Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചില്ല ലെറ്റ്ബെയ്റ്റ് സംവാദ സദസ്സ്; ഇന്ത്യയിപ്പോൾ അപദേശീയതാപാതയിൽ: കെ ടി കുഞ്ഞിക്കണ്ണൻ

ചില്ല ലെറ്റ്ബെയ്റ്റ് സംവാദ സദസ്സ്; ഇന്ത്യയിപ്പോൾ അപദേശീയതാപാതയിൽ: കെ ടി കുഞ്ഞിക്കണ്ണൻ

സ്വന്തം ലേഖകൻ

റിയാദ്: ദേശീയത എന്നത് ഒരു സമ്പദ്ഘടനയുടെ സ്വാശ്രയത്വമായിരിക്കണം. എന്നാൽ ഇന്ത്യയുടെ സാമ്പത്തികസ്വാശ്രയത്വമാണ് പൊതുമേഖലകളുടെ സ്വകാര്യവൽക്കരണത്തിലൂടെ മോദി സർക്കാർ ഇല്ലാതാക്കുന്നതെന്ന് കെ ടി കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു. ചില്ല സർഗവേദിയുടെ സംവാദ സദസ്സായ ലെറ്റ്ബെയ്റ്റിന്റെ രണ്ടാമത് എഡിഷനിൽ 'സംസ്‌കാരത്തിന്റെ സമരമുഖങ്ങൾ' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രഭാഷകനും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനുമായ കെ ടി കുഞ്ഞിക്കണ്ണൻ.

നിരന്തരം ദേശീയതയെ കുറിച്ച് സംസാരിക്കുന്ന സംഘപരിവാർ ശക്തികൾ രാജ്യത്തിന്റെ എല്ലാ വിഭവസ്രോതസ്സുകളും സ്വകാര്യവൽക്കരിച്ച് അപദേശീയവൽക്കരണമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടതും പ്രതികരിച്ചുകൊണ്ടിരിക്കുന്നതും ഇന്ത്യയിലെ ഇടതുപക്ഷമാണ്. പശുഹത്യയാണ് ഏറ്റവും കടുത്ത ദേശവിരുദ്ധതയായി സംഘപരിവാർ ശക്തികൾ വിശേഷിപ്പിക്കുന്നത്. എന്നാൽ വേദങ്ങളിലോ ഇതിഹാസങ്ങളിലോ ഗോവധം പാടില്ലെന്നോ ഗോമാംസം ഭക്ഷിക്കരുതെന്നോ പറയുന്നില്ല. ഡോ എസ് രാധാകൃഷണന്റെ ഋഗ്വേദപഠനങ്ങളിൽപോലും ദേവീദേവന്മാരെല്ലാം പശുമാംസം കഴിക്കുന്നവരാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.

എന്നാൽ അത് നമ്മൾ ഉദ്ധരിച്ച് സംസാരിച്ചുകഴിഞ്ഞാൽ വലിയ അക്രമങ്ങൾ തന്നെ നടക്കും. ഉത്തരാധുനികതയുടെ അപകടം അത് സൂക്ഷമമായതാണ് സുന്ദരമെന്ന് പറയുകയും അതിലൂടെ സൂക്ഷ്മസ്വത്വങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ അവസരം നൽകുകയും ചെയ്യുന്നു എന്നതാണ്. സ്ഥൂലമായ മുതലാളിത്ത-സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ അതേവിധമുള്ള ചെറുത്തുനിൽപ്പുകൾ ഉണ്ടാകാതിരിക്കാനുള്ള ഒരു വ്യഖ്യാനമാണിത്.

ചില്ല സർഗവേദിയുടെ പ്രതിമാസ വായനാനുഭവം പങ്കുവെക്കാൻ വന്നുചേരുന്ന ഏതൊരാളും ഒരു പുസ്തക പ്രേമിയായിത്തീരുന്ന അനുഭവമാണ് ഇതുവരെ ഉണ്ടായതെന്ന് ആമുഖത്തിൽ സാംസ്‌കാരിക പ്രവർത്തകനായ ജയചന്ദ്രൻ നെരുവമ്പ്രം അഭിപ്രായപ്പെട്ടു. സംസ്‌കാരം ബഹുമുഖവും ബഹുസ്വരവുമാണെന്നും എന്നാൽ അതിനെ ഏകശിലാരൂപമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള സംഘർഷമാണ് ഇന്ത്യയിൽ നടക്കുന്നതെന്നും ലെറ്റ്‌ബെയ്റ്റ് നിയന്ത്രിച്ച എഴുത്തുകാരനായ എം ഫൈസൽ പറഞ്ഞു.

ബത്ഹയിലെ ഹോട്ടൽ അപ്പോളോ ഡിമോറായിൽ സംഘടിപ്പിച്ച പരിപാടിയിൽ സജീവവും സക്രിയവുമായ സംവാദം നടന്നു. ടി ആർ സുബ്രഹ്മണ്യൻ, സതീഷ് കുമാർ, ഹരികൃഷ്ണൻ, അഷറഫ്, അബ്ദുൽ റസാഖ്, ശിഹാബ്, നിബു വർഗീസ്, റസൂൽ സലാം, നൗഫൽ പുവകുർശി, സീബ, നാസർ കാരക്കുന്ന്, ഗോപി, ഫെമിൻ, അജിത്, ഷെഫീഖ്, വിനയൻ, നയീം, പ്രഭാകരൻ, അമീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കേളി രക്ഷാധികാരസമിതി ആക്ടിങ് സെക്രട്ടറി കെ പി എം സാദിഖ് ചില്ലയുടെ ഉപഹാരം കെ ടി കുഞ്ഞിക്കണ്ണന് സമ്മാനിച്ചു. ചില്ല കോഡിനേറ്റർ നൗഷാദ് കോർമത്ത് പരിപാടി ഉപസംഹരിച്ചുകൊണ്ട് സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP