുക്കം ആളുകൾ മാത്രമാണ് പങ്കെടുത്തത്. ഹറം ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ പരിമിതമായ ആളുകൾ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു. റോയൽ കോർട്ട് ഉപദേഷ്ടാവും ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ സ്വാലിഹ് ബിൻ ഹുമൈദ് വിശുദ്ധ ഹറമിൽ പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകി. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എല്ലാ കാലവും നിലനിൽക്കുകയില്ലെന്നും ക്ഷമാപൂർവ്വവും പ്രാർത്ഥനാനിരതമായും ജീവിക്കണമെന്ന് ഹറം ഇമാം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. മദീനയിലെ മസ്ജിദുന്നബവിയിൽ പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബയ്ക്കും ശൈഖ് അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽബഈജാൻ നേതൃത്വം നൽകി. പാപമോചനത്തിന്റെ കവാടം റമദാൻ കഴിയുന്നതോടെ അടച്ചുപൂട്ടിയിട്ടില്ലെന്നും പാപമുക്തി നേടി കൂടുതൽ അള്ളാഹുവിലേക്ക് അടുക്കാൻ ഇനിയും ശ്രമിക്കണമെന്ന് മസ്ജിദുന്നബവി ഇമാം പറഞ്ഞു.

നിയന്ത്രണങ്ങൾ കേരളത്തിലും

വ്രതവിശുദ്ധിയുടെ നിറവിൽ വിശ്വാസികൾ കേരളത്തിലും ഇന്നലെ ചെറിയ പെരുന്നാൾ ആഘോഷിച്ചു. സർക്കാരിന്റെയും മതപണ്ഡിതരുടെയും ആഹ്വാനപ്രകാരം ആഘോഷങ്ങളും ഈദ് നമസ്‌കാരവും വിശ്വാസികൾ വീടുകളിൽ തന്നെ നിർവഹിച്ചു. മുപ്പത് നാൾ നീണ്ട വ്രതകാലത്തിനൊടുവിൽ ഇന്ന് ഈദുൽഫിത്തർ,ഈദ് നമസ്‌കാരത്തിനായി ഒരുമിച്ച് കൂടിയില്ലെങ്കിലും കൊവിഡ് മുക്തലോകത്തിനായി വിശ്വാസികൾ വീടുകളിൽ തന്നെ പ്രാർത്ഥന നിർവ്വഹിച്ചു.കാന്തപുരം എ.പിഅബൂബക്കർ മുസലിയാർ അദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം പൂനൂരിലെ വീട്ടിൽ ഈദ് നമസ്‌കാരം നടത്തി.

ആരാധനയോളം ആരോഗ്യവും പ്രധാനമാണെന്നും നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷങ്ങൾ നടത്തണമെന്നും കാന്തപുരം ഈദ് സന്ദേശത്തിൽ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന് പാണക്കാട് ഹൈദരലിശിഹാബ് തങ്ങളും അറിയിച്ചു. കൂടിച്ചേരലുകളും പരസ്പരം പങ്കുവെക്കലുമൊക്കെ ഇത്തവണയില്ലെങ്കിലും അകലം പാലിച്ച് ഒരുമനസ്സോടെ പ്രാർത്ഥനാപൂർവ്വമാവട്ടെ ഈ ചെറിയപെരുന്നാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP