ശമ്പളം വൈകിപ്പിച്ചാൽ വിദേശ തൊഴിലാളികൾക്ക് സ്പോൺസറെ മാറ്റാമെന്ന് ലേബർ മന്ത്രി; മൂന്നു മാസത്തിൽ കൂടുതൽ ശമ്പളം കിട്ടാതെ വന്നാൽ സ്പോൺസർക്കെതിരേ 19911 എന്ന നമ്പരിൽ പരാതി നൽകാം
January 22, 2016 | 12:23 PM IST | Permalink

സ്വന്തം ലേഖകൻ
ജിദ്ദ: മൂന്നു മാസത്തിൽ കൂടുതൽ ശമ്പളം വൈകിപ്പിക്കുന്ന സ്പോൺസറെ അവരുടെ അനുമതി കൂടാതെ വിദേശ തൊഴിലാളികൾക്ക് മാറ്റാമെന്ന് ലേബർ മിനിസ്റ്റർ മുഫ്റിജ് അൽ ഹക്ബാനി. പ്രവാസികളായ ജീവനക്കാർക്ക് ശമ്പളം വൈകിപ്പിക്കുന്നു എന്ന പരാതി വ്യാപകമാണെന്നും ഇത്തരക്കാർക്ക് എംപ്ലോയറുടെ അനുമതി കൂടാതെ തന്നെ സ്പോൺസറെ മാറ്റാമെന്നും മന്ത്രി വ്യക്തമാക്കി.
ശമ്പളക്കാര്യത്തിലുള്ള പരാതികൾ സമർപ്പിക്കുന്നതിനായി നിരവധി വീഡിയോ കോൾ സർവീസുകളാണ് ആരംഭിച്ചിട്ടുള്ളത്. ജിദ്ദ, റഹ്ഫ, അൽ ദ്വാദ്മി എന്നിവിടങ്ങളിൽ ഇത്തരത്തിൽ വീഡിയോ കോൾ സർവീസ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടുന്നതിനാണ് ഇത്തരം സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബറിലാണ് ഈ വീഡിയോ കോൾ സർവീസുകൾ ആരംഭിച്ചത്.
19911 എന്ന നമ്പരിൽ വിളിച്ചാൽ നേരിട്ട് മന്ത്രിയെയോ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയോ ബന്ധപ്പെടാം. ശമ്പളം കിട്ടാതെ വരുന്ന സാഹചര്യത്തിൽ ഈ നമ്പരിൽ വിളിച്ച് പരാതി നൽകുകയും ചെയ്യാം. ഇക്കാര്യത്തിൽ മറ്റു പേപ്പർ വർക്കുകൾ ആവശ്യമായി വന്നാൽ റിയാദിലെ പ്രധാന ലേബർ ഓഫീസിൽ വരാതെ സംശയനിവാരണം ഇത്തരം വീഡിയോ കോൾ സർവീസിലൂടെ ചെയ്യാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വീഡിയോ കോൾ സർവീസുകൾ വാഗ്ദാനം ചെയ്യുന്ന 60 ലേബർ ഓഫീസുകൾ രാജ്യത്തുണ്ടെന്നും ജീവനക്കാർക്ക് ശമ്പളം വൈകി നൽകുന്നത് സൗദി ലേബർ നിയമത്തിന് വിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ ശമ്പളം വൈകിച്ചുവെന്ന പരാതിയിന്മേൽ സ്പോൺസർ കോടതി കയറേണ്ടി വന്നാൽ പരാതിക്കാരന് നഷ്ടപരിഹാരം സഹിതം ശമ്പളം കൊടുക്കേണ്ടി വരുമെന്നും അൽ ഹക്ബാനി മുന്നറിയിപ്പു നൽകി. 2013-ലാണ് ലേബർ മിനിസ്ട്രി വേജ് പ്രൊട്ടക്ഷൻ സംവിധാനം പ്രാബല്യത്തിൽ വരുത്തിയത്.
