Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തലസ്ഥാനത്തെ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിലെ ഭിത്തിയിൽ ഇടംപിടിച്ചിരിക്കുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും യുവാക്കൾ; ഹൈവേകളിലും നഗരത്തിലും അപകടത്തിൽപ്പെടുന്നത് ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾ; ബന്ധുവിന്റെ പോസ്റ്റ്‌മോർട്ടത്തിനു മെഡിക്കൽ കോളേജിലെത്തിയപ്പോൾ ഞെട്ടിച്ച് ഭിത്തി നിറഞ്ഞിരിക്കുന്നത് ഈ അടുത്ത് മാത്രം മരിച്ചവരുടെ ചിത്രങ്ങൾ; മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു; ക്യാമ്പയിന് തുടക്കമിടാൻ പത്രപ്രവർത്തക യൂണിയനും

തലസ്ഥാനത്തെ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിലെ ഭിത്തിയിൽ ഇടംപിടിച്ചിരിക്കുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും യുവാക്കൾ; ഹൈവേകളിലും നഗരത്തിലും അപകടത്തിൽപ്പെടുന്നത് ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾ; ബന്ധുവിന്റെ പോസ്റ്റ്‌മോർട്ടത്തിനു മെഡിക്കൽ കോളേജിലെത്തിയപ്പോൾ ഞെട്ടിച്ച് ഭിത്തി നിറഞ്ഞിരിക്കുന്നത് ഈ അടുത്ത് മാത്രം മരിച്ചവരുടെ ചിത്രങ്ങൾ; മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു; ക്യാമ്പയിന് തുടക്കമിടാൻ പത്രപ്രവർത്തക യൂണിയനും

എം. മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ ബൈക്ക് അപകടങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വരുകയാണ്. ഒപ്പം ജീവനുകളും പൊലിഞ്ഞുകൊണ്ടിരിക്കുകയാണ്. യുവത്വത്തിന്റെ കുതിച്ചു പോക്കിൽ ചുറ്റും ജീവനുകൾ പൊലിഞ്ഞുകൊണ്ടിരിക്കുമ്പോൾ ബൈക്ക് അപകടങ്ങളെകുറിച്ചുള്ള മുതിർന്ന മാധ്യമ പ്രവർത്തകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. തിരുവനന്തപുരം മോർച്ചറിക്ക് മുന്നിൽ ബൈക്ക് അപകടത്തിൽ മരിച്ച ബന്ധുവിന്റെ പോസ്റ്റ്‌മോർട്ടം കാത്ത് നിൽക്കുമ്പോൾ ഭിത്തിയിൽ കണ്ട ചുമരിലെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് സജി ഡൊമനിക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ആ ഭിത്തിയിലെ മുഴുവൻ ചിത്രങ്ങളും അടുത്തിടെ ബൈക്ക് അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെതായിരുന്നു.

എല്ലാം മുപ്പത് വയസിനു താഴെയുള്ള യുവാക്കൾ. മിക്കവരും അമിത വേഗത്തിന്റെയോ അല്ലെങ്കിൽ മറ്റുള്ളവരുടെയോ അശ്രദ്ധയുടെയോ ഇരകൾ. സുഹൃത്തിനൊപ്പം ബൈക്കിന് പിന്നിൽ കയറിയതാണ് സജി ഡൊമനിക്കിന്റെ ബന്ധു. അപകടത്തിൽ രണ്ടു പേരുടെയും വിധി ഒരുപോലെയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരത്ത് മാത്രം ബൈക്ക് അപകടത്തിൽ കൊല്ലപ്പെട്ടവർ 12 പേരാണെന്ന് ഫെയ്സ് ബുക്ക് കുറിപ്പിൽ സജി ഡൊമിനിക്ക് ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ്‌മോർട്ടത്തിനുള്ള സാധനങ്ങൾ വിൽക്കുന്ന കൊച്ചു കടയിലെ ആളുടെ സംസാരമാണ് ഭിത്തിയിലെ ചിത്രത്തിലേക്ക് സജി ഡൊമനിക്കിന്റെ ശ്രദ്ധയും ആകർഷിച്ചത്. മുഴുവൻ പേരും ബൈക്ക് അപകടത്തിലെ ഇരകൾ. ഈയിടെ മരിച്ച മുഴുവൻ പേരുടെയും ചിത്രങ്ങൾ ഭിത്തിയിലില്ല എന്നാണ് കടക്കാരൻ പ്രതികരിച്ചത്. ഭിത്തിയിലെ ഒഴിഞ്ഞ ഇടങ്ങളിൽ നിന്ന് ഒരു പാട് ചെറുപ്പക്കാരുടെ മുഖങ്ങൾ തെളിഞ്ഞ് വരുന്നതു പോലെ . ഒപ്പം പ്രിയപ്പെട്ടവരുടെ കണ്ണീരും എന്ന് കുറിച്ചാണ് സജി ഡൊമനിക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് ഫെയ്സ് ബുക്ക് കുറിപ്പിന് താഴെ കമന്റുകളും ആയി എത്തിയിരിക്കുന്നത്.

മിക്കവരും തങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളും മരണവിവരങ്ങളും കുറിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം ബന്ധുക്കൾ ബൈക്ക് അപകടത്തിൽ മരിക്കുമ്പോഴാണ് ജനങ്ങൾ ബൈക്ക് അപകടങ്ങൾ ശ്രദ്ധിക്കുന്നത്. അല്ലെങ്കിൽ ഒരു വാർത്തയായി മാത്രം കണ്ടു പോവുകയാണ്. ബൈക്ക് അപകടങ്ങളെക്കുറിച്ച് ക്യാമ്പയിൻ ആവശ്യമാണ് സജി ഡൊമിനിക്ക് പറയുന്നു. ഇപ്പോൾ സജി ഡൊമനിക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടു പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി രംഗത്ത് വന്നിട്ടുണ്ട്. പൊലീസുമായി ചേർന്ന് ബോധവത്ക്കരണം നടത്താൻ പത്രപ്രവർത്തക യൂണിയൻ തയ്യാറാണ് എന്നും അടുത്തു തന്നെ ഈ ക്യാമ്പയിൻ ആരംഭിക്കുമെന്നും പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അറിയിച്ചതായി സജി ഡൊമനിക് പറയുന്നു.

പരന്നു വിശാലമായ ഹൈവേകളിൽ കുതിക്കാൻ പര്യാപ്തമായ ബൈക്കുകൾ കേരളത്തിലെ ഇടുങ്ങിയ റോഡുകളിൽ കുതിക്കുമ്പോൾ അതവസാനിക്കുന്നത് പലപ്പോഴും മരണത്തിലാണ്. ഒന്നുകിൽ ബൈക്ക് ഓടിക്കുന്നവർ മരിക്കും. അല്ലെങ്കിൽ കാൽ നട യാത്രികർ മരിക്കും. അത്തരം ഒരു അനുഭവം ഫെയ്സ് ബുക്ക് കുറിപ്പിട്ട സജി ഡൊമിനിക്ക് തന്നെ മറുനാടന് മുന്നിൽ വെളിപ്പെടുത്തി. പരിചയമുള്ള ഒരു യുവാവിനെ തേടി ഒരിടത്ത് അന്വേഷിച്ചു ചെന്നപ്പോൾ അവൻ മരിച്ചുപോയതായി സഹപ്രവർത്തകർ പറഞ്ഞു. അമിത വേഗതയിൽ കുതിച്ചു പാഞ്ഞ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു. നടന്നുപോവുകയായിരുന്ന സജി ഡൊമനിക്കിന്റെ ഈ സുഹൃത്തിനാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

ചെറുപ്പത്തിന്റെ ആവേശമാണ് ബൈക്ക് അപകടങ്ങൾക്ക് കാരണമാകുന്നത്. കേരളത്തിലെ ബൈക്ക് അപകടങ്ങളിൽ മരണം കുത്തനെ ഉയരുകയാണ്. ഇന്നലെയാണ് ഒരു യുവതി കരമന പാലത്തിൽ വെച്ച് ലോറിയിലെ കയറു ബൈക്കിൽ കുരുങ്ങിയുള്ള അപകടത്തിൽ മരിച്ചത്. ഒട്ടനവധി ബൈക്ക് അപകടങ്ങളും മരണങ്ങളൂം ഇന്നലെയും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭർത്താവ് ഉപേക്ഷിച്ച ശേഷം കുട്ടികളുമായി ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു യുവതി. സ്വന്തം അധ്വാനത്താൽ പടുത്തുയർത്തിയ വീടിന്റെ പാലുകാച്ചൽ ചടങ്ങു നടക്കാനിരിക്കുകവേയാണ് യുവതി അപകടത്തിപ്പെട്ടത്. ആ വീട്ടിലേക്ക് എത്തിയത് യുവതിയുടെ മൃതദേഹവും. ഇങ്ങിനെ ഓരോ ബൈക്ക് അപകടത്തിന് പിന്നിലും ഉള്ളു നീറിക്കുന്ന ഓരോ കഥയും കൂടിയുണ്ട്.

കേരളത്തിലെ കണക്ക് എടുത്താലോ? ഒരു ദിവസം ബൈക്ക് അപകടത്തിൽ മാത്രം 25 ഓളം പേർ മരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലകളിൽ ശരാശരി ബൈക്കപകടത്തിൽ മാത്രം മരിക്കുന്നത് രണ്ടു പേർ എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തിരുവനന്തപുരം സിറ്റിയിൽ മാത്രം കഴിഞ്ഞ സെപ്റ്റംബർ വരെ മാത്രം വാഹനാപകടങ്ങളിൽ മരിച്ചത് 112 പേരാണ്. ഇതിൽ ഭൂരിഭാഗവും ബൈക്ക് അപകടങ്ങളിൽ മരിച്ചവരാണെന്നു സിറ്റി ട്രാഫിക് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ബൈക്ക് അപകടത്തിൽ ജീവൻ തിരികെ ലഭിച്ചിട്ടും ജീവച്ഛവങ്ങളായി കഴിയുന്നവർ ഒരുപാടുണ്ട്. മരിക്കുന്നവരുടെ കണക്കുകൾ മാത്രമേ പുറത്തു വരുന്നുള്ളൂ.

രക്തസാക്ഷികൾ ആയി ജീവിക്കുന്നവർ ഒട്ടനവധി. പലരും ഇപ്പോഴാണ് തെറ്റ് മനസിലാക്കുന്നത്. പക്ഷെ സമയം കടന്നുപോവുകയും ചെയ്തിരിക്കുന്നു. ലോകാരോഗ്യ സംഘടന ഈയിടെ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒരു വർഷം 13.5 ലക്ഷം ആളുകൾ റോഡപകടങ്ങളിൽ മരിച്ചു വീഴുന്നുണ്ട്. അതിൽ 28 ശതമാനം ഇരുചക്രവാഹന യാത്രികരാണ്. 3.78 ലക്ഷം പേർ ബൈക്കപകടങ്ങളിൽ മാത്രം മരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിവേഗമാണ് പലപ്പോഴും ബൈക്കുകൾക്ക് വിനയാകുന്നത്. ട്രാഫിക്ക് നിയമങ്ങൾ കർക്കശമാക്കണം.നിയമങ്ങൾ കർക്കശമാക്കാത്തത് കാരണമാണ് കേരളത്തിൽ അപകട ങ്ങളുടെ തോത് ഉയരുന്നത്.

ദേശീയപാതയിൽ 80 കിലോമീറ്റർ വേഗത്തിൽ ഇരുചക്രവാഹനമോടിക്കാം. പക്ഷേ, അങ്ങിനെ കുതിച്ചു പോകുമ്പോൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ടി വരുമ്പോഴാണ് യാത്ര മരണത്തിലേക്ക് തിരിയുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുള്ള വാഹനമോടിക്കലും അവസാനിക്കുന്നത് അപകടത്തിലും മരണത്തിലും തന്നെയാണ്. ഒട്ടനവധി കുടുംബങ്ങൾ ബൈക്ക് അപകടങ്ങളുടെ പേരിൽ ഇപ്പോൾ കേരളത്തിൽ അനാഥമായികൊണ്ടിരിക്കുകയാണ്. ബൈക്ക് അപകടങ്ങൾ സൃഷ്ടിക്കുന്ന പുത്രശോകവും വൈധവ്യദുഃഖവും പേറി ഒട്ടനവധി കുടുംബങ്ങൾ ഇപ്പോൾ കേരളീയ സമൂഹത്തിനു മുന്നിലുണ്ട്. 'നിയമം നോക്കാൻ പൊലീസുണ്ട്.

പക്ഷെ പൊലീസ് പലപ്പോഴും നിസ്സഹായമാകുന്ന അവസ്ഥ വരുന്നുണ്ട്. പലരും അപകടങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. ബൈക്ക് ഓടിക്കുന്നവർ കൂടി ശ്രദ്ധിച്ചാലേ ബൈക്ക് അപകടമരണ നിരക്ക് കുറയ്ക്കാൻ കഴിയൂ. -തിരുവനന്തപുരം ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ സുൾഫിക്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. രാവിലെ എട്ടുമുതൽ രാത്രി ഒൻപത് മണിവരെ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് റോഡിലുണ്ട്. ബൈക്ക് അപകടം കൂടുതൽ രാത്രി 10 മണി കഴിഞ്ഞാണ് കൂടുതലും സംഭവിക്കുന്നത്. രാത്രി 10 മുതൽ രാവിലെ എട്ടുവരെയുള്ള സമയത്താണ് അപകടങ്ങൾ കൂടുന്നത്. ട്രാഫിക് ഇല്ലാത്തതിനാൽ ഹെൽമറ്റ് പോലും ധരിക്കാതെയാണ് ബൈക്കുകൾ കുതിച്ചു പായുന്നത്. പൊലീസ് റോഡിൽ നിന്നാലേ ട്രാഫിക് പാലിക്കൂ എന്ന് നിർബന്ധം പിടിക്കുന്നവർ ബൈക്ക് യാത്രികരിൽ ഒരുപാടുണ്ട്.

പത്തുമണി കഴിഞ്ഞാൽ ഹെൽമറ്റ് വയ്ക്കില്ല. പൊലീസിനെ കണ്ടാൽ നിർത്തില്ല. പൊലീസിന് പിറകെ പോകാനും കഴിയാത്ത അവസ്ഥയുണ്ട്. വേഗം കൂട്ടും. അതും അപകടങ്ങളിൽ കലാശിക്കും. പൊലീസിന് കുറ്റം വേറെയും വരും. ഓണ വേളയിൽ തിരുവനന്തപുരം സിറ്റിയിൽ മാത്രം വിറ്റുപോയത് 20000 തോളം ബൈക്കുകൾ ആണ്. റോഡ് കണ്ടീഷൻ പഴയത് പോലെ തന്നെ. യൂത്ത് അപകടരഹിതമായി ബൈക്ക് ഓടിക്കാൻ തയ്യാറല്ല. ന്യൂ ജെൻ ബൈക്കുകൾക്ക് അതിന്റേതായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ട്/ കേരളത്തിലുള്ളവർ ബൈക്ക് വാങ്ങി പോകും. അനുബന്ധ സാമഗ്രികൾ കൂടി വാങ്ങണം. അത് വാങ്ങുന്നില്ല. അതും അപകടങ്ങളുടെ തോത് കൂട്ടുന്നുണ്ട്.

ആഴ്‌ച്ചയിൽ ബോധവത്ക്കരണത്തിനായിരണ്ടു വീതം ക്‌ളാസുകൾ നടത്തുന്നുണ്ട്. കേരളത്തിലെ റോഡുകൾ വളരുന്നില്ല. മൂന്നു ലൈൻ റോഡിൽ ഒരു റോഡ് പാർക്കിംഗിനായി ആളുകൾ കയ്യടക്കുന്നു. ഇതും അപകടങ്ങളുടെ തോത് കൂട്ടുന്നു. റെസ്റ്റോറന്റുകൾ ഒരുപാട് വരുന്നു. പാർക്കിംഗിന് സ്ഥലമില്ല. ആളുകൾ റോഡിൽ പാർക്ക് ചെയ്ത് പോകുന്നു. ഇതിനിടയിലാണ് ബൈക്കുകൾ ചീറിപ്പാഞ്ഞു വരുന്നത്. അപകടം പതിവാകുകയാണ്. പൊലീസ് മാത്രം പോരാ കോർപ്പറേഷനും പൊതുജനങ്ങളും കൂടി സഹകരിക്കണം-അസിസ്റ്റന്റ് കമ്മീഷണർ പറയുന്നു. പലവിധ കാരണങ്ങളാൽ ആണ് ബൈക്ക് അപകടങ്ങൾ സംഭവിക്കുന്നത്. -അസിസ്റ്റന്റ് കമ്മീഷണർ പറയുന്നത് പോലെ സ്വന്തം ജീവൻ സ്വന്തം കയ്യിലാണെന്ന് ബൈക്ക് പറത്തുന്നവർ കൂടി ഓർക്കേണ്ടതുണ്ട്. ഒരു മരണത്തിനൊപ്പം ആ വീടുകളിലെ കണ്ണീർ ഒരിക്കലും തോരാതിരിക്കുകയാണ്. സജി ഡൊമിനിക്ക് ചൂണ്ടിക്കാട്ടിയപോലെ ആ ഭിത്തിയിലെ ചിത്രങ്ങൾ കേരളത്തിനെ പലതും ഓർമ്മപ്പെടുത്തുന്നുണ്ട്. ഈ ഓർമ്മ ബൈക്ക് അപകടങ്ങളുടെ കാര്യത്തിൽ കേരളത്തിൽ വ്യാപക ബോധവത്ക്കരണത്തിനു തുടക്കമിടാൻ പര്യാപ്തമാക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP