Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകരജ്യോതി ദർശിച്ച് മടങ്ങുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ; അടിയന്തര ദുരന്ത നിവാരണ കേന്ദ്രവും സുസജ്ജം

മകരജ്യോതി ദർശിച്ച് മടങ്ങുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ; അടിയന്തര ദുരന്ത നിവാരണ കേന്ദ്രവും സുസജ്ജം

ശബരിമല: മകരജ്യോതി ദർശിച്ച് തിരിച്ച് പോകുന്ന അയ്യപ്പഭക്തർക്കായി കെഎസ്ആർടിസി 1000 ബസുകൾ ഓടിക്കും. പമ്പ - നിലയ്ക്കൽ ചെയിൻ സർവിസ് ബസുകളും ദീർഘദൂരബസുകളും ജ്യോതിദർശനം കഴിഞ്ഞാലുടൻ ഓടിത്തുടങ്ങും. 350 ചെയിൻ സർവീസുകൾ ഉണ്ടാകും. ചെയിൻ സർവീസിന്റെ ഏറ്റവും മുന്നിൽ അലങ്കരിച്ച ബസാണ് സർവീസ് നടത്തുക. അയ്യപ്പഭക്തർ നിറയുന്ന മുറയ്ക്ക് ബസുകൾ നിലയക്കലിലേക്ക് ഓടിക്കും. റൂട്ട് നമ്പർ 100 ആണ് ചെയിൻ സർവീസിനുള്ളത്. അന്യസംസ്ഥാനക്കാർക്കു തിരിച്ചറിയാൻ കഴിയുന്ന രീതിയിലാണ് റൂട്ട് നമ്പർ ബസുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആദ്യ റൗണ്ടിൽ 50 ബസുകൾ വീതം ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ പത്തനംതിട്ടയിലെത്തിച്ചു തുടങ്ങി.

പത്തനംതിട്ടയിലെ ശബരിമല ഇടത്താവളം, റിങ് റോഡ് എന്നിവിടങ്ങളിലെ ബേസ് ക്യാമ്പിൽ നിന്നും എത്തിക്കുന്ന കെഎസആർടിസി ബസുകൾ പമ്പയിൽ ക്രമീകരിക്കും. യുടേൺ മുതൽ ചാലക്കയം വരെയുള്ള ഭാഗങ്ങളിലാണ് ബസുകൾ ക്രമീകരിക്കുക.

കെഎസ്ആർടിസി ബസുകളുടെ ക്രമീകരണം ഉറപ്പാക്കുന്നതിന് വിവിധകേന്ദ്രങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ കെഎസ്ആർടിസി വർക്ക്‌സ് മാനേജർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

തിരക്ക് കണക്കിലെടുത്ത് അന്തർ സംസ്ഥാന ബസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. പുല്ലുമേട്ടിൽ നിന്ന് ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി കോഴിക്കാനം - കുമളി റൂട്ടിൽ 60 ബസുകളും അനുവദിച്ചിട്ടുണ്ട്. മകരജ്യോതിദർശനം കഴിയുമ്പോൾ തന്നെ ബസുകൾ പുറപ്പെടുവാൻ സാധിക്കുന്ന വിധത്തിലാണ് സജ്ജികരണങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് പമ്പ സ്‌പെഷൽ ഓഫീസർ എം വി മനോജ് പറഞ്ഞു.

പത്തനംതിട്ട: മകരവിളക്കിന്റെ തിരക്കിനിടയിൽ ദുരന്ത സാഹചര്യങ്ങൾ ഒഴിവാക്കാനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും പമ്പ ഗണപതി ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന റവന്യു വകുപ്പിന്റെ അടിയന്തര ദുരന്ത നിവാരണ കേന്ദ്രം സുസജ്ജം.

അഗ്നിശമന സേന, പൊലീസ്, വനം വകുപ്പ്, എക്‌സൈസ്, ആരോഗ്യം തുടങ്ങി 15 ഓളം വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഏത് അടിയന്തര സാഹചര്യവും നേരിടാൻ കേന്ദ്രത്തിന് സാധിക്കും. മകരവിളക്ക് പ്രമാണിച്ച് ഇന്ന് രാവിലെ 10 മുതൽ കേന്ദ്രം ജാഗ്രതയോടെ പ്രവർത്തിക്കും. ആശയ വിനിയമത്തിനായി ഇന്റർനെറ്റ്, ഇ-മെയിൽ, ഫോൺ, ഫാക്‌സ് എന്നിവയ്ക്കു പുറമെ ആധുനിക സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. പമ്പയിലെ കേന്ദ്രവുമായി നിലയ്ക്കൽ, സന്നിധാനം, കളക്ടറേറ്റ് എന്നിവിടങ്ങളിലെ ദുരന്ത നിവാരണ സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന ഹോട്ട്‌ലൈൻ, ഉദ്യോഗസ്ഥർക്ക് അടിയന്തര വിവരങ്ങൾ കൈമാറുന്നതിനായി എസ്എംഎസ് അലർട്ട് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം, പത്തനംതിട്ട കളക്ടറേറ്റ്, സംസ്ഥാന കൺട്രോൾ റൂം, തിരുവനന്തപുരത്തെ അടിയന്തര ദുരന്ത നിവാരണ കേന്ദ്രം എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വയർലെസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 27 അംഗീകൃത ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സേവനവും ലഭ്യമാണ്.

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ജെസിബി, ക്രെയിൻ തുടങ്ങിയ സംവിധാനങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കോട്ടയം, എറണാകുളം ജില്ലകളിലെ ആശുപത്രി ഉൾപ്പെടെയുള്ള അടിയന്തര സേവന കേന്ദ്രങ്ങളുടെ ഫോൺ നമ്പരുകൾ പമ്പയിലെ കേന്ദ്രത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഓരോ സമയത്തെയും തിരക്ക് സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥരെ എസ്എംഎസ് മുഖേന അറിയിക്കും. ഇതിലൂടെ വിവിധ വകുപ്പുകൾക്ക് ആവശ്യമായ മുന്നൊരുക്കം നടത്താനാവും.പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ ക്രോഡീകരിച്ചാണ് ആവശ്യമായ ക്രമീകരണങ്ങൾക്ക് അടിയന്തര ദുരന്ത നിവാരണ കേന്ദ്രം നിർദേശങ്ങൾ നൽകുന്നത്.

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ പരിശീലന കേന്ദ്രമായ ഐഎൽഡിഎമ്മിന്റെ സാങ്കേതിക സഹായത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മേധാവി ഡോ. കേശവ് മോഹൻ കേന്ദ്രത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കും. കേരളത്തിലെ ഈ രംഗത്തെ ആദ്യസംരംഭമാണ് പമ്പയിലെ ഇഒസി പമ്പയിലെ അടിയന്തര ദുരന്ത നിവാരണ കേന്ദ്രം നമ്പർ 04735-203295.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP