Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യാ ടുഡെ കോൺക്‌ളേവിലെ ചർച്ചയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മലയാളത്തിൽ സംസാരിച്ചതിന് ആർക്കാണ് ഇത്ര ചൊറിച്ചിൽ? മാതൃഭാഷയിൽ മറുപടി പറയുന്നത് അത്രവലിയ കുറ്റമാണോ? മന്ത്രിയെ മോശക്കാരനാക്കാൻ പൊട്ടിച്ചിരിയും കൂക്കുവിളിയും ചേർത്ത് വീഡിയോ പ്രചരണം; പത്രക്കാർപോലും മോശം കമന്റുകളുമായി എത്തുന്നത് വിവരമില്ലായ്മായണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാടുഡെ അസോസിയേറ്റ് എഡിറ്റർ

ഇന്ത്യാ ടുഡെ കോൺക്‌ളേവിലെ ചർച്ചയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മലയാളത്തിൽ സംസാരിച്ചതിന് ആർക്കാണ് ഇത്ര ചൊറിച്ചിൽ? മാതൃഭാഷയിൽ മറുപടി പറയുന്നത് അത്രവലിയ കുറ്റമാണോ? മന്ത്രിയെ മോശക്കാരനാക്കാൻ പൊട്ടിച്ചിരിയും കൂക്കുവിളിയും ചേർത്ത് വീഡിയോ പ്രചരണം; പത്രക്കാർപോലും മോശം കമന്റുകളുമായി എത്തുന്നത് വിവരമില്ലായ്മായണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാടുഡെ അസോസിയേറ്റ് എഡിറ്റർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ അതിൽ മലയാളിയായ മന്ത്രി ഇംഗ്‌ളീഷ് പറയാതിരുന്നത് അത്ര വലിയ കുറ്റമാണോ? പ്രത്യേകിച്ചും തമിഴ്‌നാട്ടുകാരായ മന്ത്രിമാർ മറ്റൊരു ഭാഷയിലും പൊതുവേദികളിൽ സംസാരിക്കാതിരിക്കുകയും അന്താരാഷ്ട്ര യോഗങ്ങളിൽ ഉൾപ്പെടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഉൾപ്പെടെയുള്ളവർ ഹിന്ദിയിൽ സംസാരിക്കുന്നത് കയ്യടി നേടുകയും ചെയ്യുമ്പോൾ കേരളത്തിലെ ഒരു മന്ത്രി മലയാളത്തിൽ അഭിപ്രായംപറയുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നത് കളിയാക്കുന്നവരുടെ ഉദ്ദേശ്യമെന്താണ്? പ്രത്യേകിച്ചും സദസ്സ് കളിയാക്കി എന്ന് വരുത്തിത്തീർക്കാൻ ആ ചടങ്ങിന്റെ വീഡിയോയിൽ പൊട്ടിച്ചിരിയും കൂക്കിവിളികളും എഡിറ്റ്‌ചെയ്ത് വ്യാജ വീഡിയോ മന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുക കൂടി ചെയ്യുമ്പോൾ അത് ക്രിമിനൽ കുറ്റംതന്നെ അല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.

ഇന്ത്യാ ടുഡെയുടെ നേതൃത്വത്തിൽ ചെന്നൈയിൽ 2017 ജനുവരി ഒമ്പതുമുതൽ 11 വരെ നടന്ന സൗത്ത് കോൺക്‌ളേവിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തിരുന്നു. ഇതിൽ മന്ത്രി മലയാളത്തിൽ മോഡറേറ്ററുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ കളിയാക്കൽ കൊഴുക്കുന്നത്. ചർച്ചയിൽ വ്യക്തമായും വസ്തുനിഷ്ഠമായും മന്ത്രി മറുപടി നൽകി.

എന്നാൽ മന്ത്രിയെ കളിയാക്കാനും അപകീർത്തിപ്പെടുത്താനുമായി വീഡിയോ എഡിറ്റ് ചെയ്ത് കൂവലും പൊട്ടിച്ചിരിയും ചേർത്ത് പ്രചരിപ്പിക്കുകയാണിപ്പോൾ. ഇതോടെ വീഡിയോ വ്യാജമാണെന്നും പത്രലേഖകർ ഉൾപ്പെടെ ഇത്തരത്തിൽ വ്യാജ പ്രചരണത്തെ അനുകൂലിച്ച് രംഗത്തെത്തുന്നത് അപഹാസ്യമാണെന്നും ഇന്ത്യാ ടുഡെ അസോസിയേറ്റ് എഡിറ്ററായ ജീമോൻ ജേക്കബ് പ്രതികരിക്കുന്നു.

തികച്ചും അടിസ്ഥാനമില്ലാത്ത പ്രചരണമാണ് മന്ത്രിക്കെതിരെ നടത്തുന്നതെന്നും ഇത് മന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണെന്നും വ്യക്തമാക്കിയാണ് ജീമോൻ ജേക്കബിന്റെ പ്രതികരണം. അന്ന് ആ ചടങ്ങിൽ മന്ത്രിയുടെ പ്രതികരണം മൊഴിമാറ്റി അവതരിപ്പിച്ചത് ജീമോൻ ആയിരുന്നു. ചടങ്ങിൽ മന്ത്രിയുടെ പ്രതികരണങ്ങൾ മികച്ചതായതോടെ പലപ്പോഴും കയ്യടിയാണ് സദസ്സിൽ നിന്ന് ഉണ്ടായതെന്നും എന്നാൽ വീഡിയോയിൽ കയ്യടിക്കുപകരം പലയിടത്തും പൊട്ടിച്ചിരിയും കൂക്കുവിളിയും ചേർത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കുകയാണ് ജീമോൻ. സോഷ്യൽ മീഡിയയിൽ പത്രക്കാർ ഉൾപ്പെടെ പലരും മോശം കമന്റുകളുമായി എത്തുന്നത് നിരാശാജനകമാണെന്നും കാര്യമറിയാതെയാണ് ഈ പ്രകടനമെന്നും ജീമോൻ പറയുന്നു.

ടൂറിസം-ദേവസ്വം മന്ത്രിയെന്ന നിലയിലാണ് കടകംപള്ളി സുരേന്ദ്രനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. മുൻകൂട്ടി അറിയിച്ചത് പ്രകാരം എഴുതി തയ്യാറാക്കിയ പ്രസംഗവുമായി അദ്ദേഹം എത്തി. എന്നാൽ പരിപാടിയിൽ മാറ്റം വന്നു. ചർച്ച എന്ന നിലയിലേക്ക് പരിപാടി മാറ്റി. ഇതോടെയാണ് മോഡറേറ്റർ മന്ത്രിയോട് ഇംഗ്‌ളീഷിൽ ചോദ്യം ഉന്നയിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതിനെ പറ്റിയായിരുന്നു ചോദ്യം.

എന്നാൽ ഇംഗ്‌ളീഷിൽ താൻ അത്ര വിദഗ്ധനല്ലെന്നും മലയാളത്തിൽ മറുപടി നൽകാമെന്നും ജീമോൻ അത് തർജമ ചെയ്യുമെന്നും ആണ് മന്ത്രി മറുപടി നൽകുന്നതും. ഇതിന് ശേഷം മന്ത്രി കാര്യങ്ങൾ സ്പഷടമായി വിവരിക്കുകയും അത് ജീമോൻ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുകയുമായിരുന്നു. എന്നാൽ ഈ ഘട്ടത്തിലെല്ലാം മന്ത്രി ഇംഗ്‌ളീഷ് അറിയില്ലെന്ന് പറഞ്ഞതിനെ കളിയാക്കി പൊട്ടിച്ചിരികൾ സദസ്സിൽ നിന്ന് ഉയരുന്നുവെന്ന മട്ടിൽ ഓഡിയോ എഡിറ്റ് ചെയ്ത് ചേർക്കുകയാണ് ചെയ്തത്. ഇംഗ്‌ളീഷ് അറിയില്ലെന്ന് പറയുന്നത് ഒരു കുറ്റമാണോ എന്ന് ചോദിച്ചാണ് ജീമോൻ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്്.

മാത്രമല്ല, ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മന്ത്രിയുടെ മറുപടികളെ കയ്യടിയോടെയാണ് പല ഘട്ടങ്ങളിലും സ്വീകരിച്ചത്. ഈ വീഡിയോ പലപ്പോഴായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പത്രക്കാരുടെ ഗ്രൂപ്പിലും സജീവമായി എത്തുകയും കഴിഞ്ഞദിവസം മന്ത്രിയെ മോശക്കാരനെന്ന് കാട്ടി പലരും കമന്റുകൾ നൽകുകയും ചെയ്തത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇത് വ്യാജ വീഡിയോ ആണെന്ന് വ്യക്തമാക്കി ജീമോൻ പ്രതികരിക്കുന്നത്.

മന്ത്രിയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള പ്രചരണമാണ് നടക്കുന്നതെന്ന് ജീമോൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ സ്ഥാപിത താൽപര്യത്തോടെ നടക്കുന്ന കുപ്രചരണങ്ങളിൽ നിന്ന് പത്രക്കാരെങ്കിലും വിട്ടുനിൽക്കണമെന്നും കാര്യങ്ങൾ വസ്തുനിഷ്ഠമായി അറിഞ്ഞുവേണം വിമർശനമെന്നും ജീമോൻ ജേക്കബ് പറയുന്നു. സോഷ്യൽ മീഡിയയുടെ ചുമരുകളെ ടോയ്‌ലറ്റ് പേപ്പറിനോട് ഉപമിച്ച കവിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് ജീമോൻ പ്രതികരിക്കുന്നത്. പ്രവർത്തന മികവിന്റെ മാനദണ്ഡം ഇംഗ്‌ളീഷ് അറിയുക എന്നതാണോ എന്ന ചോദ്യം ഉയർത്തിയാണ് ജീമോന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP