Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭിണിയായ യുവതിയെ ആലപ്പുഴയിൽ നിന്നും ഹരിപ്പാട് എത്തിച്ചതിന് ശിവസേനയുടെ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത് 3,900 രൂപ; പിപിഇ കിറ്റിന്റെ തുകയായ 800 രൂപയും ആംബുലൻസ് അണുവിമുക്തമാക്കുന്നതിനുള്ള തുകയായ 600 രൂപയും ചേർത്തെന്നും വിശദീകരണം; തർക്കത്തിനൊടുവിൽ നൽകേണ്ടി വന്നത് 3,600 രൂപയും; 32 കിലോമീറ്ററോളം ദൂരം ഓടിയതിന് അമിത തുക ഈടാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

ഗർഭിണിയായ യുവതിയെ ആലപ്പുഴയിൽ നിന്നും ഹരിപ്പാട് എത്തിച്ചതിന് ശിവസേനയുടെ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത് 3,900 രൂപ; പിപിഇ കിറ്റിന്റെ തുകയായ 800 രൂപയും ആംബുലൻസ് അണുവിമുക്തമാക്കുന്നതിനുള്ള തുകയായ 600 രൂപയും ചേർത്തെന്നും വിശദീകരണം; തർക്കത്തിനൊടുവിൽ നൽകേണ്ടി വന്നത് 3,600 രൂപയും; 32 കിലോമീറ്ററോളം ദൂരം ഓടിയതിന് അമിത തുക ഈടാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

ആർ പീയൂഷ്

ആലപ്പുഴ: മുംബൈയിൽ നിന്നും തിരികെ നാട്ടിലെത്തിയ കുടുംബത്തെ വീട്ടിലെത്തിച്ച ശിവസേനയുടെ ആംബുലൻസ് ഡ്രൈവർ അധിക ചാർജ്ജ് ഈടാക്കിയതായി ആരോപണം. ഹരിപ്പാട് കാരിച്ചാൽ സ്വദേശികളായ കുടുംബത്തിന്റെ പക്കൽ നിന്നാണ് അധിക തുക ഈടാക്കിയത്. ഇവരുടെ സഹോദരൻ ഫേസ്‌ബുക്കിലാണ് ആംബുലൻസ് ഡ്രൈവർക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.

കഴിഞ്ഞ 27 നാണ് കുടുംബം മുംബൈയിൽ നിന്നും കൊച്ചിയിൽ ട്രെയിൻ മാർഗ്ഗം എത്തിയത്. മൂന്ന് മാസത്തോളമായി കോവിഡ് പശ്ചാത്തലത്തിൽ മുംബൈയിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഗർഭിണിയായ യുവതിയുണ്ടായിരുന്നതിനാൽ ഇവർ പ്രത്യേക പാസ് എടുത്ത് നാട്ടിലേക്ക് വരികയായിരുന്നു. കൊച്ചിയിൽ നിന്നും കെ.എസ്.ആർ.ടി.സിയിൽ ആലപ്പുഴ എത്തിയ ഇവർ ഹരിപ്പാട് നിന്നും ശിവസേനയുടെ ആംബുലൻസ് വിളിച്ചു വരുത്തുകയായിരുന്നു. ഗർഭിണിയായ ഭാര്യയുണ്ടായിരുന്നതിനാലാണ് ആംബുലൻസ് വിളിച്ചതെന്ന് കുംടുംബം പറയുന്നു. പുലർച്ചെ ഒന്നരമണിയോടെ ഇവരെ ഹരിപ്പാട് കാരിച്ചാലിലെ വീട്ടിൽ എത്തിച്ചു. പിന്നീട് വണ്ടി വാടക ചോദിച്ചപ്പോഴാണ് കുടുംബം ഞെട്ടിയത്. 3,900 രൂപയാണ് ആലപ്പുഴയിൽ നിന്നും ഹരിപ്പാട് എത്താൻ ഡ്രൈവർ ചോദിച്ചത്. അധിക തുകയാണ് ഇതെന്ന് കുടുംബനാഥൻ പറഞ്ഞപ്പോൾ പി.പി.ഇ കിറ്റിന്റെതുകയായ 800 രൂപയും ആംബുലൻസ് അണുവിമുക്തമാക്കുന്നതിനുള്ള തുകയായ 600 രൂപയും ചേർത്താണ് ഇത്രയും തുക എന്നാണ് മറുപടി പറഞ്ഞത്. ഏറെ തർക്കത്തിനൊടുവിൽ 3,600 രൂപ വാങ്ങി ആംബുലൻസ് ഡ്രൈവർ മടങ്ങുകയും ചെയ്തു.

പിറ്റേ ദിവസം ഇക്കാര്യം അറിഞ്ഞ സഹോദരനാണ് ആംബുലൻസ് ഡ്രൈവർ അധിക ചാർജ്ജ് ഈടാക്കിയ സംഭവം സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടത്. എന്റെ അനുജനും അഞ്ച് മാസം ഗർഭിണിയായ ഭാര്യയും രണ്ടു വയസ്സുള്ള കുഞ്ഞും ഏറെ ബുദ്ധിമുട്ടിയാണ് നാട്ടിലെത്തിയത്. ഗർഭിണിയായ ഭാര്യക്ക് അസ്വസ്ഥതകൾ ഉള്ളതിനാലാണ് ആംംബുലൻസ് വിളിക്കാൻ തീരുമാനിച്ചത്. ജീവകാരുണ്യം പ്രവർത്തനം ഏറ്റവും കുറഞ്ഞ നിരക്കിൽ നടത്തുന്ന ആംബുലൻസ് ആയതിനാലാണ് ശിവസേനയുടെ ആംബുലൻസ് വിളിച്ചത്. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹോദരന്റെ പക്കൽ നിന്നും പിടിപറിച്ചാണ് ആംബുലൻസ് ഡ്രൈവർ പണം വാങ്ങിയതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത് പാവങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും ശിവസേന എന്ന സംഘടന അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സോഷ്യൽ മീഡിയയിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. കേവലം 32 കിലോമീറ്ററോളം മാത്രം ദൂരമുള്ളപ്പോൾ ആംബുലൻസ് ഡ്രൈവർ കൊള്ള നടത്തിയത് തന്നെയാണ് എന്നാണ് ഉയരുന്ന വിമർശനം. ആംബുലൻസ് ഡ്രൈവർമാരും ഇക്കാര്യത്തിൽ വിമർനവുമായി രംഗത്തെത്തിയിട്ടുണ്ട്. അങ്ങേയറ്റം പോയാൽ 2000 രൂപ വരെയാണ് ഈ ഘട്ടത്തിൽ വാങ്ങുക എന്നാണ് അവർ പറയുന്നത്. അതേ സമയം ആംബുലൻസ് വാടകയായി 2000 രുപയും ബാക്കി വാഹനം ശുചിയാക്കുന്നതിനും താൻ ധരിച്ചിരുന്ന പി.പി.ഇ കിറ്റിന്റെ ചാർജ്ജുമാണെന്ന് ആംബുലൻസ് ഡ്രൈവർ പ്രതികരിച്ചു. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

'ഇതോ ജീവകാരുണ്യം
രണ്ടു ദിവസം മുൻപ് (27/05/2020 ) എന്റെ അനിയന് ഉണ്ടായ ഒരു അനുഭവം ആണ് ഇതെഴുതാൻ കാരണം. മുംബയിൽ നിന്ന് മൂന്നു മാസം കോറൺഡയിനിൽ കഴിഞ്ഞിരുന്ന അനിയനും കുടുംബവും ആലപ്പുഴയിൽ സുഖമായി എത്തി. ഹരിപ്പാടുനിന്ന് ഒരു ആമ്പുലൻസ് ആലപ്പുഴ K SRTC സ്റ്റാൻഡിൽ എത്തി അവരെ ഹരിപ്പാട് കാരിച്ചാൽ വീട്ടിൽ എത്തിച്ചു. 5 മാസം ഗർഭിണിയായ അനിയത്തിയും 2 വയസ്സുള്ള കുഞ്ഞുമായി രാത്രിയിൽ വന്നിറങ്ങിയ അവരോട് കഴുത്തറപ്പൻ ചാർജു ചോദിച്ചതിന്റെ പൊരുൾഇതുവരെയും മനസ്സിലാകുന്നില്ല. ഈ ആമ്പുലൻസിനെ പറ്റി തിരക്കിയപ്പോൾ ജീവകാരുണ്യ പ്രവർത്തനം ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യുന്ന ആമ്പുലൻസ് എന്ന് കണ്ടു. ആലപ്പുഴയിൽ നിന്നും ഹരിപ്പാടിന് 3600 ചോദിച്ചു മേടിച്ചു.എന്നിട്ട് ഞാനിട്ടെക്കുന്ന കോട്ടിന് 800 ആകും വണ്ടി വൃത്തിയാക്കുന്നതിന് 600 ആകും എന്നു കുറെ കണക്കും പറഞ്ഞു. ജോലി ഇല്ലാതെ വീട്ടിൽ കോറൺഡയിൻ കിടക്കാൻ വന്ന അനിയനും കുടുംബവും 1500 പ്രതീക്ഷിച്ചു. 3600 പകൽ കൊള്ളയല്ലേ . ഈ റേറ്റിനെപ്പറ്റി അറിയാവുന്നവർ ഒന്നു പറഞ്ഞു തരണം . ഇതു പാവങ്ങളോട് കാണിക്കുന്ന അനീതിയല്ലെ . ഒരു നിവർത്തിയും ഇല്ലാത്ത കുടുംബമാണ്. ഇതാണോ ജീവകാരുണ്യം. സംഘടന അറിഞ്ഞിട്ടാണോ ഇതൊക്കെ ചെയ്യുന്നത്'

ഇതോ ജീവകാരുണ്യം രണ്ടു ദിവസം മുൻപ് (27/05/2020 ) എന്റെ അനിയന് ഉണ്ടായ ഒരു അനുഭവം ആണ് ഇതെഴുതാൻ കാരണം. മുംബയിൽ നിന്ന് മൂന്നു...

Posted by John Kadoor on Thursday, May 28, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP