Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാദിയ വിഷയത്തിൽ 'സ്‌നേഹത്തിനും ജിഹാദിനും ഇടയിൽ' എന്ന തലക്കെട്ടിൽ ഓപ്പൺ മാഗസിൻ ലേഖനം എഴുതിയ ഷാഹിനക്കെതിരെ സൈബർ ആക്രമണം; മദനി വിഷയം റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴുണ്ടായ യുഎപിഎ കേസ് ഒഴിവായത് മന്ത്രി സുഷമ സ്വരാജ് ഇടപെട്ടെന്നും വിമർശനം; നട്ടാൽ കുരുക്കാത്ത നുണകൾക്ക് മറുപടിയുമായി രാജീവ് രാമചന്ദ്രൻ

ഹാദിയ വിഷയത്തിൽ 'സ്‌നേഹത്തിനും ജിഹാദിനും ഇടയിൽ' എന്ന തലക്കെട്ടിൽ ഓപ്പൺ മാഗസിൻ ലേഖനം എഴുതിയ ഷാഹിനക്കെതിരെ സൈബർ ആക്രമണം; മദനി വിഷയം റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴുണ്ടായ യുഎപിഎ കേസ് ഒഴിവായത് മന്ത്രി സുഷമ സ്വരാജ് ഇടപെട്ടെന്നും വിമർശനം; നട്ടാൽ കുരുക്കാത്ത നുണകൾക്ക് മറുപടിയുമായി രാജീവ് രാമചന്ദ്രൻ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഹാദിയ വിഷയത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ എസ്ഡിപിഐ പ്രവർത്തകരും സംഘപരിവാർ അണികളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് കാലം കുറച്ചായി. ഹാദിയ വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് നിലപാടിന് വിരുദ്ധമായി അഭിപ്രായം പ്രകടിപ്പിക്കുന്നവരെ സംഘിയായി മുദ്ര കുത്തുന്നത് പതിവായി മാറിയിട്ടുമുണ്ട്. പ്രമുഖരായ ഇടതു നേതാക്കളെയും സൈബർ ബുദ്ധിജീവികളെയും ഇതിനോടകം സംഘപരിവാർ മുദ്ര ചാർത്തിക്കഴിഞ്ഞു. ഇപ്പോൾ മാധ്യമപ്രവർത്തക ഷാഹിന നഫീസക്കെതിരെയാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ തിരിഞ്ഞിരിക്കുന്നത്. ഇതിന് കാരണമായത് ഹാദിയ കേസിൽ യുവതിയുടെ കഷ്ടതകൾ വിവരിച്ചു കൊണ്ട് ഓപ്പൺ മാഗസിനിൽ എഴുതിയ ലേഖനത്തിന്റെ പേരിലാണ്.

'സ്‌നേഹത്തിനും ജിഹാദിനും ഇടയിൽ' (Between Love And Jihad in Kerala) എന്ന തലക്കെട്ടിൽ ഷാഹിന എഴുതിയ ലേഖനത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ് അവർക്കെതിരെ ഉണ്ടായിരിക്കുന്നത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത നിലപാട് പറയുന്ന വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടാണ് സൈബർ ആക്രമണം തകൃതിയായി നടക്കുന്നത്. മദനി വിഷയം റിപ്പോർട്ട് ചെയ്യാൻ കുടകിൽ പോയ വേളയിൽ ഷാഹിനക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. ഈ സംഭവത്തിൽ പിഡിപി നേതാക്കളെ വഞ്ചിച്ച് സ്വയം കേസിൽ നിന്നും ഷാഹിന രക്ഷപെട്ടു എന്നതാണ് ഒരു ആരോപണം. സുഷമ സ്വരാജ് ഇടപെട്ടു കൊണ്ടാണ് ഷാഹിന യുഎപിഎ കേസിൽ നിന്നും രക്ഷപെട്ടതെന്നാണ് നാസർ മാലിക്ക് എന്ന തീവ്ര ഇസ്ലാമിസ്റ്റിന്റെ കണ്ടെത്തിൽ.

അതേസമയം തന്നെ അബ്ദുൾ കരിം എന്നയാളും ഷാഹിനക്കെതിരെ രംഗത്തെത്തി. എൻഐഎ റിപ്പോർട്ടുകളെ സാധൂകരിച്ചു കൊണ്ട് റിപ്പോർട്ടെഴുതിയ ഷാഹിന പോപ്പുലർ ഫ്രണ്ട് നേതന് സൈനബയും ഷഫിനും ചെയ്തുവെന്ന പറയുന്ന കാര്യങ്ങൾ മാനുപ്പുലേറ്റ് ചെയ്തുവെന്നും ആരോപിക്കുന്നു. ലൗ ജിഹാദിന് ലേഖിക പുതിയ വ്യാഖ്യാനം രചിച്ചുവെന്നും നീതിക്കായി മാസങ്ങളായി വീട്ടു തടങ്കൽ നേരിട്ട് കാത്തിരിക്കുന്ന ഹാദിയയേയും രാജ്യദ്രോഹക്കുറ്റം വരെയുള്ള ഭീഷണിയും നേരിട്ട് പോരാടുന്ന ഷഫിനേയും ഒറ്റുകൊടുത്തെന്നും ആരോപണം ഉന്നയിക്കുന്നു.

ഹിന്ദുത്വ പ്രിവിലേജ് കിട്ടുന്ന ആളുകൾ അവസരം വരുമ്പോൾ ഹിന്ദുത്വ രാഷ്ട്രീയ ഏജന്റുകൾ ആവും, അതിന് തെളിവാണ് ഹാദിയ വിഷയത്തിലെ ഷാഹിനയുടെ മലക്കം മറിച്ചിലെന്നാണ് നാസർ മാലിക്കിന്റെ ആരോപണം. ഇങ്ങനെ സൈബർ ആക്രമണം തുടരുന്നതിനിടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഷാഹിനയുടെ ഭർത്താവ് രാജീവ് രാമചന്ദ്രൻ രംഗത്തെത്തി. നട്ടാൽ കുരുക്കാത്ത നുണകൾ എന്നു പറഞ്ഞു കൊണ്ടാണ് രാജീവ് തനിക്കു ഷാഹിനയ്ക്കും പറയാനുള്ള കാര്യങ്ങൾ വ്യക്തമാക്കിയത്. ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നിരത്തുകയാണ് രാജീവ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചെയ്തത്.

രാജീവ് രാമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

നട്ടാൽ കുരുക്കാത്ത നുണകളുമായി വിദേശമലയാളികളായ നവരാഷ്ട്രീയക്കാരുടെ നേതൃത്വത്തിലുള്ള ക്യാംപെയ്ൻ പൊടിപൊടിക്കുന്ന നിലക്ക് ഇത്രയും വസ്തുതകൾ ഇവിടെ കിടക്കട്ടെ.

1. കർണാടക പൊലീസ് ചുമത്തിയ UAPA കേസിൽ ബിജെപി നേതാവ് സുഷമാസ്വരാജ് ഇടപെട്ട് ഇളവു നൽകിയതിനാലാണ് ഷാഹിനക്ക് ജയിലിൽ കിടക്കേണ്ടി വരാതിരുന്നതെന്നും കേസിലുൾപ്പെട്ട മറ്റുള്ളവർക്ക് ഈ ഇളവ് കിട്ടിയില്ലെന്നുമാണ് നാസർമാലിക് എന്ന ഒരാൾ ആരോപിക്കുന്നത്. ഇതും പൊക്കിപ്പിടിച്ചാണ് നവരാഷ്ട്രീയ ക്വട്ടേഷൻസംഘം വേട്ടക്കിറങ്ങുന്നത്. Shahina ഉൾപ്പെടെ ആ കേസിൽ പ്രതികളായ ആരും ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല, അതിന്റെ കാരണം സുഷമാസ്വരാജ് ഇടപെട്ടതല്ല, കർണ്ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതാണ്.ഷാഹിനയുടെ ജാമ്യഹർജി ഹൈക്കോടതി അനുവദിച്ചതിന്റെ/വിധിപ്പകർപ്പ് കിട്ടിയതിന്റെ അടുത്ത പ്രവൃത്തി ദിനത്തിൽ തന്നെ മടിക്കേരി- സോമവാർപേട്ട് കോടതികളിൽ നിന്ന് മറ്റ് പ്രതികളായ സുബൈറിനും ഉമ്മറിനും ജാമ്യം ലഭിച്ചിരുന്നു. എഫ് ഐ ആറിനും ജാമ്യത്തിനുമിടയിലെ ഏഴ് മാസം പൊലീസിനെ പേടിച്ചു തന്നെയാണ് എല്ലാവരും കഴിഞ്ഞത്. ഫോൺ ഓഫാക്കിയും വീട്ടിൽ ഉറങ്ങാതെയും എന്തിന് ഞങ്ങളുടെ മകന്റെ സ്‌കൂളും വാക്സിനേഷനും വരെ മുടങ്ങിയിരുന്നു അക്കാലയളവിൽ. ഇതിനിടയിലുണ്ടായ പുരുഷോത്തമൻ ചേട്ടന്റെ ആകസ്മിക മരണം എല്ലാവരേയും ദുഃഖിപ്പിച്ച സംഭവം തന്നെയാണ്. എന്നാൽ ഷാഹിനമാത്രം ജാമ്യമോ ഇളവോ ഒക്കെ നേടുകയും മറ്റുള്ളവർക്ക് അത് ലഭിക്കാതെ പോവുകയും ചെയ്തുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ള പെരുംനുണയാണ്.കേസിലെ രണ്ടും നാലും പ്രതികളായ സുബൈർ പടുപ്പിനും ഉമ്മർ മൗലവിക്കും ഈ പരാതിയുണ്ടാവുമെന്ന് കരുതുന്നില്ല.സുബൈറും ഉമ്മറുമൊത്തു തന്നെയാണ് ഇപ്പോഴും ഞങ്ങൾ ഹിയറിംഗിന് പോകാറുള്ളത്. കീഴ്ക്കോടതിയിൽ ഹാജരാവുന്ന വക്കീലിന്റെ ഫീസ് അവരവരാണ് കൊടുക്കുന്നതെന്നതൊഴിച്ചാൽ കേസിന് ഹൈക്കോടതി വക്കീലിനെ ഏർപ്പെടുത്താനുൾപ്പെടെയുള്ള വലിയ ചെലവുകൾവഹിക്കുന്നത് ഞങ്ങൾ തന്നെയാണ്. കഷ്ടപ്പെട്ട് തന്നെയാണ് കേസ് നടത്തുന്നത് എന്നർത്ഥം. അന്ന് ഇവർക്കൊപ്പമുണ്ടായിരുന്നവർ എന്ന പേരിൽ ഇപ്പോഴിറങ്ങിയിരിക്കുന്നവർ ആരാണാവോ ?

2. 2011 മാർച്ച് മാസത്തിൽ ഡൽഹിയിൽ വേജ് ബോഡിനായുള്ള പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ പോയ കേരള പത്രപ്രവർത്തകയൂണിയൻ പ്രതിനിധികൾ, അന്നത്തെ ഒരു പ്രധാന പ്രശ്നമെന്ന നിലയിൽ മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനേയും കണ്ട് ഷാഹിനക്കെതിരായ കേസ് പിൻവലിക്കാൻ കർണാടക സർക്കാരിനോട് ആവശ്യപ്പെടണമെന്ന നിവേദനം നൽകിയിരുന്നു. അന്വേഷിച്ച് വേണ്ടതു ചെയ്യാമെന്ന് സ്വാഭാവികമായും മറുപടി കിട്ടിക്കാണണം. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്നു സുഷമാ സ്വരാജ്. ഇതിന്റെ പത്രവാർത്തയാണ് ആരോപണത്തിന് തെളിവായി കൊട്ടിഘോഷിക്കുന്നത്. (യൂണിയൻകാർ ഇങ്ങനെ ഒരു നിവേദനം കൊടുത്തിട്ടുണ്ടെന്നത് ഈ വാർത്ത കണ്ടു തന്നെയാണ് ഞങ്ങളും അറിഞ്ഞതെന്നത് വേറെ കാര്യം).ഇത് കള്ളക്കേസാണെന്നും കർണാടക സർക്കാരിൽ കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെടുന്ന, പ്രമുഖരായ നിരവധി പേർ ഒപ്പിട്ട നിവേദനം അന്നത്തെ മുഖ്യമന്ത്രി വി എസ്, പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി, കോൺഗ്രസ്സ് അധ്യക്ഷൻ രമേശ് ചെന്നിത്തല, സി.പി.എം സെക്രട്ടറി സ.പിണറായി വിജയൻ സിപിഐ സെക്രട്ടറി സ.സി കെ ചന്ദ്രപ്പൻ, മുസ്ലീലിം ലീഗ് ജനറൽ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ
ബിജെപി പ്രസിഡന്റ് വി മുരളീധരൻ എന്നിവർക്കും നൽകിയിരുന്നു. പത്രപ്രവർത്തക യൂണിയൻ തന്നെയാണ് ഇതിനും നേതൃത്വം നൽകിയിരുന്നത്. കേസ് തന്നെ പിൻവലിക്കണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം
അല്ലാതെ ഷാഹിനക്ക് ഇളവുനൽകണമെന്നായിരുന്നില്ല.

3. ഷാഹിനയുടെ റിപ്പോർട്ടിംഗുകൊണ്ട് മഅദ്നിക്ക് ഒരു ഗുണവുമുണ്ടായില്ലെന്നാണ് അടുത്ത ആരോപണം. അത് ഷാഹിന തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ് അബ്ദുൽ നാസർ മഅദ്നിയോടോ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോടോ ഉള്ള താൽപര്യം കൊണ്ടല്ല, അയാൾ കുടകിലേക്ക് പോയത്, ജോലിയോടുള്ള അഭിനിവേശം കൊണ്ട് മാത്രമാണ്. മഅദ്നിയെ കുറ്റവിമുക്തനാക്കുക എന്നത് തന്റെ ജോലിയല്ലെന്ന് ആ സ്റ്റോറിയിൽ തന്നെ ഷാഹിന വ്യക്തമായി പറയുന്നുണ്ട്. എന്തായാലും അബ്ദുൽനാസർ മഅദ്നിക്കു പോലുമില്ലാത്ത പരാതിയാണിതെന്ന് പറയാതെ വയ്യ.

4. ഓപ്പണിലെ പുതിയ സ്റ്റോറിയിൽ എൻ ഐ എയുടെ റിപ്പോർട്ട് ഡൽഹി ബ്യൂറോയുടെ കൈവശമുള്ളതാണെന്ന് വ്യക്തമായി പറയുന്നുണ്ടെന്നിരിക്കെ, (സ്റ്റോറിയുടെ ഒടുവിൽ ബ്യൂറോ ക്രെഡിറ്റുമുണ്ട്) NIA Narrative, വലതുപക്ഷ ജേണലിസം തുടങ്ങിയ സീലുകളുമായി ഇറങ്ങിയിരിക്കുന്നവരോടും, 'ജേണലിസമെന്നാൽ എനിക്കറിയാം, എനിക്കേ അറിയൂ' തുടങ്ങിയ അവകാശവാദവുമായി അവതരിക്കുന്ന അന്താരാഷ്ട്രാ ശരി രാഷ്ട്രീയക്കാരോടും ഒന്നേ പറയേണ്ടതുള്ളൂ
Nie mój cyrk, nie moje malpy (Not my Circus, Not my monkey :) )

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP