Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭഗവാന് ചാർത്താനുള്ള ആഭരണങ്ങളുമായുള്ള പെട്ടി പതിനെട്ടാം പടി കയറിയത് സാധാരണക്കാർക്ക് പറ്റുന്നതിലും വേഗത്തിൽ ഓടിക്കയറി; ഒരു മിനിറ്റിൽ 96 പേർ വരെ അയ്യനെ വണങ്ങി മാറി; കണ്ടു പോയത് ശ്രീ അയ്യപ്പ ഭക്തിയുടെ അസുലഭ നിമിഷങ്ങൾ

ഭഗവാന് ചാർത്താനുള്ള ആഭരണങ്ങളുമായുള്ള പെട്ടി പതിനെട്ടാം പടി കയറിയത് സാധാരണക്കാർക്ക് പറ്റുന്നതിലും വേഗത്തിൽ ഓടിക്കയറി; ഒരു മിനിറ്റിൽ 96 പേർ വരെ അയ്യനെ വണങ്ങി മാറി; കണ്ടു പോയത് ശ്രീ അയ്യപ്പ ഭക്തിയുടെ അസുലഭ നിമിഷങ്ങൾ

ശബരിമല: അയ്യപ്പ ഭഗവാനു ചാർത്താനുള്ള തിരുആഭരണങ്ങൾ വഹിച്ച പേടകം പതിനെട്ടാംപടിയിലേക്ക് അസാധാരണവേഗത്തിലാണ് എത്തിച്ചത്. സാധാരണക്കാർക്ക് ഓടിക്കയറാവുന്നതിലും വലിയ ആവേശത്തോടെ എത്തിച്ച ആഭരണപ്പെട്ടികൾ ശ്രീകോവിലിലെത്തിച്ച് ഭഗവാന് അണിഞ്ഞു. അതിന് ശേഷം ദീപാരാധന. ഇതു കഴിഞ്ഞതോടെ പൊന്നമ്പല മേടിൽ മകര ജ്യോതിയും ആകാശത്ത് മകര നക്ഷത്രവും തെളിഞ്ഞു.

മകരവിളക്കിന് ഇത്രവലിയ തിരക്ക് സമീപകാലത്തുണ്ടായിട്ടില്ല. തിരക്കു കൂടിയതോടെ മിനിറ്റിൽ എഴുപതുമുതൽ 96 പേർവരെ ശനിയാഴ്ച പതിനെട്ടാംപടി ചവിട്ടി. ഇവർക്കെല്ലാം സുഖ ദർശനം ഒരുക്കാനും പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. 2011ലെ പുല്ലുമേട് ദുരന്തശേഷം ഇത്രയധികം ഭക്തരുടെ പ്രവാഹം ഇതാദ്യമാണെന്ന് പൊലീസ് പറയുന്നു. രണ്ടുമുതൽ മൂന്നുലക്ഷംവരെ തീർത്ഥാടകരെ സന്നിധാനത്തും പരിസരത്തുമായി പൊലീസ് പ്രതീക്ഷിച്ചു. എന്നാൽ, കണക്കുകൂട്ടൽ തെറ്റിച്ചാണ് പമ്പയിലടക്കം തീർത്ഥാടകർ വന്നത്. തിരക്കറിയിച്ച് ആകാശനിരീക്ഷണം നടത്തിയ ഹെലികോപ്ടറിൽനിന്ന് അപ്പപ്പോൾ വിവരങ്ങൾ സന്നിധാനത്തെ കൺട്രോൾ റൂമിലേക്കു കൈമാറുന്നുണ്ടായിരുന്നു. മകര വിളക്ക് തൊഴുത് രാത്രിയോടെ ഭക്തർ മലയിറങ്ങി.

പന്തളത്തു നിന്ന് കൊണ്ടുവന്ന തിരുവാഭരണം വൈകിട്ട് 6.15ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങി. 6.40ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് മണിനാദം മുഴങ്ങിയതോടെ മാനത്ത് മകര നക്ഷത്രമുദിച്ചു. ഭക്തജന ലക്ഷങ്ങളുടെ ശരണ മന്ത്രങ്ങൾക്കിടയിൽ പൊന്നമ്പലമേട്ടിൽ കൃത്യം 6.43ന് ആദ്യതവണ ജ്യോതി തെളിഞ്ഞുമറഞ്ഞു. വീണ്ടും 9 സെക്കന്റും 16 സെക്കന്റും പിന്നിട്ട് രണ്ടുതവണകൂടി ജ്യോതി തെളിഞ്ഞതോടെ സന്നിധാനം നാമജപ മുഖരിതമായി. രാവിലെ 7.40ന് സംക്രമപൂജ നടന്നു. ഉച്ചപ്പൂജവരെ പതിനായിരങ്ങൾ ദർശനം നേടി. പന്തളം കൊട്ടാരത്തിൽനിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ വൈകിട്ട് 5.30ന് ശരംകുത്തിയിൽ ദേവസ്വം എക്‌സി. ഓഫീസർ ആർ. രവിശങ്കർ, പൊലീസ് സ്‌പെഷ്യൽ ഓഫീസർ എസ്. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് കൊടിമരച്ചുവട്ടിലെത്തിയ തിരുവാഭരണ പേടകം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗങ്ങളായ അജയ് തറയിൽ, കെ. രാഘവൻ, രാജു എബ്രഹാം എംഎൽഎ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി ടി.എം. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് ശ്രീകോവിലിനുള്ളിലേക്ക് തിരുവാഭരണം എത്തിച്ചു. ലക്ഷോപലക്ഷം ഭക്തരാണ് പൂങ്കാവനത്തിലെ 18 മലകളിലുമായി പർണ്ണശാലകൾകെട്ടി കാത്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP