Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

25 ന് ക്രിസ്മസിന്റെ തിരക്ക്; 26 ന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധനയും സൂര്യഗ്രഹണവും; നട തുറന്നിരിക്കുക കുറഞ്ഞ സമയം മാത്രം; സന്നിധാനത്തെ തിരക്കൊഴിവാക്കാൻ തീർത്ഥാടകരെ വഴിയിൽ തടഞ്ഞ് ഇടത്താവളങ്ങളിലേക്ക് മാറ്റും; സന്നിധാനത്ത് ഉൾക്കൊള്ളാവുന്ന ആളുകളെ മാത്രം കടത്തി വിടും: ക്രിസ്മസ് അവധിക്ക് ശബരിമല ദർശനം പ്ലാൻ ചെയ്തവർ 12 മണിക്കൂർ വരെ വഴിയിൽ കിടക്കേണ്ടി വരും

25 ന് ക്രിസ്മസിന്റെ തിരക്ക്; 26 ന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധനയും സൂര്യഗ്രഹണവും; നട തുറന്നിരിക്കുക കുറഞ്ഞ സമയം മാത്രം; സന്നിധാനത്തെ തിരക്കൊഴിവാക്കാൻ തീർത്ഥാടകരെ വഴിയിൽ തടഞ്ഞ് ഇടത്താവളങ്ങളിലേക്ക് മാറ്റും; സന്നിധാനത്ത് ഉൾക്കൊള്ളാവുന്ന ആളുകളെ മാത്രം കടത്തി വിടും: ക്രിസ്മസ് അവധിക്ക് ശബരിമല ദർശനം പ്ലാൻ ചെയ്തവർ 12 മണിക്കൂർ വരെ വഴിയിൽ കിടക്കേണ്ടി വരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ക്രിസ്മസ് അവധി ദിനങ്ങളിൽ ശബരിമല ദർശനം നടത്താമെന്ന് കരുതുന്നുവരെ ഇക്കുറി സൂര്യഗ്രഹണം പെരുവഴിയിലാക്കും. തങ്കയങ്കി ചാർത്തി ദീപാരാധന നടക്കുന്ന ഡിസംബർ 26 ന് തന്നെയാണ് സൂര്യഗ്രഹണവും സംഭവിക്കുന്നത്. ഇതു കാരണം ശബരിമല നട വളരെ കുറച്ച് സമയം മാത്രമാകും തുറന്നിരിക്കുക. ഈ സമയം കൊണ്ട് ഇവിടേക്ക് എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും ദർശനം സാധ്യമാകില്ല. അവർ 27 ന് മണ്ഡലപൂജ ദിവസം വരെ കാത്തിരിക്കണം. മണ്ഡലപൂജ ദിവസം ഉണ്ടാകാനിടയുള്ള വൻ തിരക്ക് കൂടി കണക്കിലെടുത്ത് പൊലീസ് തീർത്ഥാടകരെ വഴിയിൽ തടയും. ഇങ്ങനെ തടയുന്ന തീർത്ഥാടകരെ തൊട്ടടുത്ത ഇടത്താവളങ്ങളിലേക്ക് മാറ്റുമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു.

ക്രിസ്മസ് ദിനത്തിൽ വൈകിട്ട് അനുഭവപ്പെടുന്ന തിരക്ക് അനുസരിച്ച് നിയന്ത്രണങ്ങൾ ആരംഭിക്കും. 25 ന് രാത്രിയിൽ സന്നിധാനത്ത് തങ്ങുന്നവരുടെ എണ്ണം കണക്കാക്കി, 26 ന് പുലർച്ചെ നാലു മുതൽ വഴിയിൽ തീർത്ഥാടകരെ തടയും. പമ്പയിൽ കൂടുതൽ ആൾക്കാരെ ഉള്ളിക്കൊള്ളിക്കാൻ കഴിയാത്തതിനാൽ ഭക്തരെ നിലയ്ക്കലിൽ തടയും. ഇവിടുത്തെ പാർക്കിങ് ഗ്രൗണ്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും 99 ശതമാനം നിറയുന്നതോടെ തീർത്ഥാടകരെ വഴിയിൽ തടയും. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഇടത്താവളങ്ങളിലേക്ക് ഇവരെ മാറ്റും. ഇവിടങ്ങളിൽ ഭക്ഷണം, വെള്ളം, പ്രാഥമികാവശ്യങ്ങൾ എന്നിവ ലഭ്യമാക്കും.

ദർശനം കഴിഞ്ഞ തീർത്ഥാടകർ മലയിറങ്ങുന്നതിന് അനുസരിച്ച് പമ്പയിലേക്ക് തീർത്ഥാടകരെ കയറ്റി വിടും. ഈ സമയം നിലയ്ക്കലിൽ വരുന്ന ഒഴിവിലേക്ക് ഇടത്താവളങ്ങളിൽ നിന്നുള്ളവരെ കടത്തി വിടും. ദർശനം കഴിഞ്ഞ മടങ്ങുന്ന തീർത്ഥാടകരെ പ്രത്യേക സർവീസ് നടത്തി കെഎസ്ആർടിസി നിലയ്ക്കലിൽ എത്തിക്കും. പെരുനാട്, വടശേരിക്കര, പത്തനംതിട്ട, എരുമേലി, പൊൻകുന്നം, കോന്നി, പത്തനാപുരം തുടങ്ങിയ മേഖലകളിലാകും ഭക്തരെ തടയുക. നിലയ്ക്കൽ, സന്നിധാനം, എരുമേലി, പമ്പ എന്നിവിടങ്ങളിൽ ഓരോ കമ്പനി സായുധ പൊലീസിനെ അധികമായി വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്ക് ഡിഐജി നേതൃത്വം നൽകും. തീർത്ഥാടകർ ഒമ്പതു മുതൽ 12 മണിക്കൂർ വരെ വഴിയിൽ കുടുങ്ങിയിയേക്കുമെന്നും പത്തനംതിട്ട എസ്‌പി സൂചന നൽകി.

നട അടച്ചിടുന്നത് 7.30 മുതൽ 11.30 വരെ; മാളികപ്പുറത്തും പമ്പയിലും സമയക്രമം ബാധകം

2019 ഡിസംബർ 26 ന് നടക്കുന്ന സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഗ്രഹണ സമയത്ത് തിരുനട തുറക്കുന്നതല്ല. സൂര്യഗ്രഹണ ദിവസം രാവിലെ 7.30 മുതൽ 11.30 വരെ ക്ഷേത്രനട അടച്ചിടും. അന്നേ ദിവസം പുലർച്ചെ 3 മണിക്ക് ആണ് ക്ഷേത്രനട തുറക്കുന്നത്. 3.15 മുതൽ 6.45 വരെ നെയ്യഭിഷേകം ഉണ്ടാകും. ശേഷം ഉഷപൂജ കഴിച്ച് 7.30 ന് തിരുനട അടയ്ക്കും.

ഡിസംബർ 26 ന് രാവിലെ 8.06 മുതൽ 11.13 മണി വരെയാണ് സൂര്യഗ്രഹണം.ഗ്രഹണം കഴിഞ്ഞ് 11.30 ന് ക്ഷേത്രനട തുറക്കും. തുടർന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. ഇതിനു ശേഷം 1 മണിക്കൂർ സമയം ഭഗവാന് നെയ്യഭിഷേകം ഉണ്ടായിരിക്കും. കളഭാഭിഷേകത്തിനു ശേഷം ഉച്ചപൂജ. അതു കഴിഞ്ഞ് തിരുനട അടയ്ക്കും.മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതൽ 11.30 വരെ നട അടച്ചിടും. അന്നേ ദിവസം വൈകുന്നേരം ശ്രീകോവിൽ നട തുറക്കുന്നത് 5 മണിക്കായിരിക്കും.

6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ വച്ച് ആചാരപൂർവ്വമുള്ള സ്വീകരണം നൽകും. തുടർന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25 ഓടെ പതിനെട്ടാം പടി കയറി കൊണ്ടു വരുന്ന തങ്ക അങ്കിപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും.ശേഷം തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. തങ്ക അങ്കിയുടെ ശോഭയിലുള്ള അയ്യപ്പവിഗ്രഹം ദർശിച്ച് പുണ്യം നേടി ലക്ഷക്കണക്കിന് ഭക്തരായിരിക്കും പ്രാർത്ഥനയോടെ പടിയിറങ്ങുക. രാത്രി 9.30 ന് അത്താഴപൂജ.10.50ന് ഹരിവരാസനം പാടി 11 മണിക്ക് തിരുനട അടയ്ക്കും. മണ്ഡലപൂജ ദിനമായ ഡിസംബർ 27ന് പുലർച്ചെ 3 മണിക്ക് ക്ഷേത്രനട തുറക്കും.3 .15 മുതൽ 7 മണി വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. 8 മണി മുതൽ 9.30 വരെ നെയ്യഭിഷേകം തുടരും. 10 മണിക്കും 11.40നും ഇടയ്ക്കുള്ള കുംഭം രാശിയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും. ഉച്ചക്ക് 1 മണിക്ക് നട അടയ്ക്കും.അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് നട വീണ്ടും തുറക്കും. ദീപാരാധന വൈകുന്നേരം 6.30ന്. അത്താഴപൂജ 9.30 ന്. രാത്രി 9.50 ന് ഹരിവരാസനം പാടി പൊന്നമ്പലത്തിൻ തിരുനട അടയ്ക്കും.ഇതോടെ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് പരിസമാപ്തിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP