'കർഷക താല്പര്യം മുൻനിർത്തി കേരള കോൺഗ്രസ് മാവോയിസ്റ്റുകളുമായും യോജിക്കും; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വിലകൂടി'; കെ.എം മാണിയെ മുന്നണിയിൽ എടുക്കാൻ ശ്രമിക്കുന്ന സിപിഎമ്മിനെയും ബിജെപിയെയും രൂക്ഷമായി പരിഹസിച്ച് അഡ്വ ജയശങ്കർ
March 19, 2018 | 09:16 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കർഷക താത്പര്യം മുൻനിർത്തി മാവോയിസ്റ്റുകളുമായും സഹകരിക്കാൻ കേരളാ കോൺഗ്രസ് മാണി വിഭാഗം തയ്യാറാകുമെന്ന് അഡ്വ. ജയശങ്കർ. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏത് മുന്നണിയുമായി അടുക്കാം എന്ന നിലപാട് മാണി സ്വീകരിച്ച സാഹചര്യത്തിലാണ് ജയശങ്കർ പരിഹാസവുമായി രംഗത്തെത്തിയത്. 'വിശുദ്ധനായ മാണിയെ' മുന്നണിയിൽ എടുക്കാൻ ശ്രമിക്കുന്ന സിപിഎമ്മിനെയും ബിജെപിയേയും അദ്ദേഹം വിമർശിച്ചു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വിലകൂടി.
മുടിയനായ മാണിക്ക് മാനസാന്തരമുണ്ടാകും, തെറ്റുതിരുത്തി യുഡിഎഫിലേക്കു തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മലപ്പുറത്തും വേങ്ങരയിലും പ്രകടിപ്പിച്ച മഹാമനസ്‌കത തുടർന്നും പ്രതീക്ഷിക്കുന്നു. വത്തിക്കാന്റെ ഇടപെടലിനായി പ്രാർത്ഥിക്കുന്നു.
മാണി സഹായത്തോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താം, ചെങ്ങന്നൂരിൽ ചെങ്കൊടി പാറിക്കാം എന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ.
മാണി മാപ്പിളയുടെ പിന്തുണയോടെ പമ്പയിലും മീനച്ചിലാറ്റിലും താമര കൃഷി ചെയ്യാം, ക്രമേണ മധ്യ തിരുവിതാംകൂർ ഹിന്ദുരാഷ്ട്രമാക്കി മാറ്റാം എന്നാണ് ബിജെപിയുടെ മനോരഥം. നായാടി- നമ്പൂതിരി സഖ്യത്തിൽ നസ്രാണിയെ കൂടി ഉൾപ്പെടുത്താമെന്ന് മനുസ്മൃതിയിലുണ്ട്.
മഹാത്മാ മാണി ഇതുവരെ ആർക്കും പിടികൊടുത്തിട്ടില്ല. മാർക്‌സിസ്റ്റ് പാർട്ടിയോടോ ബിജെപിയോടോ തൊട്ടുകൂടായ്മയില്ല, യുഡിഎഫിലേക്കു മടങ്ങിപ്പോകാനും മടിയില്ല.
കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരമോ പണമോ അല്ല, കർഷകരുടെ ക്ഷേമമാണ് പരമപ്രധാനം. കർഷക താല്പര്യം മുൻനിർത്തി മാവോയിസ്റ്റുകളുമായും യോജിക്കും.
