Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയാളികളുടെ മതമൈത്രിയുടെ പ്രതീകമായ എരുമേലി ചന്ദനക്കുടം ഉത്സവം ഇന്ന്; മഹല്ലാ മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചന്ദനക്കുട ഘോഷയാത്രക്ക് എരുമേലി ധർമശാസ്താ ക്ഷേത്രത്തിലും പേട്ടശാസ്താ ക്ഷേത്രത്തിലും സ്വീകരണം; പേട്ടതുള്ളലിനുള്ള ആലങ്ങാട്ട് സംഘം ഇന്നലെയെത്തി; അമ്പലപ്പുഴ സംഘം എത്തുക ഇന്ന്

മലയാളികളുടെ മതമൈത്രിയുടെ പ്രതീകമായ എരുമേലി ചന്ദനക്കുടം ഉത്സവം ഇന്ന്; മഹല്ലാ മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചന്ദനക്കുട ഘോഷയാത്രക്ക് എരുമേലി ധർമശാസ്താ ക്ഷേത്രത്തിലും പേട്ടശാസ്താ ക്ഷേത്രത്തിലും സ്വീകരണം; പേട്ടതുള്ളലിനുള്ള ആലങ്ങാട്ട് സംഘം ഇന്നലെയെത്തി; അമ്പലപ്പുഴ സംഘം എത്തുക ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: മതസൗഹാർദ്ദത്തിന്റെ സൗഹൃദത്തിന്റെ പ്രതീകമായ എരുമേലി ചന്ദനക്കുടം ഉത്സവം ഇന്ന്. നാളെയാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ. മഹല്ലാ മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ചയാണ് എരുമേലി ചന്ദനക്കുടം ഉത്സവം. ജമാ അത്ത് അങ്കണത്തിൽ വൈകീട്ട് 6.30-ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചന്ദനക്കുടം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.എച്ച്.ഷാജഹാൻ അധ്യക്ഷത വഹിക്കും. 7.30-ഓടെ ഘോഷയാത്ര പള്ളി അങ്കണത്തിൽനിന്ന് ഇറങ്ങും. എരുമേലി ധർമശാസ്താ ക്ഷേത്രത്തിലും പേട്ടശാസ്താ ക്ഷേത്രത്തിലും ചന്ദനക്കുടംഘോഷയാത്രയ്ക്ക് സ്വീകരണം നൽകും. പുലർച്ചെ മൂന്നുമണിയോടെ ചന്ദനക്കുടം ഘോഷയാത്ര തിരികെ പള്ളി അങ്കണത്തിൽ സമാപിക്കും. ഐതിഹ്യപ്പെരുമയുള്ള അമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളലും സൗഹൃദംപകരുന്ന ചന്ദനക്കുടവും സമഭാവനയുടെ ഉൽസവംകൂടിയാണ്.

ഞായറാഴ്ച 12മണിയോടെ പേട്ട ശാസ്താക്ഷേത്രത്തിൽനിന്ന് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ തുടങ്ങും. കളത്തിൽ ചന്ദ്രശേഖരൻനായരാണ് സമൂഹപെരിയോൻ. മസ്ജിദിൽ അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് ഭാരവാഹികൾ സ്വീകരിക്കും. പള്ളിയിൽനിന്ന് വാവരുസ്വാമിയുടെ പ്രതിനിധിയെ ഒപ്പംകൂട്ടിയാണ് ധർമശാസ്താ ക്ഷേത്രത്തിലേക്ക് പോകുന്നത്. മൂന്നുമണിയോടെയാണ് യോഗം പെരിയോൻ അമ്പാടത്ത് വിജയകുമാറിന്റെ നേതൃത്വത്തിൽ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ. വർണങ്ങൾ തേച്ച് രൗദ്രഭാവത്തോടെയാണ് അമ്പലപ്പുഴ പേട്ടതുള്ളലെങ്കിൽ ഭസ്മവും കളഭവും ചാർത്തി താളാത്മകമായാണ് ആലങ്ങാട് സംഘത്തിന്റെ പേട്ട.

എരുമേലി പേട്ട തുള്ളലിൽ പങ്കെടുക്കാനായി ആലങ്ങാട്ട് സംഘം വെള്ളിയാഴ്ച എരുമേലിയിൽ എത്തി. ശനിയാഴ്ച പീഠംവയ്ക്കലും പാനക പൂജയും നടക്കും. അമ്പലപ്പുഴ സംഘം മണിമല ക്ഷേത്രത്തിൽ വെള്ളിയാഴ്ച ആഴിപൂജ നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് എരുമേലിയിൽ എത്തും. ഞായറാഴ്ച, ആദ്യം അമ്പലപ്പുഴ സംഘത്തിന്റെയും അതിനു ശേഷം ആലങ്ങാട് സംഘത്തിന്റെയും പേട്ടതുള്ളൽ നടക്കും. രണ്ടു സംഘങ്ങളും കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ കാൽനടയായാണ് സന്നിധാനത്തെത്തുക.

തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തിൽനിന്ന് 13 ന് ഉച്ചയ്ക്ക് പുറപ്പെടും. പമ്പ വിളക്ക്, പമ്പ സദ്യ എന്നിവ 14 ന് നടക്കും. മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് 15ന് രാത്രിയിൽ തുടങ്ങും. 18 വരെ പതിനെട്ടാംപടി വരെയും 19 ന് ശരംകുത്തിയിലേക്കുമാണ് എഴുന്നള്ളത്ത്. തീർത്ഥാടന കാലത്തെ നെയ്യഭിഷേകം 19 വരെ മാത്രം. 19 ന് ഉച്ചയ്ക്ക് 11.30ന് രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും തീർത്ഥാടകർക്ക് ദർശനം 20 ന് രാത്രി 10 വരെ മാത്രമേ ഉള്ളു. തുടർന്ന് മാളികപ്പുറത്ത് ഗുരുതി നടക്കും. തീർത്ഥാടനം പൂർത്തിയാക്കി 21ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP