Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യു.പി. സ്വദേശി മഹേഷ് കുമാറിന്റെ മൃതദേഹം രണ്ടര മാസമായി മോർച്ചറിയിൽ; ഇന്ത്യൻ സോഷ്യൽ ഫോറം ഇടപെടൽ തുടർ നടപടിക്ക് ആക്കം കൂട്ടി

യു.പി. സ്വദേശി മഹേഷ് കുമാറിന്റെ മൃതദേഹം രണ്ടര മാസമായി മോർച്ചറിയിൽ; ഇന്ത്യൻ സോഷ്യൽ ഫോറം ഇടപെടൽ തുടർ നടപടിക്ക് ആക്കം കൂട്ടി

സ്വന്തം ലേഖകൻ

ജിദ്ദ: മദീനയിൽ മഹാറാതുൽ ഇസ്തിഖ്ദാം മാൻപവർ കമ്പനിയിൽ റെസ്റ്റാറന്റ് ജോലി ചെയ്തു വരുന്നതിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട ഉത്തർ പ്രദേശ് സീതാപുർ സ്വദേശി മഹേഷ് കുമാർ (34) ന്റെ മൃതശരീരം രണ്ടു മാസമായി മദീന കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ടര വർഷം മുമ്പാണ് മഹാറാതുൽ ഇസ്തിഖ്ദാം മാൻ പവർ കമ്പനിയിൽ മഹേഷ് കുമാർ ഹോട്ടൽ ജോലിക്കുള്ള വിസയിൽ എത്തുന്നത്. ജോലിയിലിരിക്കെ കഴിഞ്ഞ മാർച്ച് 19ന് താമസ സ്ഥലത്തുവച്ചാണ് മഹേഷ് കുമാർ ഹൃദയ സ്തംഭനം മൂലം മരണപ്പെടുന്നത്. എന്നാൽ കമ്പനി അധികൃതർ മഹേഷ് കുമാറിന്റെ ബന്ധുക്കളെയോ അടുത്ത സുഹൃത്തുക്കളെയോ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. കോവിഡ് - 19 മൂലമുണ്ടായ കർഫ്യു കാരണം കമ്പനി അടച്ചതിനാൽ തുടർ നടപടികൾ നടക്കാതെയുമായി. അതിനാൽ മൃതദേഹം മദീന കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.

അതിനിടെ കർഫ്യൂ ഇളവിൽ കമ്പനി പ്രവർത്തനക്ഷമമായപ്പോഴാണ് മഹേഷ് കുമാർ മരണപ്പെട്ട സംഭവം പലരും അറിയുന്നത്. ഏതാനും ദിവസം മുമ്പ് അതേ കമ്പനിയിൽ ജോലിചെയ്യുന്ന മഹേഷിനെ അറിയുന്ന ഒരു സുഹൃത്ത് ജിദ്ദയിലെ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർ മുജീബ് കുണ്ടൂരിനെ വിവരമറിയിച്ച് സഹായമഭ്യർത്ഥിച്ചതിനാൽ മദീന ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളായ കെ.പി.മുഹമ്മദ്, നിയാസ് അടൂർ, വെൽഫെയർ വിങ്ങ് കോ-ഓർഡിനേറ്റർ അബ്ദുൽ അസീസ് കുന്നുംപുറം, അഷ്‌റഫ് ചൊക്ലി എന്നിവരുമായി ബന്ധപ്പെട്ട് കമ്പനി അധികൃതരുമായി ചർച്ച ചെയ്യുകയും നടപടികൾ എളുപ്പമാക്കാനുള്ള നീക്കം നടത്തുകയും ചെയ്തു. സോഷ്യൽ ഫോറം നോർത്തേൺ സ്റ്റേറ്റ് കമ്മിറ്റി എക്‌സി. മെംബർ സൽമാൻ അഹമദ് ലഖ്‌നോ മുഖേന എസ്.ഡി.പി.ഐ. ഉത്തർ പ്രദേശ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ സീതാപൂരിന്നടുത്ത ബെഹ്തി, സുൻദൗലി എന്ന സ്ഥലത്ത് മഹേഷ് കുമാറിന്റെ സഹോദരനെ കണ്ടെത്തി വിവരങ്ങൾ ബോധിപ്പിക്കുകയും രേഖകൾ സംബന്ധമായ നടപടികൾ ത്വരിതപ്പെടുത്തുകയുമായിരുന്നു. സത്ഗുർ - ഗീത ദമ്പതികളുടെ മകനായ മഹേഷ് കുമാറിന് ഭാര്യയും നാലു കുട്ടികളുമുണ്ട്.

രേഖകൾ ശരിയാക്കുന്ന തടക്കമുള്ള തുടർ നടപടികൾ പുരോഗമിക്കുന്നതായി മദീന ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് കെ.പി.മുഹമ്മദ് വെളിമുക്ക്, സെക്രട്ടരി നിയാസ് അടൂർ, അസീസ് കുന്നുംപുറം, അഷ്‌റഫ് ചൊക്ലി എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP