Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിസ്റ്റർ തോമസ് ഐസക് തിരിഞ്ഞുകൊത്തുന്ന ഭൂതകാലവുമായി വെല്ലുവിളിക്കാൻ വരരുത്; കാറ്റും വെളിച്ചവും കടക്കാൻ കഴിയുന്ന വിശാലമായ പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് തേവര എസ്എച്ച് കോളേജിൽ കെഎസ്‌യു പാനലിൽ ഒന്നാം പ്രീഡിഗ്രി പ്രതിനിധി ആയിരുന്ന ആളായിട്ട് പോലും തോമസ് ഐസക്കിന് മനസിലാകുന്നില്ല എന്നത് വിചിത്രമായി തോന്നുന്നു; ധനമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

മിസ്റ്റർ തോമസ് ഐസക് തിരിഞ്ഞുകൊത്തുന്ന ഭൂതകാലവുമായി വെല്ലുവിളിക്കാൻ വരരുത്; കാറ്റും വെളിച്ചവും കടക്കാൻ കഴിയുന്ന വിശാലമായ പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് തേവര എസ്എച്ച് കോളേജിൽ കെഎസ്‌യു പാനലിൽ ഒന്നാം പ്രീഡിഗ്രി പ്രതിനിധി ആയിരുന്ന ആളായിട്ട് പോലും തോമസ് ഐസക്കിന് മനസിലാകുന്നില്ല എന്നത് വിചിത്രമായി തോന്നുന്നു; ധനമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ധനമന്ത്രി ടി.എം.തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തേവര എസ്എച്ച് കോളജിൽ കെഎസ്‌യു പാനലിൽ ഒന്നാം പ്രീഡിഗ്രി പ്രതിനിധി ആയിരുന്ന ആളായിരുന്നു തോമസ് ഐസക് എന്നു ചെന്നിത്തല ഫേസ്‌ബുക്ക് കുറിപ്പിൽ ആരോപിച്ചു. പിണറായി വിജയൻ 1977ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസുകാരുടെ വോട്ട് വാങ്ങിയാണു ജയിച്ചതെന്ന തന്റെ വാദത്തിനു മുന്നിൽ ഐസക് വലിയ തർക്കത്തിനു പോകാതിരുന്നതും പ്രതിരോധം തീർക്കാതിരുന്നതും നന്നായെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

പിണറായി വിജയൻ 1977 നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് കാരുടെ വോട്ട് വാങ്ങിയാണ് ജയിച്ചതെന്ന എന്റെ വാദത്തിന് മുന്നിൽ ധനമന്ത്രി തോമസ് ഐസക് വലിയ തർക്കത്തിന് പോകാതിരുന്നതും പ്രതിരോധം തീർക്കാതിരുന്നതും നന്നായി. ആർ.എസ് എസിന്റെ അന്നത്തെ രാഷ്ട്രീയ രൂപമായിരുന്ന ജനസംഘത്തിന്റെ വോട്ടാണ് 743 മാത്രമുണ്ടായിരുന്ന പിണറായി വിജയന്റെ ഭൂരിപക്ഷം നാലായിരം കടത്തി വിട്ടത്. ആ കൂറ് കൊണ്ടായിരിക്കണം ശബരിമലയിൽ വത്സൻതില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിച്ചതിനെ പോലും മുഖ്യമന്ത്രി ന്യായീകരിച്ചത്.

തനിക്ക് ഇഷ്ട്ടമില്ലാത്തത് മുഴുവൻ വാട്ട്അബൗട്ടറി പറഞ്ഞു ബൗണ്ടറിക്കപ്പുറത്തേക്കു തട്ടിമാറ്റുന്ന ഐസക് മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നം ശബരിമലയിൽ മാത്രം ഒതുക്കേണ്ടതല്ല. ശബരിമലയിലെ യുവതിപ്രവേശനം സംബന്ധിച്ച് രാഹുൽഗാന്ധി,വക്താവ് രൺദീപ് സുർജേവാല എന്നിവരുടെ അഭിപ്രായം കഴിഞ്ഞ പോസ്റ്റിൽ തോമസ് ഐസക് ഉദ്ധരിച്ചു കണ്ടു. തന്റെ വ്യക്തിപരമായ അഭിപ്രായം മറിച്ചാണെങ്കിൽ പോലുംകേരളത്തിലെ സാഹചര്യത്തിനു അനുസരിച്ചു സംസ്ഥാന ഘടകത്തിന് നിലപാട് സ്വീകരിക്കാൻ അനുവാദം നൽകിയത് വഴി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധിയുടെ തിളക്കം കൂട്ടിയിട്ടേയുള്ളൂ. വ്യത്യസ്ത അഭിപ്രായം പുലർത്തുന്നവരുടെ തലവെട്ടിക്കളയുകയോ പാർട്ടിയിൽ നിന്നും പുറത്താക്കുകയോ ചെയ്യുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്.

ഭിന്നാഭിപ്രായങ്ങളുടെ കാറ്റും വെളിച്ചവും കടക്കാൻ കഴിയുന്ന വിശാലമായ പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് തേവര എസ് എച് കോളേജിൽ കെഎസ്‌യു പാനലിൽ ഒന്നാം പ്രീഡിഗ്രി പ്രതിനിധി ആയിരുന്ന ആളായിട്ട് പോലും തോമസ് ഐസക്കിന് മനസിലാകുന്നില്ല എന്നത് വിചിത്രമായി തോന്നുന്നു. പിന്നീടാണല്ലോ അങ്ങ് മഹാരാജാസ് വഴി എസ് എഫ് ഐ യിൽ എത്തുന്നത് .

സ്ത്രീകളുടെ അവകാശത്തെക്കുറിച്ചു സംസാരിക്കുമ്പോൾ ശബരിമലയിൽ മാത്രം ഒതുങ്ങരുത് എന്നുപറയുമ്പോൾ ഐസക് ഇത്ര അസ്വസ്ഥതപ്പെടുന്നത് എന്തിനാണ്? രാഷ്ട്രീയ പ്രവർത്തകൻ എന്നും ഒരു വിദ്യാർത്ഥി കൂടിയായിരിക്കണം. സിപിഎമ്മിന്റെ കഴിവ്‌കേടുകൾ ചൂണ്ടിക്കാണിക്കുമ്പോൾ ഭാവിയിൽ തിരുത്താനുള്ള സൗമനസ്യം നിങ്ങൾക്ക് ഉണ്ടാകണം. ദേശീയ ജനറൽ സെക്രട്ടറി കസേര അവിടെ നിൽക്കട്ടെ; എത്ര വനിതാ ഏരിയ സെക്രട്ടറിമാർ സിപിഎമ്മിന് ഉണ്ടായിട്ടുണ്ട് ?എത്ര വനിതാ ജില്ലാ സെക്രട്ടറിമാർ ഐസക്കിന്റെ പാർട്ടിക്ക് ഉണ്ടായിട്ടുണ്ട്. സ്ത്രീവാദം കോൺഗ്രസിനെ പഠിപ്പിക്കുമ്പോൾ ഇതൊക്കെ ആലോചിക്കണ്ടേ ?

കുറച്ചു വാട്ട്അബൗട്ടറി കൂടി പറയാം. തുടർച്ചയായി 19 വർഷം ഒരു വനിത നയിച്ച പാർട്ടിയാണ് കോൺഗ്രസ്. യുപിഎ സർക്കാരുകളുടെ വിജയശില്പി സോണിയ ഗാന്ധി ആയിരുന്നു. രാജ്യത്തിന് വനിതാ പ്രധാനമന്ത്രി ,വനിതാ പ്രസിഡണ്ട് ,വനിതാ സ്പീക്കർ എന്നിവരെ സംഭാവന ചെയ്ത പാർട്ടിയുടെ സംസ്ഥാന ഘടകത്തെയാണ്
പ്രാകി തോൽപ്പിക്കാൻ ഐസക് ശ്രമിക്കുന്നത്.

സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകാൻ സാധ്യത ഉണ്ടായപ്പോൾ രണ്ട് തവണ കലം ഉടച്ചവരല്ലേ സിപിഎമ്മുകാർ ? സുശീലാഗോപാലന്റെ സാധ്യതകളെ വോട്ടിനിട്ട് തള്ളിയപ്പോൾ ,ആ വെട്ടിനിരത്തലുകാരുടെ കൂടെയായിരുന്നു ബഹുമാനപ്പെട്ട ഐസക് നിലയുറപ്പിച്ചത് എന്ന് മറന്നുപോകരുത്.

പട്ടിക ജാതി -പട്ടിക വർഗ്ഗത്തിൽ പെട്ട എത്ര വനിതാ നേതാക്കളെ സിപിഎം ഇതുവരെ സംസ്ഥാനത്ത് മന്ത്രിമാർ ആക്കിയിട്ടുണ്ട് ? പട്ടിക വർഗവിഭാഗത്തിൽ നിന്നും ഒരു വനിതാ മന്ത്രി ഉണ്ടായത് യുഡിഎഫ് ഭരിച്ചപ്പോഴായിരുന്നു.

മിസ്റ്റർ തോമസ് ഐസക്, തിരിഞ്ഞുകൊത്തുന്ന ഭൂതകാലവുമായി വെല്ലുവിളിക്കാൻ വരരുത്. ആർഎസ്എസ് ഒരിക്കലും സിപിഎമ്മിന്റെ ശത്രുക്കൾ ആയിരുന്നില്ല. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ എത്രതവണയാണ് നിങ്ങൾ സംഘപരിവാറുമായി സന്ധി ചെയ്തിരുന്നത്. 1989 കാലത്ത് വിപി സിങ് മന്ത്രി സഭയെ താങ്ങിനിർത്തിയിരുന്നത് ബിജെപിയും സിപിഎമ്മും ചേർന്നായിരുന്നല്ലോ. അന്ന് കോ ഓർഡിനേഷൻ സമിതി ചേരാൻ സിപിഎം നേതാക്കൾ അശോക റോഡിലെ ബിജെപി ഓഫീസിലും ബിജെപി നേതാക്കൾ ഗോൾമാർക്കറ്റിലെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസസായ ഭായ് വീർസിങ് മാർഗിലെ എകെജി ഭവനിലും കൂടിയിട്ടുണ്ട് എന്നോർക്കുക. മുതിർന്ന ബിജെപി നേതാവായ എൽ കെ അദ്വാനിയുടെ ഡൽഹിയിലെ വസതിയിൽ അത്താഴവിരുന്ന് കഴിക്കുമ്പോൾ നിങ്ങളെ ഒരുമിപ്പിച്ച ഏക രുചി കോൺഗ്രസ് വിരുദ്ധതയായിരുന്നു. ഈ നിങ്ങളാണോ ആർ.എസ് എസിനെതിരെയുള്ള പ്രതിരോധ മുറകൾ പഠിപ്പിക്കാൻ വരുന്നത്?

ഇന്ത്യയുടെ ഡിഎൻഎ ഉള്ളപാർട്ടിയാണ് കോൺഗ്രസ്.ഇവിടെ വിശ്വാസികൾ ഉണ്ട് ,അവിശ്വാസികൾ ഉണ്ട്,ക്ഷേത്രത്തിലും പള്ളിയിലും പോകുന്നവരുണ്ട്.ദൈവം ഇല്ലെന്നു വിശ്വസിക്കുന്നവരുമുണ്ട്.

മുൻ യു എസ് പ്രസിഡണ്ട് ജോർജ് ബുഷ് രണ്ടാമന്റെ പാതയാണ് ശബരിമല വിഷയത്തിൽ സിപിഎം പിന്തുടരുന്നത്: ഭഭഒന്നുകിൽ നിങ്ങൾ ഞങ്ങളോടൊപ്പം അല്ലെങ്കിൽ ഞങ്ങൾക്കെതിരും.ഭഭ ഈ തിയറി അവസാനിപ്പിക്കണം. കേഡർ സംവിധാനവും കുടുംബശ്രീ വഴിയും സംഘടിപ്പിക്കുന്ന വനിതാകൂട്ടായ്മയിൽ,ശബരിമലയിൽ ആചാരങ്ങൾ പാലിക്കണം എന്ന് സിപിഎം കൊണ്ടുവന്ന സ്ത്രീകൾ തന്നെ പറയുന്നത് കേട്ടിരുന്നല്ലോ. സിപിഎമ്മിലും 90 ശതമാനം വിശ്വാസികൾ തന്നെയെന്നെന്നും പൊതുവെ സമ്മതിച്ചതാണല്ലോ .

ചന്ദനകുറിയും കുങ്കുമകുറിയും തൊടുന്നവരും കാവിമുണ്ടും കറുപ്പ്മുണ്ടും ഉടുക്കുന്നവരും ക്ഷേത്രത്തിൽ പോകുന്നവരും ഇതുവരെ വിശ്വസിച്ച മൂർത്തിയുടെ ക്ഷേത്രത്തിൽ ആചാരലംഘനം നടക്കുന്നതിൽ വേദന തോന്നിയപ്പോൾ നാമജപവുമായി തെരുവിൽ ഇറങ്ങിയവരും ആർഎസ്എസ് അല്ല എന്ന് ഐസക് മനസിലാക്കണം.

വി എസ് ശിവകുമാറും വിഡി സതീശനുമൊക്കെ ബിജെപിയിൽ ചേരാൻ പോകുന്നു എന്നുപറഞ്ഞു മാസങ്ങൾക്ക് മുൻപേ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടിയന്തര പത്രസമ്മേളനം വിളിച്ചത് ഓർമ്മയുണ്ടോ ? സംഘപരിവാറിന് ഇല്ലാത്ത മാഹാത്മ്യം ഉണ്ടാക്കി കൊടുക്കുന്ന പരിപാടി ഇനിയെങ്കിലും നിർത്തണം. ബിജെപിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏജൻസിയായുള്ള പ്രവർത്തനം സിപിഎം അവസാനിപ്പിക്കണം. ബിജെപിയെ ശക്തിപ്പെടുത്തി കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന സിപിഎമ്മിന്റെ കൗശലക്കെണിയിൽ കേരളത്തിന്റെ മതേതരമനസ് വീഴില്ല എന്നുകൂടി ഓർമിപ്പിക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP