Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാന മന്ത്രിയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം; വിസാ ചട്ടങ്ങളിൽ ഇളവ്; 10 വർഷം വരെ നീളുന്ന ബ്രിക്‌സ് മൾട്ടിപ്പിൾ എൻട്രി ബിസിനസ്സ് വിസ ഏർപ്പെടുത്തും

പ്രധാന മന്ത്രിയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം; വിസാ ചട്ടങ്ങളിൽ ഇളവ്; 10 വർഷം വരെ നീളുന്ന ബ്രിക്‌സ് മൾട്ടിപ്പിൾ എൻട്രി ബിസിനസ്സ് വിസ ഏർപ്പെടുത്തും

കെ.ജെ.ജോൺ

പ്രിട്ടോറിയ: ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കുമിടയിൽ ടൂറിസം, ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള യാത്രാ വിസാച്ചട്ടങ്ങൾ ലഘൂകരിക്കുമെന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. പ്രകൃതിരമണീയമായ സൗത്താഫ്രിക്കൻ രാജ്യത്തിന്റെ ടൂറിസം മേഖലയിലേക്ക് വിദേശ വിനോദ സന്ദർശകരെ ആകർഷിക്കുന്നതിന്റെയും, വ്യവസായ - വാണിജ്യ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനുമുള്ള തീരുമാനങ്ങളുടെയും ഭാഗമായി വിസാ നടപടികൾ അത്യന്തം ലളിതപൂർണ്ണമാക്കാനുള്ള സത്വരനടപടികൾ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ജേക്കബ് സുമ പ്രിട്ടോറിയ യൂണിയൻ ബിൽഡിംഗിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 10 വർഷം വരെ കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാനുള്ള സാധ്യതയുണ്ടാകും.

എന്നാൽ ജനസംഖ്യാനുപാതികമായിയുള്ള തൊഴിൽ സാദ്ധ്യതകൾ ഇന്ത്യയെ അപേക്ഷിച്ച് സൗത്താഫ്രിക്കയിൽ കൂടുതലായതിനാൽ ടൂറിസ്റ്റ് വിസയിൽ ഇവിടെ വരുന്ന വളരെയധികമാളുകൾ തിരികെ പോകാത്ത അവസ്ഥയാണ് വിസ ചട്ടങ്ങൾ കർശനവും കഠിനവുമാക്കിയതെന്നു ഉദ്യോഗസ്ഥർ വിശദീകരിച്ചു. അതോടൊപ്പം ഭീകരപ്രവർത്തകർക്ക് വളരെയെളുപ്പത്തിൽ രാജ്യത്തേക്ക് കടക്കമെന്നതും ആശങ്കയുയർത്തുന്ന കാര്യമാണ്.

സൗത്താഫ്രിക്കൻ ജനതയ്ക്ക് ഇന്ത്യ സന്ദർശിക്കുന്നതിനായി ഇ-വിസ സമ്പ്രദായം വഴി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഈ വർഷം മുതൽ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഇന്ത്യ-സൗത്താഫ്രിക്ക ബിസിനസ്സ് ഫോറം ചർച്ചയിലാണ് ഇക്കാര്യം മോദി അറിയിച്ചത്. ''ടൂറിസം ബിസിനസ്സ് ആവശ്യങ്ങൾക്ക് നിങ്ങളുടെ സ്വീകരണമുറിയിൽ ഇരുന്നുകൊണ്ട് ഇന്ത്യയിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാവുന്ന തരത്തിൽ നടപടികൾ ലളിതമാക്കിയെന്നു'' മോദി പറഞ്ഞു. 10 വർഷം വരെ നീളുന്ന ബ്രിക്‌സ് മൾട്ടിപ്പിൾ എൻട്രി ബിസിനസ്സ് വിസ ഏർപ്പെടുത്തുന്ന സൗത്താഫ്രിക്കയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസായ-വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് വളർച്ചയുടെ പാതയിൽ മുന്നേറാൻ ധാരണയായി. ഏതാണ്ട് 100ൽ പരം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ആഫ്രിക്ക-ഇന്ത്യ സിഇഒ മാരുടെ ഫോറത്തിലാണ് വികസനത്തിലൂന്നിയുള്ള ധാരണകളിലെത്തിയത്. ത്വരിതഗതിയിൽ പ്രയോഗത്തിൽ വരത്തക്കവിധം ഏതാണ്ട് 8 മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാണ്ടിംഗു( MoU ) കളിൽ ഒപ്പ് വച്ചു. ഖനനം, റയിൽവെ, ഇലക്ട്രോണിക്‌സ്, ഫാർമസ്യൂട്ടിക്കൽ, നിർമ്മാണം, പ്രതിരോധം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പ്രധാനമായും ഒപ്പ് വയ്ക്കപ്പെട്ട ഉടമ്പടികളെന്നു സൗത്താഫ്രിക്കൻ വ്യാപാര-വ്യവസായ ഡെപ്യുട്ടി ഡയറക്ടർ ജനറൽ പുംലൻസാപായ് അറിയിച്ചു.
ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ വ്യപാര-വ്യവസായ വളർച്ച 1995ൽ 1 ബില്യൺ അമേരിക്കൻ ഡോളർ എന്നത് 2008 ൽ 35 ബില്യണായും കഴിഞ്ഞ വർഷം 70 ബില്യൺ അമേരിക്കൻ ഡോളറായും വർദ്ധിച്ചിരുന്നു.

തൽസ്ഥാനത്ത് ചൈന ഏതാണ്ട് 200 ബില്യൺ അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സൗത്താഫ്രിക്കയിലുള്ള ഇന്ത്യൻ കമ്പനികൾ സാമ്പത്തിക സാങ്കേതിക മേഖലകളിൽ 10660 പേർക്ക് തൊഴിലവസരങ്ങൾ നൽകി വരികയാണിപ്പോൾ.
സൗത്താഫ്രിക്കൻ യുവജനശാക്തീകരണത്തിന്റെ ഭാഗമായി യുവാക്കൾക്ക് ഇന്ത്യയിൽ വിദഗ്ദ്ധ പരിശീലനത്തിനുള്ള സാദ്ധ്യതകളിൽ സന്തുഷ്ടി പ്രകടിപ്പിച്ച പ്രസിഡൻഡ് സൂമ ഈ വർഷാവസാനത്തോടെ ആദരണീയനായ ഇന്ത്യൻ പ്രതിനിധി കെ.വി.കമ്മത്തിന്റെ നേതൃത്വത്തിൽ ജോഹന്നാസ്ബർഗിൽ ആരംഭിക്കുന്ന ന്യൂ ഡവലപ്പുമെന്റ് ബാങ്കിന്റെ പ്രബലമായ പ്രവർത്തനം ആഫ്രിക്കൻ ധനമേഖലയെ ശക്തിപ്പെടുത്തുമെന്നും പ്രത്യാശിച്ചു.

ജോഹന്നസ്ബർഗിൽ കൊക്കോകോള ഡോം കൊൺസെർട്ട് വെന്യൂവിൽ ഏതാണ്ട് 13 ലക്ഷം വരുന്ന സൗത്താഫ്രിക്കൻ-ഇന്ത്യൻ ജനത സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ 'മഡിബ' (നെൽസൺ മണ്ടേല) ഷർട്ട് അണിഞ്ഞെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരക്കണക്കിന് ഇന്ത്യൻ ആരാധകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഏകദേശം 40 മിനിറ്റിലേറെ നീണ്ട സുദീർഘവും അവിസ്മരണീയവുമായ മോദിയുടെ ഇംഗ്ലീഷിലുള്ള പ്രൗഢഗംഭീരമായ പ്രസംഗം പ്രത്യേകം എഴുതി തയ്യാറാക്കാത്തതും മറ്റു സംവിധാനങ്ങളുടെ സഹായമില്ലാതെയുള്ളതുമായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഏതാണ്ട് 2 മണിക്കൂറിലധികം ദൈർഘ്യമേറിയ നൃത്ത-സംഗീത പരിപാടികളും പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP