'സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങൾ സഞ്ചരിച്ചിട്ടുണ്ടാവു'മെന്ന് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്; 'കൊച്ചച്ചാ എന്നും വിളിച്ച് ഓടി വരുന്ന ആ കുഞ്ഞുണ്ടല്ലോ.. ഒരു ഷൂ തന്നെ അതിന് വാങ്ങി കൊടുക്കണം സഖാ...ലൈറ്റൊക്കെ മിന്നുന്ന ടൈപ്പ്' എന്നു മറുപടി കമന്റുകളും; സഹോദരനെതിരായ കേസിൽ പ്രതികരിച്ചിട്ട ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായത് ഇങ്ങനെ
June 25, 2019 | 12:04 PM IST | Permalink

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ തീർത്തും പ്രതിരോധത്തിലാണ് സിപിഎം. സംഭവത്തിൽ മുംബൈ പൊലീസ് ബിനോയിയെ തേടി കേരളത്തിൽ എത്തിയെങ്കിലും ബിനോയി ഒളിവിൽ പോകുകയായിരുന്നു. കേസ് സംബന്ധിച്ച വിവരങ്ങളെല്ലാം മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു. ഈ സാഹചര്യത്തിൽ സഹോദരനെ പിന്തുണച്ചു കൊണ്ട് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. നിലവിലെ സംഭവ വികാസങ്ങളോടുള്ള പ്രതികരണമെന്ന് വായിക്കാവുന്ന രീതിയിലാണ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
'സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങൾ സഞ്ചരിച്ചിട്ടുണ്ടാവും' എന്നാണ് ഫേസ്ബുക്കിൽ ബിനീഷ് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ നിരനധി കമന്റുകളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ളത്. ഇതിൽ ഒരു കമന്റ് ഇങ്ങനെയാണ്: 'കൊച്ചച്ചാ എന്നും വിളിച്ച് ഓടി വരുന്ന ആ കുഞ്ഞുണ്ടല്ലോ.. ഒരു ഷൂ തന്നെ അതിന് വാങ്ങി കൊടുക്കണം സഖാ...ലൈറ്റൊക്കെ മിന്നുന്ന ടൈപ്പ്'. സമാനമായ വിധത്തിലാണ് ഭൂരിപക്ഷം കമന്റുകളും ബിനോയിയെ പ്രതിരോധിച്ചു കൊണ്ടുള്ള കമന്റുകൾ ഇല്ലെന്നതും ശ്രദ്ധേയമാണ്.
ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ബിനോയ്ക്കെതിരായി മുംബൈ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പരിശോധിച്ച് അതിന്റെ നിജസ്ഥിതി നിയമപരമായി കണ്ടെത്തേണ്ടതാണെന്നും ആരോപണ വിധേയനായ വ്യക്തിയെ സഹായിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ ഉള്ള ഒരു നടപടിയോ താനോ പാർട്ടിയോ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയുമില്ലെന്നും കോടിയേരി പറഞ്ഞു.
ബിനോയ് പ്രായപൂർത്തിയായവനും പ്രത്യേക കുടുംബവുമായി താമസിക്കുന്നവനുമാണ്. ഇത് സംബന്ധിച്ച് ഉയർന്നു വന്ന പ്രശ്നങ്ങളിൽ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതനായ വ്യക്തിയുടെ വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമാണ്. അക്കാര്യത്തിൽ ഇടപെടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടി എന്നുള്ള നിലയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ കുടുംബാംഗങ്ങൾ എന്ന നിലയിൽ അതിന് കൂട്ടുനിൽക്കാൻ ഒരിക്കലും സന്നദ്ധമാകില്ല.
കുടുംബാംഗങ്ങൾ ചെയ്യുന്ന ഉത്തരവാദിത്തം പാർട്ടിക്കോ വ്യക്തിപരമായി എനിക്കോ ഏറ്റെടുക്കാൻ സാധിക്കില്ല. അതിന്റെ അനന്തരഫലങ്ങൾ ബന്ധപ്പെട്ടവർ തന്നെ ഏറ്റെടുക്കണം. അത്തരമൊരു നിലപാടാണ് ഈ പ്രശ്നത്തിൽ ഞാൻ സ്വീകരിക്കുന്നത് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.
