Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുക വി മുരളീധരൻ; വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം നാളെ ഉച്ച കഴിഞ്ഞ് ഇന്ത്യൻ സമയം 1.30ന്; ചരിത്ര പ്രഖ്യാപനത്തിനൊരുങ്ങി പുത്തൻചിറ ഗ്രാമവും

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുക വി മുരളീധരൻ; വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം നാളെ ഉച്ച കഴിഞ്ഞ് ഇന്ത്യൻ സമയം 1.30ന്; ചരിത്ര പ്രഖ്യാപനത്തിനൊരുങ്ങി പുത്തൻചിറ ഗ്രാമവും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര മന്ത്രി വി മുരളിധരൻ നയിക്കും. ചടങ്ങിൽ പങ്കെടുത്ത ശേഷം മാർപ്പാപ്പയുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 നാണു ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവി പ്രഖ്യാപനം നടത്തുക. മറിയം ത്രേസ്യയുടെ തിരുശേഷിപ്പുകൾ പ്രത്യേകം തയാറാക്കിയ അരുളിക്കയിലാക്കി അൾത്താരയിൽ പ്രതിഷ്ഠിക്കും.

14നു റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയിൽ രാവിലെ 10.30ന് നടക്കു കൃതജ്ഞതാബലിയിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. മറിയം ത്രേസ്യയുടെ നാമകരണ പരിപാടികളിൽ പങ്കെടുക്കാനായി ആയിരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു റോമിൽ എത്തിയിട്ടുണ്ട്.

ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് നാളെ വത്തിക്കാനിൽ  നടക്കുന്ന സമയം ജന്മദേശമായ പുത്തൻചിറ ഗ്രാമത്തിൽ വിശുദ്ധയെ കിരീടം ധരിപ്പിക്കുന്ന ചടങ്ങ് നടക്കും. വാഴ്‌ത്തപ്പെട്ടവർ വിശുദ്ധ പദവിയേറുമ്പോൾ ധരിപ്പിക്കുന്ന കിരീടം മറിയം ത്രേസ്യയുടെ തിരുരൂപത്തിന്റെ ശിരസ്സിൽ അണിയിക്കും. തുടർന്ന് സ്വരൂപം വഹിച്ചുകൊണ്ടുള്ള ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. വിശുദ്ധപദവി പ്രഖ്യാപനച്ചടങ്ങ് തൽസമയം പ്രദർശിപ്പിക്കാനും അനുബന്ധ ചടങ്ങുകൾ സംഘടിപ്പിക്കാനും പുത്തൻചിറ ഗ്രാമവും കുഴിക്കാട്ടുശേരി തീർത്ഥകേന്ദ്രവും ഒരുങ്ങി. ഊട്ടുനേർച്ചയുമുണ്ടാകും.

വിശുദ്ധ പ്രഖ്യാപനത്തിനു സെന്റ് പീറ്റേഴ്‌സ് ചത്വരം ഒരുങ്ങി. ഇന്നു റോമിലെ മരിയ മജോരേ മേജർ ബസിലിക്കയിൽ നടക്കുന്ന പ്രത്യേക ജാഗരണ പ്രാർത്ഥനാ ശുശ്രൂഷകൾക്കു വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്രിഫെക്ട് കർദിനാൾ ആഞ്ചലോ ജിയോവാനി ബെച്ച്യു മുഖ്യകാർമികത്വം വഹിക്കും. തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമികരാകും.

തൃശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമത്തിലെ ചിറമേൽ മങ്കിടിയൻ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആൺകുട്ടികളും, മൂന്ന് പെൺകുട്ടികളുമടങ്ങുന്ന അഞ്ച് മക്കളിൽ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തിൽ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു അവൾ വളർന്ന് വന്നത്. ധാരാളം ഭൂസ്വത്തുക്കൾ ഉള്ള ഒരു സമ്പന്ന കുടുംബമായിരുന്നു അവരുടേതെങ്കിലും, ത്രേസ്യായുടെ അപ്പൂപ്പൻ തന്റെ ഏഴ് പെൺമക്കളേയും സ്ത്രീധനം നൽകി വിവാഹം ചെയ്തയക്കുവാനായി ഭൂമി വിറ്റ് തീർക്കുകയും ക്രമേണ അവർ ദരിദ്രരായി.

മറിയം ത്രേസ്യായുടെ ജീവിതത്തിന്റെ ആദ്യ പകുതിവരെ, മാമ്മോദീസാ പേരായ ത്രേസ്യാ എന്ന പേരിലായിരുന്നു അവൾ അറിയപ്പെട്ടിരുന്നത്. 1904 മുതൽ പേര് മറിയം ത്രേസ്യാ എന്നാക്കി മാറ്റി. തന്റെ ആത്മീയ പിതാവിന്റെ നിർബന്ധപ്രകാരം രചിച്ച വെറും 6 പേജുകൾ മാത്രമുള്ള ജീവചരിത്രത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ച്, ചെറുപ്പകാലത്തിൽ തന്നെ ദൈവത്തെ സ്‌നേഹിക്കുവാനുള്ള തീവ്രമായ ആഗ്രഹം വെച്ച് പുലർത്തിയിരുന്നു. ഇക്കാരണത്താൽ ആഴ്ചയിൽ നാല് പ്രാവശ്യം ഉപവസിക്കുന്നതും ദിവസത്തിൽ ജപമാല നിരവധി പ്രാവശ്യം ചൊല്ലുന്നതും പതിവായിരുന്നു. 8 വയസ്സായപ്പോൾ അവളുടെ മെലിഞ്ഞ ശരീരം കണ്ട അമ്മ, അവളെ കഠിനമായ ഉപവാസങ്ങളും, ജാഗരണ പ്രാർത്ഥനകളും അനുഷ്ടിക്കുന്നതിൽ നിന്നും വിലക്കി. പക്ഷേ ത്രേസ്യയാകട്ടെ കൂടുതൽ പീഡനങ്ങൾ ഏറ്റെടുത്തുകൊണ്ട് ക്രിസ്തുവിനെ അനുകരിച്ചു പോന്നു. അവൾക്ക് പത്ത് വയസ്സ് പ്രായമായപ്പോഴേക്കും അവൾ തന്റെ വിശുദ്ധി ക്രിസ്തുവിനുവേണ്ടി സമർപ്പിച്ചു.

ത്രേസ്യാക്ക് 12 വയസ്സായപ്പോൾ അമ്മ മരണപ്പെട്ടു. അത് അവളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അവസാനം കൂടിയായിരുന്നു. തന്റെ ദൈവനിയോഗം തിരിച്ചറിയുവാനുള്ള ഒരു നീണ്ട അന്വേഷണത്തിലായിരുന്നു അവൾ. പ്രാർത്ഥനാഭരിതമായ ഒരു എളിയ ജീവിതമായിരുന്നു അവൾ ആഗ്രഹിച്ചിരുന്നത്. ത്രേസ്യായും അവളുടെ മൂന്ന് സഹചാരികളും കൂടി ഒരു പ്രാർത്ഥനാ ഗ്രൂപ്പ് ഉണ്ടാക്കുകയും ഒരു പ്രേഷിത സംഘം രൂപീകരിക്കുകയും ചെയ്തു. പുരുഷന്മാർക്കൊപ്പമല്ലാതെ സ്ത്രീകൾ വീട് വിട്ട് പുറത്ത് പോകാറില്ലാത്ത ആചാരത്തെ മറികടന്നുകൊണ്ടായിരുന്നു അവരുടെ ഈ പ്രവർത്തനങ്ങൾ. സഹായം ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തി അവർ സഹായിച്ചു. വിപ്ലവകരമായ ഈ നൂതന സംരഭം ''പെൺകുട്ടികളെ തെരുവിലേക്കിറക്കുന്നു'' എന്ന വിമർശനത്തെ ക്ഷണിച്ചു വരുത്തി.

1903-ൽ മറിയം ത്രേസ്യാ ഏകാന്തമായ ഒരു പ്രാർത്ഥനാ ഭവനം നിർമ്മിക്കുവാനുള്ള അനുവാദത്തിനായി മെത്രാന്റെ പക്കൽ അപേക്ഷ സമർപ്പിച്ചു. തൃശൂർ ജില്ലയിലെ അന്നത്തെ അപ്പസ്‌തോലിക വികാർ ആയിരുന്ന മാർ ജോൺ മേനാച്ചേരി ആദ്യം അവളുടെ ദൈവനിയോഗത്തെ പരീക്ഷിക്കുവാൻ തീരുമാനിച്ചു. പുതിയതായി രൂപമെടുത്ത ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സഭയിൽ ചേരുവാൻ അദ്ദേഹം അവളോടു ആവശ്യപ്പെട്ടു.1912-ൽ അദ്ദേഹം അവൾക്ക് ഒല്ലൂരിലുള്ള കർമ്മലീത്താ മഠത്തിൽ താമസിക്കുവാനുള്ള സംവിധാനമൊരുക്കി.

1914 മെയ്‌ 14-നാണ് ത്രേസ്യയ്ക്ക് വ്രതവാഗ്ദാനം ലഭിക്കുന്നത്. തിരുകുടുംബസന്ന്യാസിനിസമൂഹം ആരംഭിക്കുമ്പോൾ ത്രേസ്യക്ക് 38 വയസ്സാണ്. പിന്നീട് സന്ന്യാസിനിയായി 12 വർഷംമാത്രമാണ് അവർ ജീവിച്ചത്. ദീർഘകാലത്തെ ആത്മീയ പോരാട്ടത്തിനൊടുവിൽ തന്റെ മൂന്ന് കൂട്ടുകാരികൾക്കൊപ്പം തിരുകുടുംബസമൂഹം കുഴിക്കാട്ടുശ്ശേരിയിലെ ഏകാന്തഭവനത്തിൽ അനാർഭാടമായി ആരംഭിച്ചു. താൻ രൂപംകൊടുത്ത സന്ന്യാസിനി സമൂഹം ഗാർഹിക അപ്പസ്‌തോലികദൗത്യമാണ് ഏറ്റെടുത്തത്. കുടുംബങ്ങളുടെ പുണ്യവതിയെന്ന് ആ ഗ്രാമത്തിലപ്പോൾ മറിയം ത്രേസ്യയ്ക്ക് ഒരു വിളിപ്പേര് ഉണ്ടായിക്കഴിഞ്ഞിരുന്നു. വ്യക്തികൾ ഒറ്റപ്പെടുന്നതിനെക്കാൾ വേഗത്തിൽ കുടുംബങ്ങൾ ഒറ്റപ്പെടുന്നുവെന്ന തിരിച്ചറിവാണ് ഹോളിഫാമിലി എന്ന സന്ന്യാസിനിസമൂഹത്തിന്റെ പ്രേരണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP