Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവയുഗം ഇ.ചന്ദ്രശേഖരൻ നായർ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം ടി.സി.ഷാജിക്ക്; സത്യൻ മൊകേരി സമ്മാനിക്കും

നവയുഗം ഇ.ചന്ദ്രശേഖരൻ നായർ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം ടി.സി.ഷാജിക്ക്; സത്യൻ മൊകേരി സമ്മാനിക്കും

സ്വന്തം ലേഖകൻ

ദമ്മാം: ദമ്മാം നവയുഗം സാംസ്കാരികവേദിയുടെ ഇ.ചന്ദ്രശേഖരൻ നായർ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം, സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരികരംഗത്തെ ശ്രദ്ധേയവ്യക്തിത്വമായ ടി.സി.ഷാജിക്ക്, നവംബർ 29ന് നടക്കുന്ന ശിശിരോത്സവം-2019 പരിപാടിയിൽ വെച്ച്, സിപിഐ സംസ്ഥാനകമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും, മുൻ എംഎ‍ൽഎയുമായ സത്യൻ മൊകേരി സമ്മാന്ക്കും.

സിപിഐയുടെ സമുന്നതനായ നേതാവും, കേരള സംസ്ഥാനകമ്മിറ്റി അസിസ്റ്റന്റ് സെക്രെട്ടറിയുമായിരുന്ന സഖാവ് കെ.സി പിള്ളയുടെയും, പത്മാവതി അമ്മയുടെയും മൂന്നാമത്തെ മകനായ ടി.സി ഷാജി, 1992 മുതൽ സൗദിയിൽ പ്രവാസിയാണ്. കഠിനപ്രയത്‌നം വഴി പ്രവാസ മണ്ണിൽ സ്വന്തം കാലുറപ്പിക്കുന്നതിനൊപ്പം, ചുറ്റുമുള്ള സഹജീവികൾക്ക് വേണ്ടി സ്വന്തം സമയവും സമ്പത്തും ചെലവഴിക്കാൻ മടികാണിക്കാത്ത, ടി.സി.ഷാജി, സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് പ്രിയപ്പെട്ട വ്യക്തിത്വമാണ്.

സൗദിയിൽചെറിയ നിലയിൽ തുടങ്ങിയ ഒരു കമ്പനിയെ ഒരു വൻപ്രസ്ഥാനമാക്കി വളരാൻ സഹായിച്ച മികച്ച അഡ്‌മിനിസ്‌ട്രേറ്റർ എന്ന മികവിനപ്പുറത്ത്, ഒരു കമ്മ്യുണിസ്റ്റുകാരന്റെ കണിശമായ സാമൂഹിക പ്രതിബദ്ധതയോടെ, തന്റെ ചുറ്റുമുള്ള പ്രവാസലോകത്തെ സഹായിക്കുന്നതിന് ഉതകുന്ന വിധത്തിൽ സ്വന്തം കർമ്മമേഖലകളെ അദ്ദേഹം ചിട്ടപെടുത്തി. പ്രവാസലോകത്തെ വിവിധ സാമൂഹികസംഘടനകളെയും, കലാസാംസ്‌കാരിക പ്രവർത്തനങ്ങളെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുള്ള അദ്ദേഹം, സഖാവ് കെ.സി.പിള്ളയുടെ സ്മരണ നിലനിർത്താനായി വിവിധങ്ങളായ അവാർഡുകളും, കല, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളും, ഗ്രന്ഥശാല പ്രവർത്തനങ്ങളും മുടങ്ങാതെ നടത്തുന്നുണ്ട്. പ്രവാസലോകത്തും, നാട്ടിലും ദുരിതങ്ങളിൽപ്പെട്ട് വലഞ്ഞ നൂറുകണക്കിന് അശരണരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ശക്തമായ ഇടതുപക്ഷബോധം ഉയർത്തിപ്പിടിച്ചു, പ്രവാസി സാമൂഹ്യസാംസ്കാരിക ജീവകാരുണ്യരംഗത്ത് അദ്ദേഹം പുലർത്തിയ നിസ്വാർത്ഥത, ഓരോ പൊതുപ്രവർത്തകനും മാതൃകയാണ്.

കൊല്ലം കരുനാഗപ്പള്ളി തേവലക്കര കോയിവിള പുത്തൻസങ്കേതം സ്വദേശിയായ ടി.സി ഷാജി, സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാസർ അൽഹാജരി കോർപ്പറേഷന്റെ ജുബൈൽ ഏരിയ മാനേജറാണ്. ഭാര്യ വിദ്യ ഷാജി. അശ്വിൻ, നിതിൻ, ആദിത്യ എന്നിവർ മക്കളാണ്.

നവയുഗം സാംസ്‌കാരികവേദി എല്ലാവർഷവും നൽകി വരുന്ന അവാർഡിന്, 2017ൽ പരേതനായ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും, മുന്മന്ത്രിയുമായ സഖാവ് ഇ.ചന്ദ്രശേഖരൻ നായരുടെ പേര് നൽകാൻ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി സൗദി അറേബ്യയിലെ വ്യവസായരംഗത്തും, സാമൂഹ്യസേവനരംഗത്തും, സാംസ്കാരികരംഗത്തും നൽകിയ നിസ്വാർത്ഥ സേവനം വിലയിരുത്തിയാണ്, ടി.സി ഷാജിയെ ഈ അവാർഡിന് തെരെഞ്ഞെടുത്തത്.

വെളിയം ഭാര്ഗ്ഗവൻ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചർ, മുഹമ്മദ് നജാത്തി, പി.ഏ.എം.ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം.കബീർ എന്നിവരായിരുന്നു മുൻവർഷങ്ങളിൽ നവയുഗം പുരസ്‌ക്കാരം നേടിയ വ്യക്തിത്വങ്ങൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP