Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വിശ്വാസം എന്നൊരു സംഗതി വേണം ടീച്ചറേ; വെറും രണ്ട് ദിവസം കൊണ്ട് ഒരു കോടി 17 ലക്ഷം സ്വരൂപിക്കാൻ ഫിറോസിന് സാധിച്ചെങ്കിൽ ജനങ്ങൾക്ക് ആ സംഗതി അയാളുടെ മേൽ ഉള്ളതുകൊണ്ടാ'; സർക്കാരിന്റെ വി കെയർ പദ്ധതി വഴിയാണ് ഓൺലൈൻ വഴിയുള്ള ചികിത്സാ ധനസഹായം നൽകേണ്ടതെന്ന ശൈലജ ടീച്ചറുടെ പോസ്റ്റിന് വിമർശന കമന്റുകളുടെ പൊങ്കാല; 'ഫിറോസിനെതിരെ സഖാക്കൾ വാളോങ്ങിയപ്പോഴേ മണത്തിരുന്നു പൂട്ടാനുള്ള താക്കോൽ പണിയുമെന്നും' കമന്റ്

'വിശ്വാസം എന്നൊരു സംഗതി വേണം ടീച്ചറേ; വെറും രണ്ട് ദിവസം കൊണ്ട് ഒരു കോടി 17 ലക്ഷം സ്വരൂപിക്കാൻ ഫിറോസിന് സാധിച്ചെങ്കിൽ ജനങ്ങൾക്ക് ആ സംഗതി അയാളുടെ മേൽ ഉള്ളതുകൊണ്ടാ'; സർക്കാരിന്റെ വി കെയർ പദ്ധതി വഴിയാണ് ഓൺലൈൻ വഴിയുള്ള ചികിത്സാ ധനസഹായം നൽകേണ്ടതെന്ന ശൈലജ ടീച്ചറുടെ പോസ്റ്റിന് വിമർശന കമന്റുകളുടെ പൊങ്കാല;  'ഫിറോസിനെതിരെ സഖാക്കൾ വാളോങ്ങിയപ്പോഴേ മണത്തിരുന്നു പൂട്ടാനുള്ള താക്കോൽ പണിയുമെന്നും' കമന്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഫേസ്‌ബുക്ക് ലൈവിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി അഗതികളായവർക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിയ ഫിറോസ് കുന്നുംപറമ്പിലാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ പ്രധാന ചർച്ചാ വിഷയം. കുരുന്നിനായി ബാങ്ക് ഓഫ് ഇന്ത്യയിൽ വന്ന ലക്ഷങ്ങളടങ്ങുന്ന തുകയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുക്കുകയും ഇതിന് പിന്നാലെ ഫിറോസ് തന്നെ ഇട്ട ലൈവിനും പിന്നാലെ സാമൂഹിക പ്രവർത്തനത്തിലെ സോഷ്യൽ മീഡിയാ നായകന് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. കേരളം ഭരിക്കുന്ന സർക്കാരിന് പോലും അത്രയും വിശ്വാസ്യത ലഭിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഓൺലൈൻ വഴി നൽകുന്ന ചികിത്സാ സഹായങ്ങൾ സർക്കാരിന്റെ വി കെയറിലൂടെ നൽകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിന് വരുന്ന കമന്റുകൾ.

സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിട്ട് അത് ആവശ്യക്കാരിലേക്ക് കൃത്യമായി എത്തിയോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ലെന്നും എന്നാൽ ഫിറോസ് കുന്നുംപറമ്പിലിന് നൽകിയ തുക ആവശ്യക്കാരിലേക്ക് കൃത്യമായി എത്തിയെന്ന് അദ്ദേഹത്തിൽ നിന്നും തന്നെ മനസിലാക്കാൻ സാധിച്ചുവെന്നും ഷൈലജ ടീച്ചറിന്റെ പോസ്റ്റിന് കമന്റുകൾ തേടിയെത്തി. വിശ്വാസം എന്ന കാര്യം ഉയർത്തിയായിരുന്നു മിക്ക കമന്റുകളും. 'വിശ്വാസം എന്നൊരു സംഗതി വേണം ടീച്ചറെ...വെറും രണ്ട് ദിവസം കൊണ്ട് ഒരു കോടി 17 ലക്ഷം സ്വരൂപിക്കാൻ ഫിറോസിന് സാധിച്ചെങ്കിൽ ജനങ്ങൾക്ക് അയാളുടെ മേൽ അത്രയ്ക്ക് വിശ്വാസമുള്ളതുകൊണ്ടാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. മാത്രമല്ല ഫിറോസിനെതിരെ സഖാക്കൾ വാളോങ്ങിയപ്പോഴേ മണത്തിരുന്നു പൂട്ടാനുള്ള താക്കോൽ പണിയുമെന്നും ആരോഗ്യമന്ത്രിയുടെ പോസ്റ്റിന് കമന്റുകൾ തേടിയെത്തി.

ഒരത്താണിയുമില്ലാതെ വലയുന്നവർക്ക് കൈത്താങ്ങായി എത്തുന്നത് കാരുണ്യനിറവുള്ള മനസ്സുകളാണ്. സോഷ്യൽ മീഡിയ വന്നതോടെ സുമനസുകളിലേക്ക് എത്താനുള്ള വഴി എളുപ്പമാകുകയായിരുന്നു. സാങ്കേതിക മികവുകൾ നന്മയ്ക്കായി ഉപയോഗിക്കുന്നത് തെറ്റെന്ന് ആർക്കു പറയാനാവും. പട്ടിണിക്കാർക്ക് ഭക്ഷണം കൊടുത്തുതുടങ്ങി, അനാഥരായവരെയും അശരണരെയും ഏറ്റെടുത്ത് രോഗികളുടെയും പട്ടിണിക്കാരുടെയും കണ്ണീരൊപ്പാൻ സോഷ്യൽ മീഡിയ വഴി സഹായം എത്തിക്കുന്ന ഫിറോസ് കുന്നുംപറമ്പിൽ ഉദാഹരണം. അസൂയക്കാർ ഏഷണിയുമായി ഉണ്ടെങ്കിലും ഫിറോസിനെ പോലുള്ള നന്മ മരങ്ങളുടെ സദ്പ്രവൃത്തി എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവും?

എന്നാൽ, തട്ടിപ്പുക്കാരെ പിടികൂടാനെന്ന പേരിൽ, ഓൺലൈൻ വഴിയുള്ള ചികിത്സ ചെലവ് കണ്ടെത്തുന്നത് സർക്കാരിന്റെ വി-കെയർ പദ്ധതി വഴി മാത്രം ആണെന്നും അല്ലാത്തവർക്കെതിരെ നടപടി ഉണ്ടാവുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. സോഷ്യൽ മീഡിയ ചികിത്സ തട്ടിപ്പിനുള്ള നിയന്ത്രണം തീർച്ചയായും നല്ലത് തന്നെ. കള്ളനാണയങ്ങളെ തുരത്തണം. എന്നാൽ, എല്ലാ നന്മ മരങ്ങളെയും സംശയിക്കേണ്ടതുണ്ടോ?

അറിയണം ഫിറോസ് എന്ന മനുഷ്യ സ്‌നേഹിയെ

ചെറുപ്പം മുതൽ ശീലിച്ച തൂവെള്ള വസ്ത്രവുമായി സഹായത്തിന്റെ കാരുണ്യം പാവങ്ങളിലേക്ക് പകർന്ന് നൽകുകയാണ് ഫിറോസ് കുന്നുംപറമ്പിലെന്ന ഈ ആലത്തൂരുകാരൻ. ഒരു മൊബൈൽ ഷോപ് ആണ് ഫിറോസിന്റെ ജീവിത മാർഗ്ഗം. ജീവിക്കാൻ മാർഗമില്ലാതെ ഓട്ടിസം ബാധിച്ച മകളെ വീടിനുള്ളിൽ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വന്ന അമ്മയുടെയും തലയോട്ടി വളരുന്ന അപൂർവരോഗം ബാധിച്ച ആലുവ സ്വദേശിയായ ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും കണ്ണീരു തുടച്ച പാലക്കാട്ടുകാരൻ. സാമൂഹ്യ സേവനത്തിന്റെ ഉദാത്തമാതൃകയാണ് ഈ വ്യക്തി. സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗിച്ചു ചാരിറ്റി പ്രവർത്തനങ്ങൾ. അപൂർവ രോഗം ബാധിച്ചവർ, വീടില്ലാത്തവർ, സാമ്പത്തിക പ്രയാസമുള്ളവർ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് ദൈവതുല്യനാണ് ഫിറോസ്.

അപകടത്തിൽ പെട്ടവരുടെ ചികിത്സക്കായി സ്വരൂപിച്ച പണം ബാങ്ക് തഞ്ഞുവെച്ച പ്രശ്നം പരിഹരിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഫിറോസ് കുന്നുംപറമ്പിലിനെ ഫെയ്‌സ് ബുക്കിലെ താരമാക്കിയത്. സമൂഹമാധ്യമത്തിലൂടെ ഉയർന്ന വൻ പ്രതിഷേധത്തെ തുടർന്നാണ് ബാങ്ക് ഓഫ് ഇന്ത്യ പ്രശ്നം പരിഹരിക്കാൻ തയാറായതെന്ന് ഫിറോസ് ഫെയ്സ് ബുക്ക് ലൈവിൽ പറഞ്ഞു. രാഷ്ട്രീയമായി എതിർത്തവർക്കും ഫിറോസ് വീഡിയോയിൽ മറുപടി നൽകിയിട്ടുണ്ട്. ആലത്തൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് വരുന്ന വഴി ബൈക്കപകടത്തിൽ പെട്ട കുട്ടികൾക്കുവേണ്ടിയാണ് 34 മണിക്കൂർ കൊണ്ട് ഒരു കോടി 17 ലക്ഷം രൂപ ശേഖരിച്ചിരുന്നത്.

ഈ തുക ചെലവാക്കാൻ കഴിയാതെ വന്നതോടെയാണ് ഫിറോസ് സോഷ്യൽ മീഡിയയിലൂടെ ബാങ്കിനെതിരെ പ്രതിരോധം തീർത്തത്. സാധാരണക്കാരന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ ബാങ്കിന് പോലും പ്രശ്‌നം തീർത്ത് തലയൂരേണ്ടി വന്നു. ആലത്തൂരിൽ സ്വന്തമായി ഒരു മൊബൈൽ ഷോപ്പ് നടത്തിയിരുന്ന സാധാരണക്കാരനാണ് ഫിറോസ്. ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി കഴിയുന്നതിനിടെയാണ് ജീവിതത്തിൽ ട്വിസ്റ്റ് വരുന്നത്. വീട്ടിലേക്ക് ആലത്തൂർ ടൗണിലൂടെ വന്നിരുന്ന എനിക്കു നേരെ അന്നം ചോദിച്ച് ഒരു കൈ നീണ്ടു. ആ ദയനീയമായ മുഖം ഫിറോസിനെ പിടിച്ചുലച്ചു.

വീട്ടിലേക്കായി കരുതിയിരുന്ന ഭക്ഷണം അയാൾക്കു നൽകി. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി ഭക്ഷണം ആവശ്യപ്പെട്ട് എത്തി. അന്നു രാത്രി ഫിറോസ് ഉറങ്ങിയില്ല. തൊട്ടടുത്ത ദിവസം ആലത്തൂരിൽ ഭക്ഷണം ഇല്ലാതെ അലഞ്ഞുതിരിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് തയാറാക്കി. എൺപതോളം പേർ അതിൽ ഉൾപ്പെടുമായിരുന്നു. അത്രയധികം ആളുകൾക്ക് ഭക്ഷണം എത്തി. ഒറ്റയ്ക്ക് ഇവരുടെ വിശപ്പകറ്റാൻ ഫിറോസിന് കഴിയുമായിരുന്നില്ല. അതുകൊണ്ട് പുതിയൊരു പദ്ധതി ഒരുക്കി. സഹായമായി ആലത്തൂരിലെ ഹോട്ടലുടമകളും എത്തി. ഹോട്ടലുടമകളോടു കാര്യം പറഞ്ഞപ്പോൾ അവർ സഹായിക്കാം എന്നു സമ്മതിച്ചു. ഇതുപ്രകാരം ദിവസം നാലും അഞ്ചും പൊതി ഭക്ഷണം ഓരോ ഹോട്ടലുകാരും നൽകി.

രാത്രി കാലങ്ങളിൽ അതു ശേഖരിച്ച് ആവശ്യക്കാർക്കു വിതരണം ചെയ്തു. അവിടെ തുടങ്ങി ഫിറോസിന്റെ ജൈത്രയാത്ര. പിന്നീട് പാലക്കാട്ടും ഭക്ഷണ പൊതിയുമായി എത്തി. ഹോട്ടലുടമകളുടെ സഹായം പാലക്കാടും കിട്ടി. പിന്നീട് തൃശൂർ ജില്ലയിൽ 50 പേർക്ക് സ്ഥിരമായി ഭക്ഷണം എത്തിക്കുന്നതിനുള്ള ഏർപ്പാട് ചെയ്തു. അങ്ങനെ ഫിറോസ് താരമായി. ഇതോടെ ശത്രുക്കളും കൂടി. ബാങ്ക് ഓഫ് ഇന്ത്യ വിവാദം ആളിക്കത്തിയതും ഇത്തരക്കാരുടെ ഇടപെടലൂടെയാണ്. എന്നാൽ തന്റെ സുതാര്യത വീണ്ടും തെളിയിക്കാൻ ഫിറോസിന് കഴിഞ്ഞിരിക്കുന്നു.

ഷൈലജ ടീച്ചറുടെ ഫേസ്‌ബുക്ക് കുറിപ്പ്

ഓൺലൈൻ ചികിത്സ സഹായം അഭ്യർത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് ( https://www.manoramanews.com/.../bogus-social-workers-cheat-p... )

അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ബഹു. മുഖ്യമന്ത്രിക്ക് കത്ത് നൽകി. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യർത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ട്. അപൂർവമായിട്ടെങ്കിലും ചില തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കത്തിൽ ആവശ്യപ്പെട്ടു.

ഗുരുതര രോഗം ബാധിച്ചവരെ സഹായിക്കാൻ നാട്ടിൽ ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾ നിലവിലുണ്ട്. അതോടൊപ്പം തന്നെ അപൂർവ രോഗം ബാധിച്ച ആളുകളെ സഹായിക്കാനുള്ള സർക്കാർ സംവിധാനമാണ് വി കെയർ. സർക്കാരിന് ഒറ്റയ്ക്ക് എല്ലാവരേയും സഹായിക്കാൻ കഴിയില്ല. ജനകീയ സമിതികൾ നൽകുന്ന സഹായത്തോടൊപ്പം പാവപ്പെട്ട നിരവധി ആളുകൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം നൽകി വരുന്നത്. സർക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയർ പ്രവർത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാൻ സന്മസുള്ളവർ ധാരളമുണ്ട്. അവർ സംഭാവന നൽകുന്ന തുക അർഹിക്കുന്ന ആളുകളിൽ എത്തിക്കാൻ വി കെയർ സഹായിക്കുന്നതാണ്.

സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയർ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ പൂർണമായും സുതാര്യമാണ്. ഈ പദ്ധയിലേക്ക് ചികിത്സാ സഹായത്തിനായുള്ള അപേക്ഷകൾ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കൽ ബോർഡ് പരിശോധിക്കുകയും ചെയ്താണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അർഹരായവർക്ക് സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവർക്ക് ഉൾപ്പെടെ വി കെയറിലേക്ക് സംഭാവന നൽകാൻ കഴിയുന്ന എഫ്.സി.ആർ.എ. രജിസ്ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്.

സംഭാവനകൾക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓൺലൈൻ പേയ്മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകൾ നൽകാവുന്നതാണ് (http://www.socialsecuritymission.gov.in). വിദേശത്തുള്ളവർ കറണ്ട് അക്കൗണ്ട് നമ്പർ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവർ എസ്.ബി.അക്കൗണ്ട് നമ്പർ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകൾ നൽകാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോർഡറായും സംഭാവനകൾ നൽകാവുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP