Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കവിത ചൊല്ലി അനൂപ് ചന്ദ്രൻ; റിയാദ് ചില്ല എന്റെ വായന പ്രതിമാസ പരിപാടി ശ്രദ്ധേയമായി

കവിത ചൊല്ലി അനൂപ് ചന്ദ്രൻ; റിയാദ് ചില്ല എന്റെ വായന പ്രതിമാസ പരിപാടി ശ്രദ്ധേയമായി

റിയാദ്: അക്കങ്ങളുടെ ലോകത്ത് ഉപജീവനം തേടുമ്പോഴും കവിതയിൽ ജീവിക്കാനാഗ്രഹിക്കുന്നവനാണ് താനെന്ന് കവിയും സാംസ്‌കാരികപ്രവർത്തകനുമായ അനൂപ് ചന്ദ്രൻ പറഞ്ഞു. ചില്ലയുടെ എന്റെ വായന എന്ന പ്രതിമാസ പരിപാടിയിൽ കവിത ചൊല്ലി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കവി എന്ന മുദ്രയിടിച്ചു നടക്കാനല്ല, എഴുതാതിരിക്കാൻ ശ്രമിച്ച് എഴുതിപ്പോകുന്നവനായിരിക്കണം കവി എന്ന് അനൂപ് കൂട്ടിച്ചേർത്തു. കവിതയെന്ന പേരിൽ വരുന്ന ജനപ്രിയമായരചനകൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ഗൗരവപൂർണമായ കാവ്യരചനകൾ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്ന സാംസ്‌കാരിക ദുർഗതി നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഓക്‌സിജൻ സിലിണ്ടൻ എന്ന കവിതാ സമാഹാരത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കവിതകൾ കവി തന്നെ സദസ്സിനായി ചൊല്ലി. ആധുനികജീവിതത്തിന്റെ ബിംബങ്ങൾക്കൊണ്ട് സമ്പന്നമാണ് അനൂപിന്റെ കവിതകളെന്ന് കാവ്യവർത്തമാനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഡയസ്‌പൊറ സാഹിത്യപഠനങ്ങൾക്ക് സർഗാത്മകമായ പിൻബലം നൽകുന്ന നിരവധി കവിതകൾ അനൂപിന്റേതായുണ്ട്. ഗൾഫ് പ്രവാസത്തെയും അതിന്റെ സങ്കീർണഘടനകളേയും വരച്ചിടുന്നതിൽ കവിതകൾ വിജയിച്ചതായി കാണാം. വ്യക്തമായ രാഷ്ട്രീയനിലപാടുകൾ തന്നെയാണ് അനൂപിന്റെ കവിതകൾ എന്ന വിലയിരുത്തലും ചർച്ചയിൽ ഉണ്ടായി.

എന്റെ വായനയിൽ ഡി എൻ എ പഠനങ്ങളെ ആധാരമാക്കി ടോണി ജോസഫ് രചിച്ച ഏളി ഇന്ത്യൻസ് എന്ന ചരിത്രഗ്രന്ഥം നൗഷാദ് കോർമത്ത് പരിചയപ്പെടുത്തി അവതരിപ്പിച്ചു. നരേന്ദ്രമോദിയുടെ അധികാരവാഴ്ചയെ അടിസ്ഥാനമാക്കി ശശി തരൂർ എഴുതിയ പാരഡോക്‌സിക്കൽ പ്രൈംമിനിസ്റ്റർ എന്ന ഗ്രന്ഥമാണ് സുരേഷ് ലാൽ അവതരിപ്പിച്ചത്. സിസ്റ്റർ ജെസ്മിയുടെ പോരാട്ടവും വിമോചനവും വിവരിക്കുന്ന ആമേൻ എന്ന ആത്മകഥാഗ്രന്ഥം ബീന അവതരിപ്പിച്ചു.

ജാതിയെ മറികടക്കാൻ ജാതിയെ നശിപ്പിക്കുകയല്ലാതെ വഴിയില്ലെന്ന് അടിവരയിടുന്ന ശരൺകുമാർ ലിംബാളെയുടെ അവർണൻ എന്ന നോവൽവായന ഇഖ്ബാൽ കൊടുങ്ങല്ലൂർ നടത്തി. വിപിൻ കന്നഡ എഴുത്തുകാരനായിരുന്ന ശ്രീകൃഷ്ണ ആലനഹള്ളിയുടെ പ്രഥമ നോവലായ കാട് അവതരിപ്പിച്ചു. വായനാവതരണ ശേഷം നടന്ന ചർച്ചയിൽ ഡാർളി തോമസ്, റസൂൽ സലാം, നജ്മ നൗഷാദ് എന്നിവർ പങ്കെടുത്തു. എം ഫൈസൽ മോഡറേറ്ററായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP