Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഷ്ടമില്ലാത്തച്ചി തൊട്ടത് മാത്രമല്ല തൊടാത്തതും അവരുടെ കണ്ണിൽ കുറ്റമാണ്; തൃത്താലയിലെ വെള്ളപ്പൊക്കത്തിനും കുറ്റം എംഎൽഎയ്ക്ക്; വെള്ളിയാങ്കല്ലിലെ ഷട്ടറുകൾ ഉദ്യോഗസ്ഥർ സമയത്ത് ഉയർത്താത്തതിനും സൈബർ സഖാക്കളുടെ ആക്രമണം വെട്ടുകിളികളെ പോലെ; പ്രളയകാലത്ത് രാഷ്ട്രീയം പറയാതിരിക്കാനുള്ള മര്യാദ സിപിഎം തന്നെ തെറ്റിച്ചെന്ന് വി.ടി.ബൽറാം

ഇഷ്ടമില്ലാത്തച്ചി തൊട്ടത് മാത്രമല്ല തൊടാത്തതും അവരുടെ കണ്ണിൽ കുറ്റമാണ്; തൃത്താലയിലെ വെള്ളപ്പൊക്കത്തിനും കുറ്റം എംഎൽഎയ്ക്ക്; വെള്ളിയാങ്കല്ലിലെ ഷട്ടറുകൾ ഉദ്യോഗസ്ഥർ സമയത്ത് ഉയർത്താത്തതിനും സൈബർ സഖാക്കളുടെ ആക്രമണം വെട്ടുകിളികളെ പോലെ; പ്രളയകാലത്ത് രാഷ്ട്രീയം പറയാതിരിക്കാനുള്ള മര്യാദ സിപിഎം തന്നെ തെറ്റിച്ചെന്ന് വി.ടി.ബൽറാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയകാലത്ത് രാഷ്ട്രീയം പറയാതിരിക്കുകയും പരസ്പരം പഴി ചാരാതിരിക്കുകയും ചെയ്യുക സാമാന്യ മര്യാദയാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ കെടുതികൾക്ക് പരിഹാരം കാണും മുമ്പേ വീണ്ടും മറ്റൊരു ദുരന്തം കൂടി കേരളത്തെ തളർത്തിയിരിക്കുന്നു. എന്നാൽ, സിപിഎം സൈബർ സഖാക്കൾ അത് പാലിക്കുന്നില്ലെന്നാണ് വി.ടി.ബൽറാം എംഎൽഎയുടെ പരാതി. തന്റെ മണ്ഡലമായ തൃത്താലയിൽ പ്രളയത്തിന്റെ ഏക കാരണമായി സ്ഥലം എംഎൽഎയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഹീനമായ നെഗറ്റീവ് ക്യാമ്പയിനായിരുന്നു ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകൾ തൊട്ട് നിരവധി സിപിഎം പ്രൊഫൈലുകളിൽ നിന്ന് ഒരുമിച്ച് പുറത്തുവന്നത്. നേരത്തേയുള്ള രാഷ്ട്രീയ വിരോധം തീർക്കാൻ ഇതുപോലൊരു അവസരത്തിന്നായി കാത്തുനിന്നത് പോലെയായിരുന്നു ആ പോസ്റ്റുകൾ ഓരോന്നുമെന്ന് ബൽറാം പറയുന്നു.

സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ ഫേസ്‌ബുക്കിൽ പ്രതികരിച്ചാൽ ഉടൻ 'ഫേസ്‌ബുക്ക് എംഎൽഎ' എന്ന് അധിക്ഷേപിക്കുകയും പോസ്റ്റ് ഇടാതിരുന്നാൽ അതിന്റെ പേരിലും വീണ്ടും അധിക്ഷേപിക്കുകയും ചെയ്യുന്ന സൈബർ വെട്ടുകിളിക്കൂട്ടത്തെ പതിവ്‌പോലെ ഇപ്പോഴും ഒട്ടും ഗൗനിക്കുന്നില്ല. ഇഷ്ടമില്ലാത്തച്ചി തൊട്ടത് മാത്രമല്ല തൊടാത്തതും അവരുടെ കണ്ണിൽ കുറ്റമാണ്. വെള്ളിയാങ്കല്ലിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്താൻ കഴിയാത്തതാണ് പെട്ടെന്ന് പുഴയിൽ വെള്ളമുയരാൻ കാരണമായതെന്ന വാദത്തിൽ പ്രഥമദൃഷ്ട്യാത്തന്നെ കഴമ്പുണ്ട്. എന്നാൽ ഉദ്യോഗസ്ഥ തലത്തിലെ ഈ വീഴ്ചക്ക് എംഎൽഎയെ മാത്രം പഴിചാരുന്ന രാഷ്ട്രീയ കുടിലബുദ്ധി ഇന്നാട്ടിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ബൽറാം ഫേസ്‌ബുക്കിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്‌ബുക്കിൽ പോസ്റ്റുകളൊന്നും ഇട്ടിരുന്നില്ല. പ്രധാനമായും മൂന്ന് കാരണങ്ങളാണ്. ഒന്ന്, എന്റെ ഈ അക്കൗണ്ട് ഞാൻ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഈ ദിവസങ്ങളിൽ വിശദമായ പോസ്റ്റുകൾ എഴുതാനുള്ള സമയക്കുറവുണ്ടായിരുന്നു. രണ്ട്, തൃത്താലയിൽ സാമാന്യം വ്യാപകമായി പ്രളയക്കെടുതി ഉണ്ടായി എങ്കിലും സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളുമായുള്ള താരതമ്യത്തിൽ അൽപ്പം ഭേദമായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ സാധനങ്ങൾ പ്രാദേശികമായിത്തന്നെ വ്യക്തികളുടേയും സംഘടനകളുടേയും സഹായത്തോടെ സ്വരൂപിക്കാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വരുന്ന സഹായങ്ങൾ ഏകോപിപ്പിക്കാനും മറ്റും സാമൂഹ്യ മാധ്യമങ്ങൾ കാര്യമായി ഉപയോഗിക്കേണ്ടി വന്നില്ല. മൂന്ന്, പുറംലോകത്തെ നിരന്തരം അപ്‌ഡേറ്റ് ചെയ്യേണ്ട വിവരങ്ങളും ദുരന്ത വാർത്തകളും തൃത്താലയിൽ നിന്ന് താരതമ്യേന കുറവായിരുന്നു.

സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ ഫേസ്‌ബുക്കിൽ പ്രതികരിച്ചാൽ ഉടൻ 'ഫേസ്‌ബുക്ക് എംഎൽഎ' എന്ന് അധിക്ഷേപിക്കുകയും പോസ്റ്റ് ഇടാതിരുന്നാൽ അതിന്റെ പേരിലും വീണ്ടും അധിക്ഷേപിക്കുകയും ചെയ്യുന്ന സൈബർ വെട്ടുകിളിക്കൂട്ടത്തെ പതിവ്‌പോലെ ഇപ്പോഴും ഒട്ടും ഗൗനിക്കുന്നില്ല. ഇഷ്ടമില്ലാത്തച്ചി തൊട്ടത് മാത്രമല്ല തൊടാത്തതും അവരുടെ കണ്ണിൽ കുറ്റമാണ്. ഈ പോസ്റ്റ് പോലും തൃത്താലക്കാരെ പ്രധാനമായും ഉദ്ദേശിച്ചാണ് ഇടുന്നത്.

ദുരന്തമുഖത്ത് രാഷ്ട്രീയം പറയരുതെന്നാണ് പൊതുവിൽ അംഗീകരിക്കപ്പെട്ട മിനിമം മര്യാദ. കഴിഞ്ഞ തവണത്തെ പ്രളയകാലത്ത് സർക്കാരിനെ വിമർശനങ്ങളിൽ നിന്ന് രക്ഷിക്കാൻ വേണ്ടി സിപിഎം അനുഭാവികൾ തന്നെയാണ് ഈ വാദം ശക്തമായി ഉയർത്തിയിരുന്നത്. വിമർശിക്കാൻ ഏറെയുണ്ടായിരുന്നിട്ടും കേരളത്തിലെ പ്രതിപക്ഷവും ദുരന്തത്തിന്റെ തീവ്രനാളുകളിൽ സർക്കാരിന് നിരുപാധിക പിന്തുണയാണ് നൽകിയത്. ഇത്തവണയും പ്രതിപക്ഷത്തിന്റെ നിലപാട് അതു തന്നെയാണ്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ദുരന്തമുഖത്തെ വാക്കുകളും പ്രവൃത്തിയും അത് തെളിയിക്കുന്നുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി തൃത്താലയിൽ പ്രളയത്തിന്റെ ഏക കാരണമായി സ്ഥലം എംഎൽഎയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഹീനമായ നെഗറ്റീവ് ക്യാമ്പയിനായിരുന്നു ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകൾ തൊട്ട് നിരവധി സിപിഎം പ്രൊഫൈലുകളിൽ നിന്ന് ഒരുമിച്ച് പുറത്തുവന്നത്. നേരത്തേയുള്ള രാഷ്ട്രീയ വിരോധം തീർക്കാൻ ഇതുപോലൊരു അവസരത്തിന്നായി കാത്തുനിന്നത് പോലെയായിരുന്നു ആ പോസ്റ്റുകൾ ഓരോന്നും.

വെള്ളിയാങ്കല്ലിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്താൻ കഴിയാത്തതാണ് പെട്ടെന്ന് പുഴയിൽ വെള്ളമുയരാൻ കാരണമായതെന്ന വാദത്തിൽ പ്രഥമദൃഷ്ട്യാത്തന്നെ കഴമ്പുണ്ട്. എന്നാൽ ഉദ്യോഗസ്ഥ തലത്തിലെ ഈ വീഴ്ചക്ക് എംഎൽഎയെ മാത്രം പഴിചാരുന്ന രാഷ്ട്രീയ കുടിലബുദ്ധി ഇന്നാട്ടിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. സമാനമായ വിഷയത്തിൽ കൃഷിമന്ത്രി വി എസ് സുനിൽകുമാർ തന്റെ പ്രദേശത്തെ ഇറിഗേഷൻ ഉദ്യോഗസ്ഥരെ ശാസിക്കുന്ന വീഡിയോകൾ ആവേശത്തോടെ ഷെയർ ചെയ്യുന്നവർ തന്നെയാണ് തൃത്താലയിലെത്തുമ്പോൾ ഉദ്യോഗസ്ഥരെ വെറുതെവിട്ട് എംഎൽഎയെ മാത്രം കുറ്റപ്പെടുത്തുന്നത്. നാട് ഭരിക്കുന്ന മന്ത്രിയേപ്പോലെ സസ്‌പെൻഡ് ചെയ്യുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താൻ പ്രതിപക്ഷ എംഎൽഎക്ക് കഴിയില്ല എന്ന് വിമർശകർക്ക് അറിയാത്തതല്ല എന്ന് എല്ലാവർക്കും ബോധ്യമുണ്ട്.

പ്രളയത്തിന് ഒരാഴ്ച മുൻപ് തന്നെ ഷട്ടറുകളുടെ വിവരം ഞാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചിരുന്നു. സാങ്കേതിക കാരണങ്ങളാൽ തൽക്കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുള്ള ആറ് ഷട്ടറുകളൊഴിച്ച് ബാക്കി 21 ഷട്ടറുകൾ ഏത് സമയത്തും ഉയർത്താൻ സജ്ജമാണ് എന്നും പുഴയിലെ ജലനിരപ്പ് നിരന്തരമായി മോണിറ്റർ ചെയ്ത് അക്കാര്യത്തിൽ സമയോചിതമായ നടപടി എടുക്കുമെന്നുമാണ് എനിക്ക് ലഭിച്ച മറുപടി. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനും നഗരസഭ ചെയർമാൻ കെഎസ്ബിഎ തങ്ങളും ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ അവർക്ക് ലഭിച്ചതും സമാനമായ മറുപടി തന്നെയാണെന്ന് അവർ തന്നെ താലൂക്ക്തല യോഗത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നിട്ടും ആവശ്യ സമയത്ത് ഉയർത്താൻ കഴിഞ്ഞത് 11ഓ 12 ഓ ഷട്ടർ മാത്രം. ഇതിന്റെ കാരണമാണ് ഇറിഗേഷൻ വകുപ്പ് വ്യക്തമാക്കേണ്ടത്. ഉദ്യോഗസ്ഥ തലത്തിലെ ജാഗ്രതക്കുറവാണോ മറ്റേതെങ്കിലും അട്ടിമറിയാണോ എന്നതാണ് വ്യക്തമാവേണ്ടത്. മഴ കനക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഷട്ടറുകൾ അധികവും പല സമയങ്ങളിലായി തുറന്നിരുന്നു എന്നും നാട്ടുകാർ കണ്ടിട്ടുണ്ട്. അങ്ങനെ തുറന്ന ഷട്ടറുകൾ വീണ്ടും അടക്കാൻ ആരാണ് നിർദ്ദേശം നൽകിയതെന്നതും വ്യക്തമാവേണ്ടതുണ്ട്. മീൻപിടുത്തക്കാരെ സഹായിക്കാനാണോ ഇത് ചെയ്തതെന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ താലൂക്ക് തല യോഗത്തിൽ എഞ്ചിനീയർ പറഞ്ഞത് പാവറട്ടി ശുദ്ധജല പദ്ധതിക്കായി വാട്ടർ അഥോറിറ്റി ആവശ്യപ്പെട്ടത് പ്രകാരമാണ് ഷട്ടറുകൾ അടച്ച് മിനിമം വാട്ടർ ലെവൽ ഉറപ്പു വരുത്തിയത് എന്നാണ്. പിന്നീടുള്ള ഫ്‌ളാഷ് ഫ്‌ളഡ് കാരണം ഷട്ടറുകൾ ഉയർത്തുന്നതിന് മുമ്പ് തന്നെ വെള്ളം ഷട്ടറിന് മുകളിലേക്ക് കയറി എന്നും വിചാരിച്ച പോലെ ഉയർത്താൻ കഴിഞ്ഞില്ല എന്നുമാണ് അസി. എഞ്ചിനീയർ യോഗത്തിൽ അറിയിച്ചത്. ഏതായാലും ഇക്കാര്യങ്ങളെല്ലാം ഒരു സമഗ്രമായ അന്വേഷണത്തിന് വിധേയമാവണം. തൃത്താല സന്ദർശിച്ച മന്ത്രി എകെ ബാലനോടും ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണൻകുട്ടിയോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് എഞ്ചിനീയറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി അറിയുന്നു.

വെള്ളിയാങ്കല്ലിന്റെ സമയബന്ധിതമായ മെയിന്റനൻസ് പ്രവൃത്തികൾക്ക് മതിയായ തുക അനുവദിക്കണമെന്ന് നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റി യോഗങ്ങളിൽ നിരന്തരമായി ആവശ്യപ്പെടാറുണ്ടെങ്കിലും സർക്കാർ അനുവദിക്കുന്നത് ഒട്ടും പര്യാപ്തമായ തുകയല്ല എന്നതാണ് വാസ്തവം. നാലോളം ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർ മടിച്ചത് അതിനു താഴെയുള്ള ഏപ്രണിൽ ഗുരുതരമായ വിള്ളൽ കണ്ടെത്തിയതുകൊണ്ടാണ്. ഇത് പരിഹരിക്കുന്നതിനായി ഭീമമായ തുകയാണ് വേണ്ടത്. ആദ്യഘട്ടത്തിൽ ഏതാണ്ട് 15 കോടി പ്രതീക്ഷിച്ചിരുന്നത് പിന്നീട് കോഴിക്കോട് എൻഐടി യുടെ പഠനത്തിന് ശേഷം 20 കോടിയോളമായി ഉയർന്നു. ഈ തുക സർക്കാർ അനുവദിച്ച് കേടുപാടുകൾ പരിഹരിച്ചാൽ മാത്രമേ വെള്ളിയാങ്കല്ല് പൂർണ്ണമായും സുരക്ഷിതമാവുകയുള്ളൂ. എംഎൽഎ എന്ന നിലയിൽ ഞാനിത് സ്ഥിരമായി ആവശ്യപ്പെട്ട് പോരുന്നതാണ് എങ്കിലും അനുകൂല തീരുമാനം സർക്കാർ തലത്തിൽ ഉണ്ടാവുന്നില്ല. വെറും 13 വർഷം മാത്രം പഴക്കമുള്ള, താരതമ്യേന പുതിയ ഈ സ്ട്രക്ച്ചറിന് എങ്ങനെയാണ് ഇത്ര വലിയ കേടുപാടുകൾ വന്നത് എന്ന സംശയത്തിലാണ് ഇറിഗേഷൻ വകുപ്പ് ഒറ്റയടിക്ക് ഈ തുക അനുവദിക്കാത്തത് എന്നാണ് പട്ടാമ്പി താലൂക്കിലെ യോഗത്തിൽ ചീഫ് എഞ്ചിനീയർ സൂചിപ്പിച്ചത്. നിർമ്മാണത്തിലെ അപാകതയിലേക്കു വരെ അദ്ദേഹം വിരൽ ചൂണ്ടിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് ഉന്നത ഉദ്യോഗസ്ഥർ ഇവിടം സന്ദർശിച്ച വേളയിൽ ഏപ്രണിന്റെ അപകടാവസ്ഥ ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ 'എംഎൽഎ ആളാവാൻ വേണ്ടി അനാവശ്യ ആശങ്ക ഉണ്ടാക്കുകയാണ് ' എന്ന നിലക്കാണ് പിറ്റേന്നത്തെ ദേശാഭിമാനിയിൽ വാർത്ത വന്നത് എന്നും സാന്ദർഭികമായി ഓർക്കുന്നു.

കഴിഞ്ഞ വർഷത്തെ പ്രളയത്തിനു ശേഷം തകർന്ന തൃത്താല ഭാഗത്തെ സംരക്ഷണഭിത്തിക്ക് 1.96 കോടി രൂപയുടെ ഫണ്ടനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ അനുകൂല തീരുമാനമുണ്ടാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അന്നത്തെ മന്ത്രി മാത്യു ടി തോമസിനോട് അക്കാര്യത്തിൽ നന്ദിയുമുണ്ട്. എന്നാൽ വകുപ്പുതലത്തിലെ നടപടിക്രമങ്ങൾ നീളുന്നത് കാരണം ടെണ്ടറും അഗ്രീമെന്റും എല്ലാം ആയി എങ്കിലും ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ഇതുകാരണമാണ് രണ്ട് ഷട്ടറുകൾ ഇപ്പോഴും ഉയർത്താത്തത്.

വെള്ളിയാങ്കല്ലിന്റെ ഭാവി സംരക്ഷണത്തിനു വേണ്ടി നിരവധി നല്ല നിർദ്ദേശങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഒരു സ്ഥിരം ഓഫീസും അസി.എഞ്ചിനീയർ തലത്തിലുള്ള ഉദ്യോഗസ്ഥനും ഇവിടെ വേണമെന്നതാണ് അതിൽ പ്രധാനപ്പെട്ടത്. സർക്കാർ ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കുമെന്നാണ് ബന്ധപ്പെട്ട മന്ത്രിമാർ ഉറപ്പു നൽകിയിട്ടുള്ളത്. അതോടൊപ്പം ഏതാണ്ട് 20-25 കോടി ചെലവ് വരുന്ന സമഗ്ര നവീകരണവും പിന്നീടുള്ള സ്ഥിരം സിവിൽ, മെക്കാനിക്കൽ മെയിന്റനൻസും ഉറപ്പുവരുത്തണ്ടതുണ്ട്. സംരക്ഷണഭിത്തിയും ആവശ്യമായ സ്ഥലങ്ങളിൽ പുനർനിർമ്മിക്കേണ്ടതായി വരും. ഷട്ടറുകൾ അടക്കുന്നതിനും തുറക്കുന്നതിനും യുക്തിസഹമായ കലണ്ടറും രൂപീകരിക്കണം. പുഴയിലെ ജലനിരപ്പ് സ്ഥിരമായി മോണിറ്റർ ചെയ്യാനും അവശ്യ ഘട്ടങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഡോ.ഇ.ശ്രീധരനേപ്പോലുള്ളവരുടെ വിദഗ്ദ്ധ നിർദ്ദേശങ്ങളും പരിസരവാസികളുടെ അനുഭവസമ്പത്തും പ്രയോജനപ്പെടുത്തണം. ഇതിനൊക്കെ വേണ്ടി കക്ഷിരാഷ്ട്രീയത്തിനതീതമായി നാട് ഒന്നിച്ചുനിൽക്കണം.

എല്ലാവരോടുമായി ഒരു കാര്യം മാത്രം ഓർമ്മപ്പെടുത്തുന്നു, പാലക്കാടും തൃത്താലയിലുമെല്ലാം ദുരിതം ശമിച്ചിട്ടേയുള്ളൂ, പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല. മഴ കൂടുതൽ ശക്തമായി തിരിച്ചുവരുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആ ആശങ്കക്കിടെ എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനമല്ല തൽക്കാലത്തേക്കെങ്കിലും ഉണ്ടാവേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP